

2016-17 സീസൺ, പഴയ പ്രതാപത്തിലേക്ക് ക്ലബിനെ തിരിച്ചെത്തിക്കാനുള്ള ദൗത്യം ലിവർപൂൾ ഐതിഹാസിക കോച്ച് യുർഗൻ ക്ലോപ്പിനെ ഏല്‍പ്പിച്ചിട്ട് രണ്ട് സീസൺ പൂർത്തിയായി. പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തോടെ ഫിനിഷ് ചെയ്യേണ്ടി വന്നതിന്റെ നിരാശയിലാണ് ടീം. 1992ൽ പ്രീമിയർ ലീഗെന്ന പുതിയ തലത്തിലേക്ക് ഇംഗ്ലണ്ട് മാറിയതിനുശേഷം ഒരു കിരീടവും നേടാനായില്ലെന്നത് ക്ലബ് ഉടമകളേയും ആരാധകരേയും ഒന്നടങ്കം ആശങ്കയിലാക്കുന്ന കാലം. എന്നാൽ യുർഗൻ ക്ലോപ്പെന്ന ജർമർ കോച്ച് ആന്‍ഫീല്‍ഡിലെത്തിയതോടെ ആരാധകരും മാനേജ്മെന്‍റും ഉണർന്നു. ലിവർപൂളിനെ യൂറോപിലെ അതികായരാക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിൽ ക്ലോപ്പും ഒരുക്കങ്ങൾ ആരംഭിച്ചു.
മുന്നേറ്റനിരയിൽ വിശ്വസ്തരായ സെനഗല്‍ താരം സാദിയോ മാനെ, ബ്രസീലിയന്‍ മിഡ്ഫീല്‍ഡർ ഫിർമിനോ എന്നിവരുടെയിടയിലേക്കാണ് അത്ര നല്ല ഫോമിലല്ലായിരുന്ന ഇരുപത്തിയഞ്ചുകാരനായ ഈജിപ്റ്റുകാരന്‍ മുഹമ്മദ് സലായെ ക്ലോപ്പ് പരിഗണിക്കുന്നത്. ചെൽസിക്കുവേണ്ടിയും റോമയിലും ലോണിലുമായി മൂന്ന് വർഷത്തിനുള്ളിൽ കേവലം 37 ഗോളുകൾ മാത്രം നേടിയ സലായെ ലിവർപൂളിന്റെ മുന്നേറ്റനിരയിലേക്ക് കൊണ്ടുവരുന്നതിനെ ക്ലബും ആരാധകരും ചെറിയ അന്ധാളിപ്പോടെയൊന്നുമല്ല നോക്കിക്കണ്ടത്. എന്നാൽ വരുംകാലത്ത് ആന്‍ഫീല്‍ഡിലെ ഷെല്‍ഫിലേക്ക് എത്തിച്ചേരാന്‍ പോകുന്ന കിരീടങ്ങളിലേക്കുള്ള ഇടംകാലൻ ഷോട്ടുകളായി തന്റെ പുതിയ തീരുമാനം മാറുമെന്ന് ക്ലോപ്പ് അന്നേ ഉറപ്പിരുന്നു.
സാമ്പത്തികമായി അത്ര നല്ല അവസ്ഥയിൽ അല്ലാതിരുന്ന ലിവർപൂൾ പക്ഷെ, ക്ലോപ്പിന്റെ നിർബന്ധംമൂലം തങ്ങളുടെ അന്നത്തെ റെക്കോർഡ് തുകയായ 36.9 മില്യണ്‍ പൗണ്ടിന് ഒട്ടും ഫോമിലല്ലാതിരുന്ന സലായെ ടീമിലെത്തിച്ചു. അതുവരെ തങ്ങളുടെ പഴയകാല ഗൃഹാതുരത്വ ഓർമകളിൽ ജീവിക്കേണ്ടി വന്നിരുന്ന ക്ലബിന്റെ മറ്റൊരു യുഗത്തിലേക്കുള്ള തുടക്കമാകുയായിരുന്നു ആ സൈനിങ്.
വലതുവിങ്ങിൽനിന്ന‍് മിന്നൽ വേഗത്തിൽ പന്തുമായി കുതിക്കാനും അസിസ്റ്റ് ചെയ്യാനും കഴിയുന്നൊരാൾകൂടെ ക്ലബിലേക്കെത്തിയതോടെ ചരിത്രത്തിൽ മനോഹരമായ സാലാഹ്, മാനെ, ഫിർമിനൊ എന്നിവരടങ്ങിയ ത്രയം രൂപപ്പെട്ടു. 338 ഗോളുകളാണ് 2017 മുതൽ 2022 വരെ മൂവരുംകൂടി അടിച്ചുകൂട്ടിയത്. തുടക്ക സീസണിൽതന്നെ 44 ഗോളുകളും 16 അസിസ്റ്റുകളുമായി ഗ്രൗണ്ടുകളും ഗാലറികളും കയ്യേറിയ സലായെ ആരാധകരും ക്ലബും പെട്ടെന്നു ചേർത്തുപിടിച്ചു. പത്ത് ഗോളുകളും 4 അസിസ്റ്റുകളുമായി ആ സീസണിലെതന്നെ ചാമ്പ്യന്‍സ് ലീഗ് ഫൈനലേക്ക് ലിവർപൂളിനെ ആനയിക്കുമ്പോൾ കോച്ച് ക്ലോപ്പ് തന്റെ കണക്കുകൂട്ടൽ നൂറ് ശതമാനം ശരിയായിരുന്നെന്ന് ലോകത്തോട് വിളിച്ചു പറയുകയായിരുന്നു.
