

2026 ലോകകപ്പ് മുതൽ ഫിഫ ഗൗരവകരമായ മാറ്റങ്ങളാണ് ഫുട്ബോളിൽ നടപ്പിലാക്കുന്നത്. താരങ്ങൾ തമ്മിലുണ്ടാകുന്ന വംശീയ പരാമർശങ്ങൾക്കെതിരെയും മത്സരത്തിലെ സമയം വൈകിപ്പിക്കുന്ന പ്രവണതകൾക്കെതിരെയും കാലങ്ങളായുള്ള വിമർശനങ്ങൾക്ക് പരിഹാരമായാണ് ഫിഫയെ ഫുട്ബോളിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കാൻ പ്രേരിപ്പിച്ചത്. വേൾഡ്കപ്പിൽ 2022ൽ 32 ടീമുകളുടെ പങ്കാളിത്വം എന്നത് ഇത്തവണ 48 ടീമാക്കി ഫിഫ നേരത്തെ ഉയർത്തിയിരുന്നു.
2026 ജൂൺ 11ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പിൽ നിരവധി പുതിയ നിയമങ്ങൾ നടപ്പാക്കുമെന്ന് ഫുട്ബോളിന്റെ അന്താരാഷ്ട്ര നിയമനിർമാണ സമിതിയായ ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് (ഐഎഫ്എബി) പ്രഖ്യാപിച്ചിരുന്നു. താരങ്ങൾതമ്മിലുള്ള അധിക്ഷേപം തടയുക, സമയം കളയൽ കുറയ്ക്കുക, കളിയുടെ വേഗം വർധിപ്പിക്കുക തുടങ്ങിയവയിൽ ആണ് ഫിഫ നിയമം പ്രാബല്യത്തിലാക്കിയത്. നിയമം ലംഘിച്ചാൽ നേരിട്ട് റെഡ് കാർഡ് ലഭിക്കാവുന്ന ഗൗരവകരമായ കുറ്റമായാണ് മാറ്റങ്ങൾ കൊണ്ടുവന്നത്.
വായ മൂടി സംസാരിച്ചാൽ ചുവപ്പ് കാർഡ്
മത്സരത്തിനിടെ താരങ്ങൾ കൈകൊണ്ടോ കൈമുട്ടുകൊണ്ടോ ജേഴ്സി ഉപയോഗിച്ചോ വായ് മൂടി സംസാരിച്ചാൽ നേരിട്ട് റെഡ് കാർഡ് ലഭിക്കും. ചാമ്പ്യൻലീഗിൽ ഈ വർഷം റയൽ മാഡ്രിഡ്-ബെൻഫിക മത്സരത്തിനിടയിൽ വിനീഷ്യസ് ജൂനിയറെ വായ മൂടി റേസിസ്റ്റ് പരാമർശം നടത്തിയ അർജന്റീന താരം ജിയാൻലൂക്ക പ്രെസ്റ്റിയാനിയുടെ നടപടിക്ക് ശേഷമാണ് ഫിഫ ഇത്തരമൊരു കടുത്ത തീരുമാനമെടുത്തത്. പ്രെസ്റ്റിയാനിയെ യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻ ആറ് മത്സരത്തിൽ വിലക്ക് നൽകിയിരുന്നു. എന്നാൽ സൗഹൃദപരമായ സംഭാഷണങ്ങൾക്കായി വായ് മൂടുന്നത് ശിക്ഷാർഹമല്ല.
പ്രതിഷേധിച്ച് മൈതാനം വിട്ടാൽ റെഡ് കാർഡ്
റഫറിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് താരങ്ങൾ മൈതാനം വിട്ടുപോയാൽ നേരിട്ട് റെഡ് കാർഡ് ലഭിക്കുന്ന മറ്റൊരു കുറ്റമാണ്. താരങ്ങളെ മൈതാനം വിടാൻ പ്രേരിപ്പിക്കുന്ന പരിശീലകരോ ടീം അധികൃതരോ ഇതേ ശിക്ഷ നേരിടേണ്ടിവരും. ഇത്തരം പ്രതിഷേധത്തെ തുടർന്ന് മത്സരം ഉപേക്ഷിക്കേണ്ടി വന്നാൽ, ആ ടീം മത്സരം പരാജയപ്പെട്ടതായി കണക്കാക്കും. ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ മൊറോക്കോയ്ക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റിയിൽ പ്രതിഷേധിച്ച് സെനഗൽ താരങ്ങൾ മൈതാനം വിട്ട സംഭവത്തെ തുടർന്നാണ് നിയമം കർശനമാക്കിയത്.
