

മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് വിരാമമായി ഇറാൻ ദേശീയ ഫുട്ബോൾ ടീം ലോകകപ്പിനായുള്ള പരിശീലനം തുടങ്ങി. അമേരിക്ക-ഇസ്രായേൽ-ഇറാൻ യുദ്ധത്തെ തുടർന്നായിരുന്നു ലോകകപ്പിനായി തങ്ങൾക്ക് അമേരിക്കയിലേക്ക് വരേണ്ടതിലുള്ള സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇറാൻ ഫുട്ബോൾ ഫെഡറേഷൻ മത്സരിക്കാനില്ലെന്ന് ഫിഫയെ അറിയിച്ചത്.
ഇറാൻ നാഷണൽ ഫുട്ബോൾ ടീമിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടായ 'ടീം മെല്ലി ഫുട്ബോളി'ലാണ് താരങ്ങൾ പരിശീലനം നടത്തുന്ന ചിത്രങ്ങൾ പുറത്തുവിട്ടത്. ലോകകപ്പിനായുള്ള ടീമിന്റെ ഹോം കിറ്റ് ധരിച്ച് പരിശീലനം നടത്തുന്നതും ഫോട്ടോ ഷൂട്ടിൽ പങ്കെടുക്കുന്ന വീഡിയോകളും ടീം പങ്കുവെച്ചിട്ടുണ്ട്. ഗോൾകീപ്പർ അലിറേസ സഫർ ബീരൻവന്ദ്, വിങ്ങർ മിലാദ് മുഹമ്മദി എന്നിവരും വീഡിയോയിലുണ്ട്.
കാനഡയിലും മെക്സിക്കോയിലും അമേരിക്കയിലുമായി നടക്കുന്ന 2026 ലോകകപ്പിൽ ഇറാന്റെ ഗ്രൂപ്പ് ജി മത്സരങ്ങളെല്ലാം നടക്കുന്നത് അമേരിക്കയിലാണ്. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചതോടെ ലോകകപ്പിലെ ഇറാന്റെ പങ്കാളിത്തം അനിശ്ചിതത്വത്തിലായിരുന്നു. അമേരിക്കയുടെ ആതിഥേയത്വത്തെ ഇറാൻ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയും തങ്ങളുടെ മത്സരങ്ങൾ മെക്സികോയിലേക്ക് മാറ്റാൻ ഫിഫയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഏതെങ്കിലും ഒരു ടീമിനായി ഇത്തരം മാറ്റത്തിരുത്തലുകൾ നടത്തുമ്പോൾ മൊത്തം മത്സരങ്ങളേയും ബാധിക്കുമെന്ന് പറഞ്ഞ് ഈ ആവശ്യം ഫിഫ തള്ളിയിരുന്നു.
ഇതിനുശേഷം ഇറാൻ താരങ്ങൾക്ക് അമേരിക്കയിൽ സുരക്ഷാ ഭീഷണിയുണ്ടാകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതോടുകൂടി ഇറാൻ ലോകകപ്പിൽ ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായ മട്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കാനഡയിൽ നടന്ന ഫിഫ കോൺഗ്രസിൽ സംസാരിക്കവെ, ഇറാൻ തീർച്ചയായും 2026 ഫിഫ ലോകകപ്പിൽ പങ്കെടുക്കുമെന്നും അമേരിക്കയിൽ തന്നെ മത്സരങ്ങൾ കളിക്കുമെന്നും ഫിഫ പ്രസിഡണ്ട് ഇൻഫാന്റിനോ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഇൻഫാന്റിനോ പറഞ്ഞതുകൊണ്ട് ഇറാൻ കളിക്കുന്നതിൽ തനിക്ക് വിരോധമില്ലെന്നും ഇൻഫാന്റിനോ തന്റെ സുഹൃത്താണെന്നും ട്രംപ് പ്രതികരിച്ചിരുന്നു.
ജൂൺ 15-ന് ലോസ് ഏഞ്ചൽസിൽ ന്യൂസിലൻഡിനെതിരെയാണ് ഇറാന്റെ ആദ്യ മത്സരം. ജൂൺ 21-ന് ഇതേ സ്റ്റേഡിയത്തിൽ ഇറാൻ ബെൽജിയത്തെ നേരിടും. ജൂൺ 26-ന് സിയാറ്റിലിൽ ഈജിപ്റ്റിനെതിരെയാണ് അവസാന ഗ്രൂപ്പ് മത്സരം. ഇതിനിടെ, പോളണ്ടിലെ ലെക് പോസ്‌നാൻ ക്ലബ്ബിനായി കളിക്കുന്നതിനിടെ കാൽമുട്ടിന് പരിക്കേറ്റ വിങ്ങർ അലി ഘോലിസാദെ ലോകകപ്പിനുണ്ടാകില്ലെന്നത് ഇറാന് വലിയ തിരിച്ചടിയാണ്. ഇടതുകാൽമുട്ടിലെ ലിഗമെന്റിനേറ്റ പരിക്ക് കാരണം താരത്തിന് ശസ്ത്രക്രിയ ആവശ്യമാണ്.
ലോകകപ്പിൽ വലതു വിങ്ങിൽ കളിക്കേണ്ടിയിരുന്ന ഘോലിസാദെക്ക് ശനിയാഴ്ച മോട്ടോർ ലുബ്ലിനെതിരെ നടന്ന മത്സരത്തിൽ ഇടത് മുട്ടിലെ ലിഗമെന്റിന് ഗുരുതരമായി പരിക്കേറ്റതായും ശസ്ത്രക്രിയക്ക് ശേഷം മാസങ്ങളോളം താരത്തിന് വിശ്രമം ആവശ്യമാണെന്നും ക്ലബ് അധികൃതർ അറിയിച്ചു.
English Summary: Iran’s preparations for the FIFA World Cup appear to be on track, as social media posts from the team’s official account hint at an upcoming tournament kit reveal and show the squad training at an undisclosed location. Videos posted by Team Melli’s Instagram account on Monday showed players taking part in a photo shoot for what appears to be Iran’s home kit for the World Cup