സെറീന വില്യംസിന്റെ വെളിപ്പെടുത്തലും GLP-1 വിവാദവും; കായികരംഗത്ത് ഉയരുന്ന ചോദ്യങ്ങൾ

പെട്ടെന്ന് ഭാരം കുറയ്ക്കുമെങ്കിലും ഈ മരുന്നുകൾ കായിക താരങ്ങൾക്ക് ​ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത് എന്നാണ് ആ​രോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്
സെറീന വില്യംസിന്റെ വെളിപ്പെടുത്തലും GLP-1 വിവാദവും; കായികരംഗത്ത് ഉയരുന്ന ചോദ്യങ്ങൾ
Published on

കായികരം​ഗത്ത് ഒരു താരത്തിന് മറ്റുള്ളവരേക്കാൾ നേരിയ മുൻതൂക്കം എങ്കിലും നൽകാൻ സഹായിക്കുന്ന ഏതൊരു വസ്തുവും അല്ലെങ്കിൽ മരുന്നും എക്കാലത്തും കർശന പരിശോധനകൾക്കും വിലയിരുത്തലുകൾക്കും വിധേയമാകാറുണ്ട്. എതിരാളികളും കായിക പ്രേമികളും ഉത്തേജക വിരുദ്ധ ഏജൻസികളും ഇത്തരം ഇടപെടലുകളെ അതീവ സൂക്ഷ്മതയോടെയാണ് എപ്പോഴും നിരീക്ഷിക്കുന്നത്. ഈയൊരു പശ്ചാത്തലത്തിലാണ്, പ്രൊഫഷണൽ ടെന്നീസിലേക്കുള്ള തന്റെ മടങ്ങിവരവിൽ ശരീരഭാരം കുറയ്ക്കുന്നതിനായി ജിഎൽപി-1 മരുന്നുകൾ ഉപയോഗിക്കാനുള്ള അമേരിക്കൻ താരം സെറീന വില്യംസിന്റെ തീരുമാനം കായികലോകത്ത് പുതിയ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും വഴിതുറന്നിരിക്കുന്നത്.

എന്തിനാണ് കായിക താരങ്ങൾ ഇത്തരം മരുന്നുകൾ ഉപയോ​ഗിക്കുന്നത് എന്ന ചോദ്യത്തിന് ഭാരനിയന്ത്രണം എന്നതാണ് പ്രധാന ഉത്തരം. സെറീന വില്യംസ്, ഓപ്ര വിൻഫ്രയുടെ പോഡ്കാസ്റ്റിൽ തന്റെ അനുഭവം പങ്കുവെച്ചതിങ്ങനെയാണ്- ''എനിക്ക് പരാജയപ്പെടുത്താൻ കഴിയാത്ത ഒരേയൊരു എതിരാളി എന്റെ ശരീരമായിരുന്നു. ദിവസവും എട്ട് മണിക്കൂർ ജിമ്മിൽ പരിശീലനം നടത്തിയിട്ടും ഭാരം കുറഞ്ഞില്ല, പകരം കൂടുന്നതായിട്ടാണ് തോന്നിയത്.'' കുഞ്ഞ് ജനിച്ചതിന് ശേഷം ഭാരം കുറയ്ക്കാൻ ഏറെ കഷ്ടപ്പെട്ട് ഒടുവിൽ ഒരു GLP-1 മരുന്നിനെ ആശ്രയിക്കുകയായിരുന്നുവെന്ന് അവർ തുറന്നുപറഞ്ഞു.

സെപ്‌ബൗണ്ട് (Zepbound), മൗഞ്ചാരോ (Mounjaro) എന്നീ ബ്രാൻഡുകളിൽ ലഭ്യമായ ടിയർസെപറ്റൈഡ് (Tirzepatide) എന്ന മരുന്നാണ് താൻ ഉപയോഗിച്ചതെന്ന് വോഗ് മാഗസിന് നൽകിയ അഭിമുഖത്തിലും സെറീന വ്യക്തമാക്കിയിരുന്നു. ശ്രദ്ധേയമായ മറ്റൊരു കാര്യം, ഈ മരുന്നുകൾ വിതരണം ചെയ്യുന്ന 'Ro' എന്ന കമ്പനിയുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് സെറീന എന്നതാണ്. മാത്രമല്ല, സെറീനയുടെ ഭർത്താവ് അലക്സിസ് ഒഹാനിയൻ ഈ കമ്പനിയിലെ ഒരു നിക്ഷേപകനുമാണ്.

