യുവേഫ സൂപ്പർ കപ്പ്; ആസ്റ്റൺ വില്ലയെ വീഴ്ത്തി പിഎസ്ജിക്ക് തുടർച്ചയായ രണ്ടാം കിരീടം

45-ാം മിനിറ്റിൽ പതിനേഴുകാരനായ ബ്രയാൻ മാഡ്ജോയാണ് വില്ലയ്ക്കായി വലകുലുക്കിയത്.
യുവേഫ സൂപ്പർ കപ്പ്; ആസ്റ്റൺ വില്ലയെ വീഴ്ത്തി പിഎസ്ജിക്ക് തുടർച്ചയായ രണ്ടാം കിരീടം
Published on

ഓസ്ട്രിയയിലെ സാൽസ്ബർ​ഗിലുള്ള റെഡ് ബുൾ അരീനയിൽ നടന്ന ആവേശകരമായ യുവേഫ സൂപ്പർ കപ്പ് 2026 ഫൈനലിൽ ഇം​ഗ്ലീഷ് ക്ലബ്ബായ ആസ്റ്റൺ വില്ലയെ പരാജയപ്പെടുത്തി പിഎസ്‍ജി കിരീടം നിലനിർത്തി. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് ഫ്രഞ്ച് വമ്പന്മാരായ പിഎസ്‍ജിയുടെ വിജയം. കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീ​ഗ് ജേതാക്കളായ പിഎസ്‍ജിയും യൂറോപ്പ ലീ​ഗ് ജേതാക്കളായ ആസ്റ്റൺ വില്ലയും തമ്മിൽ നടന്ന പോരാട്ടം തുടക്കം മുതൽ തന്നെ ആവേശം നിറഞ്ഞതായിരുന്നു.

മത്സരത്തിന്റെ ഇരുപതാം മിനിറ്റിൽ തന്നെ സൂപ്പർതാരം ഖ്വിച്ച ക്വാററ്റ്സ്ഖെലിയയിലൂടെ പിഎസ്‍ജി ആദ്യ ​ഗോൾ നേടി. ആസ്റ്റൺ വില്ലയുടെ പ്രതിരോധ നിരയെ വിദ​ഗ്ധമായി കബളിപ്പിച്ച് താരം നേടിയ തകർപ്പൻ ​ഗോൾ പിഎസ്‍ജിക്ക് മികച്ച തുടക്കം നൽകി. എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറാവാതിരുന്ന ആസ്റ്റൺ വില്ല ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് സമനില പിടിച്ചു. 45-ാം മിനിറ്റിൽ പതിനേഴുകാരനായ ബ്രയാൻ മാഡ്ജോയാണ് വില്ലയ്ക്കായി വലകുലുക്കിയത്. ജോൺ മക്ഗിന്നിന്റെ പാസിൽ നിന്നുമാണ് മാഡ്ജോ ഗോൾ കണ്ടെത്തിയത്. ഇതോടെ യുവേഫ സൂപ്പർ കപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ചരിത്രനേട്ടം ബ്രയാൻ മാഡ്ജോ സ്വന്തമാക്കി.

യുവേഫ സൂപ്പർ കപ്പ്; ആസ്റ്റൺ വില്ലയെ വീഴ്ത്തി പിഎസ്ജിക്ക് തുടർച്ചയായ രണ്ടാം കിരീടം
'അച്ഛനില്ലാതെ എങ്ങനെ മുന്നോട്ട് പോകണമെന്ന് അറിയില്ല, കളി തുടരുന്ന കാര്യത്തിൽ സംശയമുണ്ട്'; വൈകാരിക കുറിപ്പുമായി മെസ്സി

