മമ്മൂട്ടിയും സംഘപരിവാറും; കലയും പ്രൊപ്പഗണ്ടയും ഒരേ ത്രാസിൽ അളക്കുന്ന ജൂറി

ദേശീയവും അന്തർദേശീയവുമായി നിരൂപക പ്രശംസയും പ്രേക്ഷക സ്വീകാര്യതയും നേടിയ ഒട്ടേറെ ഇന്ത്യൻ സിനിമകൾ ഉണ്ടായിരുന്നിട്ടും, അവയെ മറികടന്ന് 'ആർട്ടിക്കിൾ 370'യെ രാജ്യത്തെ മികച്ച സിനിമയായി തിരഞ്ഞെടുത്തതിന്റെ മാനദണ്ഡം എന്താണ്?
മമ്മൂട്ടിയും സംഘപരിവാറും;  കലയും പ്രൊപ്പഗണ്ടയും ഒരേ ത്രാസിൽ അളക്കുന്ന ജൂറി
Published on

കഴിഞ്ഞ 12 വർഷത്തിനിടെ ഒരു മലയാളിക്കും നേടാനാകാതിരുന്ന മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി സ്വന്തമാക്കി. കഴിഞ്ഞ കുറേ വർഷങ്ങളിലായി നിരവധി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും ഇത്തവണയാണ് 'ഭ്രമയുഗം' എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തെ തേടി ദേശീയ പുരസ്‌കാരം എത്തിയത്.

എന്നാൽ മലയാളികൾക്കൊരു സ്വഭാവമുണ്ട്. അവരുടെ പ്രിയപ്പെട്ട നടന്റെ പേര് പുരസ്കാരപ്പട്ടികയിൽ കണ്ടാൽ, പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല. അതുകൊണ്ടുതന്നെയാണ് ദേശീയ പുരസ്‌കാരപ്പട്ടികയിൽ തുടർച്ചയായി അംഗീകാരം നേടുന്ന സം​ഘപരിവാർ പ്രൊപ്പ​ഗാണ്ട ചിത്രങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഇവിടെ അത്ര സജീവമാകാത്തത്. 'ദി കേരള സ്റ്റോറി,' 'ആർട്ടിക്കിൾ 370,' 'സ്വാതന്ത്ര്യ വീർ സവർക്കർ,' പോലുള്ള ചിത്രങ്ങൾക്കു ലഭിച്ച അംഗീകാരങ്ങളെ ചുറ്റിപ്പറ്റി രാജ്യവ്യാപകമായി ഉയർന്ന വിമർശനങ്ങൾ മലയാള സിനിമാ ചർച്ചകളിൽ പലപ്പോഴും പിന്നിലാകുന്നു.

മമ്മൂട്ടിയും സംഘപരിവാറും;  കലയും പ്രൊപ്പഗണ്ടയും ഒരേ ത്രാസിൽ അളക്കുന്ന ജൂറി
അഭിനയ 'ചാത്തൻ'; മലയാളത്തിന്റെ 'പാൻ ഇന്ത്യൻ' നടികർ

രാജ്യത്തെ ഏറ്റവും ഉയർന്ന ചലച്ചിത്ര ബഹുമതികളിലൊന്നായ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളെപ്പോലും രാഷ്ട്രീയ നേട്ടത്തിനായി കേന്ദ്രസർക്കാർ ഉപയോഗിക്കുന്നുവെന്ന വിമർശനത്തിനു വീണ്ടും ആക്കം കൂട്ടുന്നതാണ് കഴിഞ്ഞ തവണത്തേതുപോലെ തന്നെ, ഇത്തവണത്തെയും അവാർഡ് പ്രഖ്യാപനം. 'ആർട്ടിക്കിൾ 370' മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിലെ പ്രകടനത്തിനു യാമി ഗൗതം മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടി. അതേ ചിത്രത്തിനുവേണ്ടി ശാശ്വത് സച്ദേവ് മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരവും സ്വന്തമാക്കി. അതേസമയം, 'സ്വാതന്ത്ര്യ വീർ സവർക്കർ' എന്ന ചിത്രത്തിലൂടെ രൺദീപ് ഹൂഡ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരവും കരസ്ഥമാക്കി.

