

അങ്ങനെ ആ ദിവസം എത്തിച്ചേർന്നിരിക്കുന്നു. ഒന്നും രണ്ടുമല്ല, നീണ്ട 24 വർഷങ്ങളുടെ കാത്തിരിപ്പാണ്. 2002ൽ ജപ്പാനിലെ യോകൊഹമ സ്റ്റേഡിയത്തിൽനിന്ന് തുടങ്ങിയ ആരവങ്ങൾ പൊടുന്നനേയാണ് ലോകമന്ന് ഏറ്റുപിടിച്ചത്. കാൽ പന്തിനെ നെഞ്ചിലേറ്റുന്ന ബ്രസീൽ ആരാധകർ മുഴുവൻ മഞ്ഞയും പച്ചയും നിറങ്ങളിൽ നൃത്തമാടി. ലോകമങ്ങനെ സാംബാതാളത്തിലേക്ക് ലയിച്ചു. 1994ൽ കൈപിടിയിലൊതുക്കിയ ആ കനകക്കിരീടം 98 ഫൈനലിൽ സിനദിൻ സിദാന്റെ സംഘത്തോട് അടിയറവ് പറഞ്ഞതിൽ പിന്നെ ആ കൂട്ടത്തിന് ഭ്രാന്തായിരുന്നു. അഞ്ചാമത് ലോകകിരീടം സ്വന്തം നാട്ടിലേക്കെത്തിക്കാനുള്ള അടങ്ങാത്ത ഭ്രാന്ത്. 2002ൽ ആ ഭ്രാന്തിനെ ആ സംഘം സാക്ഷാത്ക്കിരിച്ചിരിക്കുന്നു. റെക്കോർഡുകളുടെ ചാകരയും കൊണ്ടായിരുന്നു അന്നവർ ബ്രസീലിലേക്ക് തിരിച്ചത്.
കക്കയേയും അഡ്രിയാനോയും ഉൾപ്പെടെ പല താരങ്ങളേയും ചേർത്തുവെച്ച് സ്ക്വാഡിന്റെ മൂർച്ചകൂട്ടിയാണ് 2006ൽ വീണ്ടുമവർ ജർമനിയിലേക്ക് തിരിച്ചത്. ലക്ഷ്യം ഒന്നു മാത്രമായിരിന്നു. അഞ്ചാമത് ലോകകപ്പ്. ടീമിലും ഒഫീഷ്യലുകളിലും പരിശീലകരിലും അവർക്ക് പരസ്പരം ദൃഢ വിശ്വാസമുണ്ടായിരുന്നു. ആരാധകർക്കും. ലോക ഫുട്ബോളിൽ ബ്രസീലിന് അങ്ങനൊരു താര നിര മുമ്പുണ്ടായിട്ടില്ല. പിന്നീട് ഉണ്ടായിട്ടുമില്ല. തികഞ്ഞ പോരാട്ട വീര്യത്തോടെ ആ സംഘം ഗ്രൂപ്പ് റൗണ്ടുകൾ പൂർത്തിയാക്കി. കേവലം നാല് മത്സരങ്ങളിൽനിന്ന് ഒരു ഗോൾമാത്രം വഴങ്ങി 10 ഗോളുകളാണ് എതിർ വലകളിലേക്ക് അടിച്ചുകൂട്ടിയത്. പക്ഷെ ഒരിക്കൽകൂടി ഫ്രാൻസ് അവരെ പൂട്ടിക്കെട്ടുകയായിരുന്നു. സെമിപോലും കാണിക്കാതെ ക്വാർട്ടർ ഫൈനലിൽ കേവലം ഒരു ഗോളിന് തിയറി ഹെൻറി റൊണാൾഡോയേയും സംഘത്തേയും ജർമനിയിൽനിന്ന് ബ്രസീലിലേക്ക് നാടുകടത്തി.
പിന്നീടവർക്ക് കാത്തിരിപ്പായിരുന്നു. നാല് വർഷങ്ങൾക്ക് ശേഷം 2010ൽ ദക്ഷിണാഫ്രിക്കയിൽ കാണാം എന്നവർ മനസിലുറപ്പിച്ചു. പക്ഷെ കാനറികൾക്ക് പ്രതീക്ഷകളുടെ ദൂരം കൂടിവരികയായിരുന്നെന്ന് അവരറിഞ്ഞിരുന്നില്ല. സൗത്താഫ്രിക്കയും കൈവിട്ടു. കാത്തിരിപ്പങ്ങനെ നാല് വർഷമായി. പിന്നീടത് എട്ടായി, എട്ട് പന്ത്രണ്ടായി. പന്ത്രണ്ട് പതിനാറായി. അതങ്ങനെ 24 വർഷത്തിൽ എത്തിനിൽക്കുന്നു.
