Rishabh Pant: ആരാധകർ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു, റിഷഭ് പന്ത് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ തലപ്പത്തു നിന്ന് 'ഔട്ട്'. തുടർച്ചയായ രണ്ട് സീസണുകളിലെ മോശം പ്രകടനവും പ്ലേ ഓഫ് കാണാതെ ടീം പുറത്തായതുമാണ് ക്യാപ്റ്റൻസി ഒഴിയാൻ കാരണം. നായകസ്ഥാനത്തുനിന്ന് മാറ്റണമെന്ന പന്തിന്റെ ആവശ്യം രണ്ടാമതൊന്ന് ചിന്തിക്കാതെ ലഖ്‌നൗ മാനേജ്‌മെന്റ് അംഗീകരിച്ചു. ലഖ്‌നൗ ആരാധകരും പന്തിനെ നായകസ്ഥാനത്തുനിന്ന് മാറ്റണമെന്ന് സമൂഹമാധ്യമങ്ങളിൽ ആവശ്യം ഉന്നയിച്ചിരുന്നു.
''നായകസ്ഥാനത്തുനിന്ന് നീക്കണമെന്ന അഭ്യർത്ഥനയുമായി റിഷഭ് പന്ത് ടീം മാനേജ്‌മെന്റിനെ സമീപിച്ചു. അദ്ദേഹത്തിന്റെ ആവശ്യം ഞങ്ങൾ എല്ലാ ബഹുമാനത്തോടെയും അംഗീകരിച്ചു. നായകനെന്ന നിലയിൽ ടീമിനുവേണ്ടി ചെയ്ത കാര്യങ്ങൾക്കെല്ലാം ഞങ്ങൾ റിഷഭ് പന്തിനോടു കടപ്പെട്ടിരിക്കുന്നു. കൂടുതൽ ഉയരങ്ങളിലേക്കു ടീമിനെ എത്തിക്കാനുള്ള പുനർനിർമാണമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്,'' ലഖ്‌നൗ മാനേജ്‌മെന്റ് അറിയിച്ചു.
2025 ലെ മെഗാ താരലേലത്തിൽ 27.50 കോടിയെന്ന റെക്കോർഡ് തുകയ്ക്കാണ് ലഖ്‌നൗ പന്തിനെ സ്വന്തമാക്കിയത്. ഡൽഹി ക്യാപിറ്റൽസിനൊപ്പം തുടർച്ചയായി എട്ട് സീസൺ കളിച്ച ശേഷമാണ് പന്ത് ലഖ്‌നൗവിലേക്കു കൂടുമാറിയത്.
2025 ൽ വെറും 269 റൺസ് മാത്രമാണ് പന്ത് ലഖ്‌നൗവിനായി നേടിയത്. ടീം ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഈ സീസണിൽ ആകട്ടെ 13 ഇന്നിങ്‌സുകളിൽ 312 റൺസ് നേടിയെങ്കിലും പോയിന്റ് ടേബിളിൽ ഏറ്റവും അവസാനമായിരുന്നു ലഖ്‌നൗ. തുടർച്ചയായി രണ്ട് സീസണുകളിലും ടീമിനെ പ്ലേ ഓഫിൽ എത്തിക്കാൻ കഴിയാത്തതിൽ പന്ത് നിരാശനാണ്.
ക്യാപ്റ്റൻസി ഒഴിഞ്ഞ പന്ത് ടീമിനൊപ്പം തുടരുമോയെന്ന കാര്യത്തിലും സംശയമുണ്ട്. താരലേലത്തിനു മുന്നോടിയായി പന്തിനെ ലഖ്‌നൗ റിലീവ് ചെയ്യാനുള്ള സാധ്യതയും നിലനിൽക്കുന്നു.
English summary: Rishabh Pant has stepped down as captain of Lucknow Super Giants after requesting the management to remove him from the role. Despite being bought for a record ₹27.5 crore in 2025, Pant struggled with form and failed to lead the team to the playoffs in two straight seasons. His future with the franchise is now uncertain, with reports suggesting Lucknow could release him before the next auction.