ലോകോത്തര നിലവാരമുള്ള സിനിമകൾ സൃഷ്ടിക്കാനും ആസ്വദിക്കാനും കഴിയുന്ന സംവിധായകരും സാങ്കേതിക പ്രവർത്തകരും പ്രേക്ഷകരും ഇന്ന് ഇന്ത്യയ്ക്കുണ്ട്. കഴിഞ്ഞ ദിവസമാണ് 'ദി ഒഡിസി' എന്ന ബ്രഹ്മാണ്ഡ ഹോളിവുഡ് ചിത്രത്തിന്റെ പ്രീമിയറിനായി വിഖ്യാത സംവിധായകനും ഓസ്കർ ജേതാവുമായ ക്രിസ്റ്റഫർ നോളനും ഒപ്പം ഹോളിവുഡ് താരങ്ങളായ മാറ്റ് ഡെയ്മണും ടോം ഹോളണ്ടും ഇന്ത്യയിലെത്തിയത്. അതിന്റെ കാരണം ഇന്ത്യൻ സിനിമകൾക്ക് ഇന്ന് ആഗോള സിനിമാ വിപണിയിൽ വലിയ സ്വീകാര്യതയും ആവശ്യകതയും ലഭിക്കുന്നുവെന്നുള്ളതുകൊണ്ടാണ്.

ഇതേ വർഷം കാനിൽ ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്', ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ 'ലാപതാ ലേഡീസ്,' മലയാളത്തിൽനിന്ന് 'കിഷ്കിന്ദാ കാണ്ഡം,' 'മഞ്ഞുമ്മൽ ബോയ്സ്' തുടങ്ങി ദേശീയവും അന്തർദേശീയവുമായി നിരൂപക പ്രശംസയും പ്രേക്ഷക സ്വീകാര്യതയും നേടിയ ഒട്ടേറെ ഇന്ത്യൻ സിനിമകളുണ്ടായിരുന്നു. എന്നാൽ അവയെ മറികടന്ന് 'ആർട്ടിക്കിൾ 370'യെ രാജ്യത്തെ മികച്ച സിനിമയായി തിരഞ്ഞെടുത്തതിന്റെ മാനദണ്ഡം എന്താണ്? സിനിമാറ്റിക് മികവിനേക്കാൾ രാഷ്ട്രീയ സന്ദേശത്തിന് മുൻതൂക്കം നൽകുന്നുവെന്ന വിമർശനം നേരിട്ട, മുഖ്യധാരാ മസാല ആക്ഷൻ ശൈലിയിൽ ഒരുക്കിയ ഈ ചിത്രത്തെ, ദേശീയ തലത്തിലെ മികച്ച സിനിമയായി തിരഞ്ഞെടുക്കുന്നതു ചലച്ചിത്ര പുരസ്‌കാരങ്ങളുടെ മാനദണ്ഡങ്ങൾ എന്താണെന്ന ചർച്ചകൾക്കു വീണ്ടും വഴിവെയ്ക്കുകയാണ്.

ദ കേരള സ്റ്റോറി
ദ കേരള സ്റ്റോറി

കഴിഞ്ഞ വർഷം ദേശീയ പുരസ്‌കാരങ്ങളിൽ വലിയ അംഗീകാരം നേടിയ മറ്റൊരു ചിത്രം, സംഘപരിവാർ ആശയങ്ങളുമായി ചേർന്നുനിൽക്കുന്ന പ്രചാരണ സിനിമയായ 'ദ കേരള സ്റ്റോറി'യായിരുന്നു. സുദീപ്തോ സെൻ സംവിധാനം ചെയ്ത് 2023-ൽ പുറത്തിറങ്ങിയ ചിത്രം, കേരളത്തിലെ പെൺകുട്ടികളെ മതംമാറ്റി ഐഎസിൽ (ISIS) ചേർക്കുന്നു എന്ന അവകാശവാദത്തോടെയാണ് പ്രചരിപ്പിക്കപ്പെട്ടത്.

