

കൗതുകങ്ങൾ നിറഞ്ഞൊരു ആഘോഷപ്പൊലിയമാണ് എല്ലാ കാലവും ഫിഫ വേൾഡ്കപ്പ് ലോകത്തിന് സമ്മാനിക്കാറുള്ളത്. പല രാജ്യങ്ങൾ, പല സംസ്കാരങ്ങൾ, ഫുട്ബോൾ പോരാട്ട വീര്യങ്ങൾ, തയ്യാറാടുപ്പുകൾ, വാക്ക് യുദ്ധങ്ങൾ, ആരോപണ പ്രത്യാരോപണങ്ങൾ അങ്ങനെ അവസാനിക്കാത്ത ആഘോഷ ആരവങ്ങളോടെയാണ് ലോകകപ്പിനെ ആരാധകരും ടീമുകളും നെഞ്ചിലേറ്റാറുള്ളത്.
അമേരിക്കയിലും മെക്സികോയിലും കാനഡയിലുമായി നടക്കുന്ന 2026 ലോകകപ്പിന് പക്ഷെ, കൗതുകങ്ങൾക്കുപ്പുറത്ത് അൽപം ആശങ്കയും പങ്കുവെക്കാനുണ്ട്. അമേരിക്കൻ വേൾഡ്കപ്പിലെ കൗതുകങ്ങളും ആശങ്കകളും നമുക്കൊന്ന് പരിശോധിക്കാം.
ലോകകപ്പിലെ ഉദ്ഘാടന മത്സരം നടക്കുന്ന മെക്സിക്കോയിലെ എസ്റ്റാഡിയോ ആസ്ടെക്ക സ്റ്റേഡിയം 2026ഓടെ ചരിത്രത്തിലേക്ക് നടന്നടുക്കുകയാണ്. ചരിത്രത്തിലാധ്യമായി മൂന്ന് ലോകകപ്പുകള്‍ക്ക് ആതിധേയം വഹിക്കുന്ന ബഹുമിതിയാണ് മെക്‌സിക്കന്‍ സിറ്റി സ്റ്റേഡിയത്തിനെ തേടിയെത്തുന്നത്. സ്റ്റേഡിയത്തിന്റെ പേര് അറിയാത്തവർക്ക് ചില സംഭവങ്ങൾ പക്ഷെ മറക്കാൻ വഴിയില്ല. ഫുട്ബോൾ ഇതിഹാസം സാക്ഷാൽ പെലെ തന്റെ കരിയറിലെ അവസാന ലോകകപ്പിൽ പന്തുതട്ടിയതും ബ്രസീലിയൻ മണ്ണിലേക്ക് തന്റെ മൂന്നാം ലോകകപ്പ് എത്തിക്കുന്നതും ഈ സ്റ്റേഡിയത്തിലെ പോരാട്ടിത്തിലൂടെയാണ്. മത്സരശേഷം ആരാധകർ പെലെയെ തോളിലേറ്റി സ്റ്റേഡിയം വലയംവെച്ച കാഴ്ച്ചകൾ ഇന്നും ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിലൊന്നാണ്.
ഫുട്ബോൾ ദൈവം ഡിയാഗോ അർമാന്റോ മറഡോണയുടെ വിശ്വവിഖ്യാതമായ ദൈവത്തിന്റെ കൈ പിറന്നതും ഇതേ സ്റ്റേഡിയത്തിലാണ്. ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ആ വിവാദ ഗോൾ പിറന്നത്. എന്നാൽ തൊട്ടടുത്ത സമയംതന്നെ സ്വന്തം ഹാഫിൽനിന്ന് ബാേളുമായി കുതിച്ച മറഡോണ 5 ഇംഗ്ലണ്ട് കളിക്കാരെയും ഗോള്‍കീപ്പറെയും വെട്ടിച്ച് അതിമനോഹരമായ മറ്റൊരു ഗോൾകൂടി നേടുകയുണ്ടായി. ഇതായിരുന്നു പിന്നീട് നൂറ്റാണ്ടിന്റെ ഗോള്‍ ആയി ഫിഫ തെരഞ്ഞെടുത്തത്.
