വൈഭവുമായുള്ള മത്സരം മുതൽ ഗംഭീറിന്റെ തീരുമാനങ്ങൾ വരെ; സഞ്ജുവിന്റെ മാസ്സ് മറുപടി

പരാജയപ്പെട്ടാൽ വലിയ വിമർശനങ്ങൾ നേരിടേണ്ടി വരുമെന്ന് അറിയാമെങ്കിലും ചില റിസ്കുകൾ എടുത്തേ മതിയാകൂ
വൈഭവുമായുള്ള മത്സരം മുതൽ ഗംഭീറിന്റെ തീരുമാനങ്ങൾ വരെ; സഞ്ജുവിന്റെ മാസ്സ് മറുപടി
Published on

ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ അഫ്​ഗാനിസ്ഥാനെതിരെ വെറും 22 പന്തിൽ 57 റൺസ് അടിച്ചുകൂട്ടി ഇന്ത്യയുടെ ഏഴ് വിക്കറ്റ് വിജയത്തിന് അടിത്തറയിട്ടതിന് പിന്നാലെ, പതിവ് രീതികളിൽ നിന്ന് തികച്ചും വ്യത്യസ്തമായി മാധ്യമങ്ങൾക്ക് മുന്നിൽ മനസ് തുറന്ന് മലയാളി താരം സഞ്ജു സാംസൺ. ചൊവ്വാഴ്ച രാത്രി നടന്ന പത്രസമ്മേളനത്തിൽ സഞ്ജു സംസാരിച്ച രീതിയും തുറന്നുപറച്ചിലുകളുമാണ് ഇപ്പോൾ കായികലോകത്ത് പ്രധാന ചർച്ചാവിഷയം.

തുടർച്ചയായി കുറച്ചു മത്സരങ്ങളിൽ പരാജയപ്പെടുമ്പോൾ ഏതൊരു കളിക്കാരനും വലിയ മാനസിക പ്രയാസങ്ങളിലൂടെ കടന്നുപോകുമെന്ന് സഞ്ജു തുറന്നുപറഞ്ഞു. ഒരു ഇന്ത്യൻ ക്രിക്കറ്ററെ സംബന്ധിച്ച് പരാജയങ്ങളെ നേരിടുക എന്നത് ഒട്ടും എളുപ്പമല്ലെന്നും അവിടെയാണ് തന്റെ മുൻപരിചയം തുണയ്ക്കെത്തുന്നതെന്നും സഞ്ജു വ്യക്തമാക്കി. വീണ്ടും പരാജയപ്പെട്ടാൽ വലിയ വിമർശനങ്ങൾ നേരിടേണ്ടി വരുമെന്ന് അറിയാമെങ്കിലും ചില റിസ്കുകൾ എടുത്തേ മതിയാകൂവെന്നും, ഇന്ത്യൻ ക്രിക്കറ്റിന്റെ അന്തരീക്ഷം അങ്ങനെയാണെന്നും സഞ്ജു കൂട്ടിച്ചേർത്തു.

കരിയറിന്റെ ഈ ഘട്ടത്തിൽ നിൽക്കുന്ന പല പ്രമുഖ ക്രിക്കറ്റ് താരങ്ങളും വാർത്താസമ്മേളനത്തിൽ അതീവ ജാ​ഗ്രത പുലർത്തുകയും വളരെ തന്ത്രപരമായി മാത്രം സംസാരിക്കുകയും ചെയ്യാറാണ് പതിവ്. അനാവശ്യ വിവാദങ്ങളും കടുത്ത ചോദ്യങ്ങളും ഒഴിവാക്കാനായി ഔദ്യോഗിക ചാനലുകൾ നടത്തുന്ന മുൻകൂട്ടി നിശ്ചയിച്ച അഭിമുഖങ്ങൾ തിരഞ്ഞെടുക്കുന്നവരാണ് പലരും. പുറത്തുനിന്നുള്ള വിമർശനങ്ങളെയും സോഷ്യൽ മീഡിയയിലെ ഊഹാപോഹങ്ങളെയും ഒഴിവാക്കാൻ പലരും ശ്രമിക്കുമ്പോൾ, എളുപ്പവഴി സ്വീകരിക്കാതെ തികച്ചും സത്യസന്ധമായാണ് സഞ്ജു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ നേരിട്ടത്. പതിവ് ക്രിക്കറ്റ് ശൈലികൾക്ക് പിന്നിൽ ഒളിക്കാനോ ചുറ്റുമുള്ള വിമർശനങ്ങൾ കേൾക്കുന്നില്ലെന്ന് നടിക്കാനോ സഞ്ജു തയ്യാറായില്ല.

