

ഒരു സാധാരണ പച്ചക്കറി വണ്ടിയുടെ ചക്രങ്ങളുടെ ശബ്ദം കേട്ട് തുടങ്ങിയ ബാല്യം, അവിടെ നിന്ന് അന്താരാഷ്ട്ര വേദിയില്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയ ഒരു ചെറുപ്പക്കാരന്റെ കഥയാണിത്. 2026-ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കായി ആദ്യ മെഡല്‍ നേടിക്കൊണ്ട് ചരിത്രമെഴുതിയിരിക്കുകയാണ് പാരാ പവര്‍ലിഫ്റ്റര്‍ ജണ്ഡു കുമാര്‍. ഹെവിവെയ്റ്റ് വിഭാഗത്തില്‍ വെങ്കല മെഡല്‍ അണിഞ്ഞ ഈ മിടുക്കന്റെ ജീവിതം അത്ര എളുപ്പമുള്ളതൊന്നുമായിരുന്നില്ല, അതൊരു അതിജീവനത്തിന്റെ കഥയാണ്.
ബീഹാറിലെ നളന്ദ ജില്ലയിലെ ഹര്‍നൗട്ട് എന്ന കൊച്ചു ഗ്രാമത്തിലാണ് ജണ്ഡു കുമാര്‍ ജനിച്ചത്. ജനനം മുതല്‍ പോളിയോ ബാധിച്ച് ശാരീരിക വെല്ലുവിളികള്‍ നേരിട്ട ജണ്ഡുവിന്റെ കുടുംബത്തിന്റെ ഏക ആശ്രയം പച്ചക്കറി കച്ചവടക്കാരനായ അച്ഛന്റെ ചെറിയ വരുമാനമായിരുന്നു. കടുത്ത ദാരിദ്ര്യവും ശാരീരിക ബുദ്ധിമുട്ടുകളും ഒന്നിച്ച് വേട്ടയാടിയപ്പോഴും ആ ചെറുപ്പക്കാരന്‍ തന്റെ സ്വപ്നങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങിയില്ല.
കല്ലും മുള്ളും നിറഞ്ഞ കായിക വഴികള്‍
2017-ല്‍ ഷോട്ട് പുട്ടിലും ഡിസ്‌കസ് ത്രോയിലുമാണ് ജണ്ഡു തന്റെ കായിക ജീവിതം ആരംഭിക്കുന്നത്. എഫ്-55 (എ55) വിഭാഗത്തില്‍ മത്സരിച്ച അദ്ദേഹം ജില്ലാ, സംസ്ഥാന തലങ്ങളില്‍ മെഡലുകളും സ്വന്തമാക്കി. എന്നാല്‍ ജിമ്മിലെ ഭാരോദ്വഹന പരിശീലനത്തിനിടയിലാണ് പവര്‍ലിഫ്റ്റിംഗിനോടുള്ള തന്റെ യഥാര്‍ത്ഥ അഭിമുഖ്യം അദ്ദേഹം തിരിച്ചറിഞ്ഞത്. ഒരു സംസ്ഥാന ചാമ്പ്യന്‍ഷിപ്പിനിടയില്‍ പാരാ പവര്‍ലിഫ്റ്റിംഗിലേക്ക് തിരിയാന്‍ അദ്ദേഹത്തിന് വിദഗ്ധരുടെ നിര്‍ദ്ദേശവും ലഭിച്ചു.എന്നാല്‍ ഒരു കായിക താരത്തിന് വേണ്ട മികച്ച പോഷകാഹാരം കണ്ടെത്താന്‍ പോലും ജണ്ഡുവിന് സാധിച്ചിരുന്നില്ല. വീല്‍ച്ചെയര്‍ പോലും സ്വന്തമായി ഇല്ലാതിരുന്ന അദ്ദേഹം, 20 കിലോമീറ്ററോളം സഞ്ചരിച്ചാണ് പച്ചക്കറി കച്ചവടം നടത്തിയിരുന്നത്. പിന്നീട് സുഹൃത്തുക്കളില്‍ നിന്ന് പണം കടം വാങ്ങി ഒരു ഇ-റിക്ഷ വാങ്ങി ജീവിതം പച്ചപിടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കോവിഡ് മഹാമാരി ആ പ്രതീക്ഷകളെയും തകിടം മറിച്ചു.
