

48 ടീമുകളുമായി ചരിത്രത്തിലിടം നേടുന്ന 2026 ഫിഫ ലാേകകപ്പ് റഫറിമാരുടെ എണ്ണത്തിലും റെക്കോർഡിടുകയാണ്. നോർത്ത് അമേരിക്കയിലെ സ്റ്റേഡിയങ്ങളേക്ക് മത്സരങ്ങൾ നിയന്ത്രിക്കാനായി ഇക്കുറി വരുന്നത് 52 റഫറിമാരാണ്. കൂടെ 88 അസിസ്റ്റന്റ് റഫറിമാരെയും 30 വീഡിയോ മാച്ച് ഓഫീഷ്യലുകളെയും ഫിഫ തിരഞ്ഞെടുത്തിട്ടുണ്ട്. മൂന്ന് വർഷത്തിലേറെ നീണ്ട നിരീക്ഷണങ്ങൾക്കും ഫിറ്റ്നസ് ടെസ്റ്റുകൾക്കും ശേഷമാണ് ഫിഫ ഈ ഫെെനൽ തീരുമാനത്തിലേക്കെത്തിയത്.
2022 ഖത്തർ ലോകകപ്പ് ഫൈനൽ നിയന്ത്രിച്ച പോളണ്ട് റഫറി ഷിമോൻ മാർചിനിയാകാണ് സംഘത്തിലെ പ്രധാനി. ചാമ്പ്യൻസ് ലീഗ് ഫൈനലും ക്ലബ് ലോകകപ്പ് ഫൈനലും നിയന്ത്രിച്ച അദ്ദേഹം ലോകത്തിലെ മികച്ച റഫറി ലിസ്റ്റിലുള്ള റഫറിയാണ്. ഫിഫയുടേയും യുവേഫയുടേയും മേജർ മത്സരങ്ങളിൽ സ്ഥിരമായി സാനിധ്യമുണ്ടാകാറുള്ള ക്ലമെന്റ് ടർപിൻ ആണ് മറ്റൊരു റഫറി. 2022 ചാമ്പ്യൻസ് ലീഗ് ഫൈനൽ നിയന്ത്രിച്ച ടർപിൻ ഫ്രാൻസുകാരനാണ്. 2010 മുതലാണ് ഫിഫയുടെ റഫറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ചെറിയ പ്രായത്തിൽ പ്രീമിയർ ലീഗ് റഫറിയായ ഇംഗ്ലണ്ടിന്റെ മൈക്കിൾ ഒളിവർ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് മത്സരങ്ങളും നിയന്ത്രിക്കാറുണ്ട്.
മറ്റൊരു ശ്രദ്ധേയ പേരാണ് മൗറിസീയോ മറൈനി. 16-ാം വയസ്സിൽ റഫറിയായി തുടങ്ങിയ അദ്ദേഹം ഇറ്റലിയിലെ താഴ്ന്ന ഡിവിഷനുകളിൽ റഫറിയായി പ്രവർത്തിച്ച് 2026 ലോകകപ്പിൽ ആദ്യമായി അവസരം നേടുകയാണ്. ഗോളിയായി കളിച്ചിരുന്ന ഒരു കൗമാരക്കാരനിൽ നിന്ന് ലോകകപ്പ് റഫറിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര ഫുട്ബോളിലെ മറ്റൊരു പ്രചോദനകഥയാകും ലോകത്തിന് സമ്മാനിക്കുക.
രണ്ട് റഫറിമാരും മൂന്ന് അസിസ്റ്റന്റ് റഫറി, ഒരു വീഡിയോ മാച്ച് ഒഫീഷ്യൽ ഉൾപ്പെടെ റഫറിയിങ്ങിൽ ആറ് വനിതാ സാനിധ്യവും ഇക്കുറി ഉണ്ട്. 2023 വനിതാ ലോകകപ്പ് ഫൈനൽ നിയന്ത്രിക്കുകയും പുരുഷ ലോകകപ്പിനായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ റഫറിമാരിൽ ഒരാളുമാണ് ടോറി പെൻസോ. ആസ്ട്രേലിയയുടെ അലിറെസ ഫർഗാനി ഒളിമ്പിക്സ് ഫൈനൽ, ഏഷ്യാ കപ്പ് ഫൈനൽ തുടങ്ങി നിരവധി ഫിഫ വേദികളിൽ സാനിധ്യമറിയിച്ച റഫറിയാണ്. 52 റഫറിമാരും 50 രാജ്യങ്ങളിൽ നിന്നുമാണെങ്കിലും ഇന്ത്യയിൽ നിന്ന് ഒരാളും പട്ടികയിൽ ഇടം നേടിയിട്ടില്ല.
സൊമാലിയയിൽ നിന്നുള്ള ഒമർ അബ്ദുൽ ബക്കർ അർതാൻ ലോകകപ്പിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ സൊമാലിയൻ റഫറിയായി ചരിത്രം കുറിക്കാനൊരുങ്ങുകയായിരുന്നു. ആഭ്യന്തര ലീഗുകളിൽ നിന്ന് തുടങ്ങി ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് വരെ നിയന്ത്രിച്ച അദ്ദേഹം 2025-ൽ ആഫ്രിക്കയിലെ മികച്ച പുരുഷ റഫറിയായി തിരഞ്ഞെടുക്കപ്പെട്ടു. സൊമാലിയൻ യുവാക്കൾക്ക് പ്രചോദനമാണെന്ന് രാജ്യത്തിന്റെ പ്രസിഡന്റും അദ്ദേഹത്തെ പ്രശംസിച്ചിരുന്നു. സാധുവായ വിസ ഉണ്ടായിരുന്നിട്ടും ഇമിഗ്രേഷൻ പരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ രാജ്യത്തേക്ക് തിരിച്ചയക്കുകയായിരുന്നു.
2026 ലോകകപ്പിലെ ശ്രദ്ധേയ റഫറിമാർ
ഷിമോൻ മാർചിനിയാക് – പോളണ്ട്
ക്ലെമോൻ ടുർപൻ – ഫ്രാൻസ്
മൈക്കൽ ഒലിവർ – ഇംഗ്ലണ്ട്
ആന്തണി ടെയ്‌ലർ – ഇംഗ്ലണ്ട്
അലിറേസ ഫഗാനി – ഓസ്ട്രേലിയ
ഇസ്മായിൽ എൽഫത്ത് – അമേരിക്ക
മൗറിസിയോ മറിയാനി – ഇറ്റലി
ടോറി പെൻസോ – അമേരിക്ക
ഒമർ അബ്ദുൽഖാദിർ ആർട്ടൻ – സൊമാലിയ
ഡാനി മക്കെലി – നെതർലാൻഡ്സ്
ഫെലിക്സ് സ്വായർ – ജർമ്മനി
സ്ലാവ്‌കോ വിൻചിച്ച് – സ്ലോവേനിയ
ഫ്രാൻസ്വാ ലെറ്റെക്സിയെ – ഫ്രാൻസ്
വിൽട്ടൺ സാമ്പായോ – ബ്രസീൽ
ഫകുണ്ടോ ടെല്ലോ – അർജന്റീന
സീസർ റാമോസ് – മെക്സിക്കോ
English Summary: The 2026 FIFA World Cup will feature a record officiating team of 52 referees, 88 assistant referees, and 30 video match officials, selected after years of monitoring and fitness assessments. Notable names include 2022 World Cup final referee Szymon Marciniak, France's Clément Turpin, England's Michael Oliver, and Italy's World Cup debutant Maurizio Mariani. The tournament will also feature six female officials, including Tori Penso, one of the first women selected for a men's World Cup officiating team.