ത്രോ-ഇന്നിനും ഗോൾകിക്കിനും അഞ്ച് സെക്കൻഡ് കൗണ്ട്ഡൗൺ
ത്രോ സമയങ്ങളിലും ഗോൾകിക്കിലൂടെയും താരങ്ങൾ സമയം കളയുന്നത് തടയാൻ റഫറിമാർ ഇനി അഞ്ച് സെക്കൻഡ് ദൃശ്യ കൗണ്ട്ഡൗൺ നടത്തും. ത്രോ-ഇന്നിൽ അഞ്ച് സെക്കൻഡിനുള്ളിൽ ബോൾ എറിഞ്ഞില്ലെങ്കിൽ എതിർ ടീമിന് ത്രോ ഇൻ ലഭിക്കും. ഗോളി അഞ്ച് സെക്കന്റിൽകൂടുതൽ ഗോൾകിക്ക് എടുത്തില്ലെങ്കിൽ എതിർടീമിന് കോർണർ കിക്ക് അനുവദിക്കും എന്നതാണ് പുതിക്കിയ നിയമം.
സബ്സ്റ്റിറ്റ്യൂഷൻ
സബ്സ്റ്റിറ്റ്യൂഷൻ ബോർഡ് ഉയർത്തിക്കാണിച്ചതിന് ശേഷം കളം വിടുന്ന താരത്തിന് 10 സെക്കൻഡ് മാത്രമാണ് അനുവദിക്കുക. താരം ഏറ്റവും അടുത്ത ബൗണ്ടറി ലൈനിലൂടെ പുറത്തുപോകണം. 10 സെക്കൻഡിനുള്ളിൽ താരം കളം വിടാത്ത പക്ഷം പകരക്കാരന് ഉടൻ പ്രവേശിക്കാൻ സാധിക്കില്ല. കളി പുനരാരംഭിച്ച് ഒരു മിനിറ്റ് കഴിഞ്ഞ് അടുത്ത സ്റ്റോപ്പേജിൽ മാത്രമേ പകരക്കാരനെ ഇറക്കാൻ കഴിയൂ. എന്നാൽ പരിക്കുകൾ, സുരക്ഷാ പ്രശ്നങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ ഇളവ് അനുവദിക്കും.
മെഡിക്കൽ ഇഞ്ച്യുറി
ഗോൾകീപ്പറെ ഒഴികെയുള്ള താരത്തിന് മൈതാനത്ത് ചികിത്സ നൽകാൻ മെഡിക്കൽ സംഘം പ്രവേശിച്ചാൽ കളി പുനരാരംഭിച്ചതിന് ശേഷം ഒരു മിനിറ്റ് താരം പുറത്തിരിക്കണം. ഗോൾകീപ്പർക്ക് പരിക്ക്, ഗോൾകീപ്പറും ഔട്ട്ഫീൽഡ് താരവും തമ്മിലുള്ള കൂട്ടിയിടി, ഒരേ ടീമിലെ താരങ്ങൾ തമ്മിലുള്ള കൂട്ടിയിടി, ഗുരുതര പരിക്കുകൾ, പെനാൽറ്റി എടുക്കാനിരിക്കുന്ന താരത്തിന് പരിക്ക് സംഭവിക്കുക എന്നീ സാഹചര്യങ്ങളിൽ ഈ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
VARന് കൂടുതൽ അധികാരം
താരങ്ങളെ രണ്ടാമത്തെ മഞ്ഞക്കാർഡ് നൽകി തെറ്റായി പുറത്താക്കിയാൽ VAR ഇടപെടാം. റഫറിക്ക് ആളുമാറി മഞ്ഞക്കാർഡ് കൊടുത്താലും തെറ്റായി അനുവദിച്ച കോർണറിനും കോർണറിനോ ഫ്രീകിക്കിനോ മുമ്പ് കളി തുടരുന്നതിനുമുമ്പ് ഫൗൾ നടന്നാലും VAR പരിശോധിക്കും.
ഹൈഡ്രേഷൻ ബ്രേക്ക്
ഇനി എല്ലാ മത്സരങ്ങളിലും ഓരോ പകുതിയിലും മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഹൈഡ്രേഷൻ ബ്രേക്ക് ഉണ്ടാകും. സാധാരണയായി 22ാം മിനിറ്റോടെയാണ് ഇടവേള നിശ്ചയിച്ചിട്ടുള്ളതെങ്കിലും റഫറിക്ക് സമയത്തിൽ ഇളവ് നൽകാൻ കഴിയും.
ഗോൾകീപ്പർക്ക് ചികിത്സ ലഭിക്കുമ്പോൾ ടൈംഔട്ട് അനുവദിക്കില്ല
ഗോൾകീപ്പർ മൈതാനത്ത് ചികിത്സ സ്വീകരിക്കുമ്പോൾ ഇരു ടീമുകളിലെയും താരങ്ങൾക്ക് മൈതാനം വിട്ട് പരിശീലകരുമായി പ്രത്യേക ചർച്ച നടത്താൻ അനുവാദമുണ്ടാകില്ല. ടീം ടൈംഔട്ട് രീതിയിലുള്ള ഇടവേളകൾ ഒഴിവാക്കാനാണ് ഈ തീരുമാനം.
English Summary: FIFA will introduce several major rule changes at the 2026 World Cup to reduce time-wasting and improve discipline on the field. Players who cover their mouths during confrontations or leave the pitch in protest can now be shown a red card. New regulations include five-second countdowns for throw-ins and goal kicks, stricter substitution rules and expanded VAR powers. Mandatory hydration breaks will also be introduced in every half of all matches