സ്പെയിനിനെതിരെ കേപ് വെർഡെ മോഡൽ പയറ്റേണ്ടിവരും സൗദി അറേബ്യക്ക്; ലാമിൻ യമാൽ ആദ്യ ഇലവനിൽ

ശക്തമായ സ്ക്വാഡുണ്ടായിട്ടും 2010 ലോകകപ്പ് കിരീടം നേടിയതിനുശേഷം കളിച്ച 12 ലോകകപ്പ് മത്സരങ്ങളിൽ വെറും മൂന്നിൽ മാത്രമാണ് സ്പെയിനിന് ജയിക്കാനായത്
സ്പെയിനിനെതിരെ കേപ് വെർഡെ മോഡൽ പയറ്റേണ്ടിവരും സൗദി അറേബ്യക്ക്; ലാമിൻ യമാൽ ആദ്യ ഇലവനിൽ
Published on

ലോകകപ്പിലെ രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ സ്പെയിനും സൗദി അറേബ്യയും ഇന്ന് നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ രണ്ട് ടീമുകൾക്കും ശക്തമായ പോരാട്ടം പുറത്തെടുക്കേണ്ടി വരുമെന്ന് ഉറപ്പാണ്. ലോകകപ്പിലെ കന്നി പാേരാട്ടക്കാരായ കേപ് വെർഡെക്കെതിരെ ​ഗോൾ അടിക്കാനാകാതെ സമനിലയിൽ പിരിയേണ്ടിവന്നതിൽ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള സ്പെയിനിനുമേലുള്ള സമ്മർദ്ദം ചെറുതല്ല. മാത്രമല്ല, ശക്തമായ സ്ക്വാഡുണ്ടായിട്ടും 2010 ലോകകപ്പ് കിരീടം നേടിയതിനുശേഷം കളിച്ച 12 ലോകകപ്പ് മത്സരങ്ങളിൽ വെറും മൂന്നിൽ മാത്രമാണ് സ്പെയിനിന് ജയിക്കാനായത്.

ആദ്യ മത്സരത്തിൽ സ്പെയിൻ പൊസിഷനിൽ ആധിപത്യം പുലർത്തിയെങ്കിലും പലപ്പോഴും ആക്രമണത്തിൽ കേപ് വെർഡെയോട് പരാജയപ്പെടുകയായിരുന്നു. കേപ് വെർദെയുടെ പരിചയസമ്പന്നനായ ഗോൾകീപ്പർ വോസിഞ്ഞയുടെ അസാധാരണ പ്രകടനവും സ്പെയിനിന് വിനയായി. മത്സരത്തിൽ രണ്ട് മികച്ച അവസരങ്ങൾ മാത്രമാണ് സ്പെയിൻ സൃഷ്ടിച്ചത്. സ്പെയിന്റെ അവസാന നാല് മത്സരങ്ങളിൽ മൂന്നെണ്ണം 0-0 അല്ലെങ്കിൽ 1-1 എന്ന സ്കോറിലാണ് അവസാനിച്ചത്. മാർച്ചിൽ ഈജിപ്തിനെതിരായ സൗഹൃദ മത്സരത്തിലും അവർക്ക് ഗോൾ കണ്ടെത്താനായിരുന്നില്ല. യൂറോ 2024 ജേതാക്കളായ സ്പെയിൻ ഇപ്പോൾ അവരുടെ ഏറ്റവും മികച്ച നിലവാരത്തിൽ നിന്ന് താഴെയാണെന്ന സൂചനയാണ് ഈ ഫലങ്ങൾ നൽകുന്നത്.

പ്രധാന ആക്രമണ താരങ്ങളായ നിക്കോ വില്യംസും ലാമിൻ യമാലും ഫിറ്റ്നസ് പ്രശ്നങ്ങളിൽ നിന്ന് മടങ്ങിവരുന്നതിനാൽ കേപ് വെർദെയ്ക്കെതിരെ അവസാന 20 മിനിറ്റിൽ മാത്രമാണ് ഇരുവരും കളത്തിലിറങ്ങിയത്. നിക്കോ വില്യംസ് വീണ്ടും ബെഞ്ചിലിരുന്ന് തുടങ്ങാനാണ് സാധ്യത. പരിക്കിൽ നിന്ന് മടങ്ങിയ മിക്കൽ മെറിനോയ്ക്കും പൂർണ മത്സരക്ഷമത കൈവന്നിട്ടില്ല.

സ്പെയിനിനെതിരെ കേപ് വെർഡെ മോഡൽ പയറ്റേണ്ടിവരും സൗദി അറേബ്യക്ക്; ലാമിൻ യമാൽ ആദ്യ ഇലവനിൽ
സുഹൃത്തുക്കളുടെ നിർബന്ധത്തിൽ റഫറിയിങ് പഠിച്ച പയ്യൻ, പിന്നീട് കാണുന്നത് ഫിഫ ബാഡ്ജിൽ; മലപ്പുറത്തുനിന്നൊരു ഫിഫ റഫറി

