

ദുരന്തപൂർണമായ രണ്ട് പതിറ്റാണ്ടെന്ന ദു:സ്വപ്നമാണ് യൂറോപ്യൻ ഫുട്ബാേൾ ആരാധകർക്കിടയിൽ ആഴ്സണൽ ഫാൻസിന് കഴിഞ്ഞ ദിവസം ഇല്ലാതായത്. പരിഹാസം, അധിക്ഷേപം, മാനസിക സമ്മർദം, ഡിപ്രഷൻ തുടങ്ങി എല്ലാ നെഗറ്റീവ് എനർജികളെയും തരണംചെയത് ക്ലബിനെ ചേർത്തുപിടിക്കുകയെന്നത് തങ്ങളുടെ ജീവിത ദൗത്യമായി വിശ്വസിച്ച ഗണ്ണേഴ്ക് ആരാധകർ ഉറങ്ങിയിട്ട് ഇന്നേക്ക് രണ്ട് രാവും രണ്ട് പകലുമായി. 22 വർഷത്തിനുശേഷം എമിറേറ്റ്സ് സ്റ്റേഡിയത്തിലേക്ക് പ്രീമിയർ ലീഗ് കിരീടം എത്തുമ്പോൾ ആഴ്സണൽ ടീമിനും ആരാധകർക്കുമത് കേവലം കിരീടം മാത്രമല്ല, തങ്ങളുടെ ആത്മസമർപ്പണവും കഠിനാധ്വാനവും അർപ്പണബോധത്തിന്റേയും ആകെത്തുകയാണ്.
നൂറ്റാണ്ടിന്റെ കഥ പറയാനുള്ള ആഴ്സണലിന്റെ ആധുനിക ഘട്ടം ആരംഭിക്കുന്നത് ജോർജ് ഗ്രാഹാമിന് പിൻഗാമിയായി 1996ൽ ആഴ്സനെ വെങ്ങർ പരിശീലകനായി എത്തിയതുമുതലാണ്. ജപ്പാൻ ലീഗിൽ പരിശീലനം നടത്തികൊണ്ടിരുന്ന വെങ്ങർ ലണ്ടനിലേക്ക് വന്നപ്പോൾ പലരും നെറ്റി ചുളിച്ചിരുന്നു. ക്ലബിലെത്തി കളിക്കാരുടെ ഭക്ഷണ രീതിയും മാനസിക ശക്തിയും തുടങ്ങി ടീമിനെ അടിമുടി മാറ്റി സമഗ്രമായ സംവിധാനത്തെ കെട്ടിപ്പടുക്കുകയായിരുന്നു വെങ്ങർ ചെയ്തത്. ഇംഗ്ലീഷ് ഫുട്ബോളിൽ മുമ്പ് അത്ര ശ്രദ്ധിക്കപ്പെടാത്ത അദ്ദേഹത്തിന്റെ ശാസ്ത്രീയ സമീപനങ്ങൾ പതുക്കെ മറ്റു മാനേജർമാരും പിന്തുടരാൻ തുടങ്ങിയെന്നാണ് ചരിത്രം.
ഡെന്നിസ് ബെർഗ്കാംപ്, പാട്രിക് വിയേറ, റോബർട്ട് പിറസ്, മാർക് ഓവർമാർസ്, തിയറി ഹെൻറി എന്നിവരെ മുന്നിൽവെച്ച് വെങ്ങർ രൂപപ്പെടുത്തിയിടുത്തത് ഫുട്ബോളിന്റെ മറ്റൊരു സൗന്ദര്യ ശാസ്ത്രമായിരുന്നു. 38 മത്സരങ്ങളിൽ ഒറ്റ പരാജയംപോലും ഏറ്റുവാങ്ങാതെ പ്രീമിയർ ലീഗ് കിരീടംനേടിയ 2003-04 സീസൺ ഇന്നും വെങ്ങറുടെ പൊൻതൂവലാണ്. മൂന്ന് പ്രീമിയർ ലീഗും ഏഴ് വീതം എഫ്എ കപ്പും കമ്യൂണിറ്റി ഷീൽഡുമാണ് വെങ്ങറുടെ ഗണ്ണേഴ്സിനായുള്ള സംഭാവന.