സെറീന വില്യംസിന്റെ വെളിപ്പെടുത്തലും GLP-1 വിവാദവും; കായികരംഗത്ത് ഉയരുന്ന ചോദ്യങ്ങൾ
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പുതിയ മാറ്റങ്ങൾ; വരാനിരിക്കുന്നത് വാശിയേറിയ പുതിയ ഫുട്ബോൾ യുഗം

ഇത്തരം മരുന്നുകളുടെ ഉപയോഗം യഥാർത്ഥത്തിൽ ഒരു കായികതാരത്തിന്റെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കുമോ, അതോ ശരീരഭാരം കുറയ്ക്കാനും ആരോഗ്യം വീണ്ടെടുക്കാനുമുള്ള തികച്ചും ന്യായമായ ഒരു ചികിത്സാമാർഗ്ഗം മാത്രമാണോ ഇത് എന്നതാണ് നിലവിലെ പ്രധാന ചർച്ചാവിഷയം. സൈക്ലിങ്, ​ദീർഘദൂര ഓട്ടം, ട്രയാത്ത്‍ലൺ, ഭാരോദ്വഹനം തുടങ്ങിയ കായിക ഇനങ്ങളിൽ ശരീരഭാരവും പ്രകടനവും തമ്മിൽ വലിയ ബന്ധമുണ്ട്. പവർ-ടു-വെയ്റ്റ് റേഷ്യോ അല്ലെങ്കിൽ ശരീരത്തിന്റെ ഭാരവും കരുത്തും തമ്മിലുള്ള അനുപാതം മെച്ചപ്പെടുത്താൻ പെട്ടെന്ന് ഭാരം കുറയ്ക്കുന്നത് സഹായിക്കും എന്ന ചിന്തയിലാണ് പല കായിക താരങ്ങളും ഈ എളുപ്പവഴിയെ ആശ്രയിക്കുന്നത്. തലച്ചോറിലെ വിശപ്പിന്റെ സിഗ്നലുകളെ നിയന്ത്രിക്കാനും, വയറു നിറഞ്ഞെന്ന തോന്നൽ ദീർഘനേരം നിലനിർത്താനും ഈ മരുന്നുകൾക്ക് കഴിയും. അതിനാൽ തന്നെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും വേഗത്തിൽ മെലിയാനും ഇവ സഹായിക്കുന്നു.

എന്നാൽ, ലോക ഉത്തേജക വിരുദ്ധ ഏജൻസി ഈ മരുന്നുകളുടെ ഉപയോ​ഗം കായികരം​ഗത്ത് ഇപ്പോൾ കർശനമായി നിരീക്ഷിച്ചുവരികയാണ്. നിലവിൽ ജിഎൽപി-1 മരുന്നുകൾ നിരോധിക്കപ്പെട്ട മരുന്നുകളുടെ പട്ടികയിലില്ലെങ്കിലും, വാഡ ഇവയെ തങ്ങളുടെ പുതിയ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു മരുന്ന് നിരോധിക്കണമെങ്കിൽ പ്രധാനമായും മൂന്ന് മാനദണ്ഡങ്ങളിൽ രണ്ടെണ്ണമെങ്കിലും തെളിയിക്കപ്പെടണം. പ്രകടനം കൃത്രിമമായി മെച്ചപ്പെടുത്തുന്നുണ്ടോ, കായിക താരത്തിന്റെ ആരോ​ഗ്യത്തിന് ഇത് ഹാനികരമാകുന്നുണ്ടോ, കായിക രം​ഗത്തിന്റെ മൂല്യങ്ങൾക്ക് വിരുദ്ധമാണോ എന്നിവയാണവ. ഈ മരുന്നുകളുടെ അമിതമായ ഉപയോഗം ഈ മാനദണ്ഡങ്ങൾ ലംഘിക്കുന്നുണ്ടോ എന്നാണ് അധികൃതർ പ്രധാനമായും പരിശോധിക്കുന്നത്.

