ജപ്പാനിലെ ഐച്ചി നഗോയിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിന്റെ ആറാം ദിനത്തിൽ ഇരട്ട മെഡലുകളുമായി ഇന്ത്യക്ക് മികച്ച തുടക്കം. വുഷുവിൽ ചരിത്രനേട്ടവുമായി റോഷിബിന ദേവിയും തുഴച്ചിലിൽ വെങ്കലവുമായി സത്‌നാം സിങ് - സൽമാൻ ഖാൻ സഖ്യവുമാണ് ആറാം ദിനത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യയുടെ മെഡൽ നേട്ടം പതിനാലാക്കി ഉയർത്തിയത്.
വനിതകളുടെ 60 കിലോഗ്രാം സാൻഡ വുഷു വിഭാഗത്തിൽ റോഷിബിന ദേവി നവോറം വെള്ളി മെഡൽ കരസ്ഥമാക്കി. സ്വർണ്ണത്തിനായുള്ള ഫൈനൽ പോരാട്ടത്തിൽ ചൈനയുടെ സിയാവോയു ഷാങിനോട് പരാജയപ്പെട്ടെങ്കിലും ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ റോഷിബിന കുറിച്ചത് സമാനതകളില്ലാത്ത റെക്കോർഡാണ്.
തുടർച്ചയായ മൂന്ന് ഏഷ്യൻ ഗെയിംസുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വുഷു താരമെന്ന ബഹുമതിയാണ് ഈ ഇരുപത്തിയഞ്ചുകാരി സ്വന്തമാക്കിയത്. 2018 ജക്കാർത്ത ഗെയിംസിൽ വെങ്കലവും 2022 ഹാങ്‌ചൗ ഗെയിംസിൽ വെള്ളിയും നേടിയ താരം ഇത്തവണ വീണ്ടും വെള്ളി മെഡൽ നിലനിർത്തുകയായിരുന്നു. പരിക്കേറ്റ ദിവ്യാൻഷി ചൗധരിക്ക് പകരക്കാരിയായി അവസാന നിമിഷം വലിയ വിവാദങ്ങൾക്കും നാടകീയതകൾക്കുമൊടുവിലാണ് റോഷിബിന ഇന്ത്യൻ ടീമിൽ ഇടംനേടിയത് എന്നത് ഈ വിജയത്തിന്റെ മാറ്റുകൂട്ടുന്നു.
വലിയ നാടകീയതകൾക്കും വിവാദങ്ങൾക്കും ഒടുവിലാണ് റോഷിബിന ഇത്തവണ ഇന്ത്യൻ ടീമിൽ ഇടംനേടിയത്. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ഒരു വർഷം മുൻപ് കളത്തിൽ നിന്ന് മാറിനിൽക്കേണ്ടി വന്ന താരം, സെലക്ഷൻ ട്രയൽസിൽ ദിവ്യാൻഷി ചൗധരിയോട് പരാജയപ്പെട്ടിരുന്നു. തുടർന്ന് സ്പോർട്സ് മന്ത്രാലയം അംഗീകരിച്ച ഏഴംഗ ടീമിൽ ഇടം നേടാൻ റോഷിബിനയ്ക്ക് കഴിഞ്ഞില്ല. എന്നാൽ, ചൈനയിൽ നടന്ന ടൂർണമെന്റിൽ വച്ച് ദിവ്യാൻഷിക്ക് ഗുരുതരമായി പരിക്കേൽക്കുകയും കാൽമുട്ടിലെ ലിഗമെന്റിന് തകരാർ സംഭവിക്കുകയും ചെയ്തു.
മെഡിക്കൽ പരിശോധനകൾക്ക് ശേഷം, പരിക്കേറ്റ ദിവ്യാൻഷിക്ക് പകരം റോഷിബിനയെ ടീമിലുൾപ്പെടുത്താന വുഷു അസോസിയേൽൻ ഓഫ് ഇന്ത്യ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനത്തിനെതിരെ ദിവ്യാൻഷി ശക്തമായി രംഗത്തുവരികയും റോഷിബിന തന്നേയും കുടുംബത്തേയും മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് വീഡിയോ പുറത്തുവിടുകയും ചെയ്തിരുന്നു. തനിക്ക് കളിക്കാൻ കഴിയുമെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിട്ടും തന്നോട് ആലോചിക്കാതെയാണ് അസോസിയേഷൻ തീരുമാനമെടുത്തതെന്നും അവർ ആരോപിച്ചു. എന്നാൽ വുഷു അസോസിയേഷൻ ഈ ആരോപണങ്ങൾ നിഷേധിക്കുകയും തികച്ചും മെഡിക്കൽ കാരണങ്ങൾ കൊണ്ടാണ് മാറ്റം വരുത്തിയതെന്നും വ്യക്തമാക്കി. ഒടുവിൽ സ്പോർട്സ് മന്ത്രാലയവും ഈ മാറ്റം അംഗീകരിക്കുകയായിരുന്നു.
അതേസമയം, തുഴച്ചിലിലും ഇന്ത്യ ചരിത്രം രചിച്ചു. പുരുഷന്മാരുടെ ഡബിൾ സ്കൾസ് റോവിങിൽ സത്‍നാം സിങും സൽമാൻ ഖാനും ചേർന്ന് ഇന്ത്യയ്ക്കായി വെങ്കലം തുഴഞ്ഞെടുത്തു. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ആദ്യമായാണ് ഡബിൾ സ്കൾസ് വിഭാഗത്തിൽ ഇന്ത്യ ഒരു മെഡൽ സ്വന്തമാക്കുന്നത്. ആറ് മിനിറ്റും 13.25 സെക്കൻഡും കൊണ്ടാണ് ഇന്ത്യൻ സഖ്യം മത്സരം പൂർത്തിയാക്കി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.
എന്നാൽ പുരുഷന്മാരുടെ സിംഗിൾ സ്കൾസ് ഫൈനലിൽ മത്സരിച്ച ഇന്ത്യയുടെ ബൽരാജ് പൻവാറിന് നേരിയ വ്യത്യാസത്തിൽ മെഡൽ നഷ്ടമായി. മികച്ച പ്രകടനം നടത്തിയെങ്കിലും താരം നാലാം സ്ഥാനത്താണ് എത്തിയത്. ടേബിൾ ടെന്നീസിൽ ദിയ ചിതാലെ - യശസ്വിനി ഘോർപഡെ സഖ്യം തങ്ങളുടെ രണ്ടാം റൗണ്ട് മത്സരത്തിൽ ഇറാനെ പരാജയപ്പെടുത്തി മുന്നേറിയിട്ടുണ്ട്. അത്‌ലറ്റിക്സ് ഉൾപ്പെടെയുള്ള മറ്റ് മത്സരങ്ങളിലും ഇന്ത്യൻ താരങ്ങൾ ട്രാക്കിലിറങ്ങുന്ന ആറാം ദിനം കൂടുതൽ മെഡലുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യം.
India started Day 6 of the 2026 Asian Games with two historic achievements. Roshibina Devi Naorem secured a silver medal in the women’s 60kg Wushu Sanda, becoming the first Indian Wushu athlete to win medals in three consecutive Asian Games. Her victory comes after a dramatic last-minute selection controversy where she replaced the injured Divyanshi Choudhary. Additionally, the duo of Satnam Singh and Salman Khan won bronze in the men's double sculls, marking India's first-ever Asian Games medal in this specific rowing event.