

ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഫിഫ ലോകകപ്പിന് പന്തുരുളാന്‍ ഇനി ആറ് നാളുകള്‍മാത്രമാണുള്ളത്. അര്‍ജന്റീന കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുമ്പോള്‍ ഫ്രാന്‍സ്, ഇംഗ്ലണ്ട്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ വമ്പന്മാരും ഒപ്പത്തിനൊപ്പമുണ്ട്. എന്നാല്‍, ഈ ആവേശങ്ങള്‍ക്കിടയില്‍ ലോകമെമ്പടുമുള്ള ആരാധകര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: കോടാനുകോടി മനുഷ്യര്‍ സ്വപ്നം കാണുന്ന ആ സ്വര്‍ണക്കപ്പ് നിര്‍മിക്കാന്‍ എത്ര രൂപ ചെലവായിട്ടുണ്ടാകും? അതിന്റെ യഥാര്‍ത്ഥ മൂല്യം എത്രയാണ്?
18 കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്ത വിസ്മയത്തിന് വിപണി മൂല്യം കോടികളാണെങ്കിലും വിജയികള്‍ക്ക് ഒറിജിനല്‍ ട്രോഫി വീട്ടില്‍ കൊണ്ടുപോകാന്‍ സാധിക്കില്ല. ഫിഫ കപ്പിന്റെ പിന്നിലെ ഈ കഥകള്‍ സത്യമാണോ?
കേവലം ഒരു കളിയിലെ സമ്മാനത്തിനപ്പുറം വൈകാരികമായ വലിയൊരു മൂല്യമാണ് ലോകകപ്പ് ട്രോഫിക്കുള്ളത്. എങ്കിലും നിലവിലെ വിപണി വിലയനുസരിച്ച് അതില്‍ ഉപയോഗിച്ചിരിക്കുന്ന സ്വര്‍ണത്തിന്റെയും മറ്റ് സാമഗ്രികളുടെയും മാത്രം മൂല്യം കണക്കാക്കിയാല്‍ ഏകദേശം 2.5 ലക്ഷം യുഎസ് ഡോളര്‍ (2 കോടിയിലധികം രൂപ) വരും. സമീപകാലത്തായി ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നതും ഇതിന്റെ മൂല്യംവീണ്ടും വര്‍ധിപ്പിച്ചു.
എന്നാല്‍ ഈ കപ്പ് നാളെ ഒരു ലേലത്തിന് വെക്കുകയാണെങ്കില്‍ അതിന്റെ മൂല്യം 20 മില്യണ്‍ യുഎസ് ഡോളറിനും (ഏകദേശം 165 കോടിയിലധികം ഇന്ത്യന്‍ രൂപ) മുകളിലായിരിക്കും എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
സ്വര്‍ണത്തിന്റെ അളവ്: 37 സെന്റീമീറ്റര്‍ ഉയരമുള്ള കപ്പ് 18 കാരറ്റ് സ്വര്‍ണത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. ഏകദേശം ആറ് കിലോഗ്രാമാണ് ഭാരം.
രൂപകല്‍പ്പന: രണ്ട് മനുഷ്യരൂപങ്ങള്‍ കൈകള്‍ മുകളിലോട്ടുയര്‍ത്തി ഭൂഗോളത്തെ താങ്ങിനിര്‍ത്തുന്ന രീതിയിലാണ് കപ്പിന്റെ രൂപകൽപ്പ. ഇറ്റാലിയന്‍ ശില്‍പ്പിയായ സില്‍വിയോ ഗസാനിഗയാണ് ഇത് രൂപകല്‍പ്പന ചെയ്തത്.
ഉള്ളില്‍ എന്താണ്?: കപ്പിന്റെ ഉള്‍ഭാഗം പൂര്‍ണമായും സ്വര്‍ണം നിറച്ചതല്ല, മറിച്ച് പൊള്ളയാണ്. പൂര്‍ണമായും സ്വര്‍ണമായിരുന്നെങ്കില്‍ കളിക്കാര്‍ക്ക് ഇത് കൈകളില്‍ ഉയര്‍ത്താന്‍ കഴിയാത്തത്ര ഭാരമുണ്ടാകുമായിരുന്നു. ട്രോഫിയുടെ താഴത്തെ ഭാഗത്ത് 'മാലക്കൈറ്റ്' (Malachite) എന്ന് വിളിക്കുന്ന പച്ചനിറത്തിലുള്ള രണ്ടു വിലപിടിപ്പുള്ള ധാതു പാളികളും ഘടിപ്പിച്ചിട്ടുണ്ട്.