കേരളത്തിൽനിന്ന് 32,000-ത്തിലധികം പെൺകുട്ടികൾ മതംമാറ്റത്തിനിരയായി ഐഎസിൽ ചേർന്നുവെന്ന അവകാശവാദമായിരുന്നു ചിത്രത്തിന്റെ പ്രചാരണത്തിനായി ഉപയോഗിച്ചിരുന്നത്. എന്നാൽ ഈ വാദം വ്യാപകമായ നിയമപോരാട്ടങ്ങൾക്കും ശക്തമായ വിമർശനങ്ങൾക്കും ഇടയാക്കി. പിന്നീട് ഈ കണക്കുകൾ തെറ്റാണെന്നു അണിയറക്കാർ തന്നെ സമ്മതിക്കുകയും മൂന്നു പെൺകുട്ടികളുടെ കഥയാണ് സിനിമ പറയുന്നതെന്ന് തിരുത്തുകയും ചെയ്തു. എന്നിരുന്നാലും, റിലീസിനു മുൻപും ശേഷവും കേരളത്തെക്കുറിച്ചുള്ള തെറ്റായ ധാരണകളും ഭയവും ഉത്തരേന്ത്യയിൽ പ്രചരിപ്പിക്കാൻ ഈ സിനിമ വലിയ പങ്കുവഹിച്ചിരുന്നു.

'ദ കേരള സ്റ്റോറി'യ്ക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായോ സംഘടനയുമായോ യാതൊരു ബന്ധവുമില്ലെന്നാണു ചിത്രത്തിന്റെ നിർമാതാവായ വിപുൽ അമൃത്‌ലാൽ ഷാ പൊതുവേദികളിൽ ആവർത്തിച്ചിരുന്നത്. എന്നാൽ 2023-ൽ ബാങ്കോക്കിൽ നടന്ന വേൾഡ് ഹിന്ദു കോൺഗ്രസിൽ അദ്ദേഹം പറഞ്ഞു, "ആർഎസ്എസിന്റെ മാർഗനിർദേശവും പിന്തുണയും ലഭിച്ചില്ലെങ്കിൽ ഈ സിനിമ നിർമിക്കാൻ ഞങ്ങൾക്കൊരിക്കലും സാധിക്കുമായിരുന്നില്ല. അവർ ഞങ്ങളുടെ കാവൽമാലാഖമാരായിരുന്നു."

ഈ പ്രസ്താവന, 'ദി കേരള സ്റ്റോറി'യുടെ നിർമാണത്തിൽ ആർഎസ്എസിന്റെ പങ്കാളിത്തത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു കൂടുതൽ ശക്തി പകരുന്നതായിരുന്നു. ഇത്തരത്തിൽ ബിജെപിയുടെയോ ആർഎസ്എസിന്റെയോ ആശയപരമായ പിന്തുണയോടെ, അല്ലെങ്കിൽ അവരുമായി അടുത്ത ബന്ധമുള്ള വ്യക്തികളുടെ സാമ്പത്തിക പിന്തുണയോടെ നിർമിക്കപ്പെട്ട ധാരാളം സിനിമകളുണ്ട്. അവയിൽ പലതിനും സർക്കാർ സംവിധാനങ്ങളുടെയും ഭരണകക്ഷി നേതാക്കളുടെയും ശക്തമായ പ്രചാരണ പിന്തുണയും ലഭിച്ചിട്ടുണ്ട്.

ബോളിവുഡിൽ സംഘപരിവാർ അനുകൂല രാഷ്ട്രീയ ആഖ്യാനങ്ങളെ മുഖ്യധാരയിലേക്കു കൊണ്ടുവന്ന പ്രധാന സിനിമാപ്രവർത്തകരിലൊരാളാണു സംവിധായകൻ ആദിത്യ ധർ. അദ്ദേഹം 'ധുരന്ധർ' എന്ന ചിത്രത്തിലൂടെ മോദി സർക്കാരിന്റെ നയങ്ങളെയും രാഷ്ട്രീയ നിലപാടുകളെയും ന്യായീകരിക്കുകയും, അവയ്ക്ക് അനുകൂലമായ പൊതുജനാഭിപ്രായം രൂപപ്പെടുത്തുകയും ചെയ്തു. അതുകൊണ്ടു തന്നെ അദ്ദേഹം തിരക്കഥയൊരുക്കി 2024ൽ നിർമിച്ച 'ആർട്ടിക്കിൾ 370'യാണ് ഇത്തവണ മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയത്.

