

2026 ലോകകപ്പിലെ ആദ്യ മത്സരത്തിൽതന്നെ മെക്സികോയെ ലോകം കണ്ടതാണ്. കരുത്തരായ സൗത്ത് ആഫ്രികയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് മെക്സികോ അന്ന് തങ്ങളുടെ വരവറിയിച്ചത്. മെക്സിക്കൻ താരങ്ങളുടെ മികവും ആതിഥേയരാകുമ്പോഴുള്ള മൈതാന പിന്തുണയുമാണ് ഇതിന് കാരണമായി പറയുന്നത്. നാളെ ഇംഗ്ലണ്ടിന് മുന്നിലുള്ളത് ഇതുവരെയുള്ളയിൽ ഏറ്റവും കഠിനമായ പരീക്ഷണമാണ്. മെക്സിക്കോ സിറ്റിയിലെ ചരിത്രപ്രസിദ്ധമായ അസ്റ്റെക്ക സ്റ്റേഡിയത്തിൽ ആതിഥേയരായ മെക്സിക്കോയെ നേരിടുമ്പോൾ എതിരാളികൾ മാത്രമല്ല, പതിനായിരക്കണക്കിന് ആരാധകരുടെ ആവേശവും ഇംഗ്ലണ്ടിന് മറികടക്കേണ്ടിവരും. സൗത്ത് ആഫ്രിക്കക്കെതിരെ ഇതേ സ്റ്റേഡിയത്തിൽവെച്ചാണ് 2 ഗോൾ അടിച്ച് ജയിച്ചത്.
മത്സരം ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ 5.30നാണ് അരങ്ങേറുന്നത്. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് കിക്കോഫ് സമയം നേരത്തെയാക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നെങ്കിലും ഒടുവിൽ സമയത്തിൽ മാറ്റമുണ്ടായില്ല. അസ്റ്റെക്ക സ്റ്റേഡിയത്തിൽ കളിച്ച അവസാന 89 മത്സരങ്ങളിൽ വെറും രണ്ട് തോൽവികൾ മാത്രമാണ് മെക്സിക്കോ വഴങ്ങിയത്. അതുകൊണ്ടുതന്നെ ലോകകപ്പിലെ ഏറ്റവും പ്രയാസമേറിയ എവേ വേദികളിലൊന്നായാണ് അസ്റ്റെക്കയെ വിലയിരുത്തുന്നത്.
ഇംഗ്ലണ്ട് ടീമിന്റെ ബസ് സ്റ്റേഡിയത്തിലെത്തുന്ന വഴിയും ഡ്രസിങ് റൂമിലേക്കുള്ള നീണ്ട നടപ്പാതയുംവരെ എതിരാളികളെ മാനസികമായി സമ്മർദത്തിലാക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്റ്റേഡിയത്തിൽ ഇംഗ്ലീഷ് ആരാധകരേക്കാൾ ഏകദേശം എട്ടിരട്ടി മെക്സിക്കൻ ആരാധകരുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്ന് 7,300 അടിയിലധികം ഉയരത്തിലുള്ള ഈ സ്റ്റേഡിയത്തിലെ കുറഞ്ഞ ഓക്സിജൻ നിലയും ഇംഗ്ലണ്ടിന് വലിയ വെല്ലുവിളിയാകും.
ഗ്രൂപ്പ് ഘട്ടത്തിൽ പ്രതിരോധ ഫുട്ബോൾ കളിച്ച ടീമുകൾക്കെതിരെ ഇംഗ്ലണ്ട് ബുദ്ധിമുട്ടിയിരുന്നു. ഘാനയ്ക്കും പനാമയ്ക്കുമെതിരെ അവസരങ്ങൾ സൃഷ്ടിക്കാൻ അവർ പാടുപെട്ടു. എന്നാൽ ക്രൊയേഷ്യ ആക്രമിച്ച് കളിച്ചപ്പോൾ ഇംഗ്ലണ്ട് നാല് ഗോൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. അതേസമയം, അതേ മത്സരത്തിൽ രണ്ട് ഗോൾ വഴങ്ങിയതും പ്രതിരോധത്തിലെ ദൗർബല്യം തുറന്നുകാട്ടി.
