

ഇന്ത്യയുടെ ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് അടുത്തിടെ ബിജെപിയിൽ ചേർന്നതോടെ, രാജ്യത്തെ കായിക താരങ്ങൾ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുന്ന പ്രവണത വീണ്ടും സജീവ ചർച്ചയാവുകയാണ്. കളിക്കളത്തിലെ വീറും വാശിയും രാഷ്ട്രീയ ഭൂമിയിലേക്ക് പറിച്ചുനടാൻ ശ്രമിക്കുന്ന കായിക താരങ്ങളുടെ നിര തന്നെയുണ്ട് ഇന്ത്യന്‍ കായിക മേഖലയില്‍. തങ്ങളുടെ കായിക കരിയറിൽ ഉന്നതിയിൽ നിൽക്കുമ്പോഴോ വിരമിച്ച ശേഷമോ ജനസേവനത്തിനായി രാഷ്ട്രീയ പാർട്ടി ടിക്കറ്റിൽ മത്സരരംഗത്തിറങ്ങുന്നത് ഇപ്പോൾ സ്ഥിരം കാഴ്ചയായി മാറിയിട്ടുണ്ട്. ചിലർ ഭരണനിർവഹണത്തിന്റെ ഉന്നത പദവികളിൽ എത്തിയപ്പോൾ മറ്റു ചിലർക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ കടുത്ത പരീക്ഷണങ്ങളെ അതിജീവിക്കാൻ പ്രയാസപ്പെടേണ്ടി വന്നു. കായികരംഗത്തെ തങ്ങളുടെ താരമൂല്യം വോട്ടാക്കി മാറ്റുന്നതിൽ പലർക്കും കഴിഞ്ഞിട്ടുണ്ടെങ്കിലും, രാഷ്ട്രീയത്തിലെ ചടുലമായ നീക്കങ്ങളിൽ വിജയിച്ചു കയറാൻ എല്ലാവർക്കും സാധിക്കാറില്ല എന്നതാണ് യാഥാർത്ഥ്യം.
ക്രിക്കറ്റ് താരങ്ങളാണ് രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയിട്ടുള്ള ഒരു വിഭാഗം. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ 2009-ൽ കോൺഗ്രസ് പ്രതിനിധിയായി ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്ന് ലോക്സഭയിലെത്തി തന്റെ രാഷ്ട്രീയ ഇന്നിങ്സ് ഗംഭീരമാക്കി. നിലവിൽ അദ്ദേഹം തെലങ്കാന സംസ്ഥാന സർക്കാരിൽ മന്ത്രിയായി സേവനമനുഷ്ഠിക്കുന്നു. മറ്റൊരു പ്രമുഖനായ നവജ്യോത് സിങ് സിദ്ധു ബിജെപിയിലൂടെ തുടങ്ങി പിന്നീട് കോൺഗ്രസിലെത്തി പഞ്ചാബ് രാഷ്ട്രീയത്തിൽ നിർണായക ശക്തിയായി മാറി. മന്ത്രിയായും പിസിസി പ്രസിഡന്റായും പ്രവർത്തിച്ച അദ്ദേഹം ഇപ്പോൾ സജീവ രാഷ്ട്രീയത്തിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുകയാണ്.
ഇന്ത്യയുടെ ലോകകപ്പ് ഹീറോ ഗൗതം ഗംഭീർ ഡൽഹിയിൽ ബിജെപി എംപിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പിന്നീട് കായിക പരിശീലനത്തിലേക്ക് മടങ്ങി. ഹർഭജൻ സിങ് ആം ആദ്മി പാർട്ടിയിലൂടെ രാജ്യസഭയിലെത്തി കായിക വികസനത്തിനായി ശബ്ദമുയർത്തുന്നു. കേരളത്തിൽ നിന്നുള്ള ക്രിക്കറ്റ് താരം എസ്. ശ്രീശാന്തും ബിജെപിയിലൂടെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് രാഷ്ട്രീയത്തിൽ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പക്ഷേ വിജയിക്കാനായിരുന്നില്ല. തോല്‍വിക്ക് പിന്നാലെ പൂർണമായും താരം രാഷ്ട്രീയത്തില്‍ പിന്മാറി.
