

സ്‌പെയിനെതിരായ പ്രീ ക്വാർട്ടർ മത്സരത്തിൽ ജയിക്കാവുന്ന സാഹചര്യമുണ്ടായിരുന്നോ? അങ്ങനെയൊരു വിലയിരുത്തൽ ചില കോണുകളിൽനിന്നെങ്കിലും ഉയരുന്നുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ മുഴുവൻ സമയം കളിപ്പിക്കാനുള്ള പരിശീലകൻ റോബർട്ടോ മാർട്ടിനെസിന്റെ തന്ത്രം പാളിയാണെന്നാണ് ഈ വിലയിരുത്തൽ. നാൽപ്പത്തിയൊന്നുകാരനായ റൊണാൾഡോ മത്സരത്തിലുടനീളം പ്രതിരോധത്തിലാകുന്ന കാഴ്ചയാണ് കണ്ടത്. പല അവസരങ്ങളിലും റൊണാൾഡോയ്ക്കു പകരം മറ്റേതെങ്കിലും താരമായിരുന്നെങ്കിൽ പോർച്ചുഗലിനു ജയിക്കാവുന്ന സാഹചര്യമുണ്ടായിരുന്നുവെന്നു പോർച്ചുഗൽ മാധ്യമങ്ങൾ തന്നെ പറയുന്നു.
സ്‌പെയിനെതിരായ മത്സരത്തിൽ റൊണാൾഡോ പന്ത് തൊട്ടത് 19 തവണ മാത്രം. രണ്ടാമതുള്ള സ്‌പെയിൻ താരം ഒയർസബാൽ 35 തവണയാണ് പന്ത് തൊട്ടത്. കളിയിൽ ഒരു അവസരം പോലും സൃഷ്ടിക്കാൻ റൊണാൾഡോയ്ക്കു സാധിച്ചില്ല. മാത്രമല്ല ഒന്നിലേറെ ഗോളവസരങ്ങൾ പാഴാക്കുകയും ചെയ്തു.
പ്രമുഖ ഫുട്‌ബോൾ അനുബന്ധ വെബ്സൈറ്റ് ആയ ദ് ഗോളിന്റെ പ്ലെയർ റേറ്റിങ്ങിൽ പത്തിൽ അഞ്ച് മാത്രമാണ് റൊണാൾഡോയ്ക്കു ലഭിച്ചിരിക്കുന്നത്. റൊണാൾഡോയെ സബ്സ്റ്റിറ്റിയൂട്ട് ചെയ്യാത്തത് പോർച്ചുഗലിന്റെ തോൽവിക്കു കാരണമായെന്നും പോർച്ചുഗൽ പ്രാദേശിക മാധ്യമങ്ങൾ വിമർശിച്ചു.
ആദ്യ പകുതിയിൽ 12 തവണയാണ് റൊണാൾഡോ പന്ത് തൊട്ടത്. പലപ്പോഴും പൊസഷൻ നഷ്ടമായതിനെത്തുടർന്ന് ഗോളവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞതുമില്ല. സെക്കൻഡ് ഹാഫിൽ റൊണാൾഡോ പന്ത് തൊട്ടത് ഏഴ് തവണ. മത്സരം 80 മിനിറ്റ് കഴിഞ്ഞശേഷം ഒരു തവണ പോലും റൊണാൾഡോയുടെ കാലിലേക്ക് പന്ത് എത്തിയിട്ടില്ല. കണക്കുകൾ പ്രകാരം ഈ ലോകകപ്പിൽ റൊണാൾഡോയേക്കാൾ അധികനേരം പന്ത് കൈവശം വയ്ക്കുകയും കൂടുതൽ ടച്ചുകളുള്ളതുമായ 366 താരങ്ങളുണ്ട്.
മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് പോകുമെന്നു കരുതിയാണ് പരിശീലകൻ മാർട്ടിനെസ് റൊണാൾഡോയെ പിൻവലിക്കാതിരുന്നത്. എന്നാൽ ആ തീരുമാനം തെറ്റായി. മാത്രമല്ല റൗണ്ട് 32 വിൽ ക്രൊയേഷ്യയ്‌ക്കെതിരെ ഗോൾ നേടിയ സെർജിയോ റാമോസിനെ മാർട്ടിനെസ് കളിക്കാൻ ഇറക്കിയതുമില്ല.
ഈ ലോകകപ്പിൽ പോർച്ചുഗലിനു വേണ്ടി 187 മിനിറ്റ് മാത്രമാണ് റാമോസ് കളിച്ചത്. അതിൽ നാല് ഗോളും ഒരു അസിസ്റ്റും സ്വന്തം പേരിലാക്കി. 37 മിനിറ്റാണ് ഗോൾ ശരാശരി. എന്നിട്ടും സ്‌പെയിനെതിരെ റാമോസ് മുഴുവൻ സമയം ബെഞ്ചിലിരിക്കേണ്ടിവന്നു. ഇതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.
Portugal's defeat to Spain in the FIFA World Cup Round of 16 has sparked debate over head coach Roberto Martinez's tactical decisions, particularly his decision to keep Cristiano Ronaldo on the field for the entire match. Some analysts and Portuguese media outlets have argued that the 41-year-old struggled to make an impact and spent much of the game under pressure from Spain's defence. They suggest Portugal may have had a better chance of progressing had fresher attacking options been introduced, although opinions remain divided over the coach's approach.