മാഴ്സെലൊ, തിയാഗോ സിൽവ, റോബീഞ്ഞോ, ഡാനീ ആൽവ്സ്, കുട്ടിഞ്ഞോ അങ്ങനെ പല മുഖങ്ങളും ഓരോ ലോകകപ്പിലും മാറിമാറി വന്നു. ആ കനകക്കീരീടം മാത്രം മടിച്ചു നിന്നു. വർഷം 2026 ലെത്തിനിൽക്കുമ്പോൾ ആ സംഘത്തിന് എടുത്തു പറയേണ്ടത് അവരുടെ പരിശീലകനെതന്നെയാണ്. മറ്റാരുമല്ല, കാർലോ ആൻസലോട്ടിയാണയാൾ. ഒന്നും കാണാതെ ഒരു ടീമിന്റെയും പരിശീലക കുപ്പായം അയാൾ അണിയില്ലെന്നുറപ്പാണ്. പറ്റില്ലെങ്കിൽ ഇല്ലെന്ന് തുറന്നുപയുന്ന പക്കാ കാർക്കശ്യക്കാരൻ. കൃത്യമായ പ്ലാനില്ലാതെ ബ്രസീലിലേക്ക് ആൻസലോട്ടി വണ്ടി കയറില്ലെന്ന് അയാളെ അറിയുന്നവർക്ക് നന്നായറിയാം.
നാളെ പുലർച്ചെ 3.30നാണ് പെലെയുടേയും റൊണാൾഡോ നസാരിയോയുടേയും റൊണാൾഡീഞ്ഞോയുടേയും പിൻഗാമികൾ ലോക വേദിയിൽ വീണ്ടും ബൂട്ടണിയുന്നത്. 2022 ഖത്തറിൽ സ്പെയിനേയും പോർച്ചുഗലിനേയും വരച്ച വരയിൽനിർത്തിയ ആഫ്രിക്കൻ കരുത്തരായ മൊറോക്കയാണ് എതിരാളികൾ. പരിക്കിന്റെ പിടിയിലുള്ള സൂപ്പർ താരം നെയ്മർ ജൂനിയർ മൈതാനത്തിറങ്ങില്ലെങ്കിലും ബാക്കിയുള്ള അറ്റാക്കിങ് നിരയെ മൊറോക്കോക്ക് പേടിക്കേണ്ടിവരും. റയൽമാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയറും ബാഴ്സലോണയുടെ റഫീഞ്ഞയും സീസണിൽ മിന്നും ഫോമിലുള്ള മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ മതിയൂസ് ഗുൻഹ എന്നിവരായിരിക്കും അറ്റാക്കിങ് നിരയിൽ. ബെഞ്ചിലിരിക്കുന്നത് എൻഡ്രിക്കും ആഴ്സണലിന്റെ ഗബ്രിയേൽ മാർട്ടിനെല്ലിയും ലൂയിസ് ഹെന്റിക്കും ഇഗോർ തിയാഗോയും ബോൺമൗത്തിന്റെ വണ്ടർ കിഡ് റയാനുമാണ്.
മിഡ്ഫീൽഡിലാണ് ബ്രസീലിൽ ആശങ്ക നിലനിൽക്കുന്നത്. ഇതിഹാസങ്ങൾ അണിനിരന്ന ആ കോംപോയിൽ നിലവിലുള്ളർ എത്രത്തോളം അരങ്ങുതകർക്കുമെന്ന് നോക്കേണ്ടിവരും. കോപയിലും യോഗ്യതാ മത്സരങ്ങളിലും ബ്രസീലിന്റെ പിഴവ് മിഡ്ഫീൽഡ് തന്നെയായിരുന്നു. എഡേഴ്സൺ, ഡാനിലോ, അലക്സാണ്ടർ എന്നിവരിൽ അത്ര വിശ്വാസമില്ലെങ്കിലും ശുഭാപ്തി വിശ്വാസമല്ലാതെ ആരാധകർക്ക് മറ്റൊന്നും വെക്കാനില്ല. എന്നാൽ റയൽമാഡ്രിഡിന്റേയും യുണൈറ്റഡിന്റേയും വിശ്വസ്തനായിരുന്ന കാസ്മിറൊയും ബ്രൂണോ ഗ്യൂമറൈസിലും ആരാധകർക്ക് രണ്ടാമതൊന്ന് ആലോചിക്കാനില്ല. പുറകിലെ വൻമതിലിൽ പിന്നെ ആശങ്കകൾക്കൊന്നും വകയില്ലാത്തതാണ്. 2026 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാറ്റുരച്ച മാർട്ടിനെസും ആഴ്സണലിന്റെ ഗബ്രിയേൽ മഗല്ലാസും എണ്ണം പറഞ്ഞ താരങ്ങളാണ്. യുവന്റസിന്റെ ബ്രമർ, അൽ അഹ്ലിയുടെ റോജർ ഇബാനസ് എന്നിവർ ബെഞ്ചിലുമുണ്ട്. ഗോൾ വലകാക്കാൻ അലിസൺ ബക്കർ അല്ലാതെ മറ്റാര്.