പെട്ടെന്ന് ഭാരം കുറയ്ക്കുമെങ്കിലും ഈ മരുന്നുകൾ കായിക താരങ്ങൾക്ക് ​ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത് എന്നാണ് ആ​രോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം മസിൽ ലോസ് ആണ്. കൊഴുപ്പ് കുറയുന്നതിനൊപ്പം തന്നെ കായിക താരങ്ങൾക്ക് അത്യാവശ്യമായ മസിലുകളും ഈ മരുന്നുകളുടെ ഉപയോ​ഗം മൂലം വലിയ തോതിൽ നഷ്ടപ്പെടുന്നു. ശരീരത്തിന്റെ കരുത്തും വേ​ഗതയും കുതിപ്പും നിലനിർത്തുന്ന മസിലുകൾ ദുർബലമാകുന്നത് കായിക പ്രകടനത്തെ സാരമായി ബാധിക്കും.

സെറീന വില്യംസിന്റെ വെളിപ്പെടുത്തലും GLP-1 വിവാദവും; കായികരംഗത്ത് ഉയരുന്ന ചോദ്യങ്ങൾ
ലിവിങ് റൂമിൽ കല്യാണം, ബന്ധുക്കളെ പോലും ഒഴിവാക്കി... ഒടുവിൽ വിരമിക്കൽ സൂചനയും! ഇത് റൊണാൾഡോയുടെ സ്റ്റൈൽ

ഇത് കൂടാതെ കടുത്ത ഊർജമില്ലായ്മയും താരങ്ങൾ നേരിടേണ്ടി വരുന്നു. കഠിനമായ പരിശീലനം നടത്തുന്നവർക്ക് ധാരാളം കാലറി ആവശ്യമാണ്. എന്നാൽ ജിഎൽപി-1 മരുന്നുകൾ വിശപ്പ് കെടുത്തുകയും ദഹനപ്രക്രിയ പതുക്കെയാക്കുകയും ചെയ്യുന്നതുകൊണ്ട് ആവശ്യത്തിന് ഭക്ഷണം കഴിക്കാൻ താരങ്ങൾക്ക് പലപ്പോഴും സാധിക്കാതെ വരുന്നു. ഇത് റിലേറ്റീവ് എനർജി ഡെഫിഷ്യൻസി ഇൻ സ്പോർട്സ് പോലെയുള്ള ​ഗുരുതരമായ അവസ്ഥകളിലേക്ക് നയിക്കുകയും കടുത്ത ക്ഷീണത്തിനും എളുപ്പത്തിൽ പരുക്കേൽക്കാൻ കാരണമാവുകയും ചെയ്യും.

നിർജലീകരണമാണ് ഈ മരുന്നുകൾ ഉപയോ​ഗിക്കുന്നവർ നേരിടുന്ന മറ്റൊരു വലിയ വില്ലൻ. ഇത്തരം മരുന്നുകൾ ശരീരത്തിന്റെ സ്വാഭാവികമായ ദാഹം കുറയ്ക്കാൻ കാരണമാകുന്നുണ്ട്. കഠിനമായ പരിശീലന സമയത്തോ മത്സര സമയത്തോ ദാ​ഹം അറിയാതിരിക്കുന്നത് വലിയ അപകടങ്ങൾക്കും നിർജലീകരണത്തിനും വഴിവെക്കും. ഇതിന് പുറമെ മനംപുരട്ടൽ, ഛർദ്ദി, ദപനപ്രശ്നങ്ങൾ തുടങ്ങിയ കടുത്ത പാർശ്വഫലങ്ങളും മത്സരരംഗത്ത് കായിക താരങ്ങളുടെ പ്രകടനത്തെ പിന്നോട്ടടിക്കുന്ന കാര്യങ്ങളാണ്.

2026 ജൂലൈയിൽ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ടും ഈ വാദങ്ങളെ ശരിവയ്ക്കുന്നതാണ്. പേശീനഷ്ടം ഒഴിവാക്കാൻ കൃത്യമായി പ്രോട്ടീൻ കഴിക്കുകയും റെസിസ്റ്റൻസ് ട്രെയിനിങ്ങിൽ ഏർപ്പെടുകയും ചെയ്യുന്ന, എന്നാൽ കലോറി വളരെ കുറഞ്ഞ ഭക്ഷണം ശീലമാക്കിയ 36 അത്‌ലറ്റുകളിലാണ് ഗവേഷകർ പഠനം നടത്തിയത്. ശ്രദ്ധേയമായ കാര്യം, GLP-1 മരുന്നുകൾ ഉപയോഗിക്കുന്നവർക്കും ഡോക്ടർമാർ നൽകുന്ന നിർദ്ദേശം ഇതുതന്നെയാണ് എന്നതാണ്. ഈ ചിട്ടകളെല്ലാം കർശനമായി പാലിച്ചിട്ടും അത്‌ലറ്റുകളുടെ മെറ്റബോളിസം മന്ദഗതിയിലാകുകയും അത് കടുത്ത ക്ഷീണത്തിലേക്ക് നയിക്കുകയും ചെയ്യുന്നതായി പഠനത്തിൽ കണ്ടെത്തി.