ടൂർണമെന്റിൽ ഇംഗ്ലണ്ടിനെതിരെ എക്സ്പെക്ടഡ് ഗോൾസ് വെറും 2.3 മാത്രമാണെങ്കിലും, കളി കണ്ടവർക്ക് ആ കണക്ക് യാഥാർഥ്യത്തോട് പൊരുത്തപ്പെടുന്നില്ലെന്നാണ് വിലയിരുത്തൽ. നാല് മത്സരങ്ങളിലും എതിരാളികൾക്ക് നിരവധി അവസരങ്ങൾ ഇംഗ്ലണ്ട് നൽകിയിരുന്നു. അസ്റ്റെക്കയിൽ പരിചയമുള്ളവരുടെ അഭിപ്രായത്തിൽ, മത്സരത്തിലെ ആദ്യ 15 മുതൽ 20 മിനിറ്റ് വരെ അതിജീവിക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ആദ്യ റൗണ്ടുകളിൽ മെക്സിക്കോ അതിശക്തമായി ആക്രമിക്കും. ആ സമയത്ത് ഗോൾ നേടാൻ കഴിയാതെ പോയാൽ പിന്നീട് അവരുടെ ആക്രമണതീവ്രത കുറയാൻ സാധ്യതയുണ്ട്. ടൂർണമെന്റിലുടനീളം ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ പ്രശ്നം റൈറ്റ് ബാക്ക് സ്ഥാനമാണ്. പരിക്കുകളെത്തുടർന്ന് നിരവധി താരങ്ങളെ നഷ്ടമായ സാഹചര്യത്തിൽ, മെക്സിക്കോയുടെ ഇടതുവിങ് ആക്രമണതാരം ജൂലിയൻ ക്വിന്യോനസ് വലിയ ഭീഷണിയാകും. ടൂർണമെന്റിൽ മൂന്ന് ഗോളുകൾ താരത്തിന്റെ പേരിലുണ്ട്.
അതുകൊണ്ടുതന്നെ ഡെക്ലൻ റൈസിനെ റൈറ്റ് ബാക്കായി ഇറക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. ഡിആർ കോംഗോക്കെതിരായ മത്സരത്തിൽ പരിശീലകസംഘം പരീക്ഷിച്ച ആശയമായിരുന്നു ഇത്. അങ്ങനെ വന്നാൽ ഈ ലോകകപ്പിൽ ഇംഗ്ലണ്ടിനായി റൈറ്റ് ബാക്ക് സ്ഥാനത്ത് കളിക്കുന്ന അഞ്ചാമത്തെ താരമാകും റൈസ്. എന്നാൽ റൈസ് സ്വാഭാവിക റൈറ്റ് ബാക്കല്ല. പകരം, ജൂഡ് ബെല്ലിങ്ഹാമിനെ കുറച്ചുകൂടി പിൻവലിച്ച് കളിപ്പിക്കുകയും, മുന്നിൽ മോർഗൻ റോജേഴ്സിനെയോ എബെറെചി എസെയെയോ ഉൾപ്പെടുത്തുകയും ചെയ്യുന്ന തന്ത്രവും ടുച്ചേൽ പരിഗണിക്കും.
England face their toughest test of the 2026 World Cup when they meet hosts Mexico in the Round of 16 at the Azteca Stadium. Mexico, who beat South Africa 2-0 in the tournament opener, have lost only twice in their last 89 home matches there. England must also cope with the altitude and a hostile crowd. Thomas Tuchel's biggest concern is at right-back, with injuries forcing him to consider deploying Declan Rice against Mexico's dangerous winger Julián Quiñones.