ടി-20 ലോകകപ്പിൽ വിൻഡീസിനെതിരേ നടന്ന പോരാട്ടത്തിൽ ഗംഭീര ഇന്നിങ്‌സുമായി ഇന്ത്യയെ സെമി ഫൈനലിൽ എത്തിച്ച് ഇന്ത്യയുടെ അഭിമാനമായി മാറിയ മലയാളി താരം സഞ്ജു സാംസണെ അപമാനിച്ചവർക്കെതിരെ കടുത്ത നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്. സഞ്ജുവിന്റെ ഇന്നിങ്‌സിനെ ചേർത്ത് വംശീയ ഉള്ളടക്കത്തോടെ ഒരാൾ പങ്കുവെച്ച പോസ്റ്റിനെതിരെയാണ് കോൺഗ്രസ് പ്രതികരിച്ചിരിക്കുന്നത്. അഭിനന്ദന പോസ്റ്റ് ആണെങ്കിൽ പോലും ഇതിനെതിരെ പലകോണുകളിൽ നിന്നും വിമർശനമുയരുന്നുണ്ട്.
'ഒരു കറുത്ത ശക്തിക്ക് മാത്രമേ മറ്റൊരു കറുത്ത ശക്തിയെ തോൽപ്പിക്കാനാവു' എന്നായിരുന്നു പോസ്റ്റിൽ കുറിച്ചിരുന്നത്. കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ടിരുന്നെങ്കിൽ ലോകകപ്പിൽ നിന്ന് തന്നെ പുറത്താകുമായിരുന്ന ടീമിനെയാണ് തന്റെ ഒറ്റയാൾപോരാട്ടത്തിലൂടെ സഞ്ജു കരകയറ്റിയിരിക്കുന്നത്. ഇതിനുപിന്നാലെ അഭിനന്ദനപ്രവാഹമാണ് സഞ്ജുവിനെ തേടിയെത്തുന്നത്. എന്നാൽ ഈ പോസ്റ്റ് ഏറെ വിമർശനങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.
പോസ്റ്റ് പങ്കുവെച്ച വ്യക്തിക്കെതിരെ രൂക്ഷവിമർശനവുമായാണ് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. വംശീയതയ്ക്ക് ഇന്ത്യയിൽ സ്ഥാനമില്ലെന്നും, ഒരു വ്യക്തിയെ നിറത്തിന്റെ പേരിൽ അവഹേളിക്കുന്നത് കണ്ടുനിൽക്കാനാവില്ലെന്നും കോൺഗ്രസ് പറഞ്ഞു. കോൺഗ്രസിന്റെ ഔദ്യോഗിക എക്‌സ് ഹാൻഡിലിലാണ് ഈ പ്രതികരണം പങ്കുവെച്ചിരിക്കുന്നത്. മാത്രമല്ല, ഈ വിഷയത്തിൽ ഉടൻ തന്നെ നടപടിയുണ്ടാകണമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിനോട് കോൺഗ്രസ് അവശ്യപ്പെട്ടു.
സൂപ്പർ എട്ടിലെ അവസാന പോരാട്ടത്തിൽ വെസ്റ്റിൻഡീസിനെ അഞ്ചുവിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ സെമിയിലേക്ക് പ്രവേശിച്ചത്. ഇംഗ്ലണ്ടുമായാണ് ഇന്ത്യ സെമിഫൈനലിൽ മത്സരിക്കേണ്ടത്. 50 പന്തിൽ നിന്ന് 97 റൺസെടുത്ത സഞ്ജു പുറത്താവാതെ നിന്നതിലൂടെ ഇന്ത്യയുടെ വിജയ റണ്ണും കുറിക്കുകയായിരുന്നു. ധോണിക്കും വിരാട് കൊഹ്‌ലിക്കും ശേഷം ഇത്രയും മനോഹരമായ ചേസിംഗ് ഇന്നിംഗ്സ് കണ്ടിട്ടില്ലെന്ന തരത്തിലാണ് ഈ പ്രകടനത്തിന് ശേഷം സഞ്ജുവിനെ തേടിയെത്തുന്ന അഭിനന്ദങ്ങൾ.
English Summary: Congress has demanded immediate action against a social media user who allegedly posted a racially insensitive congratulatory message about Sanju Samson after his match-winning knock against West Indies in the T20 World Cup. Samson’s unbeaten 97 off 50 balls helped India reach the semifinals, drawing widespread praise despite the controversy.