മറുവശത്ത് മൊറോക്കൊയാണ്. ഇതേ മൊറോക്കോയാണ് 2023 മാർച്ചിൽ ബ്രസീലിനെ 2-1 ന് പരാജയത്തിന്റെ കൈപുനീർ കുടിപ്പിച്ചത്. ഖത്തർ ലോകകപ്പിൽ നാലാം സ്ഥാനക്കാരായുള്ള രാജകീയ യാത്ര ആരും മറന്നു കാണാൻ ഇടയില്ല. യോഗ്യതാ റൗണ്ടുകളിൽ 22 ഗോളുകൾ വാരിക്കൂട്ടിയാണ് ആ സംഘം അമേരിക്കയിലേക്ക് വന്നത്. പ്രതിരോധവും അറ്റാക്കും ഒരുപോലെ കൈകാര്യം ചെയ്യുന്ന മൊറോക്കോയെ ബ്രസീൽ മാത്രമല്ല ബാക്കിയുള്ള ടീമുകളും പേടിക്കേണ്ടി വരും. പിഎസ്ജിയുടെ അഷ്റഫ് ഹകീമിതന്നെയാണ് ടീമിന്റെ മുഖം. റയൽ മാഡ്രിഡിന്റെ ബ്രാഹിം ഡയസ് കൂടി ചേരുമ്പോൾ ആ കൂട്ടുകെട്ടിനെ കൂടുതൽ പേടിക്കേണ്ടിവരുമെന്ന് ഉറപ്പാണ്.
ഖത്തറിലെ പെനാൽറ്റി ഹീറോ യാസീൻ ബോണോയാണ് ഗോൾകീപ്പർ. പ്രതിരോധത്തിന്റെ ചുമതല ക്യാപ്റ്റനും സൂപ്പർ താരവുമായ അഷ്‌റഫ് ഹക്കീമിക്കാണ്. പരിക്കിന്റെ ചെറിയ ആശങ്കയുണ്ടെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നൗസായിർ മസ്‌റൂയിയും പ്രതിരോധ കോട്ട കാക്കാൻ ഒപ്പമുണ്ട്. നായെഫ് അഗേർഡിന് പരിക്കേറ്റതിനാൽ ഇസ്സ ദിയോപ്പും ചാദി റിയാദുമാണ് സെന്റർ ബാക്ക് സ്ഥാനങ്ങളിൽ അണിനിരക്കുന്നത്. മിഡ്‌ഫീൽഡിൽ കളി മെനയാൻ അസ്സെദ്ദീൻ ഔനാഹിയെന്ന പരിചയസമ്പന്നനായ താരം അണിനിരക്കുമ്പോൾ, അദ്ദേഹത്തിന് കൂട്ടായി നീൽ എൽ ഐനാവിയും അയ്യൂബ് ബൗആദിയും അടങ്ങുന്ന യുവനിരയുണ്ട്. വിങ്ങിലൂടെയുള്ള ബ്രാഹിം ഡയസ്ന്റെ മിന്നൽ നീക്കങ്ങളും ഇസ്മായിൽ സൈബാരിയുടെ സ്ട്രൈക്കിംഗ് കരുത്തും ബ്രസീൽ പ്രതിരോധത്തിന് വലിയ ഭീഷണിയാകും. വിങ്ങർ അബ്ദേ എസ്സൽസൂലിക്ക് പരിക്കേറ്റത് ചെറിയൊരു തിരിച്ചടിയാണെങ്കിലും ബിലാൽ എൽ ഖാനൂസ് ആ സ്ഥാനം ഭംഗിയായി കൈകാര്യം ചെയ്യാൻ പ്രാപ്തനാണ്.
മൊറോക്കോയുടെ പ്രതിരോധവും വിങ്ങിലൂടെയുള്ള മുന്നേറ്റവും മിഡ്ഫീൽഡിൽ സംശയമുള്ള ബ്രസീലിന് മറകടക്കാനുകുമോ എന്നതാണ് ഇരു ടീമിന്റെ ആരാധകരും ഉറ്റുനോക്കുന്നത്. ഈ പരീക്ഷയിൽ വിജയിച്ചാൽപിന്നെ ബ്രസീലിന് തിരിഞ്ഞുനോക്കേണ്ടിവരില്ലെന്നുറപ്പാണ്. മാൻ മാനേജ്മെന്റിൽ മാസ്റ്റർ ബ്രയിനായ ആൻസിലോട്ടിയിലാണവരുടെ സകല പ്രതീക്ഷയും.
After 24 years of waiting since their 2002 World Cup triumph, Brazil begin another quest for global glory under the guidance of legendary coach Carlo Ancelotti. Their opening challenge is a strong Morocco side that stunned top teams at the 2022 World Cup and defeated Brazil in 2023. Despite the absence of Neymar through injury, Brazil boast attacking stars such as Vinícius Júnior, Raphinha and Matheus Cunha. While concerns remain in midfield, Brazil’s defense and Ancelotti’s leadership inspire confidence. Morocco’s disciplined defense, led by Achraf Hakimi, promises a stern test in a potentially defining match for Brazil’s World Cup ambitions.