

സ്റ്റാർട്ടിങ് ഇലവനിൽ മത്തെയോസ് കൂന്യയെ ഇറക്കാനുള്ള ബ്രസീലിന്റെ തീരുമാനത്തിനു നൂറിൽ നൂറ് മാർക്ക്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ മൊറോക്കോയോടു സമനില കുരുക്ക് വഴങ്ങിയ കാനറികൾ രണ്ടാം മത്സരത്തിൽ ഹെയ്തിക്കെതിരെ കളംനിറഞ്ഞു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മഞ്ഞപ്പടയുടെ ജയം.
മത്തെയോസ് കൂന്യ ഇരട്ടഗോൾ നേടി. ആദ്യ പകുതിയിലാണ് ബ്രസീലിന്റെ മൂന്ന് ഗോളുകളും പിറന്നത്. 23, 36 മിനിറ്റുകളിലാണ് കൂന്യയുടെ ഗോളുകൾ. മൊറോക്കോയ്‌ക്കെതിരായ മത്സരത്തിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ആക്രമിച്ചു കളിക്കുകയെന്ന ശൈലിയാണ് ബ്രസീൽ ഇന്ന് പുറത്തെടുത്തത്. സൂപ്പർതാരം നെയ്മർ ഇന്നും ഇറങ്ങിയില്ല.
ആദ്യ പകുതിയുടെ എക്‌സ്ട്രാ സമയത്താണ് ബ്രസീലിന്റെ മൂന്നാം ഗോൾ. വിനീഷ്യസ് ജൂനിയർ ആണ് സ്‌കോർ ചെയ്തത്. ലോകകപ്പിലെ വിനീഷ്യസിന്റെ രണ്ടാം ഗോളാണിത്. ക്യൂന നേടിയ രണ്ടാം ഗോൾ വിനീഷ്യസിന്റെ പാസിൽ നിന്നായിരുന്നു. ബ്രസീലിന്റെ രണ്ട് ഗോളുകളാണ് ഓഫ് സൈഡ് കാരണം നഷ്ടമായത്.
ബോൾ പൊസഷനിൽ ബ്രസീൽ ആധിപത്യം പുലർത്തി, 57 ശതമാനം. 533 പാസുകളും അഞ്ച് ഷോട്ട് ഓൺ ടാർഗറ്റും. ബ്രസീലിനെ സ്‌കോർ ചെയ്യാതെ പൂട്ടുക എന്നതായിരുന്നു ഹെയ്തിയുടെ പ്ലാൻ. അഞ്ച് ഡിഫൻഡർമാരുമായാണ് ഹെയ്തി സ്റ്റാർട്ട് ചെയ്തത്. എന്നാൽ ഈ പ്രതിരോധപ്പൂട്ട് കാനറികൾ അനായാസം തകർത്തു.
ഈ ജയത്തോടെ ഗ്രൂപ്പ് സിയിൽ ബ്രസീൽ ഒന്നാമതെത്തി. മൊറോക്കോയാണ് രണ്ടാമത്. സ്‌കോട്ട്‌ലൻഡിനെതിരായ ബ്രസീലിന്റെ അവസാന ഗ്രൂപ്പ് മത്സരം.
അതേസമയം പരുക്കിന്റെ പിടിയിലുള്ള നെയ്മർ സ്‌കോട്ട്‌ലൻഡിനെതിരെയും കളിക്കില്ലെന്ന് ഉറപ്പായി. അൽപ്പം കൂടി വിശ്രമം താരത്തിനു ആവശ്യമാണെന്നാണ് ബ്രസീൽ ടീം മാനേജ്‌മെന്റ് അറിയിക്കുന്നത്. നോക്ക്ഔട്ട് സ്റ്റേജ് മുതലായിരിക്കും നെയ്മർ ബ്രസീലിനായി കളത്തിലിറങ്ങുക.
English Summary: Brazil's decision to start Matheus Cunha paid off perfectly. After being held to a draw by Morocco in their opening group-stage match, the Canaries bounced back strongly against Haiti in their second game. Brazil secured a comfortable 3-0 victory, with Matheus Cunha scoring a brace.
All three of Brazil's goals came in the first half. Cunha found the net in the 23rd and 36th minutes. Unlike their match against Morocco, Brazil adopted a much more attacking approach this time. Superstar Neymar once again did not feature in the match.