ലോക ബാഡ്മിന്റൺ വേദിയിൽ വരാനിരിക്കുന്ന പുതിയ സ്കോറിങ് രീതിയും സമയപരിധിയും കളിക്കളത്തിൽ വലിയ മാറ്റങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കുകയാണ്. 2027 ഡിസംബറോടെ ഔദ്യോഗികമായി നടപ്പിലാക്കാനിരിക്കുന്ന 15 പോയിന്റ് ഫോർമാറ്റും, റാലികൾക്കിടയിലെ 25 സെക്കൻഡ് ഷോട്ട് ക്ലോക്ക് നിയന്ത്രണവുമാണ് താരങ്ങൾക്കും ബ്രോഡ്കാസ്റ്റർമാർക്കും പുതിയ വെല്ലുവിളിയാകുന്നത്.
ഈജിപ്തിലെ കെയ്റോയിൽ നടന്ന ബാഡ്മിന്റൺ വേൾഡ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ പരീക്ഷിച്ച 15 പോയിന്റ് രീതി സമ്മിശ്ര ഫലങ്ങളാണ് നൽകിയത്. വെറും 17 മിനിറ്റിനുള്ളിൽ അവസാനിച്ച ഒരു മത്സരം, ഒരു പിരമിഡിന്റെ ഘടന പോലെ കൃത്യവും വേഗമേറിയതുമായിരുന്നു. ചില ഡബിൾസ് മത്സരങ്ങൾ വെറും 17 മിനിറ്റിനുള്ളിൽ തീർന്നപ്പോൾ, നീണ്ട റാലികൾ നിറഞ്ഞ മത്സരങ്ങൾ 59 മിനിറ്റ് വരെ നീണ്ടുനിന്നു. മത്സരങ്ങളുടെ ശരാശരി ദൈർഘ്യം 39 മുതൽ 41 മിനിറ്റ് വരെയായിരുന്നു. ഫൈനലിൽ പുരുഷ ഡബിൾസ് 23 മിനിറ്റിൽ അവസാനിച്ചെങ്കിലും സിംഗിൾസ്, മിക്സഡ് ഡബിൾസ് മത്സരങ്ങൾ 47 മുതൽ 50 മിനിറ്റ് വരെ നീണ്ടു.
മത്സര ദൈർഘ്യം കുറയുന്നതിലൂടെ കളിക്കാരുടെ ശാരീരിക അധ്വാനം കുറയുമെന്ന വാദത്തെ മുൻനിര ഇന്ത്യൻ താരം പി വി സിന്ധു നേരത്തെ തന്നെ തള്ളിയിരുന്നു. പുതിയ ഫോർമാറ്റിൽ കളിക്കാർക്ക് സാവധാനം താളം കണ്ടെത്താൻ സമയം ലഭിക്കില്ലെന്നും ആദ്യ പോയിന്റ് മുതൽ കളി പൂർണ്ണ വേഗതയിലും ഉയർന്ന തീവ്രതയിലും കളിക്കണ്ടി വരുമെന്ന് സിന്ധു ചൂണ്ടിക്കാട്ടി. പോയിന്റുകൾ കുറവായതിനാൽ തുടക്കം മുതലേ മത്സരം നിർണായക ഘട്ടത്തിലേക്ക് നീങ്ങുന്നത് കളിക്കാരുടെ ശരീരത്തിന് ഇരട്ടി ആയാസമുണ്ടാക്കും.
മത്സരവേഗത വർധിപ്പിക്കാനായി ഡെൻമാർക്ക് ഓപ്പണിൽ ഷട്ടിൽ നിലത്തുവീണ് 25 സെക്കൻഡിനുള്ളിൽ അടുത്ത സെവ് ചെയ്യണമെന്ന ഷോട്ട് ക്ലോക്ക് ചട്ടം കർശനമായി നടപ്പിലാക്കി. സമയം തെറ്റിച്ച ചില താരങ്ങൾക്ക് കാർഡുകൾ ലഭിക്കുകയും ചെയ്തു. സാധാരണയായി താരങ്ങൾ 22 സെക്കൻഡ് വിശ്രമമെടുക്കാറുണ്ടെങ്കിലും 15 പോയിന്റിന്റെ അതിവേഗ ഗെയമിമുകൾക്കൊപ്പം ഈ നിയന്ത്രണം കൂടി ചേരുമ്പോൾ ശ്വാസം വിടാൻ പോലും സമയം ലഭിക്കാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്.
