ബാറ്റിങിൽ സച്ചിനോട് സാമ്യം, ക്യാപ്റ്റൻസിയിൽ സച്ചിനും മുകളിൽ; അജിങ്ക്യ രഹാനെയെ പുകഴ്ത്തി സ്റ്റീവ് വോ

ബാറ്റിങിൽ സച്ചിനാണ് മുന്നിലെങ്കിലും, നായകൻ എന്ന നിലയിലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ സച്ചിനേക്കാൾ വ്യക്തമായ മുൻതൂക്കം അജിങ്ക്യ രഹാനെയ്ക്കുണ്ട്.
ബാറ്റിങിൽ സച്ചിനോട് സാമ്യം, ക്യാപ്റ്റൻസിയിൽ സച്ചിനും മുകളിൽ; അജിങ്ക്യ രഹാനെയെ പുകഴ്ത്തി സ്റ്റീവ് വോ
Published on

''ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസമായ സച്ചിൻ ടെണ്ടുൽക്കറുടെ പേരിനൊപ്പം ഇപ്പോൾ മറ്റൊരു താരത്തിന്റെ പേരു കൂടി ഉയർന്നുകേൾക്കുന്നുണ്ട്.''

മുൻ ഇന്ത്യൻ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനായിരുന്ന അജിങ്ക്യ രഹാനെയെക്കുറിച്ച് ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിലൊരാളായ സാക്ഷാൽ സ്റ്റീവ് വോയുടേതാണ് ഈ അഭിപ്രായം. ഇന്ത്യൻ ടെസ്റ്റ് ടീമിൽ സച്ചിൻ ടെണ്ടുൽക്കറുടെ സാന്നിധ്യം മൂലം അഞ്ചാം നമ്പറിൽ തന്റെ അവസരത്തിനായി രഹാനെയ്ക്ക് ഏറെനാൾ കാത്തിരിക്കേണ്ടി വന്നിരുന്നു. ആ ഇതിഹാസ താരത്തിന്റെ വിരമിക്കലിന് ശേഷമാണ് രഹാനെ ടീമിലെത്തുന്നത്.

പിന്നീട് ഏഴ് വ‍ർഷത്തോളം ഇന്ത്യൻ മധ്യനിരയുടെ നട്ടെല്ലായി അദ്ദേഹം മാറി. ഇരുവരും മുംബൈയിൽ നിന്നുള്ളവരാണെങ്കിലും നേട്ടങ്ങളുടെ കാര്യത്തിൽ രഹാനെയും സച്ചിനും തമ്മിൽ വലിയ അന്തരമുണ്ടായിരുന്നു. എന്നാലും, അജിങ്ക്യ രഹാനെയെ കണ്ടപ്പോൾ സ്റ്റീവ് വോയ്ക്ക് ഓർമ്മവന്നത് മാസ്റ്റർ ബ്ലാസ്റ്ററെയാണ്.

ഒരു മുൻ ഇന്ത്യൻ താരത്തിന്റെ പോഡ്‍കാസ്റ്റിൽ പങ്കെടുക്കവെയാണ് സ്റ്റീവ് വോ രഹാനെയോട് ചോദിച്ചതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്: "എനിക്കൊരു കാര്യം ചോദിക്കാനുണ്ട്. നിങ്ങളെ കണ്ടപ്പോൾ, സച്ചിൻ ടെണ്ടുൽക്കറുമായി ഏറ്റവും സാമ്യമുള്ള കളിക്കാരനായാണ് എനിക്ക് തോന്നിയത്. സച്ചിനെ മാതൃകയാക്കിയാണോ നിങ്ങൾ കളിച്ചിരുന്നത്? കാരണം, നിങ്ങളുടെ ബാക്ക്‌ലിഫ്റ്റ് വളരെ ചെറുതും നേരായതും ഒതുക്കമുള്ളതുമായിരുന്നു. മികച്ച ബാലൻസും ശാന്തമായ ശൈലിയും നിങ്ങൾക്കുണ്ടായിരുന്നു. അദ്ദേഹമായിരുന്നോ നിങ്ങളുടെ റോൾ മോഡൽ?"

ബാറ്റിങിൽ സച്ചിനോട് സാമ്യം, ക്യാപ്റ്റൻസിയിൽ സച്ചിനും മുകളിൽ; അജിങ്ക്യ രഹാനെയെ പുകഴ്ത്തി സ്റ്റീവ് വോ
ഏഷ്യൻ ഗെയിംസ്: റോഷിബിനയ്ക്ക് ചരിത്ര വെള്ളി; തുഴച്ചിലിൽ കന്നി വെങ്കലവുമായി ഇന്ത്യ

