വെല്ലിങ്ടണിലെ ബേസിന് റിസര്‍വില്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് മത്സരത്തില്‍, റെക്കോര്‍ഡ് ബാറ്റിങ് പ്രകടനത്തിലൂടെ ചരിത്രം കുറിച്ച് ഇന്ത്യ. രണ്ടര ദിവസം നീണ്ട ബാറ്റിങ് മാരത്തണിലൂടെ വിദേശ മണ്ണിലെ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് ഇന്നിങ്സ് സ്കോര്‍ നേടിയ ഇന്ത്യ, ന്യൂസിലന്‍ഡ് മണ്ണിലെ എക്കാലത്തെയും വലിയ ടെസ്റ്റ് ടോട്ടല്‍ എന്ന റെക്കോര്‍ഡും സ്വന്തം പേരിലാക്കി. ശുഭ്മാന്‍ ഗില്‍ നയിച്ച ഇന്ത്യന്‍ സംഘം 166 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 720 റണ്‍സ് എന്ന കൂറ്റന്‍ സ്കോറില്‍ ഒന്നാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. ആതിഥേയരുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 368 റണ്‍സിനേക്കാള്‍ 352 റണ്‍സിന്റെ വമ്പന്‍ ലീഡാണ് ഇന്ത്യ ഉയര്‍ത്തിയത്.
തിരുത്തിയത് 96 വര്‍ഷത്തെ റെക്കോര്‍ഡ്
1930 മുതല്‍ ന്യൂസിലന്‍ഡില്‍ നടന്ന 239 ടെസ്റ്റ് മത്സരങ്ങളുടെ ചരിത്രത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇന്ത്യയുടെ 720/9. 2019ല്‍ ഹാമില്‍ട്ടണില്‍ ബംഗ്ലാദേശിനെതിരെ ന്യൂസിലന്‍ഡ് നേടിയ 715/6 എന്ന റെക്കോര്‍ഡാണ് ഇന്ത്യ മറികടന്നത്. ന്യൂസിലന്‍ഡിനെതിരായ ഒരു ടീമിന്റെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്കോര്‍ എന്ന റെക്കോര്‍ഡും ഇതോടെ ഇന്ത്യ സ്വന്തമാക്കി. 1995-ല്‍ വെല്ലിങ്ടണിലെ ബേസിന് റിസര്‍വില്‍ വെസ്റ്റ് ഇന്‍ഡീസ് നേടിയ 660/5 എന്ന റെക്കോര്‍ഡാണ് പഴങ്കഥയായത്. ന്യൂസിലന്‍ഡില്‍ നടന്ന ഒരു ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റിലെ മുന്‍പത്തെ ഉയര്‍ന്ന സ്കോര്‍ 2014-ല്‍ ഇതേ വേദിയില്‍ ആതിഥേയര്‍ നേടിയ 680/8 ആയിരുന്നു. ഇതിന് മുന്‍പ് ഒരിക്കല്‍ മാത്രമാണ് ഇന്ത്യ ന്യൂസിലന്‍ഡിലെ ഒരു ടെസ്റ്റ് ഇന്നിങ്സില്‍ 500 റണ്‍സ് കടന്നിട്ടുള്ളത്. 2009-ല്‍ ഹാമില്‍ട്ടണില്‍ 520 റണ്‍സിന് ഓള് ഔട്ടായതായിരുന്നു അത്.
വിദേശ മണ്ണിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റിങ് പ്രകടനം കൂടിയാണിത് കീവിസിനെതിരായ മത്സരം. 2010-ല്‍ കൊളംബോയില്‍ ശ്രീലങ്കയ്ക്കെതിരെ നേടിയ 707 റണ്‍സായിരുന്നു ഇതിന് മുന്‍പുള്ള ഉയര്‍ന്ന വിദേശ സ്കോര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ മൂന്നാമത്തെ വലിയ സ്കോറണിത്. 2016-ല്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 759/6, 2009ല്‍ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്ക്കെതിരെ നേടിയ 726/9 എന്നിവ മാത്രമാണ് മുന്നിലുള്ളത്.
സെഞ്ച്വറികളും അപൂര്‍വ്വ കൂട്ടുകെട്ടുകളും
കെഎല്‍ രാഹുലിന്റെയും (136) ഋഷഭ് പന്തിന്റെയും (128) സെഞ്ച്വറികളാണ് ഇന്ത്യന്‍ ഇന്നിങ്സിന് കരുത്തായത്. നായകന് ശുഭ്മാന്‍ ഗില്‍ (98), യശസ്വി ജയ്സ്വാള്‍ (85), ദേവ്ദത്ത് പടിക്കല്‍ (80), ധ്രുവ് ജുറേല്‍ (78) എന്നിവരും മികച്ച സംഭാവനകള്‍ നല്കി. ന്യൂസിലന്‍ഡ് ബൗളര്‍മാരില്‍ 154 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഗ്ലെന്‍ ഫിലിപ്സ് ആണ് കൂടുതല്‍ വിക്കറ്റുകള്‍ നേടിയത്.