2026 ലോകകപ്പിൽ ഫിഫ കർശനമായി നടപ്പിലാക്കുന്ന പുതിയ നിയമമാണ് മൗത്ത് കവറിങ് റെഡ്കാർഡ് റൂൾ. കളിക്കാരോ ഒഫീഷ്യലുകളോ എതിർ താരങ്ങളോട് വായമൂടി സംസാരിക്കുന്നത് നേരിട്ട് റെഡ് കാര്‍ഡ് ലഭിക്കുന്ന ഗൗരവകരമായ കുറ്റ കൃത്യമായി ഫിഫ ഈ ലോകകപ്പ് മുതൽ കണക്കാക്കുന്നു. ചാമ്പ്യൻലീഗിൽ ഈ വർഷം റയൽ മാഡ്രിഡ്-ബെൻഫിക മത്സരത്തിനിടയിൽ വിനീഷ്യസ് ജൂനിയറെ വായ മൂടി റേസിസ്റ്റ് പരാമർശം നടത്തിയ അർജന്റീന താരം ജിയാൻലൂക്ക പ്രെസ്റ്റിയാനിയുടെ നടപടിക്ക് ശേഷമാണ് ഫിഫ ഇത്തരമൊരു കടുത്ത തീരുമാനമെടുത്തത്. റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കളിക്കാർ ഗ്രൗണ്ട് വിട്ടിറങ്ങിയാലും ഇനി റെഡ് കാർഡ് ലഭിക്കാവുന്ന കുറ്റമാണ്.
4 ടൈം സോണുകളിലാണ് ഇത്തവണ മത്സരങ്ങൾഎന്നതുകൊണ്ടുതന്നെ സ്റ്റേഡിയങ്ങൾ തമ്മിലുള്ള ദൂരമാണ് ഈ ലോകകപ്പിലെ മറ്റൊരു ആശങ്ക. 3000 മുതൽ 4000 കിലോമീറ്ററുകൾവരെ മത്സരങ്ങൾക്കായി താരങ്ങൾ സഞ്ചരിക്കേണ്ടിവരും. ഏകദേശം എട്ട് മണിക്കൂർ യാത്രയെന്നത് താരങ്ങളുടേയും ഒഫീഷ്യലുകളുടേയും കായിക ക്ഷമതയേയും ഫിറ്റ്നസിനേയും ബാധിക്കുമെന്നാതാണ് കാരണം. മാത്രമല്ല, പ്രിയപ്പെട്ട മത്സരങ്ങൾ കാണാനായി ആരാധകർക്ക് ഇത്രയും ദൂരം മാറിമാറി സഞ്ചരിക്കേണ്ടി വരുന്നത് മറ്റൊരു ആശങ്കയാണ്.
മാത്രമല്ല, കാനഡയിലെ കൊടും തണുപ്പിനോട് സമരസപ്പെട്ട് പൊടുന്നനെ മെക്സികോയിലെ കഠിന ചൂടിലേക്ക് മാറുമ്പോൾ താരങ്ങളെയത് എങ്ങനെ ബാധിക്കുമെന്നത് കാത്തിരുന്നു കാണേണ്ടിവരും.
2026 ലോകകപ്പ് ഇന്ത്യയിലെ ആരാധകർക്ക് ലൈവ് കാണാനുള്ള സമയക്രമം മറ്റൊരു വിഷയമാണ്. ടെലികാസ്റ്റിങ്ങിന് ഈ ആഴ്ച്ചയോടെ തീരുമാനമാകുമെങ്കിലും മത്സരങ്ങൾ കാണാനുള്ള സമയം ആരാധകർക്ക് തലവേദനയാണ്. അവസാന 5 ലോകകപ്പുകൾ ഭൂരിഭാഗം മത്സരങ്ങളും ഇന്ത്യൻസമയം പുലർച്ചെ 2 മണിയോടെ തുടങ്ങിയിരുന്നെങ്കിലും അമേരിക്കൻ ലോകകപ്പിൽ ചില മത്സരങ്ങൾ തുടങ്ങുന്നതുതന്നെ പുലർച്ചെ 4 മണിക്കും രാവിലെ 9 മണിക്കും ശേഷമാണ്. കേരളത്തിൽ കൂടുതൽ ആരാധകരുള്ള ബ്രസീൽ, അർജന്റീന മത്സരങ്ങൾ മുഴുവൻ നടക്കുന്നത് പുലർച്ചെ മൂന്നിനും ഏഴിനുമാണ്. അതേസമയം, ഈ ആശങ്കകളൊന്നും കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന ഫുട്ബോൾ ആരാധകരുടെ ആവേശം തകർക്കില്ലെന്ന് ഉറപ്പാണ്.
English Summary:The 2026 FIFA World Cup will bring historic moments, with Estadio Azteca becoming the first stadium to host three World Cups.
FIFA will introduce strict new rules, including direct red cards for players covering their mouths during arguments on the field. Huge travel distances, four different time zones, and extreme weather changes between Canada and Mexico are major concerns for players. Indian fans may also struggle with late-night and early-morning match timings during the tournament.