എന്നാൽ അതിനുശേഷം നിർഭാഗ്യവശാൽ ക്ലബിന്റെ ഗ്രാഫ് താഴോട്ടുപോകുകയായിരുന്നു. 2006ൽ ആഴ്‌സണൽ തങ്ങളുടെ പ്രിയ ഹൈബറി സ്റ്റേഡിയം എമിറേറ്റ്സ് സ്റ്റേഡിയത്തിലേക്ക് മാറ്റി. ക്ലബിന്റെ വിജയ സ്മരണകൾ കുടികൊള്ളുന്ന ഹൈബറിയോടെപ്പം ടീമിന്റെ പ്രതാപവും പതിയെ നഷ്ടപ്പെടാൻതുടങ്ങി. മാത്രവുമല്ല എമിറേറ്റ്സിലേക്കുള്ള മാറ്റം വലിയ തോതിൽ സാമ്പത്തിക പ്രതിസന്ധിയിലേക്കും ആഴ്സണലിനെ നയിച്ചു. ഭീമൻ സൈനിങ്ങുകളുമായി മറ്റു യൂറോപ്യൻ ക്ലബുകൾ കളംനിറഞ്ഞാടിയപ്പോൾ നോക്കിനിൽക്കാനെ വെങ്ങറിനു കഴിഞ്ഞുള്ളൂ. വമ്പൻ സൈനിങ് നടത്താൻ ആഴ്സണലിന് കഴിഞ്ഞില്ല. ഇതിനിടയിൽ 2006ൽ ചാമ്പ്യൻസ് ലീഗ് ഫൈനലിലെ പരാജയം. കളിക്കാരുടെ പരുക്കുകൾ, സാമ്പത്തിക പരാധീനത മൂലം മുഖ്യ താരങ്ങളെ വിൽക്കേണ്ടി വന്നത് ഇതെല്ലാം ക്ലബിനെ പുറകോട്ടടുപ്പിച്ചു. അങ്ങനെ 22 വർഷത്തെ ചരിത്ര കൂട്ടുകെട്ട് അവസാനിപ്പിച്ച് 2018ൽ വെങ്ങർ ആഴ്സണൽ വിട്ടു.
രണ്ടുപരിശീലകരെ പരീക്ഷിച്ച ആഴ്സണലിന് പിന്നീടാണ് തങ്ങളുടെതന്നെ മുൻ കളിക്കാരൻ മിക്കെൽ ആർട്ടെറ്റയിൽ കണ്ണുടക്കുന്നത്. പെപ് ഗാർഡിയോളക്കുകീഴിൽ അസിസ്റ്റന്റ്‍ കാേച്ചായി ബാഴ്സലോണയിൽ ചെലവഴിച്ചിരുന്ന ആർടെറ്റയിൽ ക്ലബിന് പ്രതീക്ഷ മുളച്ചു. പിന്നൊന്നും നോക്കിയില്ല. പരീക്ഷണമെന്നോണം ക്ലബിന്റെ കോച്ചായി നിയമിച്ചു. പിന്നീട് 2020 ലാണ് മാനേജർ പദവി ആർട്ടേറ്റക്ക് നൽകുന്നത്. തകർന്ന് തരിപ്പണമായി കിടക്കുന്ന ടീമിനെ സ്വപ്നം കാണാൻ പഠിപ്പിക്കുക എന്ന വലിയ വെല്ലുവിളി അയാൾ അക്ഷരാർത്ഥത്തിൽ ഏറ്റെടുക്കുകയായിരുന്നു.
വലിയ സ്റ്റേഡിയം, ലോകമെമ്പാടുമുള്ള ആരാധകർ, സമ്പന്ന ചരിത്രമൊക്കെ പറയാനുണ്ടെങ്കിലും ആകെ കുത്തഴിഞ്ഞ സാഹചര്യമാണ് ആഴ്സണലിനുള്ളത്. ക്ലബിന് ആത്മാവ് നഷ്ടപ്പെട്ടെന്ന് ആരാധകർ പറയാൻ തുടങ്ങി. എന്നാൽ ടീമിന്റെ ആത്മാവ് അടുത്തറിയാമെന്ന മെറിറ്റുമായാണ് മുൻ ക്യാപ്റ്റന്റെ വരവ്. വിഭജിക്കപ്പെട്ട ട്രസ്സിങ് റൂമും താരങ്ങൾ തമ്മിലുള്ള ഈഗോയും ടോക്സിക്കായ ആരാധകരേയും ഒന്നിപ്പിക്കാൻ പഴയ ക്യാപ്റ്റന് കൃത്യമായ പ്ലാനുണ്ടായിരുന്നു. കാണികളോട് ഉടക്കി ജേഴ്സി വലിച്ചെറിഞ്ഞ് ക്ലബ് വിടാൻനിന്ന ക്യാപ്റ്റൻ ഗ്രാനിറ്റ് ഷാക്കയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി ക്യാപ്റ്റൻ ആക്കി തിരികെ കൊണ്ട് വരാൻ ആർട്ടെറ്റക്ക് തന്റെ നായക എക്സ്പീരിൻസ് ധാരാളമുണ്ടായിരുന്നു.
