

പ്രായ തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 ടീമില്‍ കടുത്ത നടപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ). രേഖകളില്‍ കൃത്രിമം കാണിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. പ്രായരേഖകളില്‍ ക്രമക്കേട് കണ്ടെത്തിയ ബംഗാള്‍ ലെഗ് സ്പിന്നര്‍ രോഹിത് യാദവിന് വിലക്കി. ഓസ്‌ട്രേലിയയ്‌ക്കെതിരായ വരാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ അണ്ടര്‍-19 ടീമില്‍ നിന്നുമാണ് താരത്തെ ഒഴിവാക്കിയത്. ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നും രണ്ട് വര്‍ഷത്തെ വിലക്കും താരത്തിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വണ്‍-ഡേ, മള്‍ട്ടി-ഡേ പരമ്പരകളില്‍ നിന്നാണ് രോഹിതിനെ ഒഴിവാക്കിയത്. രോഹിതിന് പകരക്കാരായി ജൂനിയര്‍ ക്രിക്കറ്റ് കമ്മിറ്റി ആര്യന്‍ സവ്‌സാനി, തന്മയ് ബലോദ എന്നിവര്‍ ടീമില്‍ ഇടം പിടിച്ചു.
പ്രായത്തില്‍ തട്ടിപ്പ് നടത്തിയെന്ന കണ്ടെത്തിയതിനെ തുടര്‍ന്ന് ബംഗാളിലെ 60-ലധികം താരങ്ങള്‍ക്ക് എതിരെ നടപടി ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് അണ്ടര്‍ 19 ഏകദിന ടീമിലെ താരത്തിന് എതിരായ നടപടി. അണ്ടര്‍ 19 ഏകദിന ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയെന്ന് സ്ഥിരീകരിച്ചുകൊണ്ട് ചൊവ്വാഴ്ചയാണ് ബിസിസിഐ പ്രസ്താവന പുറത്തിറക്കിയത്.
ഇക്കഴിഞ്ഞ ജൂലായില്‍ ശ്രീലങ്കയില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ അണ്ടര്‍-19 ടീമില്‍ മികച്ച പ്രകടനം കാഴ്ചവച്ച താരമായിരുന്നു രോഹിത് യാദവ്. പര്യടനത്തില്‍ ആറ് വിക്കറ്റുകളാണ് രോഹിത് സ്വന്തമാക്കിയത്. രാജ്‌കോട്ടിലും അഹമ്മദാബാദിലുമായി നടക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ഹോം പരമ്പരയിലേക്കും രോഹിത് പരിഗണിക്കെപ്പെട്ടിരുന്നു. ശ്രീലങ്കയില്‍ വച്ച് നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് പ്രായവുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തുന്നത്.
ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ് എന്നിവ ഉള്‍പ്പെടെ രോഹിത് സമര്‍പ്പിച്ച രേഖകള്‍ തെറ്റായിരുന്നു എന്നാണ് കണ്ടെത്തല്‍. വ്യത്യസ്ത ജനനവര്‍ഷങ്ങള്‍ രേഖപ്പെടുത്തിയ മൂന്ന് ജനന സര്‍ട്ടിഫിക്കറ്റുകള്‍ രോഹിതിന് ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. 2007, 2009, 2010 എന്നീ വര്‍ഷങ്ങളില്‍ ജനിച്ചെന്ന് വ്യക്തമാക്കുന്നനയാണ് വിവിധ സര്‍ട്ടിഫിക്കറ്റുകള്‍. ആധാര്‍ കാര്‍ഡ് രേഖകളിലും ക്രമക്കേടുകള്‍ ഉണ്ടായിരുന്നു.
ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാളില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2007 ആയിരുന്നു ജനനവര്‍ഷം. ആധാറില്‍ മൂന്ന് തവണ ജനന തിയതി മാറ്റുകയും ചെയ്തു. 2017-ലും 2020-ലും ആധാറില്‍ ജനന തീയ്യതി 2006 എന്നായിരുന്നു ഉണ്ടായിരുന്നത്. 2021-ല്‍ അത് 2009 ആയി അപ്ഡേറ്റ് ചെയ്യുകയും ചെയ്തു. ഈ രേഖകളിലെ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍ മുന്‍പ് രോഹിതിനെ ജൂനിയര്‍ ടീമുകളില്‍ നിന്ന് മാറ്റിനിര്‍ത്തുകയും ബിസിസിഐയെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ബിസിസിഐ താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയ കാര്യം അഫിലിയേറ്റ് ചെയ്ത സംസ്ഥാന അസോസിയേഷനുകളെ അറിയിച്ചത്.
ജൂനിയര്‍ ക്രിക്കറ്റ് താരങ്ങള്‍ക്കിടയിലെ പ്രായതട്ടിപ്പുകളുടെ പശ്ചാത്തലത്തില്‍ 62 ഓളം താരങ്ങളെയാണ് 2026-27, 2027-28 സീസണുകളിലെ ടൂര്‍ണമെന്റുകളില്‍ നിന്നും സിഎബി അയോഗ്യരാക്കിയത്. ഈ പട്ടികയില്‍ 2022-ല്‍ ഇന്ത്യയുടെ അണ്ടര്‍-19 ലോകകപ്പ് കിരീടവിജയത്തില്‍ പങ്കാളിയായ രവി കുമാറും ഫസ്റ്റ് ക്ലാസ് താരം വിശാല്‍ ഭട്ടിയും ഉള്‍പ്പെടുന്നു.
The BCCI has made two changes to India’s Under-19 squad following an age-fraud case. India U19 leg-spinner Rohit Yadav has been banned for two years after discrepancies were found in his birth records. The action is part of the BCCI’s crackdown on age manipulation and document fraud in junior cricket.