

രണ്ടാം റൗണ്ടിൽ ഇനി ബാക്കിയുള്ളത് കെ, എൽ ഗ്രൂപ്പുകൾമാത്രമാണ്. ബാക്കിയുള്ള ഗ്രൂപ്പുകളിലെ ടീമുകളിൽ പോയിന്റൊന്നും നേടാത്തവർ നോക്കൗട്ടിലേക്ക് പ്രവേശിക്കാതെ പുറത്തായിരുന്നു. രണ്ട് മത്സരത്തിലും പരാജയപ്പെട്ട് പൂജ്യം പോയിന്റോടെ ഹെയ്തി, തുർക്കി, ടുണീഷ്യ, ജോർദാൻ എന്നീ ടീമുകളാണ് റൗണ്ട് 32ൽ ഇടം പിടിക്കാതെ പുറത്തായത്. എന്നാൽ രണ്ട് മത്സരത്തിലും പരാജയപ്പെട്ട് സീറോ പോയിന്റുള്ള സെനഗലിനും ഇറാഖിനും ഇപ്പോഴും നോക്കൗട്ടിലേക്ക് സാധ്യതയുള്ളത് 2026 ലോകകപ്പിലെ കൗതുകമാണ്. പുതിയ ഫിഫ നിയമത്തിലൂടെ എങ്ങനെയാണ് ഇരു ടീമുകളും ഇപ്പോഴും സാധ്യത നിലനിർത്തുന്നതെന്ന് നോക്കാം.
ഗ്രൂപ്പ് ഐയിലെ ടീമുകളാണ് സെനഗലും ഇറാഖും. ആദ്യ മത്സരത്തിൽ നോർവേയോട് 4-1ന് പരാജയപ്പെട്ട ഇറാഖ് രണ്ടാം മത്സരത്തിൽ ഫ്രാൻസിനോട് 3-0ന് കീഴടങ്ങിയിരുന്നു. അതേസമയം, ആദ്യ മത്സരത്തിൽ ഫ്രാൻസിനോട് 3-1ന് അടിയറവ് പറഞ്ഞ സെനഗൽ രണ്ടാം മത്സരത്തിൽ നോർവേയോട് 3-2ന് തോൽവി സമ്മതിച്ചരുന്നു. ഇതോടെ ഇവരുടെ രണ്ടാം റൗണ്ട് പൂർത്തിയായപ്പോഴേക്കും ഇരു ടീമുകളുടേയും പോയിന്റ്‍ പൂജ്യമായി.
മറ്റു ഗ്രൂപ്പുകളിൽനിന്ന് വ്യത്യസ്ഥമായി, ഗ്രൂപ്പ് ഐയിലെ സ്ഥിതി വ്യത്യസ്തമാണ്. സെനഗലിനും ഇറാഖിനും ഇപ്പോഴും നോക്കൗട്ട് റൗണ്ടിലെത്താനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. പ്രധാന കാരണം 2026 ലോകകപ്പിന്റെ പുതിയ ഫോർമാറ്റാണ്. 48 ടീമുകൾ പങ്കെടുക്കുന്ന ഈ ലോകകപ്പിൽ 12 ഗ്രൂപ്പുകളിൽനിന്ന് ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് റൗണ്ട് ഓഫ് 32ലേക്ക് യോഗ്യത നേടും. കൂടാതെ ഗ്രൂപ്പുകളിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന 12 ടീമുകളിൽ മികച്ച എട്ട് ടീമുകൾക്കും നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശനം ലഭിക്കും.
