വംശഹത്യയിലും തളരാത്ത പോരാട്ടവീര്യം; ലോകകപ്പിൽ ആദ്യമായി നോക്ക് ഔട്ടിലെത്തിയ ബോസ്നിയക്ക് പറയാനുള്ളത് യുദ്ധക്കെടുതിയെ അതിജീവിച്ച ചരിത്രം

1992ൽ രാജ്യം സ്വതന്ത്രമാകുന്നതിന് മുമ്പ് ബോസ്നിയൻ കളിക്കാർ യുഗോസ്ലാവ്യ ദേശീയ ടീമിന്റെ ഭാഗമായാണ് ലോകകപ്പുകളിൽ കളിച്ചിരുന്നത്
വംശഹത്യയിലും തളരാത്ത പോരാട്ടവീര്യം; ലോകകപ്പിൽ ആദ്യമായി നോക്ക് ഔട്ടിലെത്തിയ ബോസ്നിയക്ക് പറയാനുള്ളത് യുദ്ധക്കെടുതിയെ അതിജീവിച്ച ചരിത്രം
Published on

2014ൽ ബ്രസീലിൽ നടന്ന ലോകകപ്പ് ആയിരുന്നു ബോസ്നിയ-ഹെർസഗോവിനയുടെ ആദ്യ വേൾഡ്കപ്പ് അ​ങ്കം. ആ​​ദ്യ ലോകകപ്പിൽതന്നെ ​ഗ്രൂപ്പ് ​ഘട്ടത്തിൽ അന്ന് പുറത്തായെങ്കിലും ഇറാനെ 3-1 ന് തോൽപ്പിച്ച് ചരിത്രത്തിലെ ആദ്യ ലോകകപ്പ് വിജയം സ്വന്തമാക്കി. മറ്റു ഗ്രൂപ്പ് മത്സരങ്ങളിൽ അർജന്റീനയോടും നൈജീരിയയോടുമാണ് അവർ പരാജയപ്പെട്ടത്. ഇത് രണ്ടാം തവണയാണ് രാജ്യം ലോകകപ്പിൽ പന്തുതട്ടുന്നത്.

2026 ഫിഫ ലോകകപ്പിലൂടെ ആദ്യമായി നോക്കൗട്ട് ഘട്ടത്തിലെത്തിയ ബോസ്നിയ-ഹെർസഗോവിനയുടെ മുന്നേറ്റം ഒരു കായിക നേട്ടം മാത്രമല്ല, യുദ്ധവും വംശഹത്യയും രാഷ്ട്രീയ വിഭജനവും അതിജീവിച്ച ഒരു രാജ്യത്തിന്റെ ആത്മവിശ്വാസത്തിന്റെ ചരിത്രമായിരുന്നു അവർക്ക് ലോകത്തോട് പറയാനുള്ളത്. 1992ൽ രാജ്യം സ്വതന്ത്രമാകുന്നതിന് മുമ്പ് ബോസ്നിയൻ കളിക്കാർ യുഗോസ്ലാവ്യ ദേശീയ ടീമിന്റെ ഭാഗമായാണ് ലോകകപ്പുകളിൽ കളിച്ചിരുന്നത്. 1990കളിലെ ബോസ്നിയൻ യുദ്ധത്തിനും സ്രെബ്രെനിറ്റ്സ വംശഹത്യയ്ക്കും ശേഷം, ഡെയ്റ്റൺ സമാധാന കരാർ രാജ്യത്ത് സമാധാനം കൊണ്ടുവന്നെങ്കിലും സങ്കീർണമായ രാഷ്ട്രീയ സംവിധാനവും വംശീയ വിഭജനവും ഇന്നും തുടരുകയാണ്. അത്തരമൊരു പശ്ചാത്തലത്തിൽ ലോകകപ്പ് വേദിയിലെ ബോസ്നിയയുടെ വിജയം രാജ്യത്തിന് അപൂർവമായ ഐക്യവും പ്രതീക്ഷയും സമ്മാനിക്കുന്നുണ്ട്.

ഖത്തറിനെ തോൽപ്പിച്ച് ചരിത്രത്തിലാദ്യമായി നോക്കൗട്ട് റൗണ്ടിലെത്തിയതോടെ സാരയേവോ മുതൽ സിയാറ്റിൽ വരെ ബോസ്നിയൻ ആരാധകർ ആഘോഷത്തിലാണ്. യൂറോപ്പിലും അമേരിക്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ബോസ്നിയൻ പ്രവാസികളും തെരുവുകളിലിറങ്ങി വിജയാഘോഷത്തിൽ പങ്കുചേർന്നു. രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം അയൽരാജ്യങ്ങളായ സെർബിയയിലും ക്രൊയേഷ്യയിലും നിന്നുപോലും നിരവധി പേർ ബോസ്നിയയ്ക്ക് പിന്തുണ അറിയിച്ചു.