അതേ ചിത്രത്തിലെ അഭിനയത്തിനു മോദി സർക്കാരിനെ അനുകൂലിച്ച് പരസ്യമായി നിലപാടുകൾ സ്വീകരിച്ചിട്ടുള്ള നടിയും ആദിത്യ ധറിന്റെ ഭാര്യയുമായ യാമി ഗൗതമിനു മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. നരേന്ദ്ര മോദിയെയും അമിത് ഷായെയും രാജ്യത്തെ രക്ഷിക്കാൻ അവതരിച്ച നേതാക്കളായി മഹത്വവത്കരിക്കുകയും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ ആഘോഷിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ പ്രചാരണ ചിത്രത്തിനാണ് രാജ്യത്തെ ഏറ്റവും വലിയ ചലച്ചിത്ര ബഹുമതി ലഭിച്ചിരിക്കുന്നത്.

ഇതൊരു പുരസ്‌കാരത്തെക്കുറിച്ചുള്ള തർക്കം മാത്രമല്ല. രാജ്യത്തെ ഏറ്റവും വലിയ ചലച്ചിത്ര ബഹുമതിയുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ചോദ്യമാണ്. അതു ചോദിക്കാതിരുന്നാൽ ഒരുപക്ഷെ, നാളെ ദേശീയ പുരസ്‌കാരങ്ങളുടെ മൂല്യം തന്നെ നഷ്ടപ്പെട്ടെന്ന് പരാതിപ്പെടാനുള്ള ധാർമികാവകാശം പ്രേക്ഷകനുണ്ടാകില്ല. ഈ കാരണം കൊണ്ടാണ് തുടർച്ചയായി നല്ല സിനിമകൾ പുരസ്കാര വേദികളിൽ തഴയപ്പെടുന്നതും, പുരസ്കാരങ്ങൾക്ക് വിലയില്ലാതായി മാറുന്നതും. 'ദി കശ്മീർ ഫയൽസ്' എന്ന ചിത്രത്തിനും സമാനമായ രീതിയിലാണു ദേശീയ അംഗീകാരം ലഭിച്ചത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല, ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ ദിശ തന്നെ മാറിക്കൊണ്ടിരിക്കുകയാണെന്ന ആശങ്ക ശക്തമാക്കുന്നതിന്റെ തുടർച്ചയാണ്.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ രാജ്യത്തിന്റെ 'ഒറ്റുക്കാരെന്ന' വിശേഷണമുള്ള വി ഡി സവർക്കറുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'സ്വാതന്ത്ര്യ വീർ സവർക്കർ' എന്ന ചിത്രം ഇത്തവണ മികച്ച നവാ​ഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടി. മഹാത്മാ ഗാന്ധി വധക്കേസിൽ പ്രതിയായിരുന്ന സവർക്കറുടെ ചരിത്രമോ, അതുമായി ബന്ധപ്പെട്ട വിവാദങ്ങളോ, അദ്ദേഹത്തിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രമോ, സെല്ലുലാർ ജയിലിൽവച്ച് എഴുതിയ കരുണാഹർജികളോ ഒന്നും തന്നെ പരാമർശിക്കാതെ, സവർക്കറെ ഒരു വീരപുരുഷനായി ചിത്രീകരിക്കുന്നുവെന്ന വിമർശനം ഈ സിനിമ നേരിട്ടിരുന്നു.

ചരിത്രപരമായി സ്ഥിരീകരിക്കപ്പെടാത്ത ചില കാര്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്തണമെന്ന നടൻ രൺദീപ് ഹൂഡയുടെ നിർബന്ധത്തെത്തുടർന്ന്, ചിത്രം ആദ്യം സംവിധാനം ചെയ്യാമെന്നേറ്റിരുന്ന ആൾ പിന്മാറുകയായിരുന്നു. അതിനു പിന്നാലെയാണ് രൺദീപ് ഹൂഡ സംവിധാനം ഏറ്റെടുത്തത്. ചിത്രത്തിൽ വി ഡി സവർക്കറായി അഭിനയിച്ചതും രൺദീപ് ഹൂഡ തന്നെ. ചിത്രത്തിന്റെ നിർമാതാവ് മഹാരാഷ്ട്ര ബിജെപിയുടെ ട്രഷററായ പ്രവർത്തിച്ചിരുന്ന ആനന്ദ് പണ്ഡിറ്റാണ്. വിവേക് ​​ഒബ്‌റോയ് നായകനായ 'പി എം നരേന്ദ്ര മോദി' എന്ന ചിത്രത്തിന്റെ നിർമാതാക്കളിലൊരാൾ കൂടിയാണ് ആനന്ദ് പണ്ഡിറ്റ്.

