

2026 ഫിഫ ലോകകപ്പിന് വടക്കേ അമേരിക്കയില്‍ പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഫുട്‌ബോള്‍ ലോകം ഒരു ചരിത്രപരമായ മാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഇത്തവണ 32 ടീമുകളല്ല, മറിച്ച് 48 രാജ്യങ്ങളാണ് വിശ്വകിരീടത്തിനായി പോരാടുന്നത്. ടൂര്‍ണമെന്റിലുടനീളം ആകെ 104 മത്സരങ്ങള്‍! യു.എസ്.എ, കാനഡ, മെക്‌സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലായി പടര്‍ന്നുകിടക്കുന്ന നീണ്ട യാത്രാദൂരങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും കളിക്കാരെ കടുത്ത പരീക്ഷണങ്ങളിലേക്ക് തള്ളിവിടും.
ഇത്രയും ദൈര്‍ഘ്യമേറിയതും കഠിനവുമായ ഒരു ടൂര്‍ണമെന്റില്‍ വെറും 'സ്റ്റാര്‍ പവര്‍' (സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യം) മാത്രം കൊണ്ട് ഒരു ടീമിന് കപ്പടിക്കാന്‍ കഴിയുമോ? അതോ ടീമിന്റെ ഡെപ്ത് , കോച്ചിങ് മികവ്, നിലവിലെ ഫോം എന്നിവയാണോ നിര്‍ണായകമാവുക? ഫിഫയുടെ ഔദ്യോഗിക ഡേറ്റ മുന്‍നിര്‍ത്തി, ലോകകപ്പിലെ സാധ്യതകള്‍ നോക്കാം.
വന്‍ശക്തികളുടെ സാധ്യതകള്‍
1. ഫ്രാന്‍സ്: ഡെപ്തിന്റെ കരുത്തില്‍ 'ലെ ബ്ലൂസ്'
ഫിഫ റാങ്കിങ്ങില്‍ ഒന്നാമതുള്ള ഫ്രാന്‍സ് തന്നെയാണ് ഇത്തവണയും ഏറ്റവും ബാലന്‍സുള്ള ടീം. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ നയിക്കുന്ന മുന്നേറ്റനിരയും ഒസ്മാന്‍ ഡെംബെലെയുടെ ഫോമും അവര്‍ക്ക് കരുത്താകും. എന്നാല്‍ ഫ്രാന്‍സിന്റെ യഥാര്‍ത്ഥ ആയുധം അവരുടെ സ്‌ക്വാഡ് ഡെപ്ത് ആണ്.
എന്തുകൊണ്ട് ഡെപ്ത് പ്രധാനം: 48 ടീമുകളുള്ള ഈ ടൂര്‍ണമെന്റില്‍ ഒരു ടീമിന് ഫൈനലില്‍ എത്താന്‍ 8 മത്സരങ്ങള്‍ കളിക്കേണ്ടതുണ്ട്. പരിക്കുകളോ സസ്‌പെന്‍ഷനുകളോ വന്നാല്‍ പകരം ഇറക്കാന്‍ തുല്യശക്തികളായ താരങ്ങള്‍ ഫ്രാന്‍സിനുണ്ട്. ഡിദിയര്‍ ദെഷാംപ്‌സ് എന്ന പരിചയസമ്പന്നനായ കോച്ചിന്റെ കീഴില്‍ അവര്‍ ഏതൊരു പ്രതിസന്ധിയും മറികടക്കാന്‍ കെല്‍പ്പുള്ളവരാണ്.