അതിനാൽ മൂന്നാം സ്ഥാനത്തെത്തുന്ന ടീമുകൾക്കും മുന്നോട്ടുപോകാൻ അവസരമുണ്ട്. ഫിഫയുടെ നിയമപ്രകാരം മൂന്നാം സ്ഥാനക്കാരെ ആദ്യം പോയിന്റുകളുടെ അടിസ്ഥാനത്തിലാണ് റാങ്ക് ചെയ്യുക. ഒരേ പോയിന്റാണെങ്കിൽ ഗോൾ വ്യത്യാസം പരിഗണിക്കും. അതും തുല്യമായാൽ കൂടുതൽ ഗോൾ നേടിയ ടീമായിരിക്കും മുൻതൂക്കം നേടുക.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സെനഗലും ഇറാഖും പരസ്പരം ഏറ്റുമുട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ ആ മത്സരം ഇരുടീമുകൾക്കും നിർണായകമാണ്. വിജയിക്കുന്ന ടീമിന് മൂന്ന് പോയിന്റ് ലഭിക്കുകയും മൂന്നാം സ്ഥാനക്കാരിൽ മികച്ച എട്ടിൽ ഇടംപിടിക്കാനുള്ള സാധ്യത നിലനിർത്തുകയും ചെയ്യും. പ്രത്യേകിച്ച് വലിയ മാർജിനിലുള്ള ജയം നേടിയാൽ ഗോൾ വ്യത്യാസവും മെച്ചപ്പെടും. അതുകൊണ്ട് അവസാന മത്സരത്തിലെ സ്കോർലൈൻ പോലും നിർണായകമാകാം.
നിലവിലെ സാഹചര്യത്തിൽ സെനഗലാണ് ഈ മത്സരത്തിലെ ഫേവറിറ്റുകളായി വിലയിരുത്തപ്പെടുന്നത്. അവർ ഇറാഖിനെ തോൽപ്പിക്കുകയാണെങ്കിൽ മികച്ച മൂന്നാം സ്ഥാനക്കാരിൽ ഒരാളായി നോക്കൗട്ട് റൗണ്ടിലേക്ക് കടക്കാനുള്ള സാധ്യത ശക്തമാകും. സെനഗൽ റൗണ്ട് ഓഫ് 32ലേക്ക് മുന്നേറുകയാണെങ്കിൽ ആരെയായിരിക്കും നേരിടുക എന്നത് ഇപ്പോൾ ഉറപ്പായിട്ടില്ല. എന്നാൽ ഗ്രൂപ്പ് എ, ബി, ഡി, ജി, കെ, എൽ എന്നിവയിലെ ഗ്രൂപ്പ് ജേതാക്കളിൽ ഒരാളെ നേരിടേണ്ടിവരും.
നിലവിൽ ആ ഗ്രൂപ്പുകളിൽ ഒന്നാം സ്ഥാനത്തുള്ള ടീമുകൾ മെക്സിക്കോ (ഗ്രൂപ്പ് എ), കാനഡ (ഗ്രൂപ്പ് ബി), അമേരിക്ക (ഗ്രൂപ്പ് ഡി), ഈജിപ്ത് (ഗ്രൂപ്പ് ജി), കൊളംബിയ (ഗ്രൂപ്പ് കെ), ഇംഗ്ലണ്ട് (ഗ്രൂപ്പ് എൽ) എന്നിവയാണ്. അതുകൊണ്ട് തന്നെ രണ്ട് മത്സരങ്ങളും തോറ്റിട്ടും സെനഗലിനും ഇറാഖിനും ലോകകപ്പ് സ്വപ്നം അവസാനിച്ചിട്ടില്ല. അവസാന ഗ്രൂപ്പ് മത്സരം അവരുടെ കാര്യത്തിൽ ഒരു നോക്കൗട്ട് പോരാട്ടം തന്നെയായിരിക്കും.
Despite losing both of their opening matches and remaining on zero points, Senegal and Iraq still have a chance of reaching the 2026 FIFA World Cup knockout stage. Under the tournament’s new 48-team format, the eight best third-placed teams across the 12 groups also qualify for the Round of 32. Since Senegal and Iraq face each other in their final Group I match, the winner could finish third and remain in contention. Goal difference and goals scored may also prove crucial in determining qualification.