മമ്മൂട്ടിയും സംഘപരിവാറും;  കലയും പ്രൊപ്പഗണ്ടയും ഒരേ ത്രാസിൽ അളക്കുന്ന ജൂറി
മമ്മൂക്കയുടെ അവാർഡ് യുഗം; അമിതാഭ് ബച്ചനൊപ്പം തിളങ്ങുന്ന മലയാളത്തിന്റെ മെഗാസ്റ്റാർ

ബോക്സ് ഓഫീസിൽ വലിയ വിജയം നേടാൻ ചിത്രത്തിനു കഴിഞ്ഞില്ലെങ്കിലും, സർക്കാർ സംവിധാനങ്ങളിൽനിന്ന് മികച്ച പിന്തുണ ലഭിച്ചിരുന്നു. ഗോവയിൽ നടന്ന 55-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ (IFFI) ഉദ്ഘാടന ചിത്രമായാണ് 'സ്വാതന്ത്ര്യ വീർ സവർക്കർ' പ്രദർശനം ആരംഭിച്ചത്. തുടർന്ന് മികച്ച നടനും മികച്ച നവാഗത സംവിധായകനുമായുള്ള ഫിലിംഫെയർ നാമനിർദേശങ്ങളും രൺദീപ് ഹൂഡയ്ക്ക് ലഭിച്ചു. ഒടുവിൽ, ഇപ്പോഴിതാ മികച്ച നവാഗത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.

ശക്തമായ ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തെ ഏകപക്ഷീയമായി അവതരിപ്പിച്ചിരിക്കുന്ന ഒരു ചിത്രത്തിന് അംഗീകാരം നൽകുന്നതു വഴി, ചരിത്രത്തെ തിരുത്തിയെഴുതുന്ന സംഘപരിവാർ രാഷ്ട്രീയത്തിനു നിയമസാധുത നൽകുകയാണ് ഇത്തരം തീരുമാനങ്ങൾ ചെയ്യുന്നത്. സമീപ വർഷങ്ങളിലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പരിശോധിച്ചാൽ, സൈനിക വീരത്വം, ദേശീയ സുരക്ഷ, ഹിന്ദുത്വ ദേശീയത, ഭരണകൂടത്തിന്റെ അപ്രിയ തീരുമാനങ്ങൾ എന്നിവയെ മഹത്വവത്കരിക്കുന്ന സിനിമകൾക്ക് അസാധാരണമായ അംഗീകാരമാണു ലഭിച്ചിട്ടുള്ളത്. ഇത്തരം വിഷയങ്ങൾ സിനിമയാകുന്നതിൽ തെറ്റൊന്നുമില്ല, എന്നാൽ ഭരണകൂടത്തിന്റെ നയങ്ങളെ ചോദ്യം ചെയ്യുന്ന, ഭരണകൂട അതിക്രമങ്ങളെയും സാമൂഹിക അനീതികളെയും വിമർശിക്കുന്ന, ന്യൂനപക്ഷ ജനവിഭാഗങ്ങളുടെയോ കാഴ്ചപ്പാടിലൂടെ രാഷ്ട്രീയം അവതരിപ്പിക്കുന്ന സിനിമകൾക്ക് ഇതേ അംഗീകാരം ലഭിക്കുന്നുണ്ടോയെന്നു പരിശോധിക്കേണ്ടതുണ്ട്.

