

രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ സീസണിലെ ആദ്യ തോല്‍വിയുടെ രുചിയറിഞ്ഞപ്പോള്‍ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പേസർ പ്രഫുല്‍ ഹിംഗെ. അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറില്‍ തന്നെ 3 വിക്കറ്റുകള്‍ വീഴ്ത്തിയാണ് പ്രഫുല്‍ വരവറിയിച്ചത്. അടിച്ചു തകര്‍ക്കാനിറങ്ങിയ വൈഭവ് സൂര്യവംശിയെ ആദ്യ ഓവറിലെ രണ്ടാമത്തെ പന്തില്‍ പ്രഫുല്‍ കൂടാരം കയറ്റിയാണ് അതിശയിപ്പിച്ച അരങ്ങേറ്റ താണ്ഡവം ആരംഭിക്കുന്നത്. നാലാം പന്തില്‍ ധ്രുവ് ജുറേല്‍ ആറാം പന്തില്‍ പ്രിട്ടോറിയസ് എന്നിവരെയും ഹിംഗെ തിരിച്ചയച്ചു. തന്‍റെ രണ്ടാമത്തെ ഓവറില്‍ റോയല്‍സ് നായകന്‍ റിയാന്‍ പരാഗിനെ കൂടെ പുറത്താക്കിയ ഹിംഗെ ഐപിഎല്‍ ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. അരങ്ങേറ്റ മത്സരത്തില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡാണ് താരം സ്വന്തം പേരിലെഴുതിയത്.
ഇന്നലെ ഹൈദരാബാദിന്റെ തന്നെ മറ്റൊരു പേസർ സാക്കിബ് ഹുസ്സൈനും ഐപിഎല്ലില്‍ അരങ്ങേറിയിരുന്നു. സാക്കിബും മത്സരത്തില്‍ നാല് വിക്കറ്റുകള്‍ നേടി ചരിത്രം സൃഷ്ടിച്ചു. ഐപിഎല്‍ ചരിത്രത്തില്‍ അരങ്ങേറ്റ മത്സരത്തില്‍ നാല് വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ കളിക്കാരുടെ എണ്ണം ഇതോടെ മൂന്നായി. മുംബൈ ഇന്ത്യന്‍സിന്റെ അശ്വനി കുമാറാണ് ഇവര്‍ക്ക് മുന്‍പ് ഈ നേട്ടം കൈവരിച്ചത്.
ആരാണ് പ്രഫുല്‍ ഹിംഗെ? എന്താണ് 'ഹിറ്റ് ദ ഡെക്ക്'?
24 കാരനായ വലംകയ്യന്‍ പേസര്‍ വിദര്‍ഭ സ്വദേശിയാണ്. 'ഹിറ്റ് ദ ഡെക്ക്' എന്ന ബൗളിങ് ശൈലിയാണ് പ്രഫുലിന്റേത്. മീഡിയം പേസില്‍ ഷോര്‍ട്ട് ബോളുകളെറിഞ്ഞ് ബാറ്റ്‌സ്മാനെ ബാക്ക്ഫൂട്ടില്‍ കളിക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയാണിത്. വൈഭവ് സുര്യവംശിയെ പുറത്താക്കിയതും ഇതേ ശൈലി പിന്തുടർന്നാണ്.
സീനിയര്‍ ലെവലില്‍ ആദ്യമായി പ്രഫുല്‍ കളിക്കുന്നത് റെഡ് ബോള്‍ സ്പെഷ്യലിസ്റ്റായിട്ടാണ്. 2024/25 സീസണില്‍ രഞ്ജി ട്രോഫിയിലാണ് അരങ്ങേറ്റം. അന്ന് കേരളത്തെ തോല്‍പ്പിച്ച് ജേതാക്കളായ വിദര്‍ഭ ടീമിനുവേണ്ടി 10 മത്സരങ്ങള്‍ പ്രഫുല്‍ കളിച്ചു. രഞ്ജി ക്രിക്കറ്റ് അരങ്ങേറ്റത്തിനുശേഷം വീണ്ടും വിദര്‍ഭ അണ്ടര്‍ 23 ടീമിനുവേണ്ടി ഏകദിന ക്രിക്കറ്റ് കളിക്കാന്‍ പോവുകയും ടൂര്‍ണമെന്റിലെ മൂന്നാമത്തെ മികച്ച വിക്കറ്റ് വേട്ടക്കാരനുമായി മാറി.
ടെസ്റ്റ് ക്രിക്കറ്റിലാണ് പ്രഫുലിന് കൂടുതല്‍ പരിചയസമ്പത്തുള്ളത്. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ പരിചയം കുറവുള്ള പ്രഫുല്‍ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഒരു മത്സരം കളിച്ചു. അന്ന് ഉമേഷ് യാദവിനൊപ്പം ഓപ്പണിങ്ങ് ബൗളിങ് ചെയ്ത പ്രഫുല്‍ ആന്ധ്രപ്രദേശ് ക്യാപ്റ്റന്‍ റിക്കി ഭുയിയുടെ വിക്കറ്റെടുത്തു. പിന്നീട് 2025ല്‍ നടന്ന വിദര്‍ഭ പ്രോ ടി-ട്വന്റി ലീഗില്‍ ആറ് കളികളില്‍ എട്ട് വിക്കറ്റെടുത്ത പ്രഫുല്‍ ലീഗിലെ ശ്രദ്ധാകേന്ദ്രമായി. 9 റണ്‍സിന് താഴെ എക്കോണമിയില്‍ 25.77 ശരാശരി നിരക്കില്‍ പ്രഫുല്‍ പന്തെറിഞ്ഞിരുന്നു.
ഐപിഎല്ലില്‍ വന്ന വഴി
അടിസ്ഥാന വിലയായ 30 ലക്ഷത്തിനാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്രഫുല്‍ ഹിംഗെയെ സ്വന്തമാക്കിയത്. കുറച്ച് നാളുകള്‍ക്കുമുന്നെ ഹിംഗെ ഒരു ബാക്ക് ഇഞ്ചുറി നേരിട്ടിരുന്നു. എം ആര്‍ എഫ് പേസ് അക്കാദമിയിലെ ഫിസിയോതെറാപ്പി ചികിത്സയിലൂടെയാണ് പരിക്കിനെ മറികടന്നതെന്ന് പ്രഫുല്‍ പറഞ്ഞിരുന്നു. അക്കാദമിയില്‍ വെച്ച് ഓസ്‌ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിനും, ഹൈദരബാദിന്റെ പേസ് ബൗളിങ് കോച്ച് വരുണ്‍ ആരോണിനുമൊപ്പം പരിശീലിക്കാന്‍ കഴിഞ്ഞു.
ഒടുവില്‍ ഹര്‍ഷല്‍ പട്ടേല്‍, ജയ്‌ദേവ് ഉനാദ്ക്കട്ട് എന്നിവരുടെ മോശം പ്രകടനം പ്രഫുലിന്റെ ഐപിഎല്‍ അരങ്ങേറ്റത്തിന് വഴിതെളിച്ചു. കിട്ടിയ അവസരം വിദർഭ താരം മുതലെടുക്കുകയും ചെയ്തു.
English Summary: Prafull Hinge made a stunning IPL debut for Sunrisers Hyderabad, taking 4 wickets, including 3 in his very first over against Rajasthan Royals. The 24-year-old pacer impressed with his hit-the-deck bowling style, marking himself as a rising talent in Indian cricket.