രണ്ടാം പകുതിയിൽ ഇരുടീമുകളും വിജയത്തിനായി കടുത്ത പോരാട്ടം കാഴ്ചവെച്ചു. എന്നാൽ അറുപത്തിയൊന്നാം മിനിറ്റിൽ പിഎസ്‍ജി വീണ്ടും ലീഡ് നേടി. ഫ്രഞ്ച് താരം ഡെസിറെ ഡൂയേയാണ് വിജയഗോൾ സ്വന്തമാക്കിയത്. ആദ്യം ഓഫ് സൈഡ് എന്ന് സംശയിച്ചെങ്കിലും വാർ പരിശോധനയിലൂടെ റഫറി ഗോൾ അനുവദിക്കുകയായിരുന്നു. പിന്നീട് സമനില ഗോൾ നേടാൻ ആസ്റ്റൺ വില്ല പരമാവധി ശ്രമിച്ചെങ്കിലും പിഎസ്ജിയുടെ ശക്തമായ പ്രതിരോധം വിലങ്ങുതടിയായി മാറി. ലൂയിസ് എൻറിക്കെയുടെ പരിശീലനത്തിന് കീഴിലിറങ്ങിയ പിഎസ്ജി, ഇതോടെ തുടർച്ചയായ രണ്ടാം വർഷവും കിരീടം നേടുന്ന എ സി മിലാൻ, റയൽ മാഡ്രിഡ് തുടങ്ങിയ പ്രമുഖ ക്ലബ്ബുകളുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ്.

അതേസമയം, 1982-ന് ശേഷം അതായത് 44 വർഷങ്ങൾക്ക് ശേഷം ആദ്യമായി സൂപ്പർ കപ്പ് കളിക്കാൻ ഇറങ്ങിയ ആസ്റ്റൺ വില്ലയ്ക്കും അവരുടെ പരിശീലകൻ ഉനൈ എമെറിക്കും ഈ പരാജയം വലിയ നിരാശയാണ് നൽകിയത്.

അതിനിടെ, ലോകകപ്പിന് ശേഷം കളിക്കാർക്ക് മതിയായ വിശ്രമവും പരിശീലനവും ലഭിക്കാത്തതിൽ പിഎസ്ജി പരിശീലകൻ ലൂയിസ് എൻറിക്കെ മത്സരത്തിന് മുൻപ് കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. സ്പെയിനിനൊപ്പം ലോകകപ്പ് നേടിയ ഫാബിയാൻ റൂയിസ് ഉൾപ്പെടെ 15 പിഎസ്ജി താരങ്ങളാണ് അടുത്തിടെ അവസാനിച്ച ലോകകപ്പിൽ പങ്കെടുത്തത്. അതുകൊണ്ട് തന്നെ മികച്ച നിലവാരത്തിലുള്ള ഒരു പ്രകടനം ടീമിൽ നിന്നും പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കൂടാതെ, മത്സരത്തിന് മുൻപ് റെഡ് ബുൾ അരീനയിലെ ഡ്രസ്സിങ് റൂമുമായി ബന്ധപ്പെട്ടും ചില അസ്വാരസ്യങ്ങൾ ഉണ്ടായി. ആസ്റ്റൺ വില്ലയ്ക്ക് ഹോം ഡ്രസ്സിങ് റൂമും പിഎസ്ജിക്ക് ചെറിയ എവേ ഡ്രസ്സിങ് റൂമുമാണ് അനുവദിച്ചിരുന്നത്. എന്നാൽ നിലവിലെ ചാമ്പ്യന്മാരായ തങ്ങൾക്ക് വില്ലയ്ക്ക് ലഭിച്ചതിനേക്കാൾ ചെറിയ ഡ്രസ്സിങ് റൂം ലഭിച്ചതിൽ പിഎസ്ജി അധികൃതർ യുവേഫയെ അതൃപ്തി അറിയിക്കുകയും, തുടർന്ന് അവർക്ക് മാച്ച് ഒഫീഷ്യലുകൾക്ക് നൽകുന്ന മുറി കൂടി അധികമായി അനുവദിക്കുകയും ചെയ്തു.

Summary

Paris Saint-Germain (PSG) successfully retained the UEFA Super Cup by defeating Aston Villa 2-1 in a thrilling final held at the Red Bull Arena in Salzburg. Khvicha Kvaratskhelia opened the scoring for PSG in the 20th minute. Aston Villa fought back with a historic equalizer from 17-year-old Bryan Madjo just before half-time. However, PSG's Desire Doue sealed the victory with a crucial goal in the 61st minute after a VAR review. The match was also preceded by controversies over dressing room allocations and PSG manager Luis Enrique's concerns regarding player fatigue post-World Cup.

Madism Digital
madismdigital.com