

കായികലോകത്തെ ഓസ്കാർ എന്നറിയപ്പെടുന്ന ലോറിയസ് പുരസ്‌കാര വേദിയിൽ ചരിത്രം കുറിച്ചിരിക്കുകയാണ് സ്പെയിനിന്റെ യുവതാരം കാർലോസ് അൽക്കാരസ്. സ്വന്തം മണ്ണായ മാഡ്രിഡിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങിയതോടെ, ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ടെന്നീസ് താരം എന്ന റെക്കോർഡ് ഇനി ഈ ഇരുപത്തിരണ്ടുകാരന് സ്വന്തം. ഇതിഹാസ താരങ്ങളുടെ പിൻഗാമിയായി ടെന്നീസ് ലോകത്തെ പുത്തൻ 'ഗോട്ട്' (GOAT) വിശേഷണങ്ങൾ ഇതിനോടകം അൽക്കാരസിനെ തേടിയെത്തുമ്പോൾ, കായികലോകം ഉറ്റുനോക്കുന്നത് ഒരു പുതിയ യുഗത്തിന്റെ പിറവിക്കാണ്.
ടെന്നീസിലെ എല്ലാ ഗ്രാന്റ് സ്ലാം കിരീടങ്ങളും ഇതിനോടകം സ്വന്തമാക്കിയ കാര്‍ലോസിന് മുന്നില്‍ ഇനി ഒളിമ്പിക് സ്വര്‍ണ മെഡല്‍ മാത്രമാണുള്ളത്. ഫെഡററും ജോക്കോയും നദാലും അരങ്ങുവാണിരുന്ന കോര്‍ട്ടുകള്‍ ഇന്ന് ഒരു 22 കാരന്‍ അടക്കിവാഴുന്നതിനുപിന്നില്‍ കൃത്യമായ കാരണങ്ങളുണ്ട്.
അല്‍ക്കാരസിനെ കൂടുതല്‍ ശക്തനാക്കുന്നതെന്ത്?
റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച് എന്നീ 3 പേരുടേയും മിശ്രിതമാണ് കാര്‍ലോസിന്റെ കളിരീതി. കോര്‍ട്ടില്‍ ഫെഡററെ പോലെ ഡ്രോപ് ഷോട്ടുകള്‍ കളിക്കാനും, നദാലിനെ പോലെ അഞ്ച് മണിക്കൂറുകളോളം തളരാതെ ഓടാനും, ജോക്കോവിച്ചിനെ പോലെ എത്ര പ്രതിസന്ധിഘട്ടങ്ങളിലും മനസ്സിനെ ശാന്തമാക്കാനുമുള്ള കഴിവാണ് പുതിയ താരങ്ങള്‍ക്കിടയില്‍ അല്‍ക്കാരസിനെ വ്യത്യസ്തനാക്കുന്നത്.
അസാമാന്യമായ കരുത്താർന്ന ഫോർ ഹാൻഡ് ഷോർട്ടുകളും കൃത്യതയാർന്ന ബാക്ക് ഹാൻഡുകളുമാണ് കാർലോസ് അൽക്കാരസിനെ ടെന്നീസ് കോർട്ടിലെ വിസ്മയമാക്കുന്നത്. കളിയുടെ സമ്മർദ്ദഘട്ടങ്ങളിൽ പതറാതെ, രണ്ട് സെറ്റുകൾക്ക് പിന്നിലായെങ്കിൽ പോലും പൊരുതി ജയിക്കാനുള്ള ഈ ഇരുപത്തിരണ്ടുകാരന്റെ മനോധൈര്യം കായികലോകത്തെ അമ്പരപ്പിക്കുന്നതാണ്. 2025-ലെ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ അവിശ്വസനീയമായ തിരിച്ചുവരവിലൂടെ കിരീടം ചൂടിയ അൽക്കാരസിന്റെ പ്രകടനം ഇതിഹാസങ്ങളുടേതിന് തുല്യമായ പോരാട്ടവീര്യത്തിന്റെ ഉത്തമ ഉദാഹരണമായി ഇന്നും വാഴ്ത്തപ്പെടുന്നു.
എതിരാളികളില്ലാത്ത കോര്‍ട്ടുകള്‍
ടെന്നീസില്‍ അല്‍ക്കാരസിന്റെ കഴിവിനൊത്ത് പിടിച്ചുനില്‍ക്കാന്‍ കഴിയുന്ന എതിരാളികള്‍ ഇല്ലെന്നുതന്നെ പറയാം. ഭാവിയില്‍ ടെന്നീസ് അടക്കിവാഴുമെന്ന് ആരാധകര്‍ പ്രവചിച്ച സ്റ്റെഫാന്‍ സിറ്റ്‌സിപാസും, ഡാനിയേല്‍ മെഡ്‌വഡേവുമെല്ലാം തീരെ സ്ഥിരതയില്ലാത്ത കളിക്കാരായി മാറി.
പലപ്പോഴുമായി അല്‍ക്കാരസിന് കുറച്ചെങ്കിലും വെല്ലുവിളി ഉയര്‍ത്തുന്നത് ജാന്നിക് സിന്നറും ജോക്കോവിച്ചുമാണ്. എന്നാല്‍, വലിയൊരു പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചുവന്നശേഷം സിന്നറിന്റെ വേഗതയിലും കളിശൈലിയിലും മാറ്റം വന്നിട്ടുണ്ട്. പ്രായാധിക്യം ജോക്കോവിച്ചിനേയും തളര്‍ത്തുന്നുണ്ട്. അതുകൊണ്ടുതന്നെ വളരെ വേഗതയാര്‍ന്ന, പിഴവുകള്‍ തീരെ കുറവ് മാത്രം വരുത്തുന്ന അല്‍ക്കാരസിന് മുന്നില്‍ ഇവരും മറുപടിയില്ലാതെ നില്‍ക്കുന്നതാണ് കാണാറുള്ളത്.
ടെന്നീസിലെ 'ബിഗ് ത്രീ' എന്ന് വിശേഷിപ്പിക്കുന്ന ഫെഡറര്‍, ജോക്കോവിച്ച്, നദാല്‍ എന്നിവര്‍ക്ക് ശേഷം ആദ്യമായാണ് ഒരു പുരുഷ ടെന്നീസ് താരം ലോറിയസ് അവാര്‍ഡിന് അര്‍ഹനാവുന്നത്. ഇതോടെ മറ്റു ടെന്നീസ് താരങ്ങള്‍ക്കുമുകളില്‍ വലിയൊരു ആധിപത്യമാണ് അല്‍ക്കാരസ് സ്ഥാപിക്കുന്നത്.
English Summary: Carlos Alcaraz has become the youngest tennis player to win the Laureus Award, marking his rise as the dominant force in men’s tennis.