

ഐപിഎൽ എലിമിനേറ്ററിൽ സൺറൈസേഴ്‌സ് ഹൈദരബാദിനെ തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ് ക്വാളിഫയർ 2 ലേക്ക് എത്തിയിരിക്കുകയാണ്. രാജസ്ഥാന്റെ ഓപ്പണർ വൈഭവ് സൂര്യവൻശിയാണ് കളിയിലെ താരം. 29 പന്തുകളിൽ 12 സിക്‌സുകൾ അടക്കം 97 റൺസാണ് വൈഭവ് നേടിയത്.
അർഹിച്ച സെഞ്ചുറിക്കു മൂന്ന് റൺസ് അകലെ വൈഭവ് പുറത്താകുകയായിരുന്നു. എലിമിനേറ്റർ പോലൊരു 'ഡു ഓർ ഡൈ' മാച്ചിൽ സ്ട്രൈക് റേറ്റ് 334.48 ആണെന്നത് ഓർക്കണം. ഹൈദരബാദ് നായകൻ പാറ്റ് കമ്മിൻസ് അടക്കമുള്ള ലോകോത്തര ബൗളർമാർ വൈഭവിന്റെ ബാറ്റ് ചൂടറിഞ്ഞു. സെഞ്ചുറി തികയ്ക്കാൻ സാധിക്കാത്തതിൽ അതീവ നിരാശനായാണ് വൈഭവ് ഒടുവിൽ കളംവിട്ടത്. ബൗണ്ടറിയിലൂടെ സെഞ്ചുറി തികയ്ക്കാനാണ് വൈഭവ് ശ്രമിച്ചെങ്കിലും പ്രഫുൽ ഹിഞ്ചെയുടെ പന്തിൽ സ്മരൺ രവിചന്ദ്രനു ക്യാച്ച് നൽകി വൈഭവ് മടങ്ങുകയായിരുന്നു.
വൈഭവിന്റെ വിക്കറ്റെടുത്തതിനു പിന്നാലെ പ്രഫുൽ ഹിഞ്ചെ നടത്തിയ സെലിബ്രേഷൻ സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയ്ക്കു തീകൊളുത്തിയിരിക്കുകയാണ്. വളരെ അഗ്രസീവ് രീതിയിൽ ആയിരുന്നു ഹൈദരബാദ് ബൗളറുടെ സെലിബ്രേഷൻ. കൈകൾ ഉയർത്തി വൈഭവിന്റെ മുഖത്ത് നോക്കി പരിഹസിക്കുകയായിരുന്നു താരം. ഇത് ആരാധകർക്കു അത്ര ദഹിച്ചിട്ടില്ല.
വൈഭവ് പുറത്തായ ഉടനെ ഹൈദരബാദിന്റെ മറ്റു താരങ്ങൾ വളരെ പരിമിതമായ സെലിബ്രേഷൻ മാത്രമാണ് നടത്തിയത്. ഹൈദരബാദ് ഓപ്പണർ അഭിഷേക് ശർമ വൈഭവിന്റെ അടുത്തെത്തി അഭിനന്ദിക്കുകയും സെഞ്ചുറി നഷ്ടമായതിൽ ആശ്വസിപ്പിക്കുകയും ചെയ്തു. വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ ആകട്ടെ അഗ്രസീവ് ആയി സെലിബ്രേഷൻ നടത്തിയിരുന്ന ഹിഞ്ചെയോടു എന്തോ പറയുന്നുമുണ്ടായിരുന്നു. മറ്റു താരങ്ങൾ കാണിച്ച വിവേകം ഹിഞ്ചെയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നാണ് ക്രിക്കറ്റ് ആരാധകരുടെ വിമർശനം.
അതേസമയം ഐപിഎൽ ചരിത്രത്തിലെ അതിവേഗ സെഞ്ചുറിയെന്ന റെക്കോർഡാണ് വൈഭവിനു നഷ്ടമായത്. ആ പന്ത് ബൗണ്ടറി ആയിരുന്നെങ്കിൽ 29 പന്തിൽ സെഞ്ചുറി നേടാൻ വൈഭവിനു സാധിക്കുമായിരുന്നു. 2013 ൽ ക്രിസ് ഗെയ്ൽ തീർത്ത 30 പന്തിൽ സെഞ്ചുറി എന്ന 13 വർഷം പഴക്കമുള്ള റെക്കോർഡ് പഴങ്കഥയായേനെ ! എന്തായാലും വളരെ അടുത്തുതന്നെ ആ റെക്കോർഡ് വൈഭവ് മറികടക്കുമെന്ന് ഉറപ്പാണ്.
English Summary: Prafull Hinch’s celebration after taking Vaibhav’s wicket has sparked heated debate on social media. The Hyderabad bowler’s celebration was very aggressive. He raised his hands and mocked Vaibhav to his face. Fans haven’t taken this well. They are criticizing that Hinch did not show the maturity that other players displayed.