കിരീടം വഴുതിവീണത് മൂന്നുതവണ; ലോകകപ്പിലെ 'ഇച്ച്' ടീമിനെ അറിയാം

1998ലെ തങ്ങളുടെ ആദ്യ ലോകകപ്പിൽതന്നെ മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് ലോകത്തെ ഞെട്ടിച്ചാണ് ക്രൊയേഷ്യ വരവറിയിച്ചത്
കിരീടം വഴുതിവീണത് മൂന്നുതവണ; ലോകകപ്പിലെ 'ഇച്ച്' ടീമിനെ അറിയാം
Published on

മൂന്നുതവണ കയ്യിൽനിന്ന് വഴുതിപ്പോയ ലോകകപ്പ് കിരീടം തിരിച്ചുപിടിക്കാനായി ലൂക്കാ മോഡ്രിച്ചും സംഘവും ഇക്കുറി ​ഗോദയിലേക്കിറങ്ങുന്നത് വ്യക്തമായ പ്ലാനോടുകൂടിയാണെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ഫൈനൽ സ്ക്വാഡ് പട്ടിക. 1998ലെ തങ്ങളുടെ ആദ്യ ലോകകപ്പിൽതന്നെ മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് ലോകത്തെ ഞെട്ടിച്ചാണ് ക്രൊയേഷ്യ വരവറിയിച്ചത്. 2018ൽ ഫൈനലിലെത്തിയപ്പോഴും 2022ൽ മറ്റൊരു മൂന്നാംസ്ഥാനത്തെത്തിയപ്പോഴും ഫുട്ബോൾ മാത്രമല്ല, സ്വാതന്ത്ര്യ സമരത്തിലും യുദ്ധത്തിലും തങ്ങൾ നേരിട്ട ‌ജീവൻമരണ പോരാട്ടത്തിന്റെ ചരിത്രം ഓരോ ക്രൊയേഷൻ താരങ്ങളുടെ കണ്ണിൽ ജ്വലിക്കുന്നുണ്ടായിരിന്നു.

ബോംബിങ്ങിലൂടെ തകർന്ന വീടുകൾ, കത്തിയമർന്ന തെരുവുകൾ, പ്രിയപ്പെട്ടവരുടെ മൃതശരീരങ്ങൾ, കിട്ടിയ വസ്തുക്കളെടുത്ത് ഓടുന്ന നെട്ടോട്ടം, ഓരോ മത്സര വിജയങ്ങളിലൂടെയും ആഘോഷങ്ങളിലൂടെയും ക്രോയേഷ്യൻ‍ താരങ്ങൾ തങ്ങളുടെ നശിച്ച ഓർമകൾ കുഴിച്ചുമൂടി. നൂറ്റാണ്ടുകളായുള്ള ഹം​ഗറി, ഓസ്ട്രിയ, ഒട്ടോമൻ സാമ്രാജ്യ ഭരണത്തിൽ ശ്വാസംനിലച്ച ക്രൊയേഷ്യൻ ജനത 1991ഓടെ മറ്റൊരു കൂട്ടക്കൊലക്കാണ് സാക്ഷ്യം വഹിച്ചത്. യുഗോസ്ലാവിയയിൽനിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനത്തിനുശേഷമുണ്ടായ യുദ്ധത്തിൽ ലക്ഷക്കണക്കിന് ജനങ്ങളാണ് അഭയാർത്ഥികളായത്. പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ​ന​ഗരങ്ങൾ ചാമ്പലാകുകയും ചെയ്തു. ക്രൊയേഷൻ ഇതിഹാസം ലൂക്കാ മോഡ്രിച്ചിന് യുദ്ധത്തിൽ മുത്തച്ഛനെ നഷ്ടപ്പെടുകയും കുടുംബത്തിന് അഭയാർത്ഥികളായി ഹോട്ടലുകളിലും മറ്റും ജീവിക്കേണ്ടിയും വന്നിട്ടുണ്ട്.

1998 മുതലുള്ള തങ്ങളുടെ സാനിധ്യത്തിനുശേഷം എപ്പോഴും ഡാർക്ക് ഹോഴ്സ് ടീമുകളുടെ ലിസ്റ്റിലാണ് ക്രൊയേഷ്യ. ഇതിനിടിയിൽ 2010 യോ​ഗ്യത നേടാതെ ലോകകപ്പിൽനിന്ന് പുറത്തുപോയെങ്കിലും 2014ൽ കൂടുതൽ ശക്തരായി തിരിച്ചുവന്നു. ജർമനി, ഹോളണ്ട്, ഇറ്റലി, അർജന്റീന, ഡെൻമാർക്ക്, ഇം​ഗ്ലണ്ട്, ബ്രസീൽ തുടങ്ങി വമ്പൻ ടീമുകളെ തോൽപിച്ചാണ് ഇക്കാലയളവിൽ ലോക റാങ്കിങ്ങിൽ 11 സ്ഥാനത്തെ ഭദ്രമാക്കിയത്. കഴിഞ്ഞ സീസണിലെ അതേ വീറും വാശിയുംകൊണ്ടാണ് കോച്ച് സ്ലാറ്റ്കോ ഡാലിച്ചും സംഘവും വരുന്നത്.

