

ഐപിഎൽ 2027 സീസണ് തൊട്ടുമുമ്പ് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് ഒരു വമ്പൻ താരക്കൈമാറ്റം നടന്നിരിക്കുകയാണ്. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബ് കിങ്സിനായി കളത്തിലിറങ്ങും. പകരം, പഞ്ചാബിന്റെ മുൻനിര ഇടങ്കയ്യൻ അർഷ്ദീപ് സിങ് മുംബൈ ഇന്ത്യൻസിലേക്ക് ചേക്കേറി. കൈമാറ്റ വിവരം ഐപിഎൽ ഔദ്യോഗികമായി പുറത്തുവിട്ടു.
നിലവിലെ 16.35 കോടി രൂപ പ്രതിഫലത്തിൽ നിന്ന് ഉയർത്തി 18 കോടി രൂപയ്ക്കാണ് ഹാർദിക് പാണ്ഡ്യയെ പഞ്ചാബ് കിങ്സ് സ്വന്തമാക്കുന്നത്. അർഷ്ദീപ് സിങ് നിലവിലെ പ്രതിഫലമായ 18 കോടി രൂപയ്ക്ക് തന്നെ മുംബൈ ഇന്ത്യൻസിന്റെ ഭാഗമാകും.
ഹാർദിക്കിനെ ടീമിലെത്തിക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, ലഖ്നൗ സൂപ്പർ ജയന്റ്സ് എന്നീ ടീമുകളും താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ നവംബർ 17-ലെ റീടെൻഷൻ സമയപരിധിക്ക് മുമ്പുതന്നെ മുംബൈ ഇന്ത്യൻസുമായി കൈമാറ്റ നടപടികൾ പൂർത്തിയാക്കി പഞ്ചാബ് കിങ്സ് താരക്കൈമാറ്റം ഉറപ്പിക്കുകയായിരുന്നു.
2015-ൽ മുംബൈ ഇന്ത്യൻസിലൂടെ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച ഹാർദിക്, ടീമിനൊപ്പം നാല് കിരീട നേട്ടങ്ങള്ക്ക് പങ്കാളിയായി. 2022-ൽ ഗുജറാത്ത് ടൈറ്റൻസിലെത്തിയ താരം ആദ്യ സീസണിൽ തന്നെ ടീമിനെ കിരീടത്തിലേക്ക് നയിച്ചു. 2023-ൽ ഫൈനലിലും എത്തിച്ചു. 2024-ൽ മുംബൈയിലേക്ക് തിരിച്ചെത്തിയ ഹാർദിക് രോഹിത് ശർമ്മയ്ക്ക് പകരമായി ടീമിന്റെ നായകപദവി ഏറ്റെടുത്തു. 162 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 3,000-ത്തോളം റൺസും 82 വിക്കറ്റും താരത്തിന്റെ പേരിലുണ്ട്.
2019-ൽ പഞ്ചാബ് കിങ്സിലൂടെ ഐപിഎല്ലിലെത്തിയ അർഷ്ദീപ് എട്ട് സീസണുകളാണ് ടീമിനൊപ്പം ചെലവഴിച്ചത്. 96 മത്സരങ്ങളിൽ നിന്ന് 111 വിക്കറ്റുകൾ നേടിയ താരം പഞ്ചാബിന്റെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനാണ്.
ജസ്പ്രീത് ബുംറയ്ക്കൊപ്പം അർഷ്ദീപ് ചേരുന്നതോടെ മുംബൈയുടെ പേസ് നിര കൂടുതൽ ശക്തമാകും. മറുവശത്ത് ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള പഞ്ചാബ് നിരയ്ക്ക് ഹാർദിക്കിന്റെ ഓൾറൗണ്ട് മികവ് മുതൽക്കൂട്ടാകും. രണ്ട് ടീമുകളുടെയും ഐപിഎൽ 2027 പദ്ധതികളിൽ നിർണായക മാറ്റമുണ്ടാക്കുന്നതാണ് ഈ കൈമാറ്റം.
Hardik Pandya is set to join Punjab Kings from Mumbai Indians in a major player trade ahead of IPL 2027. The deal will see Indian pacer Arshdeep Singh move to Mumbai Indians in exchange. Hardik's salary has been increased from ₹16.35 crore to ₹18 crore, while Arshdeep will retain his existing ₹18 crore salary. Several franchises, including Kolkata Knight Riders, Rajasthan Royals and Lucknow Super Giants, were reportedly interested in Hardik. However, Punjab Kings completed the paperwork with Mumbai Indians ahead of the November 17 retention deadline, securing the high-profile trade.