എന്നിരുന്നാലും, പ്രതിസന്ധികള്‍ക്കുമുന്നില്‍ പതറാത്ത അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം ഒടുവില്‍ ലക്ഷ്യം കണ്ടു. ദേശീയ ചാമ്പ്യന്‍ഷിപ്പിലെ അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധിച്ച പാരാലിംപിക് വെങ്കല മെഡല്‍ ജേതാവ് രാജീന്ദര്‍ സിംഗ് രാഹേലു ജണ്ഡുവിനെ ഗാന്ധിനഗറിലെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നാഷണല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സിലേക്ക് ക്ഷണിച്ചു.
വിജയകിരീടം ചൂടിയ പടയോട്ടം
ഗുരുവായ രാജീന്ദറിന്റെ കീഴിലുള്ള പരിശീലനം ജണ്ഡു കുമാറിനെ ഇന്ത്യയിലെ മുന്‍നിര പാരാ പവര്‍ലിഫ്റ്റര്‍മാരില്‍ ഒരാളാക്കി മാറ്റി. 2025-ലെ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ 205 കിലോ ഭാരം ഉയര്‍ത്തി അദ്ദേഹം പുതിയ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചു. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് ശേഷം ഖേലോ ഇന്ത്യ പാരാ ഗെയിംസില്‍ 206 കിലോ ഉയര്‍ത്തി അദ്ദേഹം ആ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചു.കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെങ്കല മെഡലിന് പുറമെ, 2025-ലെ ബെയ്ജിംഗ് ലോകകപ്പിലും 2026-ലെ ഏഷ്യന്‍, ഓഷ്യാനിയ ചാമ്പ്യന്‍ഷിപ്പുകളിലും ജണ്ഡു വെങ്കല മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
72.4 കിലോ ഭാരമുള്ള ജണ്ഡു കുമാര്‍, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തന്റെ രണ്ടാം ശ്രമത്തില്‍ 190 കിലോ ഭാരം ഉയര്‍ത്തിയാണ് ചരിത്ര വിജയം നേടിയത്. മത്സരത്തില്‍ ഏറെ നേരം മുന്നില്‍ നിന്ന അദ്ദേഹം ഒടുവില്‍ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും, ഇന്ത്യയ്ക്ക് സമ്മാനിച്ചത് അഭിമാനത്തിന്റെ സുവര്‍ണ്ണ തിളക്കമുള്ള മെഡലാണ്. പച്ചക്കറി വണ്ടിയുടെ നിഴലില്‍ നിന്ന് തുടങ്ങി ലോകവേദിയിലേക്കുള്ള ജണ്ഡു കുമാറിന്റെ ഈ കുതിപ്പ് രാജ്യത്തെ കോടിക്കണക്കിന് യുവജനങ്ങള്‍ക്കാണ് പ്രചോദനമാകുന്നത്.
This is the story of a young man whose childhood began with the sound of a vegetable cart's wheels and who went on to become a source of national pride on the international stage. Para powerlifter Jandu Kumar created history by winning India's first medal at the 2026 Commonwealth Games, claiming a bronze in the heavyweight category. But his journey to the podium was anything but easy—it is a story of resilience and determination.
Jandu Kumar was born in Harnaut, a small village in Bihar's Nalanda district. A polio survivor since birth, he grew up facing severe physical challenges. His family depended entirely on the modest income earned by his father, a vegetable vendor. Despite battling poverty and disability, Jandu refused to let his circumstances define his future and remained steadfast in pursuing his dreams.