സ്പെയിനിന്റെ ഏറ്റവും വലിയ പ്രതീക്ഷ ലാമിൻ യമാലാണ്. കേപ് വെർദെയ്ക്കെതിരെ പകരക്കാരനായി ഇറങ്ങിയ താരം ഉടൻ തന്നെ ആക്രമണത്തിന് ജീവൻ നൽകി. മിക്കൽ ഒയാർസബാലിന് വ്യക്തമായ ഒരു അവസരം ഒരുക്കുകയും ചെയ്തു. യമാൽ കളത്തിലിറങ്ങിയതോടെ സ്പാനിഷ് താരങ്ങൾ നിരന്തരം പന്ത് യമാനിന് കൊടുക്കാൻ ശ്രമിച്ചതും ശ്രദ്ധേയമായിരുന്നു. മത്സരവും കടുത്ത പോരാട്ടമായി മാറുകയാണെങ്കിൽ സ്പെയിന്റെ പ്രധാന ആയുധം 18-കാരനായ യമാൽ തന്നെയായിരിക്കും.

ഒരു പോയിന്റുമായി നിൽക്കുന്ന സൗദി അറേബ്യയും കേപ് വെർദെ സ്വീകരിച്ച തന്ത്രം തന്നെ പിന്തുടരാനാണ് സാധ്യത. പ്രതിരോധനിര പിന്നിലേക്ക് വലിച്ചിറക്കി സ്പെയിനിന് കളിക്കാൻ ഇടം നൽകാതെയാകും ഖത്തറിൽ അർജന്റീനയെ കെട്ടുകെട്ടിച്ച സൗദിയുടെ നീക്കം. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ സൗദി അറേബ്യ ആദ്യ പകുതിയിൽ വഴങ്ങിയത് ഒരു ഗോൾ മാത്രം. ആദ്യ മത്സരത്തിൽ ഉറുഗ്വേയ്ക്കെതിരെ ഇടവേള സമയത്ത് 1-0ന് മുന്നിലുമായിരുന്നു. അതിനാൽ ആദ്യ പകുതി സമനിലയിലോ സൗദിയുടെ മുൻതൂക്കത്തിലോ അവസാനിക്കാനുള്ള സാധ്യത വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

സൗദി അറേബ്യ കഴിഞ്ഞ എട്ട് അന്താരാഷ്ട്ര മത്സരങ്ങളിൽ ഏഴിലും ഒരു ഗോളോ അതിൽ കുറവോ മാത്രമാണ് നേടിയത്. അതിനാൽ സ്പെയിന്റെ പ്രതിരോധത്തെ ഭേദിക്കാൻ സൗദിക്ക് ബുദ്ധിമുട്ടാകുമെന്നും മത്സരം 2.5 ഗോളിൽ താഴെ അവസാനിക്കാനുള്ള സാധ്യത കൂടുതലാണെന്നും വിലയിരുത്തപ്പെടുന്നു. സൗദി അറേബ്യ ഉറുഗ്വേയ്ക്കെതിരെ 1-1 സമനില നേടിയതോടെ ഗ്രൂപ്പ് എച്ചിലെ നാല് ടീമുകൾക്കും ഓരോ പോയിന്റ് വീതമാണ്. ഏപ്രിലിൽ ജോർജിയോസ് ഡോണിസ് പരിശീലകനായെത്തിയതിന് ശേഷം സൗദി കളിച്ച നാല് മത്സരങ്ങളിൽ ഏക ജയം പ്യൂർട്ടോ റിക്കോയ്ക്കെതിരായ 3-0 വിജയമാണ്.

സ്പെയിനിനെതിരെ കേപ് വെർഡെ മോഡൽ പയറ്റേണ്ടിവരും സൗദി അറേബ്യക്ക്; ലാമിൻ യമാൽ ആദ്യ ഇലവനിൽ
പുരുഷ ലോകകപ്പിൽ ഒരു മത്സരത്തിലെ മൂന്ന് റഫറിമാരും വനിതകൾ; ഓരോ ദിനവും പുതിയ അധ്യായം തുറക്കുന്ന ഫിഫ

സാധ്യതാ ഇലവൻ

സ്പെയിൻ: ഉനായ് സിമോൺ, കുകുറേയ, ലപോർട്ട്, കുബാർസി, ലോറന്റെ, ഫാബിയൻ റൂയിസ്, റോഡ്രി, പെഡ്രി, ഫെറാൻ ടോറസ്, മിക്കൽ ഒയാർസബാൽ, ലാമിൻ യമാൽ.

സൗദി അറേബ്യ: അൽ-ഒവൈസ്, അൽ-ഹർബി, അൽ-അംരി, അൽ-തംബക്തി, അബ്ദുൽഹമീദ്, കണ്ണോ, അൽ-ഖൈബരി, അൽ-ദൗസരി, അൽ-ജുവൈർ, അൽ-ഷമത്, അൽ-ബുറൈകൻ.

Spain face Saudi Arabia in a crucial Group H World Cup clash, with both teams under pressure after opening-match draws. Spain were held 0-0 by Cape Verde despite dominating possession and have won only three of their last 12 World Cup matches. Young star Lamine Yamal is expected to play a key role. Saudi Arabia, fresh from a 1-1 draw against Uruguay, are likely to adopt a deep defensive approach. With both teams struggling for goals recently, a low-scoring and tightly contested match is widely expected.

Madism Digital
madismdigital.com