പിഎസ്ജിയുടെ കിരീടനേട്ട ആഘോഷം അക്രമത്തിലേക്ക് വഴിമാറി; ഫ്രാന്‍സില്‍ ഫുട്‌ബോള്‍ ആരാധകരും പോലീസും ഏറ്റുമുട്ടി, 416 പേര്‍ അറസ്റ്റില്‍, കനത്ത നാശനഷ്ടം

ആരാധകര്‍ പടക്കങ്ങളും ഫ്‌ളെയറുകളും കത്തിച്ചെറിഞ്ഞതിനെ തുടര്‍ന്നാണ് സംഘഷം പൊട്ടിപ്പുറപ്പെടുന്നത്
പിഎസ്ജിയുടെ കിരീടനേട്ട ആഘോഷം അക്രമത്തിലേക്ക് വഴിമാറി; ഫ്രാന്‍സില്‍ ഫുട്‌ബോള്‍ ആരാധകരും പോലീസും ഏറ്റുമുട്ടി, 416 പേര്‍ അറസ്റ്റില്‍, കനത്ത നാശനഷ്ടം
Published on

ആഴ്‌സണലിനെതിരെയുള്ള പാരീസ് സെന്റ് ജര്‍മന്റെ (പിഎസ്ജി) ചരിത്ര ചാമ്പ്യന്‍സ് ലീഗ് വിജയത്തിന് പിന്നാലെ ഫ്രാന്‍സില്‍ വ്യാപക അക്രമം. ഫുട്‌ബോള്‍ ആരാധകരും പോലീസും തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലിനെ തുടര്‍ന്ന് രാജ്യത്തുടനീളം നാനൂറിലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തു. തലസ്ഥാന നഗരമായ പാരീസിലെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ആയിരക്കണക്കിന് പോലീസുകാരെയാണ് വിന്യസിച്ചിരുന്നത്. എന്നാല്‍ സ്ഥിതിഗതികള്‍ പെട്ടെന്ന് കൈവിട്ടുപോവുകയും ബസ്, ട്രെയിന്‍, റെയില്‍ ഗതാഗത സംവിധാനങ്ങള്‍ പൂര്‍ണ്ണമായി തടസ്സപ്പെടുകയും ചെയ്തു.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പിഎസ്ജി കിരീടം ഉറപ്പിച്ചതിന് പിന്നാലെ പതിനായിരക്കണക്കിന് ആരാധകരാണ് പാരീസിലെ പ്രശസ്തമായ ഷാംപ്‌സ്-എലിസെ തെരുവിലേക്ക് ഇരച്ചെത്തിയത്. ആഘോഷങ്ങള്‍ക്കിടയില്‍ പെട്ടെന്ന് തന്നെ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുകയായിരുന്നു. ആരാധകര്‍ പടക്കങ്ങളും ഫ്‌ളെയറുകളും കത്തിച്ചെറിഞ്ഞതിനെ തുടര്‍ന്നാണ് സംഘഷം പൊട്ടിപ്പുറപ്പെടുന്നത്. സംഘര്‍ഷത്തില്‍ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. നഗരമധ്യത്തില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

ഫ്‌ളെയറുകള്‍ കത്തിക്കുന്നതും, റോഡുകളില്‍ ഇലക്ട്രിക് ബൈക്കുകള്‍ക്ക് തീയിടുന്നതും, കടകളുടെ മുന്‍വശത്തെ ഗ്ലാസ് തല്ലിത്തകര്‍ക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ ട്രോഫി പിഎസ്ജി നേടിയപ്പോഴും സമാനമായ അക്രമങ്ങള്‍ അരങ്ങേറുകയും ആഘോഷങ്ങള്‍ മരണത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ അധികൃതര്‍ കൂടുതല്‍ സജ്ജരായിരുന്നുവെന്നും ശക്തമായ സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നുവെന്നും ആഭ്യന്തര മന്ത്രി ലോറന്റ് നുനെസ് പറഞ്ഞു.

പിഎസ്ജിയുടെ കിരീടനേട്ട ആഘോഷം അക്രമത്തിലേക്ക് വഴിമാറി; ഫ്രാന്‍സില്‍ ഫുട്‌ബോള്‍ ആരാധകരും പോലീസും ഏറ്റുമുട്ടി, 416 പേര്‍ അറസ്റ്റില്‍, കനത്ത നാശനഷ്ടം
2022ലെ പോരാളികൾതന്നെ ഇത്തവണയും; ലോകകപ്പിൽ കുറഞ്ഞതൊന്നും വേണ്ടാത്ത അർ‍ജന്റീന സ്ക്വാഡ്

ഞായറാഴ്ച പുലര്‍ച്ചെയോടെ 416 പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. സംഘര്‍ഷത്തില്‍ ഏഴ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും ഇത്തരം അക്രമങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും നുനെസ് പറഞ്ഞു. അതേസമയം, സര്‍ക്കാരിന്റെ ക്രമസമാധാന പരിപാലനത്തെ വിമര്‍ശിച്ചുകൊണ്ട് തീവ്രവലതുപക്ഷ നേതാവ് മരീന്‍ ലെ പെന്‍ രംഗത്തെത്തി.

'ഒരു ഫുട്‌ബോള്‍ ക്ലബ്ബിന്റെ വിജയം കലാപത്തിന് കാരണമാകുന്നത് ഫ്രാന്‍സില്‍ മാത്രമാണ്. വിജയത്തിന്റെ അന്ന് രാത്രി അക്രമങ്ങളെ ഭയന്ന് എല്ലാവരും വീടുകളില്‍ ഒളിച്ചിരിക്കേണ്ടി വരുന്ന അവസ്ഥയുള്ളതും ഫ്രാന്‍സില്‍ മാത്രമാണ്', അവര്‍ എക്‌സില്‍ കുറിച്ചു. പിഎസ്ജി ടീമിന്റെ ഔദ്യോഗിക വിജയ ആഘോഷങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം നിശ്ചയിച്ചതുപോലെ തന്നെ നടക്കും. ഐഫല്‍ ടവറിന് സമീപമുള്ള ഷാംപ് ഡി മാര്‍സ് വഴിയുള്ള പര്യടനവും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഒരുക്കുന്ന സ്വീകരണവും ഇതില്‍ ഉള്‍പ്പെടുന്നു.

English Summary: Widespread violence erupted across France following Paris Saint-Germain’s (PSG) historic Champions League victory over Arsenal. Tens of thousands of fans gathered on Paris’s famous Champs-Elysees avenue to celebrate, but festivities quickly turned into clashes with police. Police used tear gas to disperse crowds as unrest spread through parts of the capital.

Madism Digital
madismdigital.com