ഇരട്ട ഗോളുകളുമായി ബെല്ലിങ്ഹാം ഷോ; നോര്‍വേയുടെ സ്വപ്നക്കുതിപ്പ് അവസാനിപ്പിച്ച് ഇംഗ്ലണ്ട് സെമിയില്‍

ജോണ്‍ സ്റ്റോണ്‍സ് അവനൊപ്പം നിഴല്‍പോലെ കാവല്‍ നിന്നപ്പോള്‍, നോര്‍വേയുടെ ലോങ് പാസുകളെല്ലാം ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡ് മുന്നോട്ട് വന്ന് സമര്‍ത്ഥമായി ക്ലിയര്‍ ചെയ്തു
ഇരട്ട ഗോളുകളുമായി ബെല്ലിങ്ഹാം ഷോ; നോര്‍വേയുടെ സ്വപ്നക്കുതിപ്പ് അവസാനിപ്പിച്ച് ഇംഗ്ലണ്ട് സെമിയില്‍
Published on

ബ്രസീലിനെ അട്ടിമറിച്ച ചരിത്രവുമായി, ഫുട്‌ബോളിലെ വമ്പന്മാരായ ഇംഗ്ലണ്ടിനെ മുള്‍മുനയില്‍ നിര്‍ത്തി പൊരുതിയ രണ്ട് മണിക്കൂറുകള്‍. തങ്ങളുടെ ചരിത്രത്തിലാദ്യമായി ഒരു ലോകകപ്പ് സെമിഫൈനല്‍ എന്ന സ്വപ്നത്തിലേക്ക് നോര്‍വേ എത്രത്തോളം അടുത്തു എന്ന് കാല്‍പ്പന്ത് ലോകം അത്ഭുതത്തോടെ നോക്കിനിന്ന നിമിഷങ്ങള്‍. മിയാമിയിലെ പുല്‍മൈതാനത്ത് ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ നോര്‍വേയുടെ ആ സ്വപ്നയാത്രയ്ക്ക് അന്ത്യമായെങ്കിലും ഇതിലും വീരോചിതമായ ഒരു മടക്കം അവര്‍ക്ക് അര്‍ഹിക്കാനാകുമായിരുന്നില്ല. ഒടുവില്‍ നോക്കൗട്ട് ഫുട്‌ബോളിന്റെ നിര്‍ണായക നിമിഷങ്ങളെ സ്വന്തം പേരില്‍ മാറ്റിയെഴുതുന്ന ജൂഡ് ബെല്ലിങഹാമിന്റെ ഇരട്ടഗോള്‍ മികവില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നോര്‍വേയെ തകര്‍ത്ത് ഇംഗ്ലണ്ട് സെമിഫൈനലില്‍ പ്രവേശിച്ചു.

മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ഇരുടീമുകളും കട്ടയ്ക്കുള്ള പോരാട്ടമാണ് കാഴ്ചവെച്ചത്. പന്ത് വേഗത്തില്‍ പാസ് ചെയ്ത് നോര്‍വേ പ്രതിരോധത്തെ പിളര്‍ത്താനായിരുന്നു ഇംഗ്ലണ്ട് കോച്ച് തോമസ് ടുഹലിന്റെ തന്ത്രം. എന്നാല്‍ മുന്നേറ്റ നിരയിലെ പാളിച്ച അവര്‍ക്ക് തിരിച്ചടിയായി. കളി പുരോഗമിക്കുംതോറും ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡിന്റെ ചിറകിലേറി നോര്‍വേ മത്സരത്തില്‍ പിടിമുറുക്കാന്‍ തുടങ്ങി. ഇടതുവിങ്ങിലൂടെ ആന്‍ഡ്രിയാസ് ഷെല്‍ഡ്രൂപ്പ് നിരന്തരം ഇംഗ്ലീഷ് കോട്ടയിലേക്ക് ഇരച്ചുകയറിയപ്പോള്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാളണ്ട് ഇംഗ്ലണ്ടിന്റെ പ്രതിരോധ നിരയെ എപ്പോഴും സമ്മര്‍ദ്ദത്തിലാഴ്ത്തി. ഷെല്‍ഡ്രൂപ്പിന്റെ ഒരു കിടിലന്‍ കേര്‍വിങ് ഷോട്ട് പോസ്റ്റിലിടിച്ച് ഗോളായതോടെ നോര്‍വേ അക്കൗണ്ട് തുറന്നു. എന്നാല്‍ അധികം വൈകാതെ, ജൂഡ് ബെല്ലിങ്ഹാം ഇംഗ്ലണ്ടിന് സമനില സമ്മാനിച്ചു.