മറ്റു കായിക ഇനങ്ങളിൽനിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയവരും മികച്ച നേട്ടങ്ങൾ കൊയ്തിട്ടുണ്ട്. അത്‌ലറ്റിക്സ് ലോകത്തെ 'പയ്യോളി എക്സ്പ്രസ്' എന്നറിയപ്പെടുന്ന പി.ടി. ഉഷയെ രാഷ്ട്രപതി രാജ്യ സഭയിലേക്ക് നാമനിർദ്ദേശം ചെയ്യുകയുണ്ടായി. നിലവിൽ രാജ്യസഭാ വൈസ് ചെയർപേഴ്സൺ പാനലിലും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ തലപ്പത്തും ഉഷ സജീവമാണ്. ഒളിമ്പിക് ഷൂട്ടിംഗ് താരം രാജ്യവർധൻ സിങ് റാത്തോഡ് ബിജെപി ടിക്കറ്റിൽ രണ്ടുതവണ ലോക്സഭയിലെത്തുകയും കേന്ദ്ര കായിക മന്ത്രിയായി പ്രവർത്തിക്കുകയും ചെയ്തു. നിലവിൽ അദ്ദേഹം രാജസ്ഥാനിൽ നിന്നുള്ള നിയമസഭാംഗമാണ്.
ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്റങ് പുനിയയും കായിക താരങ്ങളുടെ അവകാശങ്ങൾക്കായി നടത്തിയ പോരാട്ടങ്ങൾക്ക് പിന്നാലെയാണ് കോൺഗ്രസിൽ ചേർന്നിരുന്നു. വിനേഷ് ഹരിയാനയിലെ ജുലാനയിൽനിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ബജ്റങ് പുനിയ കിസാൻ കോൺഗ്രസിന്റെ നേതൃസ്ഥാനത്ത് പ്രവർത്തിക്കുന്നു. ക്രിക്കറ്റ് താരം കീർത്തി ആസാദ്, ബോക്സർ വിജേന്ദർ സിങ്, അത്‌ലറ്റ് ജ്യോതിർമയി സിക്ദർ എന്നിവരും രാഷ്ട്രീയത്തിൽ വിവിധ ഘട്ടങ്ങളിൽ തങ്ങളുടെ ചുവടുറപ്പിക്കാൻ ശ്രമിച്ചവരാണ്.
പ്രാദേശിക പാർട്ടികളിലൂടെയും ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ നേടിയ കായിക താരങ്ങൾ നിരവധിയാണ്. മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ ദിലീപ് ടിർക്കി ബിജു ജനതാദളിലൂടെ രാജ്യസഭയിലെത്തി ഒഡിഷയുടെ കായിക മുഖമായി മാറി. ഫുട്ബോൾ താരം ബൈചുങ് ബൂട്ടിയ സിക്കിമിൽ സ്വന്തം പാർട്ടി രൂപീകരിച്ചെങ്കിലും തിരഞ്ഞെടുപ്പുകളിൽ കാര്യമായ വിജയം നേടാനായില്ല. നിലവിൽ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിലൂടെ അദ്ദേഹം പ്രവർത്തനം തുടരുന്നു. ക്രിക്കറ്റ് താരം കീർത്തി ആസാദ് ബിജെപിയിലൂടെ തുടങ്ങി ഇപ്പോൾ തൃണമൂൽ കോൺഗ്രസിന്റെ എംപിയായി ബംഗാൾ രാഷ്ട്രീയത്തിൽ സജീവമാണ്. ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ, ഗുസ്തി താരം യോഗേശ്വർ ദത്ത് എന്നിവരും ബിജെപിയുടെ താരപ്രചാരകരായി രാഷ്ട്രീയരംഗത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
English Summary: Indian sportspersons are increasingly entering politics, with tennis legend Leander Paes recently joining Bharatiya Janata Party. From cricketers and Olympians to wrestlers and footballers, many athletes have used their public appeal to build political careers and influence sports policy.