ബോൺമൗത്തിനെ യൂറോപ്പ ലീഗിലെത്തിച്ച ആൻഡോണി ഇരയോള; പുതിയ പരിശീലകനിൽ യുർ​ഗൻ ക്ലോപ്പിനെ സ്വപ്നം കാണുന്ന ലിവർപൂൾ

മൂന്ന് വർഷത്തെ കരാറിൽ ക്ലബിലെത്തുന്ന ഇരയോള ജൂലൈ ഒന്നോടെ ലിവർപൂളിൽ ജോയിൻ ചെയ്യും
ബോൺമൗത്തിനെ യൂറോപ്പ ലീഗിലെത്തിച്ച ആൻഡോണി ഇരയോള; പുതിയ പരിശീലകനിൽ യുർ​ഗൻ ക്ലോപ്പിനെ സ്വപ്നം കാണുന്ന ലിവർപൂൾ
Published on

ടീമിന്റെ പരിശീലകനായി ചാർജെടുത്ത സീസണിൽതന്നെ ക്ലബിന് പ്രീമിയർ ലീ​ഗ് കിരീടം നേടിക്കൊടുത്ത ആർനെ സ്ലോട്ടിനെ ലിവർപൂൾ കഴിഞ്ഞ ആഴ്ച്ച പുറത്താക്കിയിരുന്നു. ക്ലബിന്റെ ഇതിഹാസ കോച്ചായ ക്ലോപ്പിനുമുമ്പുണ്ടായിരുന്ന ബ്രെൻഡൻ റോഡ്ജേഴ്സിന്, ഉടമകളായ ഫെൻവെ സ്പോർട് ​ഗ്രൂപ്പ് വീണ്ടും അവസരം നൽകിയതുപോലെ സ്ലോട്ടിന് ഒരവസരവും നൽകും എന്ന് നിരീക്ഷകർ വിലയിരുത്തിയിരുന്നു. എന്നാൽ ചാമ്പ്യൻസ് ലീ​ഗിലെ ദയനീയ പരാജയവും പ്രീമിയർ ലീ​ഗിൽ അഞ്ചാം സ്ഥാനത്തെ കഷ്ടിച്ചു രക്ഷപ്പെടലിനെ തുടർന്ന് സ്ലോട്ടിന് അവസരം തെറിച്ചു. ലിവർപൂളിനോട് വിടപറഞ്ഞ ഇതിഹാസം സലാഹ് സ്ലോട്ടുമായി അവസാന സമയത്ത് അത്ര നല്ല രസത്തിലല്ലായിരുന്നു.

സ്ലോട്ടിനുശേഷം പരിശീലക സ്ഥാനത്തേക്ക് ലിവർപൂൾ പരീക്ഷിക്കുന്നത് സ്പെയിൻകാരനായ ആൻഡോണി ഇരയോളയെയാണ്. മൂന്ന് വർഷത്തെ കരാറിൽ ക്ലബിലെത്തുന്ന ഇരയോള ജൂലൈ ഒന്നോടെ ജോയിൻ ചെയ്യും. എന്നാൽ പരിശീലന കരിയറിൽ 10 വർഷത്തിന് താഴെ മാത്രം പരിചയമുള്ള ഇരയോളയെ ലിവർപൂൾപോലുള്ള മേജർ ക്ലബിലേക്കെത്തിക്കുന്നതിൽ ആരാധകർ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. പരിശീലക കരിയറിൽ ഒരു മേജർ കിരീടംപോലും ഇല്ലാത്ത കോച്ചെന്നാണ് ആളുകൾ വിലയിരുത്തുന്നത്. 43 കാരനായ ഇരയാേള, കരിയറിൽ 12 വർഷം സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റിക് ബിൽബാവോയുടെ റൈറ്റ് ബാക്കായിരുന്നു. കരിയറിന്റെ അവസാന ഘട്ടത്തിൽ അമേരിക്കൻ ക്ലബ്ബായ ന്യൂയോർക്ക് സിറ്റിക്ക് വേണ്ടിയും കളിച്ചു. സ്പെയിൻ ദേശീയ ടീമിനുവേണ്ടി 7 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.

2018 ഓടെയാണ് ഇരയോള പരിശീലക കുപ്പായം ധരിക്കുന്നത്. സൈപ്രസ് ക്ലബ്ബായ എ ഇ കെ ലാർനാകയെയാണ് ആദ്യം പരിശീലിപ്പിച്ചത്. തുടർന്ന് സ്പെയിനിലെ മിരാൻഡെസ്, റായോ വല്ലക്കാനോ എന്നീ ക്ലബ്ബുകളെയും നയിച്ചിട്ടുണ്ട്. എന്നാൽ 2023ൽ പ്രീമിയർ ലീ​ഗ് ക്ലബായ ബോൺമൗത്തിൽ ജോയിൻ ചെയതതോടെയാണ് ഇരയോളയെ ലോകം ശ്രദ്ധിക്കാൻ തുടങ്ങുന്നത്. പരിമിതമായ സാഹചര്യങ്ങളിലും ക്ലബ്ബിനെ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ അവരുടെ ഏറ്റവും മികച്ച സ്ഥാനമായ ആറാം സ്ഥാനത്ത് എത്തിക്കാൻ ഈ സീസണിൽ അദ്ദേഹത്തിന് സാധിച്ചു. കൂടാതെ ക്ലബ്ബിന്റെ ചരിത്രത്തിലാദ്യമായി യൂറോപ്പ ലീഗ് യോഗ്യതയും നേടിക്കൊടുത്തു.

