

ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലെ ഇന്ത്യയുടെ തോൽവിക്കു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി രണ്ടാം ഇന്നിങ്‌സിലെ 17-ാം ഓവർ. ഇന്ത്യക്കായി ഈ ഓവർ എറിഞ്ഞത് സ്പിന്നർ രവി ബിഷ്‌ണോയ് ആണ്. ഒറ്റോവറിൽ വിട്ടുകൊടുത്തത് 29 റൺസും !
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ നാല് വിക്കറ്റും ഒരോവറും ശേഷിക്കെ ഇംഗ്ലണ്ട് ലക്ഷ്യംകണ്ടു.
16 ഓവർ പൂർത്തിയാകുന്നതു വരെ കളി ഏതാണ്ട് ഇന്ത്യക്കൊപ്പമായിരുന്നു എന്ന് പറയാം. 16 ഓവർ പൂർത്തിയായപ്പോൾ ഇംഗ്ലണ്ട് 142-5 എന്ന നിലയിലായിരുന്നു. ശേഷിക്കുന്ന 24 പന്തുകളിൽ വേണ്ടിയിരുന്നത് 49 റൺസ്. 17-ാം ഓവർ എറിയാനെത്തിയ ബിഷ്‌ണോയിയിൽ നായകൻ ശ്രേയസ് അയ്യരിനും ഇന്ത്യൻ ആരാധകർക്കും വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഇംഗ്ലണ്ട് ബാറ്റർ ജേക്കബ് ബെതേൽ ബിഷ്‌ണോയിയെ നിഷ്ഠൂരം ആക്രമിച്ചു.
ഈ ഓവറിലെ ആദ്യ പന്ത് തന്നെ നോ ബോൾ ആയിരുന്നു. അപൂർവമായി മാത്രം അംപയർമാർക്കു വിളിക്കേണ്ടിവരുന്ന ബാക്ക് ഫൂട്ട് നോ ബോൾ ! ഫ്രീ ഹിറ്റ് പന്ത് അതിർത്തി കടത്തി ജേക്കബ് ബെതേൽ 'ബിഷ്‌ണോയ് വേട്ട'യ്ക്കു തുടക്കമിട്ടു. രണ്ടാം ബോളും നോ ബോൾ വിളിച്ചതോടെ കാര്യങ്ങൾ ഇന്ത്യയുടെ കൈവിട്ട് പോയി തുടങ്ങി. ആ ഫ്രീ ഹിറ്റും ബെതേൽ സിക്‌സർ പറത്തി. പിന്നെയും വന്നു ഒരു ഫോറും ഒരു സിക്‌സും കൂടി. രണ്ട് നോ ബോൾ അടക്കം വിട്ടുകൊടുത്തത് 29 റൺസ് ! ഇതോടെ കളി പൂർണമായി ഇംഗ്ലണ്ടിന്റെ കൈകളിലേക്ക്.
നാല് ഓവറിൽ 60 റൺസാണ് ബിഷ്‌ണോയ് വിട്ടുകൊടുത്തത്. ബിഷ്‌ണോയിയുടെ എക്‌സ്‌പെൻസീവ് ഓവറാണ് കളിയുടെ ഗതി മാറ്റിയതെന്ന് മത്സരശേഷം നായകൻ ശ്രേയസ് അയ്യരും പറയാതെ പറഞ്ഞു. എന്നാൽ ഒരാളെ മാത്രം പഴിചാരി തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷപ്പെടാനില്ലെന്നും ഇന്ത്യൻ നായകൻ വ്യക്തമാക്കി.
' എവിടെയാണ് കളി കൈവിട്ടതെന്ന് നമുക്കെല്ലാവർക്കും അറിയാം. ഏതെങ്കിലും ഒരാളിലേക്ക് മാത്രം വിരൽചൂണ്ടി തോൽവിയുടെ ഉത്തരവാദിത്തം അടിച്ചേൽപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 15-ാം ഓവർ വരെ എല്ലാം ഞങ്ങളുടെ പരിധിയിൽ ആയിരുന്നു. പെട്ടന്നാണ് കളി അവർക്കു അനുകൂലമായി മാറിയത്. ആ ഘട്ടം മുതൽ അവർക്കു ഈസിയായി കളി ജയിക്കാമെന്ന അവസ്ഥയിലേക്ക് എത്തി.' ശ്രേയസ് അയ്യർ പറഞ്ഞു.
India's defeat to England in the second T20I has sparked widespread discussion over the 17th over of England's chase, bowled by leg-spinner Ravi Bishnoi. The over proved to be the turning point as Bishnoi conceded 29 runs, significantly shifting the momentum in England's favour. Earlier, India had posted 190/7 in their 20 overs, but England chased down the target with four wickets in hand and one over to spare.