

പെനൽറ്റി മിസ്സാക്കുകയെന്നത് ഫുട്ബോളിൽ സാധാരണ സംഭവമാണ്. യുവതാരങ്ങൾമുതൽ ഇതിഹാസ താരങ്ങൾവരെ പെനൽറ്റി നഷ്ടപ്പെടുത്തിയിടുണ്ട്. എന്നാൽ ഫൈനൽ മത്സരത്തിലെ ചില പെനൽറ്റികൾ മിസ്സായതിലൂടെ ടീമിന് കിരീടം നഷ്ടപ്പെട്ട സംഭവങ്ങൾ ചരിത്രത്തിൽ ഒരുപാടുണ്ട്. ലോകകപ്പ്, ചാമ്പ്യൻസ് ലീഗ്, യൂറോകപ്പ് തുടങ്ങി എല്ലാ മേജർ മത്സരങ്ങളിലും ഇത്തരം പെനൽറ്റി നഷ്ടപ്പെടലുകൾ ഉണ്ടായിട്ടുണ്ട്.
1-
റോബർട്ടോ ബാജിയോ (1994 ലോകകപ്പ് ഫൈനൽ, ഇറ്റലി VS ബ്രസീൽ)
ഇറ്റലിയെ ഫൈനലിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച റോബർട്ടോ ബാജിയോയായിരുന്നു അവസാനത്തെ നിർണായക പെനാൽറ്റി എടുക്കാൻ എത്തിയത്. ബാറിന് മുകളിലൂടെ പുറത്തേക്ക് പോയ ബാജിയോയുടെ കിക്കിലൂടെ പിറന്നത് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും സങ്കടകരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു. ബ്രസീൽ 3–2 ന് ഷൂട്ടൗട്ടിൽ വിജയിച്ച് ലോകകപ്പ് സ്വന്തമാക്കുകയും ചെയ്തു.
2-
ജോൺ ടെറി (2008 ചാമ്പ്യൻസ് ലീഗ് ഫൈനൽ, ചെൽസി VS മാഞ്ചസ്റ്റർ യുണൈറ്റഡ്)
മോസ്കോയിലെ കനത്ത മഴയിൽ നനഞ്ഞ മൈതാനത്ത് പെനൽറ്റി കിക്ക് എടുക്കുന്നതിനിടെ ടെറി തെന്നിവീഴുകയും പന്ത് പോസ്റ്റിൽ തട്ടി പുറത്തുപോവുകയും ചെയ്തു. സഡൻ ഡെത്തിലേക്ക് നീണ്ട മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 6–5 ന് വിജയിച്ചു. ചെൽസി ക്യാപ്റ്റൻകൂടിയായിരുന്നു ജോൺ ടെറി
3-
ലയണൽ മെസ്സി (2016 കോപ്പ അമേരിക്ക ഫൈനൽ, അർജന്റീന VS ചിലി)
90 മിനുറ്റും അധിക സമയവും കഴിഞ്ഞ് ഇരുടീമുകളും ഗോൾ നേടാത്തതിനെ തുടർന്നായിരുന്നു മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. അർജന്റീനയ്ക്കുവേണ്ടി ആദ്യ കിക്കെടുത്ത ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ ഷോട്ട് ക്രോസ്സ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. അർജന്റീന 4–2 ന് ഷൂട്ടൗട്ടിൽ പരാജയപ്പെട്ടു. ഈ തോൽവിയെത്തുടർന്ന് മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് താൽക്കാലികമായി വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
4-
കിംഗ്സ്ലി കോമാൻ, ഔറേലിയൻ ചൗവാമേനി (2022 ലോകകപ്പ് ഫൈനൽ, ഫ്രാൻസ് VS അർജന്റീന)
ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനലുകളിൽ ഒന്നിൽ ഇരുടീമുകളും 3–3 ന് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് മാറിയത്. ഫ്രഞ്ച് താരം കോമാന്റെ കിക്ക് അർജന്റീന ഗോൾകീപ്പർ എമി മാർട്ടിനെസ് തടുത്തു. തുടർന്ന് വന്ന ചൗവാമേനിയുടെ കിക്ക് പോസ്റ്റിന് പുറത്തേക്ക് പോകുകയും ചെയ്തു. പെനാൽറ്റികൾ എല്ലാം ലക്ഷ്യത്തിലെത്തിച്ച് അർജന്റീന 4–2 ന് ഷൂട്ടൗട്ടിൽ വിജയിച്ച് ലോകകിരീടം നേടി.
5-
ഗബ്രിയേൽ മഗല്യായിസ് (2026 ചാമ്പ്യൻസ് ലീഗ് ഫൈനൽ, ആഴ്സണൽ VS പി.എസ്.ജി)
ഇന്നലെ നടന്ന ആവേശകരമായ ചാമ്പ്യൻ ലീഗ് ഫൈനലിൽ ആഴ്സണലും പിഎസ്ജിയും 1-1 ന് സമനിലയിലായതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ആഴ്സണൽ ഡിഫൻഡർ ഗബ്രിയേൽ മഗൽഹീസിന്റെ കിക്ക് ബാറിന് മുകളിലൂടെ പറന്നു. പിഎസ്ജി 4-3 ന് ഷൂട്ടൗട്ടിൽ വിജയിച്ച് ചാമ്പ്യൻസ് ലീഗ് കിരീടം നിലനിർത്തി.
6-
ബുകയോ സാക്ക (യൂറോ കപ്പ് 2020 ഫൈനൽ, ഇംഗ്ലണ്ട് VS ഇറ്റലി)
വെംബ്ലിയിൽ നടന്ന ഫൈനലിൽ ഇംഗ്ലണ്ടിന്റെ അവസാന പെനാൽറ്റിയെടുത്തത് യുവതാരം ബുകയോ സാക്കയായിരുന്നു. എന്നാൽ ഇറ്റാലിയൻ ഗോൾകീപ്പർ ഡൊണ്ണറുമ്മ ബോൾ സേവ് ചെയ്യുകയായിരുന്നു. ഇറ്റലി യൂറോ കിരീടം നേടി.
7-
ഡേവിഡ് ട്രെസഗെ (2006 ലോകകപ്പ് ഫൈനൽ, ഇറ്റലി VS ഫ്രാൻസ്)
ഇറ്റലിക്കെതിരായ ഷൂട്ടൗട്ടിൽ ഫ്രാൻസിനായി എടുത്ത ട്രെസഗെയുടെ പെനാൽറ്റി ക്രോസ്‌ബാറിൽ തട്ടി തിരിച്ചുവന്നു. അതാണ് ഫൈനലിലെ നിർണായക നിമിഷമായി മാറിയത്. ഇറ്റലി ലോകകപ്പ് ഉയർത്തിയപ്പോൾ ഫ്രാൻസിന് നിരാശയായിരുന്നു ഫലം.
English Summary: Missing a penalty is a common occurrence in football, affecting everyone from young players to legendary stars. However, history has seen several instances where missed penalties in major finals cost teams prestigious titles, including in the World Cup, Champions League, and European Championship