

നീണ്ട ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് ബ്രസീല്‍ പരിശീലകന്‍ ലോകകപ്പിനായുള്ള തന്റെ അന്തിമ പട്ടിക ഇന്ന് രാവിലെ പുറത്തുവിട്ടു. ലോകത്താകമാനമുള്ള ബ്രസീല്‍ ആരാധകരെ മുള്‍മുനയില്‍നിര്‍ത്തിയ ചോദ്യമായിരുന്നു തങ്ങളുടെ എല്ലാമെല്ലാമായ നെയ്മറെ ആന്‍സലോട്ടി ടീമില്‍ ഉള്‍പ്പെടുത്തുമോ എന്നത്. ഇന്ന് ടീമിനെ പ്രഖ്യാപിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ നെയ്മറുടെ പേര് ഉച്ചരിച്ചതുമുതല്‍ സദസ്സ് മുഴുവന്‍ ആര്‍ത്തുവിളിച്ചും കയ്യടിച്ചുമാണ് സ്വീകരിച്ചത്. 'നെയ്മര്‍ ജൂനിയര്‍, സാന്റോസില്‍ നിന്നും നേരെ ലോകകപ്പിലേക്ക്' എന്ന ആന്‍സലോട്ടിയുടെ വാക്കുകള്‍ക്കുശേഷം പ്രസ് കോണ്‍ഫറന്‍സ് ഹാള്‍ ഒന്നടങ്കം ആവേശക്കടലായി മാറി. ഒടുവില്‍ സ്‌ക്വാഡ് പ്രഖ്യാപനത്തിന്റെ ബാക്കി കാര്യങ്ങളിലേക്ക് കടക്കാന്‍വേണ്ടി ആന്‍സലോട്ടിക്ക് വാർത്താസമ്മേളനം അല്‍പ്പനേരത്തേക്ക് നിര്‍ത്തിവെക്കേണ്ടിപോലും വന്നു.
2022ലെ ഖത്തര്‍ ലോകകപ്പില്‍ ടീമിന്റെ പ്രധാന സ്‌ട്രൈക്കറായിരുന്ന റിച്ചാലിസണ്‍ പുറത്തായപ്പോള്‍ കാനറിപ്പടയുടെ വിശ്വവിഖ്യാതമായ ഒമ്പാതാംനമ്പര്‍ ജേഴ്‌സിയുമായി നറുക്ക് വീണത് കൗമാരതാരം എന്‍ഡ്രിക്കിനാണ്. ഈ സീസണിലെ പ്രീമിയര്‍ ലീഗില്‍ 15 ഗോളും 5 അസിസ്റ്റുമായി ചെല്‍സിയുടെ ടോപ് സ്‌കോററായ പെഡ്രോയെ ടീമിലുള്‍പ്പെടുത്താതതിന്റെ അങ്കലാപ്പിലാണ് ആരാധകര്‍. എസ്റ്റെവോ വില്യന്‍, സാവിഞ്ഞോ, തിയാഗോ സില്‍വ എന്നിവരും ആന്‍സലോട്ടിയുടെ ടീമില്‍ ഇടംപിടിച്ചില്ല. പരിക്കിന്റെ പിടിയിലായ റയല്‍ ഡിഫന്റര്‍ മിലിറ്റാവോ ടീമിലില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
79 ഗോളുകളുമായി ബ്രസീലിന്റെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരന്‍ സുല്‍ത്താന്‍ നെയ്മറെ മുന്‍നിര്‍ത്തിയാണ് ആന്‍സലോട്ടിയുടെ തന്ത്രങ്ങള്‍. കൂടെ തന്റെ പ്രിയപ്പെട്ട മാനസപുത്രനായ റയലിന്റെ കുന്തമുന വിനീഷ്യസ് ജൂനിയറും ബാഴ്‌സലോണയുടെ കരുത്തായ റാഫീഞ്ഞയുമാണ് എതിര്‍പോസ്റ്റുകളുടെ വല കുലുക്കാന്‍ ടീമിനെ നയിക്കുക. ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, എന്‍ഡ്രിക്, റയാന്‍, ഇഗോര്‍ തിയാഗോ, മാത്യൂസ് ഗുന്‍ഹ, ലൂയിസ് ഹെന്റികെ തുടങ്ങി ഫോര്‍വേഡിനായി എണ്ണം പറഞ്ഞ കളിക്കാരെയാണ് ആന്‍സലോട്ടി ഗോള്‍വേട്ടക്കായി തിരഞ്ഞെടുത്തിട്ടുള്ളത്.