മത്സരങ്ങൾ കൃത്യസമയത്ത് തീർക്കാനാണ് സംപ്രേഷകർ ഈ മാറ്റങ്ങൾ ആഗ്രഹിക്കുന്നതെങ്കിലും മികച്ച പ്രതിരോധം കാഴ്ചവെക്കുന്ന താരങ്ങൾ നേർക്കുനേർ വരുമ്പോൾ കളി മൂന്നാം സെറ്റിലേക്ക് നീളാനും ഒരു മണിക്കൂറോളം നീണ്ടുനിൽക്കാനും സാധ്യതയേറെയാണ്. നിലവിലെ 21 പോയിന്റ് ഫോർമാറ്റിൽ നേരിട്ടുള്ള സെറ്റുകളിൽ ജയിക്കുന്നത്, പുതിയ ഫോർമാറ്റിലെ മൂന്ന് സെറ്റ് മത്സരത്തേക്കാൾ വേഗത്തിൽ തീർന്നേക്കാം. കൂടാതെ, ബാഡ്മിന്റൺ കലണ്ടറിലെ അമിതമായ ടൂർണമെന്റുകളുടെ എണ്ണം എന്ന പ്രധാന പ്രശ്നത്തിന് ഈ നിയമങ്ങൾ എത്രത്തോളം ശാശ്വത പരിഹാരമാകുമെന്ന ചോദ്യവും നിലനിൽക്കുന്നു.
ബാഡ്മിന്റണിൽ നടപ്പിലാക്കാൻ പോകുന്ന 15 പോയിന്റ് സ്കോറിങ് രീതിയും 25 സെക്കൻഡ് ഷോട്ട് ക്ലോക്കും ഇന്ത്യൻ താരങ്ങളുടെ ശാരീരികക്ഷമതയെയും കളിതന്ത്രങ്ങളെയും അടിമുടി മാറ്റാൻ നിർബന്ധിതരാക്കും. പോയിന്റുകളുടെ എണ്ണം കുറയുമ്പോൾ ഓരോ റാലിക്കും ലഭിക്കുന്ന പ്രാധാന്യം വർധിക്കുന്നതിനാൽ, കളിയുടെ സ്വഭാവം കൂടുതൽ വേഗമേറിയതും സ്ഫോടനാത്മകവുമായി മാറും.
പി വി സിന്ധുവിനെ സംബന്ധിച്ചിടത്തോളം ഈ മാറ്റങ്ങൾ വലിയ വെല്ലുവിളിയാകാനാണ് സാധ്യത. കളി തുടങ്ങി ആദ്യ സെറ്റുകളിൽ സാവധാനം എതിരാളിയുടെ ശൈലി മനസിലാക്കി താളം കണ്ടെത്തുകയും, പിന്നീട് റാലികളിൽ ആധിപത്യം ഉറപ്പിക്കുകയും ചെയ്യുന്നതാണ് സിന്ധുവിന്റെ പതിവ് രീതി. എന്നാൽ 15 മിനിറ്റിൽ ഗെയിമിൽ ഇത്തരത്തിൽ സാവധാനം കളിയിലേക്ക് കടക്കാൻ ശ്രമിക്കുന്നത് പെട്ടെന്നുള്ള സെറ്റ് നഷ്ടത്തിന് കാരണമാകും. അൺഫോഴ്സ്ഡ് എററുകൾക്ക് പുതിയ ഫോർമാറ്റിൽ വലിയ വില നൽകേണ്ടി വരും. തുടർച്ചയായി കുറച്ചു പോയിന്റുകൾ നഷ്ടപ്പെട്ടാൽ തിരിച്ചുവരവ് ഏറെക്കുറെ അസാധ്യമാകും. കൂടാതെ, നീളമേറിയ ശരീരപ്രകൃതിയുള്ള സിന്ധുവിന് കഠിനമായ റാലികൾക്ക് ശേഷം ശ്വാസമെടുക്കാനും കാലുകളുടെ വേഗത വീണ്ടെടുക്കാനും പുതിയ 25 സെക്കൻഡ് നിയമം മതിയായ സമയം നൽകിയേക്കില്ല എന്നത് ശാരീരികമായ ആയാസം വർധിപ്പിക്കും.