2. അര്‍ജന്റീന: നിലവിലെ ചാമ്പ്യന്മാരുടെ ആത്മവിശ്വാസം
ലിയോണല്‍ സ്‌കലോണിയുടെ കീഴില്‍ 2022 ലോകകപ്പും 2024 കോപ്പ അമേരിക്കയും നേടിയ അര്‍ജന്റീനയ്ക്ക് ഒത്തൊരുമയാണ് പ്രധാന കൈമുതല്‍. ജൂലിയന്‍ അല്‍വാരസ്, എന്‍സോ ഫെര്‍ണാണ്ടസ്, അലക്‌സിസ് മാക് അലിസ്റ്റര്‍, ക്രിസ്റ്റ്യന്‍ റൊമേറോ എന്നിവരെല്ലാം തങ്ങളുടെ കരിയറിന്റെ ഏറ്റവും മികച്ച ഫോമിലാണ്. ഇതിനെല്ലാമുപരി ലിയോണല്‍ മെസ്സിയുടെ സാന്നിധ്യം ടീമിന് നല്‍കുന്ന മാനസികമായ ഊര്‍ജ്ജം ചെറുതല്ല. എന്നാല്‍, ടീമിലെ പ്രധാന താരങ്ങളുടെ പ്രായക്കൂടുതല്‍ ഈ കഠിനമായ ടൂര്‍ണമെന്റില്‍ അവരെ എങ്ങനെ ബാധിക്കുമെന്നത് കണ്ടറിയണം.
3. ബ്രസീല്‍: വ്യക്തിഗത മികവും പ്രതിരോധത്തിലെ വെല്ലുവിളിയും
ബ്രസീല്‍ എപ്പോഴും ലോകകപ്പിലെ ഫേവറിറ്റുകളാണ്. വിനീഷ്യസ് ജൂനിയര്‍ ഉള്‍പ്പെടെയുള്ള താരങ്ങളുടെ വ്യക്തിഗത മികവ് (Individual Brilliance) ഏത് പ്രതിരോധത്തെയും തകര്‍ക്കാന്‍ പോന്നതാണ്. എന്നാല്‍ സമീപകാല ഫോമും പ്രതിരോധത്തിലെ അസ്ഥിരതയും അവര്‍ക്ക് വെല്ലുവിളിയാണ്. വെറും സ്റ്റാര്‍ പവര്‍ കൊണ്ട് മാത്രം കപ്പടിക്കാനാകില്ലെന്ന് ബ്രസീലിന് നന്നായി അറിയാം; അവര്‍ക്ക് കൃത്യമായ തന്ത്രങ്ങളും പ്രതിരോധ അച്ചടക്കവും അനിവാര്യമാണ്.
4. ഇംഗ്ലണ്ട്: പുതിയ കോച്ചും വമ്പന്‍ അറ്റാക്കും
തോമസ് ടുഹെല്‍ എന്ന തന്ത്രശാലിയായ കോച്ചിന് കീഴിലാണ് ഇംഗ്ലണ്ട് വരുന്നത്. ഹാരി കെയ്ന്‍ (കഴിഞ്ഞ സീസണില്‍ 61 ഗോളുകള്‍ നേടിയ താരം), ജൂഡ് ബെല്ലിങ്ഹാം, ബുകായോ സാക്ക എന്നിവരടങ്ങുന്ന ഇംഗ്ലണ്ടിന്റെ അറ്റാക്കിങ് നിര ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാണ്. എന്നാല്‍ വലിയ മത്സരങ്ങളില്‍ സമ്മര്‍ദ്ദത്തെ അതിജീവിച്ച് കിരീടം നേടാന്‍ അവര്‍ക്ക് കഴിയുമോ എന്നതാണ് ചോദ്യം. കോച്ചിന്റെ തന്ത്രങ്ങള്‍ക്ക് ഇവിടെ വലിയ പങ്കുണ്ട്.
5. പോര്‍ച്ചുഗല്‍, നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം: കറുത്ത കുതിരകള്‍
പോര്‍ച്ചുഗല്‍ (6.92%): റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ കീഴില്‍ ബ്രൂണോ ഫെര്‍ണാണ്ടസ്, വിറ്റിന്‍ഹ, ബെര്‍ണാര്‍ഡോ സില്‍വ എന്നിവരടങ്ങുന്ന അതിശക്തമായ മധ്യനിര പോര്‍ച്ചുഗലിനുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പരിചയസമ്പത്തും കൂടിച്ചേരുമ്പോള്‍ അവര്‍ അപകടകാരികളാകും.
