നായകനായി വീണ്ടും ഹിറ്റ്മാൻ; ഒരു കിരീടം കൂടി നേടാൻ രോഹിത് ശർമ്മയുടെ മുംബൈയിലേക്കുള്ള മടങ്ങിവരവ്

ഹാർദിക്കിനെ പഞ്ചാബ് കിങ്‌സിലേക്ക് കൈമാറി പകരം അർഷ്ദീപ് സിങ്ങിനെ സ്വന്തമാക്കിയതിന് പിന്നാലെയാണ് മുംബൈയുടെ നിർണായക പ്രഖ്യാപനം വന്നത്.
നായകനായി വീണ്ടും ഹിറ്റ്മാൻ; ഒരു കിരീടം കൂടി നേടാൻ രോഹിത് ശർമ്മയുടെ മുംബൈയിലേക്കുള്ള മടങ്ങിവരവ്
Published on: 

ചില തിരിച്ചുവരവുകൾ പഴയ കണക്കുകൾ തീർക്കാനുള്ളതാണ്, ചിലത് ബാക്കിവെച്ച സ്വപ്നങ്ങൾ പൂർത്തിയാക്കാനുള്ളതും. മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനത്തേക്ക് രോഹിത് ശർമ്മ വീണ്ടും എത്തുമ്പോൾ, അത് ഈ രണ്ട് ലക്ഷ്യങ്ങളും ഒത്തുചേരുന്ന ഒരു വൈകാരിക നിമിഷമാണ്. ദിവസങ്ങളായി തുടരുന്ന ചർച്ചകൾക്കും കാത്തിരിപ്പിനുമൊടുവിലാണ് 2027 ഐപിഎൽ സീസണിൽ ടീമിനെ രോഹിത് ശർമ നയിക്കുമെന്ന് മുംബൈ ഇന്ത്യൻസ് ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്. 2024ലാണ് നായകസ്ഥാനം രോഹിതിൽ നിന്ന് ഹാർദിക് പാണ്ഡ്യയിലേക്ക് എത്തിയത്. ഹാർദിക്കിനെ പഞ്ചാബ് കിങ്‌സിലേക്ക് കൈമാറി പകരം അർഷ്ദീപ് സിങ്ങിനെ സ്വന്തമാക്കിയതിന് പിന്നാലെയാണ് മുംബൈയുടെ നിർണായക പ്രഖ്യാപനം വന്നത്.

'രോഹിത് ശർമ്മ' എന്ന പേര് ഒരുകാലത്ത് മുംബൈ ഇന്ത്യൻസ് എന്ന ഫ്രാഞ്ചൈസിയുടെ പര്യായമായിരുന്നു. 2013-ൽ റിക്കി പോണ്ടിങ് നായകസ്ഥാനം ഒഴിഞ്ഞപ്പോൾ ചുമതലയേറ്റ രോഹിത്, പിന്നീടുള്ള പത്ത് വർഷത്തിനിടെ അഞ്ച് ഐപിഎൽ കിരീടങ്ങളാണ് മുംബൈയുടെ ഷെൽഫിൽ എത്തിച്ചത്. ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിങ്സിലേക്ക് ചേക്കേറിയതോടെ, മുംബൈ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുമ്പോൾ, രോഹിത്തിന്റെ ഈ മടങ്ങിവരവ് കേവലമൊരു തന്ത്രപരമായ തീരുമാനത്തിനപ്പുറം സ്വന്തം വീട്ടിലേക്കുള്ള മടക്കയാത്രയാണ്.

തന്റെ ജീവിതത്തിലെ വലിയൊരു ഭാഗമാണ് മുംബൈ ഇന്ത്യൻസെന്നും, ടീമിനെ വീണ്ടും നയിക്കാൻ ലഭിച്ച അവസരത്തിൽ വലിയ സന്തോഷവും അഭിമാനവുമുണ്ടെന്നും രോഹിത് ശർമ്മ വ്യക്തമാക്കി. "വരാനിരിക്കുന്ന സീസണിനെക്കുറിച്ച് ടീം ഉടമകളുമായി നടത്തിയ ചർച്ചകൾ ഏറെ ആവേശം പകരുന്നതായിരുന്നു. നമുക്ക് ഒരുമിച്ച് എന്തെല്ലാം നേടാനാകുമെന്ന കാര്യത്തിൽ എനിക്ക് വലിയ വിശ്വാസമുണ്ട്. ആരാധകർക്ക് ആഘോഷിക്കാൻ നിരവധി നിമിഷങ്ങൾ സമ്മാനിക്കുകയാണ് ലക്ഷ്യം," രോഹിത് പറഞ്ഞു.