വൈഭവുമായുള്ള മത്സരം മുതൽ ഗംഭീറിന്റെ തീരുമാനങ്ങൾ വരെ; സഞ്ജുവിന്റെ മാസ്സ് മറുപടി
ബിസിസിഐ നിര്‍ദേശം നഖ്‌വി തള്ളി, ഇന്ത്യയും വിട്ടുകൊടുത്തില്ല; ഏഷ്യ കപ്പ് സമ്മാനദാനം ബഹിഷ്‌കരിച്ചതില്‍ കാരണം പറഞ്ഞ് സൈക്കിയ

സെലക്ഷൻ സംബന്ധിച്ച ചർച്ചകളും സഞ്ജു സാംസൺ എന്ന പേരും തമ്മിൽ വേർതിരിക്കാനാവാത്ത ബന്ധമാണുള്ളത്. 2015ൽ തന്റെ ഇരുപതാം വയസിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്താൻ അദ്ദേഹത്തിന് അഞ്ച് വർഷമെടുത്തു. പ്ലേയിങ് ഇലവനിൽ സ്ഥിരമായി ഒരു സ്ഥാനം കണ്ടെത്താൻ പിന്നെയും നാല് വർഷമെടുത്തു. ഒരു ടി20 ലോകകപ്പിൽ ടീമിന്റെ ഭാഗമാകാൻ ഒൻപത് വർഷവും, ലോകകപ്പിൽ ഒരു മത്സരം കളിക്കാൻ 11 വർഷവും കാത്തിരിക്കേണ്ടി വന്നു. അരങ്ങേറ്റത്തിന് ശേഷം 11 വർഷത്തിനിടെ അദ്ദേഹം കളിച്ചത് 68 ടി20 മത്സരങ്ങൾ മാത്രമാണ്.

ഓപ്പണിങ് സ്ഥാനത്തിനായി അഭിഷേക് ശർമ്മയുമായും ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത വലിയ താരമായി വാഴ്ത്തപ്പെടുന്ന പതിനഞ്ചുകാരൻ വൈഭവ് സൂര്യവൻശിയുമായാണ് സഞ്ജു നിലവിൽ മത്സരിക്കുന്നത്. ഐപിഎല്ലിൽ ഒരു ടീമിനെ നയിക്കുന്നതുകൊണ്ട് തന്നെ ടീം മാനേജ്മെന്റ് എടുക്കുന്ന കടുത്ത തീരുമാനങ്ങൾ എത്രത്തോളം ബുദ്ധിമുട്ടേറിയതാണെന്ന് തനിക്ക് നന്നായി മനസിലാകുമെന്ന് സഞ്ജു പറയുന്നു.

"700-800 റൺസ് നേടിയ ശേഷമാണ് ഒരു 15 വയസ്സുകാരൻ ടീമിലേക്ക് വരുന്നത്. ഞാൻ രണ്ടോ മൂന്നോ മത്സരങ്ങളിൽ തിളങ്ങിയിരുന്നില്ല. അവൻ മികച്ച ഫോമിലുമായിരുന്നു. അതുകൊണ്ട് അവന് അവസരം നൽകേണ്ടത് അനിവാര്യമായിരുന്നു. പരിശീലകൻ ഗൗതം ഗംഭീറിന്റെയും നേതൃനിരയുടെയും ഇത്തരം തീരുമാനങ്ങൾ എനിക്ക് മനസ്സിലാക്കാൻ കഴിയും. ജനപ്രിയ തീരുമാനങ്ങൾ എടുക്കാൻ എളുപ്പമാണ്, എന്നാൽ ടീമിന്റെ നന്മയ്ക്കായി കടുത്ത തീരുമാനങ്ങൾ എടുക്കുന്ന നേതൃത്വത്തിന് നമ്മൾ അംഗീകാരം നൽകണം," അദ്ദേഹം പറഞ്ഞു. ഗംഭീറുമായുള്ള നിരന്തരമായ ആശയവിനിമയങ്ങൾ തനിക്ക് വലിയ ആശ്വാസമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോഷ്യൽ മീഡിയയിലെ വിമർശനങ്ങളെയും ചർച്ചകളെയും എങ്ങനെ നേരിടുന്നു എന്ന ചോദ്യത്തിന് "വൈഫൈ ഓഫ് ചെയ്തു വെക്കാറാണ് പതിവ്" എന്ന സഞ്ജുവിന്റെ മറുപടി വേദിയിൽ ചിരി പടർത്തി. എങ്കിലും പുറത്തുനിന്നുള്ള ചർച്ചകൾ ചിലപ്പോഴൊക്കെ തന്നെയും വിഷമിപ്പിക്കാറുണ്ടെന്നും താൻ വികാരങ്ങളില്ലാത്ത ഒരു യന്ത്രമല്ലെന്നും സഞ്ജു തുറന്നുപറഞ്ഞു. എന്നാൽ അത്തരം കാര്യങ്ങളിൽ വീണുപോയാൽ നിർഭയമായി ക്രീസിൽ ബാറ്റ് ചെയ്യാൻ സാധിക്കില്ല. "ഔട്ട് ആയാൽ വീണ്ടും വൈഫൈ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഭയന്നാൽ എനിക്കിങ്ങനെ ബാറ്റ് ചെയ്യാൻ കഴിയില്ല. ചുറ്റുമുള്ള ബഹളങ്ങൾ കളിക്കാരെ ബാധിക്കുമെങ്കിലും, വ്യക്തമായ ഒരു മനോഭാവത്തോടെ തയ്യാറെടുക്കുക എന്നതാണ് പ്രധാനം," സഞ്ജു വ്യക്തമാക്കി.