1970-ല്‍ ബ്രസീല്‍ തങ്ങളുടെ മൂന്നാമത് ലോകകപ്പ് കിരീടം നേടിയപ്പോള്‍ അതുവരെ ഉപയോഗിച്ചിരുന്ന 'ജൂള്‍സ് റിമെറ്റ്' ട്രോഫി അവര്‍ക്ക് സ്ഥിരമായി സ്വന്തമായി. തുടര്‍ന്നാണ് ഫിഫ പുതിയ ട്രോഫിക്കായുള്ള മത്സരം നടത്തുന്നതും നിലവിലെ കപ്പ് രൂപകല്‍പ്പന ചെയ്യുന്നതും. 1974-ല്‍ ഇതിഹാസ താരം ഫ്രാന്‍സ് ബെക്കന്‍ബോവറുടെ നേതൃത്വത്തില്‍ പശ്ചിമ ജര്‍മനിയാണ് ഈ പുതിയ ട്രോഫി ആദ്യമായി സ്വന്തമാക്കിയത്.
പലര്‍ക്കും അറിയാത്ത ഒരു രഹസ്യമുണ്ട്; ലോകകപ്പ് ജയിക്കുന്ന ടീമുകളെ ഒറിജിനല്‍ സ്വര്‍ണക്കപ്പ് സ്വന്തമായി വീട്ടില്‍ കൊണ്ടുപോകാന്‍ ഫിഫ അനുവദിക്കാറില്ല. ഫൈനല്‍ മത്സരത്തിനുശേഷം നടക്കുന്ന ആഘോഷങ്ങള്‍ക്ക് തൊട്ടുപിന്നാലെ ഈ ഒറിജിനല്‍ ട്രോഫി സൂറിച്ചിലുള്ള ഫിഫയുടെ ആസ്ഥാനത്തേക്ക് തിരികെ കൊണ്ടുപോകും. അതിനു പകരം, വെങ്കലത്തില്‍ നിര്‍മിച്ച് സ്വര്‍ണ്ണം പൂശിയ ഡ്യൂപ്ലിക്കേറ്റ് ട്രോഫിയാണ് വിജയികളായ രാജ്യത്തിന് നാട്ടിലേക്ക് കൊണ്ടുപോകാനായി ഫിഫ സമ്മാനിക്കുന്നത്.
ഈ റെപ്ലിക്ക ട്രോഫികള്‍ സൂക്ഷിക്കുന്നതിലും രാജ്യങ്ങള്‍ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങളാണ് പാലിക്കാറുള്ളത്. മുന്‍കാലങ്ങളില്‍ യഥാര്‍ത്ഥ ജൂള്‍സ് റിമെറ്റ് ട്രോഫി മോഷ്ടിക്കപ്പെട്ട കയ്‌പേറിയ ചരിത്രം ഫിഫയ്ക്ക് മുന്നിലുണ്ട്. അതുകൊണ്ടുതന്നെ, ഫൈനല്‍ വേദിയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഫിഫ പ്രതിനിധികളുടെയും അതീവ ജാഗ്രതയിലാണ് ഒറിജിനല്‍ കപ്പ് ഓരോ തവണയും മൈതാനത്തേക്ക് എത്തിക്കുന്നത്.
ലോകകപ്പ് കിരീടത്തിന്റെ സ്വര്‍ണത്തിളക്കത്തേക്കാള്‍ അതിന്റെ മാറ്റ് കൂട്ടുന്നത് അതുയര്‍ത്താന്‍ കളിക്കാര്‍ നടത്തുന്ന കഠിനാധ്വാനമാണ്. ഒരു ഫുട്‌ബോള്‍ താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്ന സാക്ഷാത്കാരമാണ് ഈ ട്രോഫിയില്‍ ഒന്നുതൊടുക എന്നത്. അതുകൊണ്ടു തന്നെയാണ് ഭൗതികമായ വിലയേക്കാള്‍, ഇതിഹാസ താരങ്ങളുടെ കണ്ണീരും വിയര്‍പ്പും കലര്‍ന്ന വികാരമായി ഈ കപ്പ് മാറുന്നത്.
ഇത്തവണ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന മെഗാ ടൂര്‍ണമെന്റില്‍ ഈ അപൂര്‍വ സുന്ദരമായ സ്വര്‍ണക്കപ്പ് ആര് സ്വന്തമാക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. മെസ്സിയുടെ അര്‍ജന്റീന കിരീടം നിലനിര്‍ത്തുമോ, അതോ റൊണാള്‍ഡോയുടെ പോർച്ചുഗലോ നെയ്മറുടെ ബ്രസീലോ എംബാപ്പെയുടെ ഫ്രാന്‍സോ ഹാരി കെയ്‌നിന്റെ ഇംഗ്ലണ്ടോ ഈ കോടികള്‍ വിലമതിക്കുന്ന വിസ്മയം തങ്ങളുടെ രാജ്യത്തേക്ക് എത്തിക്കുമോയെന്ന് കാത്തിരുന്ന് കാണാം.
English Summary: With just days left for the FIFA World Cup, the iconic trophy remains one of the most valuable prizes in sports. Made of 18-carat gold and weighing around six kilograms, its material value exceeds ₹2 crore, while experts estimate it could fetch over ₹165 crore at auction. However, World Cup winners do not keep the original trophy; FIFA retains it and awards a gold-plated replica instead. More than its monetary worth, the trophy symbolizes the ultimate dream and achievement in a footballer's career.