

മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ മറക്കാൻ ആഗ്രഹിക്കുന്ന ഐപിഎൽ സീസണാണ് ഇത്തവണത്തേത്. 13 കളികൾ കഴിഞ്ഞപ്പോൾ വെറും നാല് ജയം മാത്രം, ഒൻപത് തോൽവികൾ. അതിനൊപ്പം ക്യാപ്റ്റൻസി മോശമെന്ന വിമർശനവും ബാറ്റിങ് ഫോം ഔട്ടും. ഇന്നലെ ആശ്വാസജയം തേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഇറങ്ങിയപ്പോൾ നാല് വിക്കറ്റിന്റെ തോൽവിയും വഴങ്ങേണ്ടിവന്നു.
കൊൽക്കത്തയ്‌ക്കെതിരായ മത്സരത്തിനിടെ നിർണായക സമയത്ത് സഹതാരങ്ങൾ ക്യാച്ച് വിട്ടപ്പോൾ ഹാർദിക് പെരുമാറിയ രീതിയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാവിഷയം. കൊൽക്കത്ത ഇന്നിങ്‌സിന്റെ പത്താം ഓവറിലാണ് സംഭവം. ഹാർദിക്കാണ് ഈ സമയത്ത് മുംബൈയ്ക്കായി പന്തെറിഞ്ഞിരുന്നത്.
കൊൽക്കത്തയ്ക്കായി റോവ്മൻ പവൽ ആയിരുന്നു ബാറ്റ് ചെയ്തിരുന്നത്. ബൗണ്ടറിക്കായുള്ള ശ്രമത്തിനിടെ പന്ത് ഉയർന്നുപൊങ്ങുകയും ബൗണ്ടറി ലൈനിനു അരികെ ക്യാച്ചിനുള്ള അവസരമാകുകയും ചെയ്തു. റോബിൻ മിൻസും ദീപക് ചഹറുമാണ് ഈ ക്യാച്ചെടുക്കാൻ വേണ്ടി ഓടിയെത്തിയത്. എന്നാൽ ഇരുവരുടെ ഭാഗത്തുനിന്നും കോൾ ഉണ്ടായില്ല. അതോടെ പന്ത് രണ്ട് താരങ്ങൾക്കും ഇടയിൽ നിലംതൊട്ടു.
ചഹറിനു ക്യാച്ച് എടുക്കാമായിരുന്നു. എന്നാൽ മിൻസ് വരുന്നത് കണ്ട് ചഹർ അതിനായി ശ്രമിച്ചില്ല. മിൻസ് കരുതി ചഹർ ക്യാച്ചെടുക്കുമെന്ന്. ക്യാച്ച് നഷ്ടമായതോടെ ഇരുവരും മുഖത്തോടു മുഖം നോക്കി പഴിക്കുന്നുണ്ടായിരുന്നു. ഈ സമയത്ത് നായകൻ ഹാർദിക് പാണ്ഡ്യ പരിഹാസ രൂപേണ സഹതാരങ്ങളെ നോക്കി കൈയടിച്ചു.
മുംബൈ ടീമിൽ ഹാർദിക്കും സഹതാരങ്ങളും തമ്മിൽ അത്ര നല്ല ചേർച്ചയിലല്ല പോകുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അത്തരം പ്രചരണങ്ങൾക്കു ബലമേകുന്നതാണ് ഇപ്പോഴത്തെ സംഭവം.
English summary:
Hardik Pandya became the center of attention after sarcastically applauding teammates following a dropped catch during Mumbai Indians’ defeat to Kolkata Knight Riders. The incident has reignited discussions about possible tension within the Mumbai camp amid their disappointing IPL season. Mumbai have struggled throughout the tournament, managing only four wins in 13 matches. Hardik has also faced heavy criticism over his captaincy and inconsistent batting form.