

2026 ലോകകപ്പിലെ പ്രീക്വാർട്ടറിൽ ഫ്രാൻസ്–പരാഗ്വേ പോരാട്ടം അവസാനിച്ചത് ഏകപക്ഷീയമായ ഒരു ഗോളിന്റെ ഫ്രാൻസ് വിജയത്തോടെയായിരുന്നു. എന്നാൽ മത്സരശേഷം ഫുട്ബോൾ ലോകം ചർച്ച ചെയ്തത് സ്കോർലൈനിനെ കുറിച്ചോ ഫ്രാൻസിന്റെ ക്വാർട്ടർ പ്രവേശനത്തെ കുറിച്ചോ ആയിരുന്നില്ല. പരാഗ്വെയുടെ ഫിസിക്കൽ അക്രമണ ശൈലിയെ കുറിച്ചായിരുന്നു. ക്ലബ് ഫുട്ബോളിൽ അറ്റ്ലറ്റികോ മാഡ്രിഡിനാണ് ഈ സ്വഭാവമെങ്കിൽ ദേശീയ ടീമുകളിൽ ഇത് പരാഗ്വെയാണ്.
നിരന്തരമായ ഗുരതര ഫൗളുകൾ, കളിയുടെ വേഗം മനഃപൂർവം കുറയ്ക്കൽ, എതിർതാരങ്ങളെ പ്രകോപിപ്പിക്കൽ, ഓഫ് ദി ബോൾ ഏറ്റുമുട്ടലുകൾ, സമയനഷ്ടം ഇതെല്ലാംകൊണ്ടും യഥാർത്ഥത്തിൽ ഇന്ന് പരാഗ്വെ കാഴ്ച്ച വെച്ചത് ആന്റി ഫുട്ബോൾ ആയിരുന്നു. ചില നിരീക്ഷകർ ഇതിനെ ഫുട്ബോളിന്റെ അപമാനം എന്നാണ് വിമർശിച്ചത്.
പരാഗ്വേ തുടക്കം മുതൽതന്നെ കിലിയൻ എംബാപ്പെയെ പ്രത്യേകമായി ലക്ഷ്യമിട്ട് നിരന്തര മാൻ മാർക്കിംഗ്, ശക്തമായ ടാക്കിളുകൾ, ഫിസിക്കൽ അറ്റാക്ക് എന്നിവ പ്രയോഗിച്ചു. ഫ്രാൻസിന്റെ പാസിങ് താളം തെറ്റിക്കാൻ ചെറിയ ഫൗളുകൾ ആവർത്തിക്കുകയും, വേഗത്തിലുള്ള കൗണ്ടർ ആക്രമണങ്ങൾ തടയാൻ കളിയുടെ റിതം മനപൂർവം കുറയ്ക്കുകയും ചെയ്തു. പന്തില്ലാത്ത സമയത്തെ ശാരീരിക ഏറ്റുമുട്ടലുകൾ, എതിർതാരങ്ങളെ പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങൾ, മത്സരം ഇടയ്ക്കിടെ തടസ്സപ്പെടുത്തി കളിയുടെ വേഗം കുറച്ചും അവർ കളിയുടെ രസം നഷ്ടപ്പെടുത്തി. മത്സരശേഷം എംബാപ്പെയും പരാഗ്വേ താരങ്ങളും തമ്മിൽ വാക്കേറ്റവും ചെറിയ സംഘർഷവും അരങ്ങേറിയതോടെ വിവാദം കൂടുതൽ ശക്തമായി.
എംബാപ്പെയെ പരാഗ്വെ താരങ്ങൾ പരിക്കേൽപ്പിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നുവെന്നും അവസാന നിമിഷങ്ങളിൽ സഹതാരങ്ങളോട് അദ്ദേഹത്തെ സംരക്ഷിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്സ് മത്സരശേഷം വെളിപ്പെടുത്തിയിട്ടുണ്ട്. ശാരീരികമായി കൈകാര്യം ചെയ്യേണ്ടിവന്നാൽ അതിനും ഞങ്ങൾക്ക് കഴിയും എന്ന് നായകൻ എംബാപ്പെ മത്സര ശേഷം പറഞ്ഞിരുന്നു.