ഹാളണ്ട് എന്ന ഭീഷണിയെ പൂട്ടി ഇംഗ്ലണ്ട്

നോര്‍വേയുടെ ഏറ്റവും വലിയ ആയുധം ടൂര്‍ണമെന്റില്‍ ഏഴ് ഗോളുകള്‍ അടിച്ചുകൂട്ടിയ എര്‍ലിങ് ഹാളണ്ട് ആണെന്ന് ഇംഗ്ലണ്ടിന് നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ, പന്തിന് പുറകെ ഓടുന്നതിന് പകരം ഹാലന്‍ഡിനെ ശ്വാസം മുട്ടിക്കുന്ന പ്രതിരോധ തന്ത്രമാണ് തോമസ് ടുഹല്‍ മെനഞ്ഞത്. ഇംഗ്ലീഷ് പ്രതിരോധ താരം മാര്‍ക്ക് ഗുവേഹി ഹാളണ്ടിനെ തിരിയാന്‍ പോലും അനുവദിച്ചില്ല. ജോണ്‍ സ്റ്റോണ്‍സ് അവനൊപ്പം നിഴല്‍പോലെ കാവല്‍ നിന്നപ്പോള്‍, നോര്‍വേയുടെ ലോങ് പാസുകളെല്ലാം ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡ് മുന്നോട്ട് വന്ന് സമര്‍ത്ഥമായി ക്ലിയര്‍ ചെയ്തു. കഴിഞ്ഞ 636 ദിവസത്തിനിടെ ഒരു ഔദ്യോഗിക അന്താരാഷ്ട്ര മത്സരത്തില്‍ ഹാലന്‍ഡിനെ ഗോളടിക്കാന്‍ അനുവദിക്കാതെ പൂട്ടുന്ന ആദ്യ ടീമെന്ന ഖ്യാതിയും ഇതോടെ ഇംഗ്ലണ്ട് സ്വന്തമാക്കി. എന്നിട്ടും നോര്‍വേ ഇംഗ്ലണ്ടിനെ ഭയപ്പെടുത്തിക്കൊണ്ടേയിരുന്നു. ടോര്‍ബ്‌ജോണ്‍ ഹെഗ്ഗെം നേടിയ ഒരു ഗോള്‍ വാര്‍ പരിശോധനയിലൂടെ റദ്ദാക്കപ്പെട്ടു. ക്രിസ്റ്റഫര്‍ അയെറുടെ ഷോട്ട് ക്രോസ്ബാറില്‍ തട്ടിത്തെറിച്ചപ്പോള്‍, പാട്രിക് ബെര്‍ഗിന്റെ ലോങ് റേഞ്ചര്‍ ഇംഗ്ലീഷ് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയാണ് കടന്നുപോയത്.

ഇരട്ട ഗോളുകളുമായി ബെല്ലിങ്ഹാം ഷോ; നോര്‍വേയുടെ സ്വപ്നക്കുതിപ്പ് അവസാനിപ്പിച്ച് ഇംഗ്ലണ്ട് സെമിയില്‍
ആ 'ചേഞ്ചിന്' വലിയ വില കൊടുക്കേണ്ടിവന്നു; കണ്ണീരണിഞ്ഞ് ക്വാർട്ടോയി

രക്ഷകനായി വീണ്ടും ബെല്ലിങ്ഹാം

മത്സരത്തിലെ ആദ്യ ഗോള്‍ നേടി നോര്‍വേയാണ് ഞെട്ടിച്ചത്. ഷെല്‍ഡ്രൂപ്പിന്റെ മനോഹരമായ ഒരു കേര്‍വിങ് ഷോട്ട് പോസ്റ്റിലിടിച്ച് വലയില്‍ കയറുകയായിരുന്നു. എന്നാല്‍ ആ ആഘോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ആന്റണി ഗോര്‍ഡന്‍ നല്‍കിയ കൃത്യതയാര്‍ന്ന കട്ട്ബാക്ക് സ്വീകരിച്ച് ജൂഡ് ബെല്ലിങ്ഹാം തൊടുത്ത ഇടിമിന്നല്‍ ഷോട്ട് നോര്‍വേ വലയെ കുലുക്കി. ആദ്യ പകുതി പിരിയുമ്പോള്‍ ഇരുടീമുകളും 1-1 ന് സമനിലയിലായിരുന്നു. രണ്ടാം പകുതിയില്‍ നോര്‍വേ ഗോള്‍കീപ്പര്‍ ഓറിയന്‍ നി ലാന്‍ഡിന് പറ്റിയ ഒരു അപ്രതീക്ഷിത പിഴവാണ് മത്സരത്തിന്റെ വിധി മാറ്റിയത്. മോര്‍ഗന്‍ റോജേഴ്‌സിന്റെ ഒരു സാധാരണ ലോ ഷോട്ട് കൈപ്പിടിയിലൊതുക്കുന്നതില്‍ നി ലാന്‍ഡ് പരാജയപ്പെട്ടു. വഴുതിവീണ പന്തിലേക്ക് പരുന്തിനെപ്പോലെ പാഞ്ഞടുത്ത ബെല്ലിങ്ഹാം അത് വലയിലാക്കി ഇംഗ്ലണ്ടിന് ലീഡ് സമ്മാനിച്ചു. ഈ ഗോളോടെ 24 വയസ്സിന് മുന്‍പ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന പെലെയുടെ റെക്കോര്‍ഡിനൊപ്പവും ബെല്ലിങ്ഹാം എത്തി.

