ഏഷ്യൻ ഗെയിംസ്: പി ടി ഉഷയുടെ 42 വർഷത്തെ റെക്കോർഡ് തകർത്ത് വിത്യ രാംരാജിന് വെങ്കലം

റെക്കോർഡ് തകർത്തതറിഞ്ഞ വിത്യ നൃത്തം ചെയ്താണ് തന്റെ സന്തോഷം പ്രകടിപ്പിച്ചത്.
ഏഷ്യൻ ഗെയിംസ്: പി ടി ഉഷയുടെ 42 വർഷത്തെ റെക്കോർഡ് തകർത്ത് വിത്യ രാംരാജിന് വെങ്കലം
Published on: 

ജപ്പാനിലെ ഐച്ചി ന​ഗോയയിൽ നടക്കുന്ന 2026 ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയുടെ വിത്യ രാംരാജിന് വെങ്കല മെഡൽ. വനിതാ വിഭാ​ഗം 400 മീറ്റർ ഹർഡിൽസിലാണ് തമിഴ്നാട്ടിൽ നിന്നുള്ള വിത്യ രാജ്യത്തിനായി വെങ്കലം നേടിയത്. ഇതിഹാസ താരം പി ടി ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡാണ് ഈ മിന്നും പ്രകടനത്തിലൂടെ വിത്യ തകർത്തത്.

ഇന്ത്യൻ അത്‍ലറ്റിക്സ് ചരിത്രത്തിൽ തന്നെ ഏറ്റവും കാലം തകർക്കപ്പെടാതെ കിടന്ന റെക്കോർഡുകളിലൊന്നാണ് വിത്യ പഴങ്കഥയാക്കിയത്. 1984-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ പി ടി ഉഷ കുറിച്ച 55.42 സെക്കൻഡിന്റെ റെക്കോർഡാണ് 54.75 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഇരുപത്തിയെട്ടുകാരിയായ കോയമ്പത്തൂർ സ്വദേശി വിത്യ തിരുത്തിക്കുറിച്ചത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിന്റെ ഹീറ്റ്‌സിൽ 55.43 സെക്കൻഡിൽ ഫിനിഷ് ചെയ്ത വിത്യയ്ക്ക് വെറും 0.01 സെക്കൻഡ് വ്യത്യാസത്തിൽ ഈ റെക്കോർഡ് നഷ്ടപ്പെട്ടിരുന്നു. റെക്കോർഡ് തകർത്തതറിഞ്ഞ വിത്യ നൃത്തം ചെയ്താണ് തന്റെ സന്തോഷം പ്രകടിപ്പിച്ചത്.

ഏഷ്യൻ ഗെയിംസ്: പി ടി ഉഷയുടെ 42 വർഷത്തെ റെക്കോർഡ് തകർത്ത് വിത്യ രാംരാജിന് വെങ്കലം
'18 മണിക്കൂറിനിടെ 3 മത്സരങ്ങള്‍, ഞാന്‍ തളര്‍ന്നു പോയിരുന്നു', ഏഷ്യന്‍ ഗെയിംസ് സംഘാടനത്തിനെതിരെ പി വി സിന്ധു

ഏഷ്യൻ ഗെയിംസിലെ 400 മീറ്റർ ഹർഡിൽസിൽ വിത്യയുടെ തുടർച്ചയായ രണ്ടാം വെങ്കല മെഡലാണിത്. കഴിഞ്ഞ ​ഗെയിംസിലും താരം വെങ്കലം നേടിയിരുന്നു. ഈ ഏഷ്യൻ ഗെയിംസിൽ വിത്യ നേടുന്ന രണ്ടാമത്തെ മെഡലാണിത്. നേരത്തെ 4x400 മീറ്റർ മിക്സഡ് റിലേയിൽ താരം വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു. വനിതകളുടെ 4x400 മീറ്റർ റിലേയിലും വിത്യ ഇനി മത്സരിക്കുന്നുണ്ട്.

ഏഷ്യൻ ​ഗെയിംസ് ചരിത്രത്തിലെ തന്നെ ഏറ്റവും വേ​ഗമേറിയ ഫൈനലുകളിലൊന്നായിരുന്നു ഇത്. ഗെയിംസ് റെക്കോർഡോടെ (54.31 സെക്കൻഡ്) യുഎഇയുടെ മറിയം കരീം സ്വർണ്ണവും, കസാക്കിസ്ഥാന്റെ അഡെലീന സെംസ് (54.58 സെക്കൻഡ്) വെള്ളിയും നേടി. ഇതേ മത്സരത്തിൽ പങ്കെടുത്ത മറ്റൊരു ഇന്ത്യൻ താരമായ അനു രാഘവൻ 55.88 സെക്കൻഡിൽ തന്റെ ഏറ്റവും മികച്ച സമയം കുറിച്ച് അഞ്ചാമതായാണ് മത്സരം പൂർത്തിയാക്കിയത്. ഈ ഫൈനലിൽ മത്സരിച്ച എട്ട് പേരിൽ നാല് പേരും അവരുടെ ഏറ്റവും മികച്ച സമയമാണ് കണ്ടെത്തിയത്.

പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ മത്സരിച്ച ഇന്ത്യയുടെ സന്തോഷ് ടി 49.95 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഏഴാം സ്ഥാനത്താണ് എത്തിയത്. നിലവിലെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷയായ പി ടി ഉഷയും മത്സരം നേരിൽ കാണാൻ വേദിയിലുണ്ടായിരുന്നു.

Summary

India's Vithya Ramraj won the bronze medal in the women's 400m hurdles at the 2026 Asian Games in Aichi-Nagoya, clocking a personal best of 54.75 seconds. In doing so, the 28-year-old athlete broke legendary PT Usha's 42-year-old national record (55.42s) set at the 1984 Los Angeles Olympics.

Madism Digital
madismdigital.com