എന്നാൽ, പരാഗ്വേയെപ്പോലുള്ള ഒരു ടീമിന് ഫ്രാൻസിനെതിരെ മറ്റു മേജർ ടീമുകളെപോലെ തുറന്നാക്രമിച്ച് കളിക്കാൻ കഴിയുമോ എന്നാണ് പരാഗ്വെയുടെ കളിയെ അനുകൂലിക്കുന്നവർ പറയുന്നത്. ലോകത്തിലെ ഏറ്റവും വേഗമേറിയ മുന്നേറ്റനിരകളിലൊന്നായ എംബാപ്പെ, ഡെംബലെ, ലിസെ എന്നിവരെ തുറന്ന മൈതാനത്ത് നേരിടുന്നത് ആത്മഹത്യാപരമായ നീക്കമാകുമെന്നും അതിനാൽ മാൻ മാർക്കിങ്, പ്രതിരോധ ബ്ലോക്ക്, ശാരീരിക സമ്മർദം, റിതം തകർക്കൽ എന്നിവയിലൂടെ സമനില പിടിച്ച് ഷൂട്ടൗട്ടിലേക്ക് പോകുക എന്നാണ് പരാഗ്വേ തീരുമാനിച്ചിരുന്നത്.
ഫുട്ബോളിന്റെ ലക്ഷ്യം മനോഹരമായി കളിക്കുകയാണോ എന്നുള്ളതല്ല, ജയിക്കുക എന്നതാണെന്നും അനുകൂലിക്കുന്നവർ പറയുന്നുണ്ട്. ചെറു ടീമുകൾക്ക് വമ്പൻ ടീമുകളെ നേരിടാൻ സാങ്കേതിക മികവുകൊണ്ട് മാത്രം സാധിക്കില്ല. അതിനാൽ അവരുടെ ആയുധം ശാരീരികതയും അച്ചടക്കമുള്ള പ്രതിരോധവുമാണ്. അത് ചിലപ്പോൾ കാഴ്ചക്കാരെ നിരാശപ്പെടുത്തും. എന്നാൽ അതേ തന്ത്രം വിജയിച്ചിരുന്നെങ്കിൽ, ഇന്ന് അതിനെ ടാക്റ്റിക്കൽ മാസ്റ്റർക്ലാസ് എന്ന് വിശേഷിപ്പിച്ചേനെയെന്നും ഇവർ പറയുന്നുണ്ട്.
അതേസമയം, ശക്തമായ പ്രതിരോധവും ശാരീരിക കളിയും ഫുട്ബോളിന്റെ ഭാഗമാണെങ്കിലും ഓഫ് ദി ബോൾ ആക്രമണങ്ങൾ, മനഃപൂർവമുള്ള അപകടകരമായ ഫൗളുകൾ, പ്രകോപനങ്ങൾ, കളിയെ ബാധിക്കുന്ന പെരുമാറ്റങ്ങൾ എന്നിവയെ ഒരു തന്ത്രത്തിന്റെ പേരിൽ ന്യായീകരിക്കാനാകില്ലെന്നതാണ് സത്യം. ഈ പരിധി പരാഗ്വേ ലംഘിച്ചുവെന്ന വിലയിരുത്തലിലാണ് ലോകമെമ്പാടുമുള്ള വിമർശനങ്ങൾ സൂചിപ്പിക്കുന്നത്.
France's 1-0 victory over Paraguay in the 2026 FIFA World Cup Round of 16 was overshadowed by widespread criticism of Paraguay's physical tactics. Repeated fouls, off-the-ball incidents, time-wasting and attempts to disrupt France's rhythm sparked accusations of "anti-football." While supporters argued such tactics were Paraguay's only realistic way to compete against a superior side, critics insisted the team crossed the line between disciplined defending and dangerous play, particularly by targeting Kylian Mbappé with aggressive challenges throughout the match.