വമ്പന്‍മാർ കടപുഴകി വീണപ്പോള്‍ വേട്ടക്കിറങ്ങിയ ഒറ്റയാന്‍; തെവാട്ടിയയുടെ പോരാട്ടത്തിന് അഭിനന്ദന പ്രവാഹം

സീസണില്‍ മങ്ങിയ പ്രകടനമാണ് തെവാട്ടിയ ഇതുവരെ കാഴ്ച്ചവെച്ചിരുന്നത്. നിർണായക മത്സരത്തില്‍ തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ താരത്തിന് സാധിച്ചില്ല
വമ്പന്‍മാർ കടപുഴകി വീണപ്പോള്‍ വേട്ടക്കിറങ്ങിയ ഒറ്റയാന്‍; തെവാട്ടിയയുടെ പോരാട്ടത്തിന് അഭിനന്ദന പ്രവാഹം
Published on

ഐപിഎല്‍ പ്ലേ ഓഫ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വികളിലൊന്നാണ് ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗുളൂരുവിനോട് വഴങ്ങിയത്. റണ്ണൊഴുകുന്ന പിച്ചില്‍ ആര്‍സിബി ഉയര്‍ത്തിയ 254 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് വെറും 162 റണ്‍സിന് പുറത്തായി. നായകന്‍ ശുഭ്മാന്‍ ഗില്‍ ഉള്‍പ്പെടെ ഏഴ് പേരാണ് രണ്ടക്കം കാണാതെ പുറത്തായത്. ആവോളം അവസരങ്ങള്‍ കളഞ്ഞു കുളിച്ച ഗുജറാത്തിനെ പഞ്ഞിക്കിട്ടതാകട്ടെ ആര്‍സിബി നായകന്‍ രജത് പട്ടിദാറും. വെറും 33 പന്തില്‍ 9 സിക്‌സുകളും 5 ബൗണ്ടറിയും ഉള്‍പ്പെടെ പുറത്താകാതെ 93 റണ്‍സാണ് പട്ടിദാര്‍ അടിച്ചെടുത്തത്. പട്ടിദാറിനെ തുടക്കത്തില്‍ തന്നെ പുറത്താക്കാനുള്ള രണ്ട് അവസരങ്ങള്‍ ഗുജറാത്ത് നഷ്ടപ്പെടുത്തിയിരുന്നു.

അവസാന ശ്വാസംവരെ പൊരുതി തെവാട്ടിയ

വമ്പന്‍ തോല്‍വി വഴങ്ങിയെങ്കിലും ഗുജറാത്ത് നിരയില്‍ രാഹുല്‍ തെവാട്ടിയ നേടിയ 68 റണ്‍സ് കാണാതെ പോകാനാവില്ല. ഒരു ഘട്ടത്തില്‍ 51 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയില്‍ നിന്ന് ടീമിനെ നാണക്കേടില്ലാത്തൊരു സ്‌കോറിലെത്തിക്കുന്നത് തെവാട്ടിയയാണ്. ബാറ്റര്‍മാര്‍ക്ക് അനുകൂലമായ പിച്ച് രണ്ടാം ഇന്നിങ്‌സില്‍ തിരിഞ്ഞുകുത്തിയപ്പോള്‍ പക്വമായി കളിച്ച തെവാട്ടിയ 43 പന്തില്‍ 68 റണ്‍സെടുത്തു. സിക്‌സറുകള്‍ നേടുന്നത് ശ്രമകരമാണെന്ന് മനസിലാക്കിയപ്പോള്‍ ഫോറുകളടിച്ചായിരുന്നു തെവാട്ടിയയുടെ മുന്നേറ്റം. നാലു സിക്‌സുകളും എട്ടു ഫോറുകളുമാണ് ധരംശാലയിലെ തെവാത്തിയ അടിച്ചെടുത്തത്.

തെവാട്ടിയയുടെ പക്വമായ പ്രകടനത്തിന് മറുവശത്ത് പിന്തുണ നല്‍കാന്‍ മറ്റൊരു ബാറ്ററുണ്ടായിരുന്നെങ്കില്‍ ഇന്നലെത്തെ ഫലം മറ്റൊന്നാകുമായിരുന്നു. വണ്‍ഡൗണ്‍ എത്തിയ ജോസ് ബട്‌ലറുടെ വെടിക്കെട്ട് പ്രകടനം (11 പന്തില്‍ 29 റണ്‍സ്) ആവര്‍ത്തിക്കാന്‍ വാലറ്റത്ത് ആളില്ലാതിരുന്നതും ഗുജറാത്തിന് തിരിച്ചടിയായി. ജെയ്‌സണ്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയ ഓള്‍റൗണ്ടര്‍മാരെല്ലാം സമ്പൂര്‍ണമായി പരാജയപ്പെട്ടതോടെയാണ് തെവാട്ടിയയുടെ ഒറ്റയാള്‍ പോര് ഫലം കാണാതെ പോയത്.

ഐപിഎല്‍ ചരിത്രത്തിലെ പ്ലേ ഓഫ് മത്സരങ്ങളില്‍ ഏഴാം നമ്പരിലോ അതില്‍ താഴെയോ ബാറ്റിങ്ങിനിറങ്ങി ഒരു താരം നേടുന്ന ഉയര്‍ന്ന സ്‌കോറാണ് ഇന്നലെ തെവാത്തിയ സ്വന്തം പേരില്‍ കുറിച്ചത്. 2013 ഐപിഎല്‍ ഫൈനലില്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ മഹേന്ദ്ര സിങ് ധോണി കുറിച്ച 45 പന്തില്‍ 63 റണ്‍സ് സ്‌കോര്‍ ഇതോടെ പഴങ്കഥയാവും. സീസണില്‍ മോശം ഫോം തുടരുന്ന താരത്തിന്റെ ആശ്വാസ ഇന്നിങ്‌സ് കൂടിയാണിത്. 14 മത്സരങ്ങളില്‍നിന്ന് വെറും 166 റണ്‍സ് നേടാനെ താരത്തിന് ഇതുവരെ സാധിച്ചിട്ടുള്ളു.

English Summary: Rahul Tewatia produced a brave 68-run knock for Gujarat Titans in their crushing IPL playoff defeat against RCB. While Gujarat’s batting lineup collapsed chasing 254, Tewatia’s lone battle earned praise from fans and cricket experts alike.

Madism Digital
madismdigital.com