മമ്മൂട്ടിയും സംഘപരിവാറും;  കലയും പ്രൊപ്പഗണ്ടയും ഒരേ ത്രാസിൽ അളക്കുന്ന ജൂറി
ദേശീയ പുരസ്‌കാരത്തിന് തൊട്ടരികിലെത്തിയെങ്കിലും 'മഞ്ഞുമ്മൽ ബോയ്സ്' തഴയപ്പെട്ടു?; സാമ്പത്തികക്രമക്കേട് വിവാദം തിരിച്ചടിയായെന്ന് റിപ്പോർട്ട്

കലയെയും ചരിത്രത്തെയും ഭരണകൂടസ്തുതിക്കായി വിട്ടുകൊടുക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ, മമ്മൂട്ടി എന്നൊരു പേര് പുരസ്‌കാരപ്പട്ടികയിൽ കണ്ടതുകൊണ്ടു മാത്രം മലയാളികൾ മൗനം പാലിക്കരുത്. ഇന്ന് മറ്റ് ഇന്ത്യൻ ചലച്ചിത്ര വ്യവസായങ്ങൾ പോലും മാതൃകയാക്കുന്ന തരത്തിൽ വളർന്നിരിക്കുന്ന സിനിമാ സംസ്കാരമാണ് മലയാള സിനിമയുടേത്. സിനിമയെ ഒരു കലയായി കാണുന്ന പ്രേക്ഷകരും ജീവിതം മുഴുവൻ നല്ല സിനിമകൾക്കുവേണ്ടി സമർപ്പിച്ച കലാകാരന്മാരുമുള്ള ഇൻഡസ്ട്രിയാണ് മോളിവുഡ്. അത്തരമൊരു സമൂഹം, സിനിമാറ്റിക് മികവിനേക്കാൾ രാഷ്ട്രീയ പ്രചാരണത്തിന് അംഗീകാരം നൽകുന്ന പ്രവണതകൾക്കെതിരെ ശബ്ദമുയർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലെങ്കിൽ, വല്ലപ്പോഴും മാത്രം മലയാളികളുടെ പ്രതിഷേധം ശമിപ്പിക്കാൻ കേന്ദ്ര സർക്കാർ ഔദാര്യമായി നൽകുന്ന ഒന്നോ രണ്ടോ പുരസ്‌കാരങ്ങൾക്കായി വീണ്ടും പത്തോ പന്ത്രണ്ടോ വർഷം കാത്തിരിക്കേണ്ടി വരും.

ചരിത്രത്തെ തങ്ങൾക്കിഷ്ടമുള്ള രീതിയിൽ വെട്ടിത്തിരുത്തുന്ന ഭരണകൂടത്തിന്റെ രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാൻ വേണ്ടി നിർമിച്ച സിനിമയിലൂടെ നിയമസാധുത നൽകുകയും ചെയ്ത 'സ്വാതന്ത്ര്യ വീർ സവർക്കർ,' 'ആർട്ടിക്കിൾ 370' പോലുള്ള പ്രചാരണ സിനിമകൾക്കും അവയുടെ അണിയറപ്രവർത്തകർക്കുമൊപ്പം, അതേ വേദിയിലും അതേ നിരയിലുിനിന്ന് ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങേണ്ടി വരുന്നത് മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടി എന്ന കലാകാരനോട് ചെയ്യുന്ന നീതികേടാണ്. ഒരു വശത്ത് കലയുടെ സാധ്യതകൾ വികസിപ്പിച്ച്, തന്റെ അഭിനയത്തിന്റെ മികവിലൂടെ ദേശീയ അംഗീകാരം നേടിയ ഒരു നടൻ. മറുവശത്ത് ഭരണകൂടത്തിന്റെ ആഖ്യാനത്തിനനുസരിച്ച് വളച്ചൊടിച്ച സിനിമകൾ. ഈ രണ്ടിനെയും ഒരേ നിലവാരത്തിൽ കണ്ട് ആദരിക്കുന്ന ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾക്ക് അതിന്റെ മഹത്വം എന്നേ നഷ്ടപ്പെട്ടിരിക്കുന്നു.

The 71st National Film Awards have reignited debate over political influence in Indian cinema. While Mammootty won Best Actor for Bramayugam, critics question the recognition given to films like Article 370 and Swatantrya Veer Savarkar, arguing that ideological narratives are increasingly being rewarded over cinematic excellence.

Madism Digital
madismdigital.com