അവസാന നിമിഷങ്ങളില്‍ കളി കൂടുതല്‍ നാടകീയമായി. ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി വാര്‍ തിരുത്തി. സമനിലയ്ക്കായി നോര്‍വേ സര്‍വ്വശക്തിയുമെടുത്ത് ആക്രമിച്ചു. പരിക്കിന്റെ ലക്ഷണങ്ങളോടെ ഹാളണ്ട് കളം വിട്ടിട്ടും ചുവപ്പന്‍ പട പിന്മാറിയില്ല. എന്നാല്‍ ജോണ്‍ സ്റ്റോണ്‍സിന്റെ ഹെഡ്ഡറുകളും മാര്‍ക്ക് ഗുവേഹിയുടെ നിര്‍ണായക ബ്ലോക്കുകളും പിക്ക്‌ഫോര്‍ഡിന്റെ തകര്‍പ്പന്‍ സേവുകളും ഇംഗ്ലണ്ടിന് വിജയം ഉറപ്പാക്കി.

തോറ്റെങ്കിലും തലയുയര്‍ത്തി നോര്‍വേ

ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഇംഗ്ലീഷ് ക്യാമ്പില്‍ ആഘോഷത്തേക്കാള്‍ വലിയ ആശ്വാസമായിരുന്നു. ലോകകപ്പ് സെമിഫൈനലിലേക്ക് യോഗ്യത നേടിയെങ്കിലും വരാനിരിക്കുന്ന മത്സരങ്ങളില്‍ തങ്ങളുടെ കളിശൈലി ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് കോച്ച് ടുഹലിന് ബോധ്യമുണ്ട്. അര്‍ജന്റീനയോ സ്വിറ്റ്‌സര്‍ലന്‍ഡോ ആകും സെമിയില്‍ ഇംഗ്ലണ്ടിന്റെ എതിരാളികള്‍. വെറും ഒരു ഗ്രൂപ്പ് ഘട്ടം കടക്കുക എന്ന ലക്ഷ്യവുമായി ലോകകപ്പിനെത്തിയ നോര്‍വേ, വന്‍മതിലുകള്‍ തകര്‍ത്ത് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിയത് വെറും ഭാഗ്യം കൊണ്ടല്ലെന്ന് തെളിയിച്ചാണ് മടങ്ങുന്നത്. തോറ്റെങ്കിലും ലോക ഫുട്‌ബോളിന്റെ വലിയ വേദിയില്‍ തങ്ങളുടെ അടയാളം പതിപ്പിച്ചാണ് ഈ ചെറുസംഘം കളം വിടുന്നത്. മിയാമിയില്‍ അവര്‍ പൊരുതി വീണത് വരാനിരിക്കുന്ന ഒരു വലിയ നോര്‍വീജിയന്‍ ഫുട്‌ബോള്‍ വസന്തത്തിന് അടിത്തറയിട്ടുകൊണ്ടാണ്.

Summary

England booked their place in the FIFA World Cup semi-finals with a hard-fought 2-1 victory over Norway in Miami, inspired by a brilliant brace from Jude Bellingham. Norway, fresh from a historic win over Brazil, pushed England throughout the contest and took the lead before Bellingham equalised. Thomas Tuchel's side effectively neutralised Erling Haaland with a disciplined defensive display led by Marc Guéhi, John Stones and Jordan Pickford. Bellingham scored the decisive goal after a goalkeeping error, while Norway continued to threaten until the final whistle.

Madism Digital
madismdigital.com