ഇംഗ്ലിവുഡിലെ തെരുവുകളിലൂടെ പലസ്തീന, പലസ്തീന എന്ന മുദ്രാവാക്യം മുഴക്കിയും പരമ്പരാഗത ബോസ്നിയൻ ഗാനങ്ങൾ ആലപിച്ചുമാണ് ആരാധകർ ലോകശ്രദ്ധ നേടിയത്. ദേശീയതയുടെ അതിശയോക്തിയല്ല, നൊമ്പരവും സ്നേഹവും നിറഞ്ഞ പഴയ ഗാനങ്ങളാണ് ബോസ്നിയൻ ആരാധകരുടെ ആഘോഷത്തിന്റെ മുഖമുദ്രയായത്. ടീമിനെ ഡ്രാഗൺസ് എന്നും ഗോൾഡൻ ലില്ലീസ് എന്നും വിശേഷിപ്പിക്കുന്ന ബോസ്നിയക്കാർക്ക് വെള്ള പതാകയിലെ സ്വർണ ലില്ലി ചിഹ്നം അവരുടെ സ്വതന്ത്ര രാജ്യത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമാണ്. യുദ്ധത്തിൽ നശിച്ചുപോകേണ്ടിയിരുന്ന ജനത വിത്തുകളായി വീണ്ടും മുളച്ചുയർന്നുവെന്നാണ് അവർ വിശ്വസിക്കുന്നത്.

ടീമിന്റെ പ്രത്യേകത യുവതാരങ്ങളാണ്. പകുതിയിലധികം താരങ്ങളും യുദ്ധകാലത്ത് അഭയാർഥികളായ മാതാപിതാക്കളുടെ മക്കളാണ്. അമേരിക്കയിൽ ജനിച്ചും വളർന്നും സ്രെബ്രെനിറ്റ്സ കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ട കുടുംബത്തിലെ അംഗമായ എസ്മിർ ബജ്രക്തരെവിച് മുതൽ ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾവേട്ടക്കാരിൽ ഒരാളായ കെരിം അലൈബെഗോവിച്ച് വരെ പുതിയ തലമുറയാണ് ബോസ്നിയയുടെ പ്രതീക്ഷ. വലിയ ക്ലബുകളിലെ സൂപ്പർതാരങ്ങളല്ല ഇവരിൽ ഭൂരിഭാഗവും. എന്നാൽ മൈതാനത്ത് അവർ പ്രകടിപ്പിക്കുന്ന പോരാട്ടവീര്യവും ഐക്യവും ഒരു രാജ്യത്തിന്റെ മുറിവുകളെ മറികടക്കുന്ന പുതിയ പ്രതീക്ഷയുടെ പ്രതീകമായാണ് വിലയിരുത്തപ്പെടുന്നത്. ലോകകപ്പിൽ ബോസ്നിയയുടെ ഈ യാത്ര ഫുട്ബോളിനപ്പുറം അതിജീവനത്തിന്റെയും ദേശീയ അഭിമാനത്തിന്റെയും കഥയായി മാറിക്കഴിഞ്ഞു.

വംശഹത്യയിലും തളരാത്ത പോരാട്ടവീര്യം; ലോകകപ്പിൽ ആദ്യമായി നോക്ക് ഔട്ടിലെത്തിയ ബോസ്നിയക്ക് പറയാനുള്ളത് യുദ്ധക്കെടുതിയെ അതിജീവിച്ച ചരിത്രം
12 സെൽഫ് ​ഗോൾ, എതിർടീമിനായി ഷോട്ടിന് വഴിയൊരുക്കിയ 157 പിഴവുകൾ, പകരക്കാർ അടിച്ചത് 37 ​ഗോളുകൾ; ലോകകപ്പ് 2026 ഇതുവരെ..

ആദ്യ മത്സരത്തിൽ ശക്തരായ കാനഡയോട് 1-1 ന് സമനില പിടിച്ച് ബോസ്നിയ മികച്ച തുടക്കം കുറിച്ചു. കാനഡയുടെ സൈൽ ലാറിൻ ആണ് കാനഡയെ തോൽവിയിൽ നിന്ന് രക്ഷിച്ചത്. എന്നാൽ രണ്ടാം മത്സരത്തിൽ ബോസ്നിയക്ക് കടുത്ത തിരിച്ചടി നേരിട്ടു. സ്വിറ്റ്സർലൻഡിനോട് 4-1 നാണ് പരാജയപ്പെട്ടത്. മത്സരത്തിലെ ആശ്വാസ ​ഗോൾ എർമിൻ മഹ്മിച്ചാണ് നേടിയത്. എന്നാൽ നോക്കൗട്ട് പ്രതീക്ഷ നിലനിർത്താൻ നിർണായകമായ അവസാന മത്സരത്തിൽ ബോസ്നിയ മിന്നുന്ന വിജയം സ്വന്തമാക്കി. ഖത്തറിനെ 3-1 ന് പരാജയപ്പെടുത്തിയാണ് റൗണ്ട് ഓഫ് 32ൽ ഇടം പിടിച്ചത്. നോക്ക് ഔട്ടിൽ വ്യായാഴ്ച്ച യുഎസ്എയോടാണ് ബോസ്നിയയുടെ മത്സരം.

Bosnia and Herzegovina reached the FIFA World Cup knockout stage for the first time in 2026, marking a milestone beyond football. The achievement symbolizes the country's resilience after the Bosnian War and the Srebrenica genocide. Having made their World Cup debut in 2014, Bosnia advanced this time by defeating Qatar after drawing with Canada and losing to Switzerland. Led by a young squad, many from refugee families, the Dragons now face the United States in the Round of 32 amid nationwide celebrations.

Madism Digital
madismdigital.com