ഈ സീസണോടുകൂടി സലാഹ് ക്ലബിന്റെ പടിയിറങ്ങുമെന്ന് ക്ലബ് ഔദ്യോഗികമായി പ്രസ്താവനയിറക്കുമ്പോൾ വെറും സലാഹ് എങ്ങനെ തങ്ങളുടെ മൊ സലായും ഈജിപ്ഷ്യൻ കിങ്ങായതുമൊക്കെ ആരാധകർക്ക് പറയാനുണ്ട്. 440 കളികളിൽ 257 ഗോളുകളും 122 അസിസ്റ്റുകളുമായി ലിവർപൂളിന്റെ എക്കാലത്തെയും ഗോൾ വേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കാണ് മുഹമ്മദ് സലാഹ് ഓടിക്കയറിയത്. പ്രീമിയർ ലീഗ് ചരിത്രത്തിലെ ഗോൾ സ്കോർ ലിസ്റ്റിൽ നാലാമനായും സലാഹ് ഉണ്ട്. രണ്ട് പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലിഗ്, എഫ് എ കപ്പ്, കരബാവൊ കപ്പ്, ക്ലബ് വേൾഡ് കപ്പ്, സൂപ്പർ കപ്പ്, കമ്മ്യൂണിറ്റി ഷീൽഡ് എന്നിവ ക്ലബിനായി നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിക്കാൻ ഇതിഹാസത്തിനായി.
നാല് തവണ പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട്, മൂന്ന് സീസണിൽ പ്ലയർ ഓഫ് ദ ഇയർ, മൂന്ന് തവണ ഫുഡ്ബോളർ ഓഫ് ദ ഇയർ, രണ്ട് തവണ പ്രീമിയർ ലീഗ് പ്ലയർ ഓഫ് ദ സീസൺ, ഫിഫ പുസ്കാസ് പുരസ്കാരം എന്നിവ താരത്തെ തേടിയെത്തിയിട്ടുണ്ട്. ക്ലബിനായി ഇത്രയധികം കിരീടങ്ങളും വ്യക്തിഗത പുരസ്കാരങ്ങളും നേടിയ മുഹമ്മദ് സലാഹ് പൊതുവെ കളത്തില്‍ ശത്രുക്കളില്ലാത്ത താരമാണ്. എന്നാൽ ക്ലോപ്പിന്റെ പടിയിറക്കത്തിനുശേഷം പുതിയ കോച്ചായി നിയമിതനായ ആർനെ സ്ലോട്ടുമായി താരം അത്ര രസത്തിലല്ല എന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ ക്ലബ് കരാർ പുതുക്കാത്തിൽ താരം പരസ്യമായി വൈകാരിക പ്രതികരണവും നടത്തിയിരുന്നു.
ക്ലബുമായുള്ള നീണ്ട ഒമ്പതു വർഷത്തെ ഉജ്വലമായ കരിയർ ഈ സീസണോടുകൂടി അവസാനിക്കുകയാണ്. നിർഭാഗ്യവശാൽ ആ സമയം വന്നുവെന്നും ഈ സീസൺ അവസാനത്തോടെ താൻ ലിവർപൂൾ വിടുമെന്നും ദിവസങ്ങൾക്കുമുമ്പ് സലാഹ് വ്യക്തമാക്കിയിരുന്നു. താരത്തിന്റെ പ്രസ്താവനയെ ക്ലബും പിന്തുണച്ചിരുന്നു. പരിക്കിൽ നിന്ന് മോചിതനായി സലാഹ് തിരിച്ചെത്തി ലീഗിലെ അവസാന മത്സരം കളിക്കുമെന്നും അദ്ദേഹം വലിയൊരു യാത്രയയപ്പ് അർഹിക്കുന്നുണ്ടെന്നും പരിശീലകൻ ആർനെ സ്ലോട്ട് പറഞ്ഞു. സൗദി ക്ലബുകൾ ഉൾപ്പെടെ ഒട്ടേറെ ക്ലബുകൾ താരത്തിനു പുറകെയുണ്ട്. 'സലായെ, മൊ സലായാക്കിയ ലിവർപൂളും, ലിവർപൂളിനെ ലിവർപൂളാക്കി മാറ്റിയ സലായും'! അതാണ് ക്ലബും താരവും തമ്മിലുള്ള ബന്ധം. യുർഗൻ ക്ലോപ്പിന്റെ പിടിവാശിക്കുമുന്നിൽ ക്ലബ് കണ്ടെത്തിയ മാണിക്യം.
Liverpool has officially announced that Mohamed Salah will leave at the end of this season. With 257 goals and 122 assists in 440 appearances Salah has climbed to third places on Liverpool's all-time top scorers list. He also stands fourth on the all-time goal-scoring list in Premier League history. This legend played a crucial role in winning two Premier League titles, the Champions League, the FA Cup, the Carabao Cup, the Club World Cup, the Super Cup, and the Community Shield for the club