ബോൺമൗത്തിനെ യൂറോപ്പ ലീഗിലെത്തിച്ച ആൻഡോണി ഇരയോള; പുതിയ പരിശീലകനിൽ യുർ​ഗൻ ക്ലോപ്പിനെ സ്വപ്നം കാണുന്ന ലിവർപൂൾ
ബാക്ക് ടു ബാക്ക് ചാമ്പ്യൻസ് ലീ​ഗ്; പോവുന്നിടം പൊന്ന് വിളയിക്കുന്ന ലൂയിസ് എന്റിക്

തന്റെ മുൻ കോച്ചും പ്രശസ്ത പരിശീലകനുമായ മാർസെലോ ബിയൽസയുടെ ശൈലിയാണ് ഇരയോളയുടേത്. സ്പാനിഷ് ശൈലിയിലെ മടുപ്പിക്കുന്ന 'സ്ലോ പൊസഷൻ' ഫുട്ബോളിന് പകരം 'ഹെവി മെറ്റൽ' ഫുട്ബോളാണ് അദ്ദേഹം കളിക്കളത്തിൽ നടപ്പിലാക്കുന്നത്. 4-2-3-1 എന്ന ഫോർമേഷൻ പിന്തുടരുന്ന ശൈലി, ബോൾ കൈവശമുള്ളപ്പോൾ 3-2-5 എന്ന അറ്റാക്കിങ് രീതിയിലേക്ക് മാറുന്നതാണ് പ്രധാന ടാക്റ്റിക്സ്. എതിർടീമിന്റെ പോസ്റ്റിനടുത്തുവെച്ചുതന്നെ ​ഗോൾ തട്ടിയെടുക്കാനായി ഹൈ-ഇന്റൻസിറ്റി പ്രസ്സിങ് ഇരയോളയുടെ രീതിയാണ്. ഇതിനായി താരങ്ങൾ നിരന്തരം ഓടുകയും എതിരാളികളെ സമ്മർദ്ദത്തിലാക്കുകയും വേണം. കൗണ്ടർ അറ്റാക്കിൽ പന്ത് അതിവേ​ഗം സ്ട്രൈക്കർക്ക് കൈമാറി പോസ്റ്റിലേക്ക് എത്തിക്കാനും താരങ്ങളിൽ സമ്മർദം ചെലുത്തും. ബോൺമൗത്ത് ഇത്തരത്തിൽ ഫാസ്റ്റ് ബ്രേക്കുകളിലൂടെയാണ് കൂടുതൽ ഗോളുകളും നേടിയിട്ടുള്ളത്.

മുൻ പരിശീലകൻ യുർഗൻ ക്ലോപ്പിന്റെ ഹൈ-പ്രസ്സിങ്, ഹെവി മെറ്റൽ ഫുട്ബോൾ ശൈലിയുമായി ഏറ്റവും കൂടുതൽ ഒത്തുപോകുന്ന കളിശൈലിയാണ് ഇരയോളയുടേതെന്നതാണ് ലിവർപൂൾ മുഖ്യമായും നിരീക്ഷിച്ചത്. ബോൺമൗത്തുമായുള്ള കരാർ അവസാനിച്ചതിനാൽ ഫ്രീ ഏജന്റ് ആയിട്ടാണ് അദ്ദേഹം വരുന്നത്. അതുകൊണ്ട് ലിവർപൂളിന് ബോൺമൗത്തിന് വലിയ നഷ്ടപരിഹാര തുകയൊന്നും നൽകേണ്ടി വന്നിട്ടില്ല. ബോൺമൗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടിരുന്ന 10 മില്യൺ പൗണ്ട് വാർഷിക ശമ്പളം നൽകാൻ ലിവർപൂൾ തയ്യാറായിട്ടുണ്ട്.

English Summary: Liverpool have appointed Andoni Iraola as their new head coach following the departure of Arne Slot. The Spaniard earned recognition after leading Bournemouth to their best-ever Premier League finish and first European qualification. Known for his high-intensity pressing and attacking style, Iraola's tactics closely resemble Jürgen Klopp's "heavy metal football." Liverpool believe the 43-year-old can usher in a new era at Anfield despite having no major managerial trophies.

Madism Digital
madismdigital.com