മിഡ്ഫീല്‍ഡ് തന്ത്രജ്ഞരെ തീരുമാനിക്കുന്നതില്‍ കാര്‍ലോസ് ഹെന്റിക്കെ കാസെമിറോയെ ഉള്‍പ്പെടുത്തിയതില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നിട്ടുണ്ടാകില്ല ആന്‍സലോട്ടിക്ക്. റയലില്‍ പരസ്പരമുണ്ടായിരുന്ന വിശ്വസ്ഥത ജീവിതകാലം മുതല്‍ മറക്കാന്‍ കഴിയില്ലല്ലോ രണ്ടാള്‍ക്കും. കൂടെ ന്യൂകാസില്‍ താരം ബ്രൂണോ ഗ്വാമറായിസ്, ഫാബിഞ്ഞൊ, ഡാനിലോ, ലൂക്കാസ് പക്വെറ്റാ തുടങ്ങിയവരും ടീമുലുള്‍പ്പെട്ടിട്ടുണ്ട്.
ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടവും ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനിലിലേക്കും അനേകം ക്ലബ് കിരീടത്തിലേക്കും പിഎസ്ജിയെ നയിച്ച മാര്‍ക്കിഞ്ഞോസ് തന്നെയാകും ബ്രസീല്‍ ടീമിന്റെ മതില്‍. കൂടെ ആഴ്‌സണലിനെ ഇക്കുറി ചാമ്പ്യന്‍ ലീഗിന്റെയും പ്രീമിയര്‍ ലീഗിന്റേയും പടിവാതില്‍ക്കലെത്തിച്ച ഗബ്രിയേല്‍ മഗല്‍ഹായെസ്, യുവന്റസിന്റെ ഗ്ലെയ്‌സണ്‍ ബ്രമര്‍, ലിയോ പെരെയ്‌റ, റോജര്‍ ഇബാനസ് വെസ്ലി ഫ്രാന്‍സ, ഡാനിലോ, അലക്‌സ് സാന്‍ഡ്രോ, ഡഗ്ലസ് സാന്‍ഡോസ് തുടങ്ങിയവരും ഡിഫന്റേഴ്‌സ് ആയുണ്ട്. വലകാക്കാനായി ലിവര്‍പൂള്‍ ഇതിഹാസം അലിസണ്‍ ബെക്കറും സിറ്റിയുടെ വിശ്വസ്ഥന്‍ എഡേഴ്‌സണും വെവെര്‍ട്ടണും കൂടിയാകുമ്പോള്‍ ബ്രസീല്‍ ടീം ഭദ്രമായി. കൂടെ എക്കാലത്തെയും ഇതിഹാസ പരീശീലകരിലോരാളായ കാര്‍ലോ ആന്‍സലോട്ടിയുടെ കൗശല തന്ത്രങ്ങളും കൂടുമ്പോള്‍ ലോക ഫുട്‌ബോള്‍ കിരീടം തങ്ങള്‍ക്കുതന്നെയെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
English Summary: Carlo Ancelotti has named a strong Brazil national football team squad for the 2026 World Cup led by Neymar, Vinícius Júnior and Raphinha. Fans were shocked by the exclusions of João Pedro, Richarlison, Savinho and Thiago Silva, while injured Éder Militão also missed out. Casemiro, Bruno Guimarães and Lucas Paquetá strengthen the midfield, with Marquinhos, Gabriel Magalhães and Bremer leading the defence. With Alisson, Ederson and Weverton in goal, Brazilian fans believe Ancelotti can guide the Seleção to another world title.