

ബാറ്റർമാരുടെ ആധിപത്യം തുടരുന്ന ഐപിഎല്ലിൽ ഫോറുകൾ പോലും അപൂർവ കാഴ്ചയായി മാറുകയാണ്. പവർപ്ലേ ഓവറുകൾക്ക് ശേഷം മിക്ക ബാറ്റർമാരും സിക്സറുകൾ മാത്രം ലക്ഷ്യമിട്ട് ക്രീസിലിറങ്ങുമ്പോൾ, ഫോറുകൾക്ക് വംശനാശഭീഷണി നേരിടുന്ന അവസ്ഥയാണ് നിലവിലുള്ളത്. എന്നാൽ സിക്സർ വേട്ടക്കാർക്കിടയിൽ തന്റെ തനതായ ബാറ്റിംഗ് ശൈലി കൊണ്ട് വ്യത്യസ്തനാവുകയാണ് പഞ്ചാബ് കിങ്‌സിന്റെ പ്രഭ്‌സിമ്രൻ സിംഗ്. ഐപിഎല്ലിലെ അതിവേഗ ബാറ്റിംഗ് ശൈലികൾക്കിടയിലും ക്ലാസിക് ഷോറുകളിലൂടെ റൺസ് കണ്ടെത്തുന്ന പ്രഭ്‌സിമ്രന്റെ പ്രകടനം ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയമാവുകയാണ്.
വാംഖഡെയില്‍ നടന്ന മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ 39 പന്തുകളില്‍ 80 റണ്‍സാണ് പ്രഭ്‌സിംറന്‍ അടിച്ചുകൂട്ടിയത്. എന്നാല്‍, 200 ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത പ്രഭ്‌സിംറന്‍ വെറും 2 സിക്‌സുകള്‍ മാത്രമാണ് അടിച്ചത്. രണ്ട് ടീമുകളില്‍ നിന്നുമായി മൊത്തം 4 കളിക്കാര്‍ ഫിഫ്റ്റി നേടിയിരുന്നു. ഇവരില്‍ ഏറ്റവും കുറവ് സിക്‌സറടിച്ചതും, എന്നാല്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്തതും പ്രഭ്‌സിംറനാണെന്നത് അത്ഭുതപ്പെടുത്തുന്നു.
അനാവശ്യ ഷോട്ടുകളില്ല; ആക്രമണം കുറയ്ക്കുകയുമില്ല
പതിയെ ആക്രമിച്ചു തുടങ്ങുന്ന ബാറ്റിങ് രീതിയാണ് പ്രഭ്‌സിംറന്റേത്. തന്റെ പോരായ്മകള്‍ മനസ്സിലാക്കി ഷോട്ട് തിരഞ്ഞെടുക്കുന്ന 'ഓള്‍ഡ് സ്‌കൂള്‍' രീതി. ഉയര്‍ന്ന ഷോട്ടുകള്‍ക്ക് ശ്രമിക്കാതെ ഗ്യാപ്പുകള്‍ മാത്രം ലക്ഷ്യമാക്കി സുരക്ഷിതമായ ഷോട്ടുകളാണ് പ്രഭ്‌സിംറന്‍ കളിച്ചത്. പവര്‍ഹിറ്റിങ് ഷോട്ടുകള്‍ക്കായി ബൗളര്‍മാര്‍ പ്രകോപിപ്പിക്കുമ്പോഴെല്ലാം പ്രഭ്‌സിംറന്‍ ശാന്തമായി ആക്രമിച്ചു. കളിയില്‍ ഒരിക്കല്‍പ്പോലും പ്രഭ്‌സിംറന്റെ സ്‌ട്രൈക്ക് റേറ്റ് 200 ന് താഴെ പോയിട്ടില്ല.