GLP-1 ഉപയോഗിക്കുന്നവരിലും ഇതുതന്നെയാണോ സംഭവിക്കുന്നത് എന്നതിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. ശരീരത്തിന് ആവശ്യമുള്ളതിലും കുറഞ്ഞ കലോറി മാത്രം ലഭിക്കുന്നത് അത്‌ലറ്റുകളെ റെഡ്-എസ് (RED-S: Relative Energy Deficiency in Sport) എന്ന ഗുരുതരമായ അവസ്ഥയിലേക്ക് നയിച്ചേക്കാം. ഇത്തരം ഊർജക്കുറവ് കായികതാരങ്ങളുടെ എല്ലുകളുടെ ആരോഗ്യത്തെയും മാനസികാവസ്ഥയെയും പ്രകടനത്തെയും പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെങ്കിലും കായികതാരങ്ങളെ സംബന്ധിച്ചിടത്തോളം GLP-1 മരുന്നുകൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.

സെറീന വില്യംസിന്റെ വെളിപ്പെടുത്തലും GLP-1 വിവാദവും; കായികരംഗത്ത് ഉയരുന്ന ചോദ്യങ്ങൾ
ഓസ്‌ട്രേലിയയിൽ ബംഗ്ലാദേശിന് ചരിത്രത്തിലെ ആദ്യ ടെസ്റ്റ് വിജയം; നിലവിലെ ചാമ്പ്യന്മാരെ തകർത്തത് 9 വിക്കറ്റിന്

വിഗോവി, ഒസെംപിക് എന്നീ മരുന്നുകൾ ഉത്പ്പാദിപ്പിക്കുന്ന നോവോ നോർഡിസ്ക്, സെപ്‌ബൗണ്ട്, മൗഞ്ചാരോഎന്നിവയുടെ നിർമ്മാതാക്കളായ എലി ലില്ലി (Eli Lilly) തുടങ്ങിയ കമ്പനികൾ തങ്ങളുടെ മരുന്നുകൾ അംഗീകൃത ആരോഗ്യ പ്രശ്നങ്ങൾക്ക് അല്ലാതെ ഉപയോഗിക്കുന്നതിനെ പിന്തുണയ്ക്കുന്നില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൃത്യമായ ഭക്ഷണക്രമത്തിനും വ്യായാമത്തിനും ഒപ്പം ഉപയോഗിക്കേണ്ടതാണ് ഇവയെന്നും കമ്പനികൾ പറയുന്നു. എന്നാൽ, കായികതാരങ്ങൾ ഇവ ഉപയോഗിക്കുന്നതിനെക്കുറിച്ച് പ്രതികരിക്കാൻ കമ്പനികൾ തയ്യാറായിട്ടില്ല.

ശാസ്ത്രീയ വിവരങ്ങളുടെ അഭാവത്തിൽ, ലോക ഉത്തേജക വിരുദ്ധ ഏജൻസികൾ ഈ വിഷയത്തിൽ ഇരുട്ടിൽ തപ്പുകയാണെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. ഇതിനിടയിൽ, ഇത്തരം മരുന്നുകൾ വിതരണം ചെയ്യുന്ന 'Ro' എന്ന കമ്പനിയുടെ ബ്രാൻഡ് അംബാസഡറായി സെറീന വില്യംസ് പ്രവർത്തിക്കുന്നത് വരും തലമുറയ്ക്ക് തെറ്റായ സന്ദേശം നൽകുമെന്നാണ് വിമർശകരുടെ പ്രധാന വാദം.

Summary

The growing use of GLP-1 weight-loss drugs (like Ozempic and Mounjaro) among athletes has sparked a significant debate on whether they should be classified as performance-enhancing drugs (doping). While high-profile athletes like Serena Williams have openly discussed using them for weight management, sports scientists warn that these drugs might actually hinder athletic capabilities. The severe appetite-suppressing effects can lead to chronic under-fueling, muscle loss, and a dangerous condition known as RED-S (Relative Energy Deficiency in Sport), which ultimately compromises an athlete's strength, recovery, and overall competitive output.

Madism Digital
madismdigital.com