വൈഭവുമായുള്ള മത്സരം മുതൽ ഗംഭീറിന്റെ തീരുമാനങ്ങൾ വരെ; സഞ്ജുവിന്റെ മാസ്സ് മറുപടി
ആ നക്ഷത്ര ചിഹ്നങ്ങള്‍ നല്‍കുന്ന സൂചന; സെലക്ഷന്‍ നയത്തില്‍ മാറ്റം വരുത്തി ബിസിസിഐ

ചെവ്വാഴ്ച ഡൽഹിയിൽ ഒരിക്കൽ കൂടി തന്റെ സാന്നിധ്യം തെളിയിക്കേണ്ട വലിയ സമ്മർദ്ദത്തിലായിരുന്നു സഞ്ജു ക്രീസിലെത്തിയത്. നേരിട്ട ആദ്യ 12 പന്തിൽ വെറും എട്ട് റൺസ് മാത്രമാണ് നേടിയതെങ്കിലും തുടർന്നുള്ള 10 പന്തുകളിൽ നിന്ന് 49 റൺസ് അടിച്ചുകൂട്ടി 22 പന്തിൽ 57 റൺസോടൊണ് താരം ഇന്നിങ്സ് പൂർത്തിയാക്കിയത്. സഞ്ജുവിന്റെ ബാറ്റിങിലെ സ്വാഭാവിക ഒഴുക്കും അനായാസമായ സിക്സറുകളും മികച്ച ഷോട്ടുകളും ഒരിക്കൽക്കൂടി കളത്തിൽ കാണാനായി. തുടക്കത്തിലെ സമ്മർദ്ദം കൃത്യമായ കണക്കുകൂട്ടലോടെ മറികടന്ന ശേഷമായിരുന്നു സഞ്ജു കളി ഇന്ത്യയുടെ കൈപ്പിടിയിലൊതുക്കിയത്.

അടുത്തിടെ സമാപിച്ച 2026 ടി20 ലോകകപ്പിലെ മികച്ച പ്രകടനങ്ങൾ സഞ്ജുവിന് വലിയ ആത്മവിശ്വാസമാണ് നൽകിയത്. സെമി ഫൈനലിലും ഫൈനലിലുമുൾപ്പെടെ നാല് അർധസെഞ്ചുറികൾ നേടി തിളങ്ങിയത്, താൻ ഇവിടെ അർഹനാണെന്ന ബോധ്യം അദ്ദേഹത്തിന് നൽകി. ലോകകപ്പ് സമയത്ത് ഇഷാൻ കിഷനുമായായിരുന്നു സ്ഥാനത്തിനായി സഞ്ജുവിന്റെ പോരാട്ടം. ഇപ്പോൾ അത് സൂര്യവൻശിയുമായാണ്. ഇത്തരം കാര്യങ്ങൾ തുടർന്നുകൊണ്ടേയിരിക്കുമെന്നും എന്നാൽ അതൊന്നും നിയന്ത്രിക്കാൻ താൻ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. "ഒരു പ്രശ്നവുമില്ല. 11 വർഷത്തെ എന്റെ അന്താരാഷ്ട്ര കരിയറിൽ ഞാൻ വളരെ സംതൃപ്തനാണ്. അതിൽ വളരെയധികം നന്ദിയുമുണ്ട്. ബാഹ്യസമ്മർദ്ദങ്ങൾക്കിടയിലും സ്വന്തം കഴിവ് തിരിച്ചറിഞ്ഞ് ടീമിനെ മുന്നിൽ കണ്ട് കളിക്കുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം," എന്ന് പറഞ്ഞുകൊണ്ടാണ് സഞ്ജു പത്രസമ്മേളനം അവസാനിപ്പിച്ചത്.

Summary

After smashing 57 off 22 balls in the T20I against Afghanistan, Sanju Samson addressed the media in a refreshingly candid press conference. He spoke openly about the pressure of team selection, his competition with 15-year-old Vaibhav Sooryavanshi, and his empathy for head coach Gautam Gambhir's tough leadership decisions. Samson also admitted that outside criticism does affect him, jokingly revealing that his coping mechanism is to "turn off the Wi-Fi," while expressing deep gratitude for his 11-year international journey.

Madism Digital
madismdigital.com