സഹ-ഓപ്പണറായ പ്രിയന്‍ഷ് ആര്യയുമായി താരതമ്യം ചെയ്യുമ്പോള്‍ അത്ര ആക്രമണ മനോഭാവം പ്രഭ്‌സിംറന്റെ ബാറ്റിങ്ങിലില്ല. ഗ്രൗണ്ടിന്റെ കൂടുതല്‍ വശങ്ങള്‍ ഉപയോഗിച്ച് റണ്‍സ് നേടുന്ന പ്രഭ്‌സിംറനെ പോലൊരു ബാറ്റര്‍ക്ക് വാംഖഡെ സ്വപ്‌നതുല്യമായ ഒരു പിച്ചാണ്. ബാറ്റര്‍മാരെ അനുകൂലിക്കുന്ന പിച്ചില്‍, തന്റെ കയ്യിലെ എല്ലാ ഷോട്ടുകളും പഞ്ചാബ് ബാറ്റര്‍ പരീക്ഷിച്ചു.
195 എന്ന ലക്ഷ്യം പിന്തുടരാനിറങ്ങിയ പ്രഭ്‌സിംറന്‍, വിക്കറ്റ് കളയരുതെന്ന് മനസ്സിലുറപ്പിച്ചു. 11 റണ്‍സില്‍ നില്‍ക്കെ ജസ്പ്രീത് ബുംറ നഷ്ടപ്പെടുത്തിയത് പ്രഭ്‌സിംറനെ കൂടുതല്‍ ശ്രദ്ധിച്ച് ബാറ്റുവീശാന്‍ പ്രേരിപ്പിച്ചു. ഒരു ബോളില്‍ 2 റണ്‍സ് വെച്ച് നേടാന്‍ നേടാന്‍ ശ്രദ്ധയോടെ കളിച്ചു. കൂടുതല്‍ ഷോട്ടുകളും ബാറ്റിന്റെ മിഡില്‍ ഉപയോഗിച്ചാണ് കളിച്ചത്. ഇത് വിക്കറ്റ് നഷ്ടപ്പെടുത്താതെ കളിക്കാന്‍ ബാറ്റര്‍മാര്‍ ഉപയോഗിക്കുന്ന രീതിയാണ്. താരതമ്യേന പവര്‍ഹിറ്റര്‍മാരായ പ്രിയന്‍ഷ് ആര്യയും, ശ്രേയസ് അയ്യറും സ്‌ട്രൈക്ക് റേറ്റില്‍ പ്രഭ്‌സിംറന്റെ പിന്നിലായതും നമ്മളെ അത്ഭുതപ്പെടുത്തി.
അംലയും രഹാനെയും
സൗത്ത് ആഫ്രിക്കയുടെ ഹാഷിം അംലയും, ഇന്ത്യയുടെ അജിങ്ക്യ രഹാനെയും സമാനമായ രീതിയില്‍ ഐപിഎല്ലില്‍ ബാറ്റുവീശിയിട്ടുണ്ട്. പവര്‍ഹിറ്റിങ് തങ്ങളുടെ കരുത്തല്ലെന്ന് മനസ്സിലാക്കിയ ഇവര്‍, ഗ്യാപ് ഷോട്ടുകളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ച് റണ്‍സ് കൂട്ടാന്‍ തുടങ്ങി.
അപാര ടൈമിങ്ങും, കൃത്യമായ ഷോട്ട് സെലക്ഷനുമുള്ള ഒരു ബാറ്റര്‍ക്ക് മാത്രമേ ഈ കളിരീതി പിന്തുടരാനാവൂ. ടെസ്റ്റിലും ഏകദിനത്തിലും ആദ്യമേ കഴിവു തെളിയിച്ച അംലക്കും രഹാനേക്കും തങ്ങളുടെ വിവിധ ഷോട്ടുകള്‍ ടി-ട്വന്റിയിലേക്ക് പറിച്ചു നടുന്നത് അത്ര വലിയ കാര്യമല്ല. എന്നാല്‍, ഐപിഎല്‍ മാത്രം കളിച്ച് പരിചയമുള്ള പ്രഭ്‌സിംറനെപ്പോലൊരു ബാറ്റര്‍, മോഡേണ്‍ ക്രിക്കറ്റില്‍ ഇത്തരമൊരു ധൈര്യം കാണിച്ചത് കൂടുതല്‍ പ്രശംസ അര്‍ഹിക്കുന്നു.
English Summary: Prabhsimran Singh played a brilliant 80-run knock off 39 balls against Mumbai Indians, maintaining a strike rate above 200 despite hitting only two sixes. His smart shot selection and focus on gaps over power-hitting helped Punjab dominate the chase, highlighting an old-school yet highly effective T20 batting approach.