

2026 ലോകകപ്പിൽ ആദ്യ സെമിഫൈനൽ ഇന്ന് രാത്രി അമേരിക്കയിലെ ഡാലാസ് സ്റ്റേഡിയത്തിൽ നടക്കുമ്പോൾ ലോകം സാക്ഷിയാകാൻ പോകുന്നത് തുല്യരായ യൂറോപ്യൻ ശക്തികളുടെ നേർക്കുനേർ പോരാട്ടമാകും. ഫിഫ റാങ്കിങ്ങിൽ രണ്ടും മൂന്നും സ്ഥാനത്തുള്ള ഫ്രാൻസും സ്പെയിനും ഫുട്ബോളുമായി നൃത്തമാടുമ്പോൾ ഇന്ന് പിച്ചിൽ അരങ്ങേറുന്നത് ലോകകപ്പ് ഫുട്ബോളിലെ മനോഹര നിമിഷങ്ങളാകും. ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ റെക്കോർഡുമായാണ് ഫ്രാൻസ് എംബാപ്പെക്കും സംഘത്തിനും കീഴിൽ സെമിയിലേക്ക് എത്തിയിരിക്കുന്നത്.
സെനഗലിനേയും ഇറാഖിനേയും നോർവേയേയും പരാജയപ്പെടുത്തി ഫ്രാൻസ് ഗ്രൂപ്പ് ഐ ജേതാക്കളായത് പത്ത് ഗോളുകൾ വാരിക്കൂട്ടിയായിരുന്നു. ഇതിൽ വഴങ്ങിയതാകട്ടെ വെറും രണ്ട് ഗോളുകളും. നോക്കൗട്ടിൽ സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് റൗണ്ട് ഓഫ് 16ലെത്തിയത്. ക്വാർട്ടറിൽ പരാഗ്വെയെ ഒരു ഗോളിനും ക്വാർട്ടർ ഫൈനലിൽ മൊറോക്കോയെ രണ്ട് ഗോളിനും കീഴടക്കിയാണ് ഫ്രാൻസിന്റെ വിജയഗാഥ.
കിലിയൻ എംബാപ്പെ 8 ഗോളുകളും 3 അസിസ്റ്റുകളുമായി ഗോൾഡൻ ബൂട്ട് റേസിൽ ഒന്നാമനായി ടീമിനൊപ്പമുണ്ട്. 5 ഗോളുകൾ നേടി ഒസ്മാൻ ഡെംബെലെയും കരുത്തായി ഉണ്ട്. 2002,2006 സീസണിലെ ബ്രസീലിന്റെ എക്കാലത്തെയും ത്രയത്തെ ഓർമിപ്പിക്കും വിധം ഈ ലോകകപ്പ് സമ്മാനിച്ചത് എംബാപ്പെ, ഡെംബെലെ, മൈക്കൽ ഒലീസെ എന്നീ ട്രിയോയാണ് ഫ്രാൻസിന്റെ മുതൽകൂട്ട്. ഒലീസെ 5 അസിസ്റ്റുകളാണ് ഇതുവരെ നൽകിയത്. പ്രതിരോധക്കോട്ട കാക്കുന്ന വില്യം സലിബ, ഗോൾകീപ്പർ മൈക്ക് മൈനാൻ എന്നിവരും ഇന്നത്തെ കളിയിൽ ടീമിന് നിർണ്ണായകമാകും.
മറുപുറത്ത് ടിക്കി-ടാക്ക തന്ത്രജ്ഞരായ സ്പെയിനിനും സമാന സാധ്യതയാണ് ഉള്ളത്. മനോഹരമായ പാസിങ് ഗെയിമിലൂടെയും ശക്തമായ ഡിഫൻസിലൂടെയുമാണ് സ്പെയിൻ മുന്നേറുന്നത്. ഗ്രൂപ്പ് എച്ചിൽ സൗദി അറേബ്യയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കും കേപ് വെർഡെയെ 3-1നും പരാജയപ്പെടുത്തിയിരന്നു. ഉറുഗ്വേയോട് 1-1 സമനില വഴങ്ങേണ്ടിവന്നെങ്കിലും ഗ്രൂപ്പ് ജേതാക്കളായിട്ടായിരുന്നു മുന്നേറ്റം. നോക്ക് ഔട്ടിൽ ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളിനും ക്വാർട്ടറിൽ പോർച്ചുഗലിനെ ഒരു ഗോളിനും ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തിനെ 2-1ന് നാട്ടിലേക്കയച്ചുമാണ് സ്പെയിനിന്റെ സെമി ഫൈനൽ പ്രവേശനം.
ഏത് നിമിഷവും കളിയുടെ ഗതിമാറ്റാൻ കഴിവുള്ള ലാമിൻ യമാലും ടൂർണമെന്റിൽ 4 ഗോളുകളുമായി സ്പെയിനിന്റെ ടോപ്പ് സ്കോറർ മിക്കേൽ ഒയർസബാലുമാണ് പ്രാധാന ശക്തികൾ. സൗദി അറേബ്യക്കെതിരെയും ഓസ്ട്രിയക്കെതിരെയും മികച്ച പ്രകടനം നടത്തി താരം തന്റെ കഴിവ് തെളിയിച്ചിരുന്നു. പോർച്ചുഗൽ, ബെൽജിയം എന്നിവർക്കെതിരെയുള്ള നോക്കൗട്ട് മത്സരങ്ങളിൽ അവസാന നിമിഷങ്ങളിൽ ഗോളടിച്ച് സ്പെയിനിന്റെ രക്ഷകനായ മിക്കേൽ മെറിനോയും കൂടെയുണ്ട്. മധ്യനിര നിയന്ത്രിക്കുന്ന ലോകോത്തര താരം റോഡ്രി, പ്രതിരോധ താരം അയ്മെറിക് ലപ്പോർട്ടെ, റോഡ്രി, കുക്കുറെല്ല എന്നിവരും സ്പെയിനിന്റെ പ്രധാന കരുത്തരാണ്.
ഇന്നത്തെ മത്സരം യഥാർത്ഥത്തിൽ എംബാപ്പെയുടെ ഫ്രഞ്ച് ആക്രമണവും യമാലിന്റെ സ്പാനിഷ് യുദ്ധതന്ത്രങ്ങളും തമ്മിലുള്ള പോരാട്ടമാണ്. കഴിഞ്ഞ വർഷത്തെ നേഷൻസ് ലീഗ് സെമിയിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ സ്പെയിൻ 5-4 ന് ജയിച്ചിരുന്നു. എന്നാൽ ലോകകപ്പ് വേദിയിലെ സമ്മർദ്ദം തികച്ചും വ്യത്യസ്തമാണ്. മത്സരത്തിൽ ഇരുടീമുകൾക്കും 50-50 തുല്യസാധ്യത തന്നെയാണ് നൽകുന്നത്. ഇന്നത്തെ കളിയിൽ ആർക്കും വ്യക്തമായ മേൽക്കൈ പ്രവചിക്കാൻ കഴിയില്ലെന്നതാണ് യാഥാർത്യം. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും കളി സമനിലയിലായി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയാൽപോലും അത്ഭുതപ്പെടാനില്ല.
France and Spain face off in the first semifinal of the 2026 FIFA World Cup in Dallas, promising a clash between two evenly matched European giants. France, led by Kylian Mbappé, have been the tournament's highest-scoring side, while Spain have impressed with their trademark possession-based football and disciplined defence. Mbappé's attacking firepower will be tested against Lamine Yamal's creativity and Spain's tactical strength. With both teams in outstanding form, the contest is expected to be extremely close and could even be decided by penalties.