ടീമിന്റെ കൾച്ചർതന്നെ മാറ്റുകയാണ് ആർട്ടെറ്റ ചെയ്തത്. അച്ചടക്കം പാലിക്കേണ്ടതിന്റെ നിർബന്ധബുദ്ധി കളിക്കാർക്ക് മനസിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ബാഡ്ജിന്റെ മഹത്വം താരങ്ങളെ ബോധ്യപ്പെടുത്തി. പിന്നാടാണ് തന്റെ ടാറ്റിക്സ് പരിശീലിപ്പിച്ചത്. 2020 ൽ ചെൽക്കെതിരെ വിജയംനേടി എഫ്എ കപ്പ് കിരീടവുമായി ആർട്ടെറ്റ തന്റെ വരവ് അറിയിച്ചു. എന്നാൽ അടുത്ത രണ്ട് വർഷവും കാര്യമായ നേടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും ശക്തരായ ടീമിനെ കെട്ടിപ്പടുക്കുന്നതിനായുള്ള തന്റെ ദീർഘ വീക്ഷണത്തിൽ അദ്ദേഹം മുഴുകി. നിഷ്കൃയനെന്നും ബോട്ടിലേഴ്സ് എന്നൊക്കെ വിമർശകർ പരിഹസിച്ചപ്പോഴും ആർട്ടേറ്റയെ ക്ലബ് വിശ്വസിച്ചു. പഴയ ഘടന പൊളിച്ച് പുതിയതുണ്ടാക്കാൻ സമയമെടുക്കുമെന്ന് അയാൾക്കും ക്ലബിനും അറിയാമായിരുന്നു.
ആർട്ടേറ്റ തന്റെ ജോലികളിൽ വ്യാപൃതനായി. പഴയ സ്ട്രെക്ചർ പൊളിച്ചു. വലിയ പേരുകൾ ക്ലബിൽനിന്ന് അപ്രത്യക്ഷരായി. യുവാക്കളിൽ ഫോക്കസ് ചെയതു. സാകയെപ്പോലെയുള്ള അക്കാദമി പയ്യനിൽ അയാൾ സ്വപ്നം കണ്ടു. ഗ്രാനിറ്റ് ഷാക്ക ക്ലബ് വിട്ടപ്പോൾ താരതമ്യേന ചെറുപ്പമായ മാർട്ടിൻ ഓഡേഗാർഡ് ക്യാപ്റ്റൻസി ഏൽപിച്ചു. പതുക്കെ ടീമിനെ കംപ്ലീറ്റ് ടീമാക്കി മാറ്റി.
പല സീസണുകളിലും മത്സരങ്ങളിലും തോൽവികൾ ഏറ്റുവാങ്ങിയപ്പോഴും ആർട്ടേറ്റയും ക്ലബും തളർന്നില്ല. ചാമ്പ്യൻസ് ലീഗിൽ 23-24 സീണണിൽ ക്വാർട്ടർ ഫൈനലിലും 24-25 സീസണിൽ സെമി ഫൈനലിലും ഈ സീസണിൽ ആഴ്സണലിനെ ഫൈനലിലമെത്തിച്ചു ആ ഹീറോ. പ്രീമിയർ ലീഗിൽ 2022-23, 2023-24, 2024-25 സീസണുകളിൽ ടേബിളിൽ രണ്ടാം സ്ഥാനത്താണ് ആഴ്സണൽ ഫിനിഷ് ചെയ്തത്. 2023-24 വർഷത്തിലെ പ്രീമിയർ ലീഗ് വെറും 2 പോയിന്റിനാണ് മാഞ്ചസ്റ്റർ സിറ്റിയോട് അടിയറവ് പറയേണ്ടിവന്നത്. എന്നാൽ ഇക്കുറി അയാൽ സ്വപ്നം സാക്ഷാത്കരിച്ചു. കണ്ണീരിന്റ കഥപറയാനുള്ള നീണ്ട കാത്തിരിപ്പുകളേയും പരിഹാസങ്ങളേയും അയാൾ ചരിത്രത്തിലാഴ്ത്തി. 2026 മെയ് 19 ഗണ്ണേഴ്സ് ആരാധകർക്ക് ഇനിയൊരിക്കലും മറക്കില്ല. നോർത്ത് ലണ്ടിൻ വീണ്ടും ചുവന്നിരിക്കുന്നു. ദിവസങ്ങൾക്കുള്ളിൽനടക്കുന്ന പിഎസ്ജിയുമായുള്ള ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ജയിക്കാനായാൽ റെക്കോർഡുകൾകൂടിയാണ് ആർട്ടേറ്റ എമിറേറ്റ്സ് സ്റ്റേഡിയത്തിലേക്ക് എത്തിക്കുന്നത്.
English Summary: After moving from Highbury to the Emirates Stadium in 2006, Arsenal F.C. faced financial struggles, injuries, and the loss of key players, leading to decline under Arsène Wenger. In 2019, former captain Mikel Arteta returned as coach after working under Pep Guardiola.
Arteta rebuilt Arsenal’s culture with discipline, youth development, and smart tactics, winning the FA Cup in 2020. Despite criticism and near misses, Arsenal gradually became Premier League and Champions League contenders again. By May 2026, Arteta finally restored Arsenal’s glory and guided the club back to the Champions League final.