ഒരു ടെസ്റ്റ് ഇന്നിങ്സിലെ ആദ്യ ഏഴ് വിക്കറ്റുകളിലും 50-ലധികം റണ്‍സ് കൂട്ടുകെട്ടുകള്‍ പിറക്കുന്നത് ടെസ്റ്റ് ചരിത്രത്തില്‍ ഇതാദ്യമാണ്. ആദ്യ ആറ് കൂട്ടുകെട്ടുകളിലും 50-ലധികം റണ്‍സ് നേടുന്ന നേട്ടം രണ്ട് തവണ തികയ്ക്കുന്ന ആദ്യ ടീമായും ഇന്ത്യ മാറി. 2023-ല്‍ അഹമ്മദാബാദില്‍ ഓസ്ട്രേലിയയ്ക്കെതിരെയും ഇന്ത്യ ഈ നേട്ടം കൈവരിച്ചിരുന്നു; ഇതിന് മുന്‍പ് 1960-61-ല്‍ ഓസ്ട്രേലിയയും 2015-ല്‍ പാകിസ്താനുമാണ് സമാന നേട്ടം കുറിച്ചത്.
ആദ്യ അഞ്ച് ബാറ്റര്‍മാരും കുറഞ്ഞത് 80 റണ്‍സെങ്കിലും നേടുന്ന രണ്ടാമത്തെ മാത്രം ടെസ്റ്റ് ഇന്നിങ്സ് കൂടിയാണിത്. 2014-ല്‍ അബുദാബിയില്‍ ന്യൂസിലന്‍ഡിനെതിരെ പാകിസ്താന്റെ ആദ്യ അഞ്ച് ബാറ്റര്‍മാരും 80-ഓ അതിലധികമോ റണ്‍സ് നേടിയതായിരുന്നു (566/3) ആദ്യ സംഭവം. കൂടാതെ, ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ അഞ്ചാമത്തെ 700-പ്ലസ് സ്കോറാണിത്. ഏഴ് തവണ ഈ നേട്ടം കൈവരിച്ച ശ്രീലങ്കയാണ് പട്ടികയില്‍ ഒന്നാമത്. ഇന്ത്യയ്ക്ക് അഞ്ചും ഇംഗ്ലണ്ട്, ഓസ്ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്ക് നാല് വീതവും 700-പ്ലസ് ടോട്ടലുകളുണ്ട്.
രാഹുലിന്റെയും പന്തിന്റെയും വ്യക്തിഗത നാഴികക്കല്ലുകള്‍
എല്ലാ സെന രാജ്യങ്ങളിലും (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ) ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണറും രണ്ടാമത്തെ ഏഷ്യന്‍ ഓപ്പണറുമായി കെ.എല്‍ രാഹുല്‍ മാറി. ടീം റെക്കോര്‍ഡുകള്‍ക്കൊപ്പം വ്യക്തിഗത നേട്ടങ്ങളുടെ കാര്യത്തിലും ഈ ഇന്നിങ്സ് ശ്രദ്ധേയമായി. എല്ലാ സെന രാജ്യങ്ങളിലും സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടം ഋഷഭ് പന്ത് സ്വന്തമാക്കി. ആറ് സിക്സറുകള്‍ പറത്തിയ പന്ത്, ഒമ്പതാം ടെസ്റ്റ് സെഞ്ച്വറി തികച്ചതും സിക്സറിലൂടെയായിരുന്നു. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയില്‍ പന്ത് മൂന്നാം സ്ഥാനത്തെത്തി. കൂടാതെ, ടെസ്റ്റ് ക്രിക്കറ്റില്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ 107 സിക്സറുകള്‍ എന്ന റെക്കോര്‍ഡ് മറികടന്ന് രണ്ടാം സ്ഥാനത്തെത്താനും ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ ബെന്‍ സ്റ്റോക്സിന്റെ (88) റെക്കോര്‍ഡിനൊപ്പമെത്താനും പന്തിന് സാധിച്ചു.
India created history in Wellington by declaring their first innings at 720/9 against New Zealand, recording the highest-ever Test total on New Zealand soil. The massive score surpassed the previous record of 715/6 set by New Zealand against Bangladesh in 2019. Centuries from KL Rahul (136) and Rishabh Pant (128), along with valuable contributions from Shubman Gill, Yashasvi Jaiswal, Devdutt Padikkal and Dhruv Jurel, powered India's record-breaking innings. India secured a 352-run first-innings lead.