മുംബൈ ഇന്ത്യൻസിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച താരമാണ് രോഹിത് ശർമ്മ. റിക്കി പോണ്ടിങിൽ നിന്ന് മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻസി രോഹിത്തിലേക്ക് എത്തി അതേ വർഷം തന്നെ രോഹിത്തിന് കീഴിൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ മുംബൈ ആദ്യ ഐപിഎൽ കിരീടം ഉയർത്തി. 2013-ൽ തന്നെ ചാമ്പ്യൻസ് ലീഗ് ടി20 കിരീടവും സ്വന്തമാക്കിയതോടെ മുംബൈയുടെ സുവർണ്ണകാലത്തിന് തുടക്കമായി. പിന്നാലെ 2015, 2017, 2019, 2020 വർഷങ്ങളിലും മുംബൈ ഐപിഎൽ ചാമ്പ്യന്മാരായി. ഇതോടെ എം എസ് ധോണിക്ക് പുറമേ ഐപിഎല്ലിൽ അഞ്ച് കിരീടങ്ങൾ നേടിയ നായകനായി രോഹിത് മാറി. രോഹിത്തിന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ ഒരു ഐപിഎൽ ഫൈനലിലും മുംബൈക്ക് പരാജയം നേരിടേണ്ടി വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

2015-ലെ കിരീടനേട്ടം മുംബൈ ആരാധകർക്കിടയിൽ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. സീസണിലെ ആദ്യത്തെ അഞ്ച് മത്സരങ്ങളിലും തോറ്റ് തുടങ്ങിയ മുംബൈ, പിന്നീട് അവിശ്വസനീയമായ തിരിച്ചുവരവിലൂടെയാണ് കലാശപ്പോരിൽ കപ്പടിച്ചത്. 2013 മുതൽ 2023 വരെയുള്ള സീസണുകളിലായി 158 ഐപിഎൽ മത്സരങ്ങളിലാണ് രോഹിത് മുംബൈയെ നയിച്ചത്. ഇതിൽ 87 മത്സരങ്ങളിൽ ടീമിന് വിജയിക്കാനായി; 67 മത്സരങ്ങളിൽ തോൽവി നേരിട്ടപ്പോൾ നാല് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.

നായകനായി വീണ്ടും ഹിറ്റ്മാൻ; ഒരു കിരീടം കൂടി നേടാൻ രോഹിത് ശർമ്മയുടെ മുംബൈയിലേക്കുള്ള മടങ്ങിവരവ്
പ്രീമിയർ ലീഗിൽ ആവേശപ്പോരാട്ടങ്ങളുടെ വാരാന്ത്യം; ആഴ്സനൽ–മാഞ്ചസ്റ്റർ സിറ്റി ക്ലാഷും, യുണൈറ്റഡിന്റെ തട്ടകത്തിൽ പോച്ചെറ്റിനോയുടെ അരങ്ങേറ്റവും

എന്നാൽ 2024-ൽ രോഹിതിനെ മാറ്റി ഹാർദിക് പാണ്ഡ്യയെ നായകനാക്കിയപ്പോൾ ആ തീരുമാനം വലിയ വിവാദങ്ങളിലേക്ക് നയിച്ചു. 2023 നവംബറിലാണ് ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചെത്തിച്ചത്. ഗുജറാത്ത് ടൈറ്റൻസ് ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച സീസണിൽ തന്നെ ടീമിനെ ചാമ്പ്യന്മാരാക്കിയ നായകനായിരുന്നു ഹാർദിക്. ഇതിന് പിന്നാലെയാണ് മുംബൈയുടെ നായകസ്ഥാനവും ഹാർദിക്കിലേക്ക് എത്തിയത്.

രോഹിതിനെ മാറ്റിയുള്ള മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ ആരാധകരിൽ നിന്ന് വലിയ പ്രതിഷേധമാണ് ഉയർന്നത്. ക്യാപ്റ്റനായെത്തിയ ആദ്യ മത്സരങ്ങളിൽ കൂവൽ ഉൾപ്പെടെ ഹാർദിക്കിന് നേരിടേണ്ടി വന്നു. മുംബൈയുടെ തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തിലും ആരാധകരുടെ പ്രതിഷേധം അലയടിച്ചിരുന്നു.