നെതര്‍ലന്‍ഡ്‌സ് (3.86%): മികച്ച ഫോമിലുള്ള നെതര്‍ലന്‍ഡ്‌സ് ഏത് വമ്പന്മാരെയും വീഴ്ത്താന്‍ തക്ക തന്ത്രങ്ങളുള്ള കോച്ചിങ്ങും ടീം ഘടനയുമുള്ളവരാണ്.
ബെല്‍ജിയം (2.35%): ഏദന്‍ ഹസാര്‍ഡും ലുകാകുവുമെല്ലാം അടങ്ങിയ പഴയ 'ഗോള്‍ഡന്‍ ജനറേഷന്‍' യുഗം കഴിഞ്ഞെങ്കിലും, യുവതാരങ്ങളുടെ കരുത്തില്‍ സര്‍െ്രെപസ് നല്‍കാനാണ് ബെല്‍ജിയം ശ്രമിക്കുന്നത്.
എന്താണ് വിജയിയെ നിശ്ചയിക്കുക?
ഈ 48 ടീമുകളുടെ ലോകകപ്പില്‍ വെറുമൊരു 'സൂപ്പര്‍ സ്റ്റാര്‍' ഉള്ളതുകൊണ്ട് മാത്രം ഒരു രാജ്യത്തിനും കിരീടം നേടാനാകില്ല. കടുത്ത ചൂടും കിലോമീറ്ററുകള്‍ നീളുന്ന യാത്രകളും കളിക്കാരുടെ സ്റ്റാമിനയെ ബാധിക്കും. അതുകൊണ്ടുതന്നെ ആദ്യ ഇലവന് പുറമെ ബെഞ്ചിലിരിക്കുന്ന കളിക്കാരുടെ നിലവാരം (Rotation Capactiy) ഉള്ള ടീമുകള്‍ക്കേ അതിജീവനം സാധ്യമാകൂ. ഇവിടെ ഫ്രാന്‍സിനും പോര്‍ച്ചുഗലിനും മുന്‍തൂക്കമുണ്ട്.
കൂടാതെ നീണ്ട ടൂര്‍ണമെന്റില്‍ ഓരോ എതിരാളികള്‍ക്കനുസരിച്ച് തന്ത്രങ്ങള്‍ മാറ്റാന്‍ കഴിയുന്ന കോച്ചുമാര്‍ ജയിക്കും. സ്‌കലോണി (അര്‍ജന്റീന), ടുഹെല്‍ (ഇംഗ്ലണ്ട്), ദെഷാംപ്‌സ് (ഫ്രാന്‍സ്) എന്നിവര്‍ ഇതില്‍ മിടുക്കരാണ്. മത്സരത്തിന്റെ താളം നിയന്ത്രിക്കാന്‍ കഴിയുന്ന മധ്യനിരയുള്ള ടീമുകള്‍ക്കേ (ഉദാഹരണത്തിന് സ്‌പെയിന്‍ അല്ലെങ്കില്‍ ഫ്രാന്‍സ്) ഈ കഠിനമായ ടൂര്‍ണമെന്റ് ജയിക്കാനാകൂ.ചുരുക്കത്തില്‍, സ്റ്റാര്‍ പവറിനേക്കാള്‍ ഉപരിയായി ഡെപ്തും, ശാരീരികക്ഷമതയും, കൃത്യമായ കോച്ചിങ് തന്ത്രങ്ങളും സമന്വയിപ്പിക്കുന്ന ഒരു ടീം മാത്രമായിരിക്കും 2026 ജൂലൈ 19ന് ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തില്‍ ലോകകിരീടം ഉയര്‍ത്തുക.
English Summary: With only days remaining before the 2026 FIFA World Cup kicks off in North America, the football world is witnessing a historic transformation. For the first time, 48 nations will compete for the coveted title instead of the traditional 32 teams. The tournament will feature a record 104 matches spread across the United States, Canada, and Mexico. The vast travel distances, varying climates, and demanding schedule are expected to pose significant challenges for players throughout the competition.