അതേസമയം, ലക്ഷ്യ സെന്നിന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ പ്രതിരോധത്തിലൂന്നിയുള്ള കളിശൈലിയിൽ പ്രകടമായ മാറ്റം വരുത്തേണ്ടി വരും. കളി നീട്ടിക്കൊണ്ടുപോയി എതിരാളിയെ ക്ഷീണിപ്പിക്കുന്ന രീതിക്ക് പകരം തുടക്കം മുതൽ തന്നെ സ്മാഷുകളിലൂടെയും വേഗമേറിയ ഷോട്ടുകളിലൂടെയും ആക്രമിച്ചു കളിക്കേണ്ട അവസ്ഥയാണ് വരുന്നത്. എങ്കിലും, ലക്ഷ്യയുടെ അതിവേഗ ഫുട്വർക്കും മികച്ച എയ്റോബിക് ഫിറ്റ്നസും 25 സെക്കൻഡ് ഷോട്ട് ക്ലോക്കിനെ എളുപ്പത്തിൽ മറികടക്കാൻ അദ്ദേഹത്തെ സഹായിക്കും. എതിരാളികൾ ക്ഷീണിക്കുന്ന സമയത്ത് അതിവേഗം അടുത്ത സെർവിലേക്ക് കടന്ന് കളിയുടെ വേഗത നിയന്ത്രിക്കാൻ ലക്ഷ്യയ്ക്ക് സാധിക്കും. പുതിയ ഫോർമാറ്റിൽ മത്സരങ്ങൾ മൂന്നാം സെറ്റിലേക്ക് നീളാനുള്ള സാധ്യത കൂടുതലായതിനാൽ, അവസാന നിമിഷങ്ങളിൽ ആക്രമണോത്സുകത നിലനിർത്തുന്നത് ലക്ഷ്യയ്ക്ക് ഗുണം ചെയ്യും.
എന്നാൽ, സാത്വിക് സായ്രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി ഡബിൾസ് സഖ്യത്തിന് ഈ പുതിയ നിയമമാറ്റങ്ങൾ വലിയ തോതിൽ അനുകൂലമായി മാറും. തുടക്കം മുതൽ തന്നെ ആക്രമിച്ചു കളിക്കുന്ന പ്രകൃതക്കാരായ ഇവർക്ക് ചെറിയ ഗെയിമുകളിൽ വളരെ വേഗത്തിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയും. നീണ്ട ഡിഫൻസീവ് റാലികളേക്കാൾ പവർ സ്മാഷുകളിലും ഫ്ലാറ്റ് ഡ്രൈവുകളിലും ആധിപത്യമുള്ള ഈ സഖ്യത്തിന് ആദ്യ പോയിന്റ് മുതൽ എതിരാളികളെ കടുത്ത സമ്മർദ്ദത്തിലാക്കാൻ പുതിയ ഫോർമാറ്റ് അവസരമൊരുക്കും.
റാലിയുടെ ആദ്യ ഷോട്ടുകളിൽ തന്നെ കൃത്യമായ മുൻതൂക്കം നേടുകയും, ഒരു നിമിഷം പോലും മനസ്സ് പതറാതെ പൂർണ്ണ ശ്രദ്ധയോടെ കളിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ പുതിയ ഫോർമാറ്റിൽ പിടിച്ചുനിൽക്കാനാകൂ. ചെറിയ വിശ്രമവേളകൾ പോലും ഇല്ലാതാകുന്നതോടെ, ശാരീരികക്ഷമതയ്ക്കൊപ്പം കളിക്കാരുടെ മാനസിക കരുത്തും ഈ ഫോർമാറ്റിൽ കടുത്ത പരീക്ഷണത്തിന് വിധേയമാകും.
The BWF's upcoming 15-point scoring system and 25-second shot clock will drastically increase the speed and intensity of badminton matches. This high-paced format poses challenges for slow-starting players like P.V. Sindhu, as early unforced errors become difficult to recover from. Defensive players like Lakshya Sen will need to adopt aggressive, attack-first strategies to avoid losing quick points. However, naturally aggressive players, such as the Satwik-Chirag doubles duo, stand to benefit from the explosive, fast-paced nature of the new rules.