

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് - ഡൽഹി ക്യാപിറ്റൽസ് മത്സരം നടക്കുന്നതിനിടെയുണ്ടായ നാടകീയ രംഗങ്ങൾ വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. രാജസ്ഥാന്റെ യുവതാരം വൈഭവ് സൂര്യവൻശിയുടെ വിക്കറ്റെടുത്ത ശേഷം ഡൽഹി താരം കെയ്ൽ ജാമിസൺ നടത്തിയ അതിരുവിട്ട ആഹ്ളാദപ്രകടനമാണ് വിവാദമായത്.
ഈ സീസണിൽ മിന്നും ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന വൈഭവിന്റെ വിക്കറ്റ് ഡൽഹിക്ക് ഏറെ നിർണായകമായിരുന്നു. രണ്ട് പന്തിൽ നാല് റൺസെടുത്ത വൈഭവിനെ ഇൻസ്വിങ്ങറിലൂടെ ജാമിസൺ ബൗൾഡ് ആക്കി. ഇതിനു പിന്നാലെയാണ് ജാമിസൺ വൈഭവിനെ പ്രകോപിപ്പിക്കുന്ന വിധം ആഹ്ളാദപ്രകടനം നടത്തിയത്.
രാജസ്ഥാന്റെ ഇന്നിങ്‌സിലെ രണ്ടാം ഓവറിലെ അഞ്ചാം പന്തിലാണ് സംഭവം. വൈഭവിന്റെ വിക്കറ്റെടുത്ത ശേഷം വളരെ അഗ്രസീവ് ആയ രീതിയിലാണ് ജാമിസൺ സെലിബ്രേഷൻ നടത്തിയത്. വൈഭവിന്റെ അടുത്തേക്ക് ചീറിയടുക്കുകയും മുഖത്തുനോക്കി പരിഹസിക്കുന്ന തരത്തിൽ ആംഗ്യം കാണിക്കുകയും ചെയ്തിരുന്നു. ജാമിസൺ അതിരുവിട്ട ആഹ്ളാദപ്രകടനം നടത്തുന്നത് കണ്ട വൈഭവും ന്യൂസിലൻഡ് താരത്തെ തറപ്പിച്ചുനോക്കി. ഇരു താരങ്ങളും തമ്മിൽ വാക്കേറ്റമാകുമോ എന്ന ഘട്ടത്തിലേക്ക് വരെ കാര്യങ്ങൾ എത്തിയെങ്കിലും വൈഭവ് ഒന്നും പ്രതികരിക്കാതെ ഗ്രൗണ്ട് വിട്ടു.
ഈ സീസണിൽ ബൗളർമാരുടെ പേടിസ്വപ്‌നമാണ് വൈഭവ്. 10 മത്സരങ്ങളിൽനിന്ന് 237.65 സ്ട്രൈക് റേറ്റിൽ 404 റൺസാണ് വൈഭവ് ഇതുവരെ നേടിയിരിക്കുന്നത്. 37 സിക്സുകൾ താരം പറത്തിയിട്ടുണ്ട്. പതിനഞ്ചുകാരനായ വൈഭവിന്റെ ബാറ്റിങ്ങിനെ ഇത്രയും പരിചയസമ്പത്തുള്ള മുപ്പത്തിയൊന്നുകാരനായ ജാമിസൺ എത്രത്തോളം ഭയപ്പെടുന്നുണ്ടെന്ന് ഈ സെലിബ്രേഷനിൽനിന്ന് അറിയാമെന്നാണ് വീഡിയോയ്ക്കു താഴെ ക്രിക്കറ്റ് ആരാധകരുടെ കമന്റ്.
അതേസമയം അതിരുവിട്ട ആഘോഷപ്രകടനം ജാമിസണ് തിരിച്ചടിയായി. പെരുമാറ്റച്ചട്ടം ലംഘിച്ചതിനു താരത്തിനെതിരെ ഐപിഎൽ ഗവേണിങ് ബോഡി നടപടി സ്വീകരിച്ചു. താരത്തിനു ഒരു ഡിമെറിറ്റ് പോയിന്റ് ശിക്ഷയായി ചുമത്തി. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.5 ലംഘിക്കപ്പെട്ടെന്നു കണ്ടെത്തിയാണ് ജാമീസനെതിരായ നടപടി. മത്സരത്തിനിടെ മറ്റൊരു താരത്തെ പ്രകോപിപ്പിക്കുന്നതിനു വേണ്ടി ഭാഷയോ, പ്രത്യേക ആക്ഷനോ ഉപയോഗിക്കുന്നത് ഐപിഎലിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
English summary: Dramatic scenes unfolded during the Indian Premier League match between Rajasthan Royals and Delhi Capitals. Delhi bowler Kyle Jamieson has sparked controversy with his aggressive celebration after taking the wicket of Rajasthan's young prodigy, Vaibhav Sooryavanshi.