ഈ വർഷം ജൂലൈയിൽ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ രഹാനെയുടെ മറുപടി ഇങ്ങനെയായിരുന്നു "വളർന്നുവരുന്ന കാലത്ത് എല്ലാവരുടെയും ഹീറോ സച്ചിൻ തന്നെയായിരുന്നു. മുംബൈയിൽ വളരുമ്പോൾ വാംഖഡെ സ്റ്റേഡിയത്തിൽ അദ്ദേഹം ബാറ്റ് ചെയ്യുന്നത് കണ്ടതും, കൂട്ടുകാരുമൊത്ത് കളിക്കുമ്പോൾ സച്ചിനെ അനുകരിക്കാൻ ശ്രമിച്ചതുമെല്ലാം ഇന്നലെയെന്ന പോലെ ഓർക്കുന്നു. അദ്ദേഹത്തിന്റെ ബാക്ക്ലിഫ്റ്റ്, കൈകൾ ചേർത്തുപിടിച്ചുള്ള ആ മനോഹരമായ സ്ട്രെയിറ്റ് ഡ്രൈവ്, അതെല്ലാം അനുകരിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ ബാറ്റിങ് കണ്ടു വളർന്ന എനിക്ക്, പിന്നീട് ഫസ്റ്റ് ക്ലാസ് തലത്തിലും അന്താരാഷ്ട്ര ക്രിക്കറ്റിലും അദ്ദേഹത്തോടൊപ്പം കളിക്കാൻ അവസരം ലഭിച്ചു. അതുകൊണ്ട് സച്ചിൻ തന്നെയാണ് എന്റെ മാതൃക." ഇതിനിടയിൽ, സച്ചിനെപ്പോലെ പണം സമ്പാദിക്കാൻ കഴിഞ്ഞോ എന്ന വോയുടെ രസകരമായ ചോദ്യത്തിന്, "ഒരുപക്ഷേ, ഇനി സമ്പാദിച്ചേക്കാം" എന്ന പുഞ്ചിരിയോടെയുള്ള മറുപടിയും രഹാനെ നൽകി.

ബാറ്റിങിൽ സച്ചിനാണ് മുന്നിലെങ്കിലും, നായകൻ എന്ന നിലയിലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ സച്ചിനേക്കാൾ വ്യക്തമായ മുൻതൂക്കം അജിങ്ക്യ രഹാനെയ്ക്കുണ്ട്. തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്ററായിരുന്നെങ്കിലും ക്യാപ്റ്റൻസിയിൽ തിളങ്ങാൻ സച്ചിന് കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ കീഴിൽ 25 ടെസ്റ്റുകൾ കളിച്ച ഇന്ത്യയ്ക്ക് വെറും നാല് മത്സരങ്ങളിൽ മാത്രമാണ് വിജയിക്കാനായത്. എന്നാൽ സ്ഥിരം ക്യാപ്റ്റനല്ലായിരുന്നിട്ടു കൂടി, വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ നായകസ്ഥാനം ഏറ്റെടുത്തപ്പോഴെല്ലാം രഹാനെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

നായകനായ ആറ് ടെസ്റ്റുകളിൽ നാലെണ്ണത്തിലും വിജയം നേടിയ രഹാനെയുടെ വിജയനിരക്ക് 66.6 ശതമാനമാണ്. ഒരു മത്സരം പോലും തോറ്റിട്ടുമില്ല. ഓസ്‌ട്രേലിയൻ മണ്ണിൽ ഇന്ത്യ നേടിയ ചരിത്രപരമായ ബോർഡർ-ഗവാസ്‌കർ ട്രോഫി വിജയമാണ് രഹാനെയുടെ ക്യാപ്റ്റൻസി കരിയറിലെ പൊൻതൂവൽ. അഡ്ലെയ്ഡിൽ 36 റൺസിന് ഓൾ-ഔട്ടായ കനത്ത തകർച്ചയിൽ നിന്നും ടീമിനെ ഉയിർത്തെഴുന്നേൽപ്പിച്ചത് രഹാനെയായിരുന്നു. അന്ന് രണ്ടാമത്തെ ടെസ്റ്റിൽ ബോക്‌സിങ് ഡേ സെഞ്ച്വറി നേടിക്കൊണ്ട് ടീമിനെ മുന്നിൽ നിന്ന് നയിച്ച സംഭവം ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച അധ്യായങ്ങളിലൊന്നാണ്.

Summary

Former Australian captain Steve Waugh recently compared Ajinkya Rahane to Sachin Tendulkar, noting striking similarities in their compact technique, short backlift, and calm demeanor. Rahane acknowledged Tendulkar as his idol, recalling how he grew up trying to emulate the Master Blaster's iconic straight drive. While Rahane's overall batting statistics may not match Tendulkar's, he notably holds a superior Test captaincy record. Stepping in during Virat Kohli's absence, Rahane remained undefeated in the six Tests he captained (winning four) and masterminded India's historic Border-Gavaskar Trophy comeback in Australia following the infamous Adelaide collapse.

Madism Digital
madismdigital.com