കിരീടം വഴുതിവീണത് മൂന്നുതവണ; ലോകകപ്പിലെ 'ഇച്ച്' ടീമിനെ അറിയാം
നെയ്മര്‍, വിനീഷ്യസ്, റാഫിഞ്ഞ, കോച്ചായി ആന്‍സലോട്ടിയും; ഇത്തവണ സാംബാ നൃത്തമാടാന്‍ ലോകകപ്പിന് വേറെന്തുവേണം?

ലോകകപ്പിലേക്കുള്ള 26 അം​ഗ സ്ക്വാഡിനെ കോച്ച് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. റയലിന്റെ എക്കാലത്തെയും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളും 40കാരനുമായ ലൂക്കാ മോഡ്രിച്ചിന്റെ കീഴിൽതന്നെയാണ് സ്ലാറ്റ്കോ ഡാലിച്ച് ഇത്തവണയും ടീമിനെ അണിനിരത്തുന്നത്. തന്റെ മികച്ച പാസിങ് സ്റ്റൈൽകൊണ്ടും മി‍ഡ്ഫീൽഡ് നിയന്ത്രണംകൊണ്ടും എതിരാളികൾക്ക് നിരന്തരം സമ്മർദമുണ്ടാക്കുന്ന ലൂക്കോ തന്നെയാണ് മുഖ്യ ഘടകവും. 2018ൽ ബാലൻഡിഓർ നേടിയ താരം, ഈ വർഷവും ലോകകപ്പിൽ ഉണ്ടാകുമെന്ന് നേരത്തെ പ്രവചിച്ചിരുന്നു. കൂടെ പരിചയസമ്പന്നരായ ഇവാൻ പെരിസിച്ച്, ആന്ദ്രെ ക്രാമാരിച്ച്, മാറ്റിയോ കോവാസിചും യുവതാരങ്ങളുായ ലൂക്ക സുസിച്ച്, പെറ്റർ സുസിച്ച് എന്നിവരും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഇവാൻ പെരിസിച്ച്, ആൻഡ്രെയ് ക്രമാരിച്ച്, ആന്റെ ബുദിമിർ, മാർക്കോ പാസാലിച്ച്, പീറ്റർ മുസ, ഇഗോർ മറ്റാനോവിച്ച് എന്നിവരാണ് ഫോർവേർഡിൽ കളിക്കുന്നത്. ലൂക്കാ മോഡ്രിച്ചിനൊപ്പം മാഞ്ചസ്റ്റർ സിറ്റി താരമായ മറ്റേയോ കോവാസിച്ച്, മരിയോ പസാലിച്ച്, നിക്കോള വ്ലാസിച്ച്, ലൂക്ക സുചിച്ച്, മാർട്ടിൻ ബടൂരിന, ക്രിസ്റ്റിയാൻ യാക്കിച്ച്, പീറ്റർ സുചിച്ച്, നിക്കോള മോറോ, ടോണി ഫ്രുക്ക് എന്നിവരാണ് മിഡ്ഫീൽ‍ഡ് തന്ത്രജ്ഞർ.

സിറ്റിയുടെതന്നെ വൻമതിൽ യോസ്കോ ഗ്വാർഡിയോൾ, ഡുയെ, ജോസിപ്പ് സൂട്ടാലൊ, ജോസിപ് സ്റ്റാനിസിച്ച്, മരിൻ പോഗ്രാസിച്ച്, മാർട്ടിൻ എർലിച്ച്, ലൂക്ക വുസ്കോവിച്ച് എന്നിവരും പ്രതിരോധന നിര ഭദ്രമാക്കും. ​ഗോൾകീപ്പർമാരായി ഡൊമിനിക് ലിവാക്കോവിച്ച്, ഡൊമിനിക് കോട്ടാർസ്കി, ഇവോർ പാൻതോർ എന്നിവരും സ്ഥാനം നേടിയിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ട്, പനാമ, ഘാന എന്നെ ടീമുകളെയാണ് ക്രൊയേഷ്യക്ക് നേരിടേണ്ടി വരുന്നത്.

English Summary: Croatia head into the 2026 FIFA World Cup with a strong squad led by veteran captain Luka Modrić and coach Zlatko Dalić. From the horrors of war and displacement in the 1990s, Croatia rose to become one of world football’s most respected “dark horse” teams. Since finishing third in their first World Cup in 1998, Croatia have defeated giants like Germany, Argentina, England and Brazil on football’s biggest stage. With experienced stars and talented youngsters, Croatia once again dream of finally winning the World Cup trophy in 2026.

Madism Digital
madismdigital.com