

മേജർ ഫുട്ബോൾ ടൂർണമെന്റുകളും പല ആരാധകർക്കും പ്രിയപ്പെട്ട താരങ്ങളുടെ വിരമിക്കൽ വാർത്തകൾ നൽകാറുണ്ട്. 2016 കോപ്പ അമേരിക്ക ഫൈനൽ തോൽവിയിലെ നിരാശയിൽ ഇതിഹാസതാരം മെസ്സിയുടെ വിരമിക്കൽ വാർത്തയാണ് ഇതുവരെ ലോകം കണ്ട ഏറ്റവും വലിയ സംഭവം. മെസ്സി പിന്നീട് കളത്തിലേക്ക് വന്നെങ്കിലും ആ വൈകാരിക നിമിഷങ്ങൾ ആരാധകർക്ക് മറക്കാൻ പറ്റില്ല.
2026 ലോകകപ്പും പല താരങ്ങളേയും പരിശീലകരേയും ആരാധകർക്ക് നഷ്ടപ്പെടുത്തിയിട്ടുണ്ട്. ടൂർണമെന്റിൽനിന്ന് ടീമുകൾ പുറത്തായതിന് പിന്നാലെയാണ് ഇതിഹാസ താരങ്ങളും പരിശീലകരും വിരമിക്കൽ പ്രഖ്യാപിച്ചത്. ഏറ്റവും വൈകാരികമായ വിടവാങ്ങൽ ക്രൊയേഷ്യൻ നായകൻ ലൂക്ക മോഡ്രിച്ചിന്റേതായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെ ദേശീയ ടീമിന്റെ മുഖമായിരുന്ന മോഡ്രിച്ച് ലോകകപ്പോടെ അന്താരാഷ്ട്ര കരിയറിന് വിരാമമിട്ടു. 2018 ലോകകപ്പിൽ ക്രൊയേഷ്യയെ ഫൈനലിലെത്തിച്ചും രാജ്യത്തെ ആഗോള ഫുട്ബോൾ ഭൂപടത്തിൽ ഉറപ്പിച്ചുമാണ് അദ്ദേഹം വിടവാങ്ങിയത്.
ജർമനിയുടെ ഇതിഹാസ ഗോൾകീപ്പർ മാനുവൽ നോയറും ദേശീയ ടീമിനോട് വിടപറഞ്ഞിരുന്നു. യൂറോ 2024ന് ശേഷം വിരമിച്ചിരുന്ന നോയർ ലോകകപ്പിനായി തിരിച്ചെത്തിയെങ്കിലും പരാഗ്വെയോടുള്ള പുറത്താകലോടെ തന്റെ അവസാന അന്താരാഷ്ട്ര മത്സരവും കളിച്ചു. സ്വീപ്പർ കീപ്പറെന്ന ശൈലി അദ്ദേഹത്തിന് മുമ്പും ഉണ്ടായിരുന്നെങ്കിലും, അതിനെ ലോകഫുട്ബോളിൽ ഏറ്റവും ഫലപ്രദമായി നടപ്പാക്കിയതും ജനപ്രിയമാക്കിയതും നോയറാണ്. ഗോൾപോസ്റ്റിന് മുന്നിൽ മാത്രം ഒതുങ്ങാതെ ബോക്സിന് പുറത്തേക്കിറങ്ങി എതിരാളികളുടെ ലോങ് ബോളുകൾ തടയുകയും, പാസ് നൽകി ആക്രമണം കെട്ടിപ്പടുക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ശൈലി പിന്നീട് നിരവധി ക്ലബ്ബുകളും ദേശീയ ടീമുകളും പിന്തുടർന്നു.
അൾജീരിയൻ നായകൻ റിയാദ് മഹ്റെസ് ലോകകപ്പ് പുറത്താകലിന് പിന്നാലെ അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിട്ടുണ്ട്. 2019 ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് കിരീടം ഉൾപ്പെടെ അൾജീരിയയുടെ സുവർണകാലത്തിന്റെ പ്രധാന മുഖങ്ങളിലൊരാളായിരുന്നു മഹ്റെസ്. നെതർലൻഡ്സ് നായകൻ വിർജിൽ വാൻ ഡൈക്ക് ദേശീയ ടീമിൽ നിന്ന് വിരമിക്കുമെന്ന റിപ്പോർട്ടുകൾ ശക്തമാണെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
താരങ്ങൾ മാത്രമല്ല 2026 ലോകകപ്പോടെ വിരമിക്കൽ പ്രഖ്യാപിച്ചത്. ലോകകപ്പിൽ ജർമനിയുടെ പുറത്താകലിന് പിന്നാലെ പരിശീലകൻ ജൂലിയൻ നാഗൽസ്മാൻ രാജിവച്ചിരുന്നു. അദ്ദേഹത്തിന് പകരക്കാരനായി മുൻ ലിവർപൂൾ പരിശീലകൻ യൂർഗൻ ക്ലോപ്പിന്റെ പേര് ഉയരുന്നുണ്ട്.
ചെക്ക് റിപ്ലബിക് പരിശീലകൻ മിറോസ്ലാവ് കൂബെക്കും ഗ്രൂപ്പ് ഘട്ടത്തിലെ മോശം പ്രകടനത്തെ തുടർന്ന് സ്ഥാനമൊഴിഞ്ഞു. ഇതിന് പുറമെ സ്കോട്‍ലൻഡിന്റെ സ്റ്റീവ് ക്ലാർക്ക്, ദക്ഷിണ കൊറിയയുടെ ഹോങ് മ്യുങ്-ബോ, നെതർലൻഡ്സിന്റെ റൊണാൾഡ് കോമാൻ, ഇക്വഡോറിന്റെ സെബാസ്റ്റ്യൻ ബെക്കസെസെ എന്നിവരും ലോകകപ്പ് നിരാശയ്ക്ക് പിന്നാലെ സ്ഥാനമൊഴിഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
The 2026 FIFA World Cup marked the international farewell of several iconic players and coaches. Croatia captain Luka Modrić, Germany goalkeeper Manuel Neuer, and Algeria skipper Riyad Mahrez announced their retirements after their teams' exits, while reports suggest Virgil van Dijk could also step away from international football. On the coaching front, Germany's Julian Nagelsmann resigned, with Jürgen Klopp linked as a successor. Miroslav Koubek also stepped down, while Steve Clarke, Hong Myung-bo, Ronald Koeman, and Sebastián Beccacece reportedly left their roles.