നായകനായി വീണ്ടും ഹിറ്റ്മാൻ; ഒരു കിരീടം കൂടി നേടാൻ രോഹിത് ശർമ്മയുടെ മുംബൈയിലേക്കുള്ള മടങ്ങിവരവ്
'ആ സ്വപ്‌നം ഇപ്പോഴില്ല; പക്ഷേ...' ഭാവി പദ്ധതികള്‍ വ്യക്തമാക്കി മുഹമ്മദ് ഷമി

2013-ലെ ആ യുവനായകനിൽ നിന്ന് ഏറെ വ്യത്യസ്തനാണ് ഇന്നത്തെ രോഹിത് ശർമ്മ. മുന്നിൽ ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ടായിരുന്ന അന്നത്തെ കാലമല്ല ഇത്. കരിയറിന്റെ സായാഹ്നത്തിൽ നിൽക്കുന്ന രോഹിത്തിന് മുന്നിലുള്ള സമയം വളരെ പരിമിതമാണ്. ഈ ചുരുങ്ങിയ കാലയളവിൽ അദ്ദേഹത്തിന് എന്ത് ചെയ്യാൻ സാധിക്കും എന്നതാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഒറ്റയ്ക്ക് ഒരു ടീമിന്റെ തലവര മാറ്റാൻ ആർക്കും കഴിയില്ലെങ്കിലും, ടീമിലെ ഓരോ താരത്തിനും കൃത്യമായ റോളുകൾ നൽകി അവരുടെ ആത്മവിശ്വാസം തിരികെ കൊണ്ടുവരാൻ രോഹിത്തിന് സാധിക്കും. കഴിഞ്ഞ മൂന്ന് സീസണുകളിലായി മങ്ങിയ മുംബൈയുടെ പോരാട്ടവീര്യം വീണ്ടെടുക്കാൻ രോഹിത്തിന്റെ അനുഭവസമ്പത്തും കളിയെ കൃത്യമായി വായിച്ചെടുക്കാനുള്ള കഴിവും അനിവാര്യമാണ്.

നിലവിൽ മുംബൈ ഇന്ത്യൻസിന്റെ ഒരേയൊരു ലക്ഷ്യം ആറാം ഐപിഎൽ കിരീടമാണ്. പഴയ റെക്കോർഡുകൾക്ക് പകരം, കളിക്കളത്തിലെ ഒത്തൊരുമയുള്ള പ്രകടനത്തിലൂടെ മാത്രമേ ആ ലക്ഷ്യത്തിലേക്ക് എത്താൻ കഴിയൂ. നീണ്ട സീസണിലുടനീളം തന്റെ ശാരീരികക്ഷമത നിലനിർത്തുക എന്ന വെല്ലുവിളിയും രോഹിത്തിന് മുന്നിലുണ്ട്. എങ്കിലും, ആർക്കും മുന്നിൽ ഒന്നും തെളിയിക്കാനില്ലാത്ത ഒരു നായകനാണ് അദ്ദേഹം.

അഞ്ച് കിരീടങ്ങൾ നേടിയ നായകന് ആറാം കിരീടം കൂടി സമ്മാനിക്കാൻ തന്നെ സ്നേഹിക്കുന്ന ഒരു ടീമും ആരാധകവൃന്ദവും ഒപ്പമുണ്ടെന്നതാണ് ഈ തിരിച്ചുവരവിനെ ഏറ്റവും മനോഹരമാക്കുന്നത്. ഇന്ത്യൻ ടീമിന്റെ വരാനിരിക്കുന്ന പ്രധാന ഐസിസി ടൂർണമെന്റുകൾക്ക് മുന്നോടിയായി രോഹിത്തിലെ നായകന് ലഭിക്കുന്ന മികച്ചൊരു തയ്യാറെടുപ്പ് കൂടിയാകും ഈ ഐപിഎൽ സീസൺ. മുംബൈ ഇന്ത്യൻസിനും ഇന്ത്യൻ ക്രിക്കറ്റിനും ഇടയിൽ, രോഹിത് ശർമ്മ എന്ന ഇതിഹാസത്തിൽ ഇനിയും ക്രിക്കറ്റ് ബാക്കിയുണ്ട്.

Summary

Rohit Sharma returns as Mumbai Indians captain for IPL 2027, three seasons after being replaced by Hardik Pandya. The announcement follows Hardik’s trade to Punjab Kings in exchange for Arshdeep Singh. Rohit previously led Mumbai to five IPL titles.