

2018 ലോകകപ്പ് ഫുട്ബോളിൽ സ്പെയിൻ-പോർച്ചുഗൽ മത്സരത്തിനിടെ ഫ്രീ കിക്കെടുക്കുന്ന സമയത്ത് റൊണാൾഡോ ഷോർട്ട്സ് കയറ്റിവെച്ചത് സോഷ്യൽ മീഡിയയിൽ കൗതുക വാർത്തയായിരുന്നു. ഇത് റൊണാൾഡോയുടെ സ്റ്റൈൽ ആണെന്നാണ് അന്ന് ആരാധകർ പറഞ്ഞിരുന്നത്. റൊണാൾഡൊ മാത്രമല്ല, റെയ്മർ,ഡെക്ലൻ റൈസ് പോലുള്ള പല താരങ്ങളും ഇങ്ങനെ ഷോർട്ട്സ് മുകളിലേക്ക് കയറ്റി വെക്കാറുണ്ട്. പലർക്കും ഇത് വെറും ശീലമോ സ്റ്റൈലോ ആണെന്ന് തോന്നാമെങ്കിലും, അതിന് പിന്നിൽ പ്രായോഗികമായ ചില കാരണങ്ങളാണുണ്ടെന്നാണ് ദ അറ്റിലറ്റിക് റിപ്പോർട്ട് ചെയ്യുന്നത്.
അതിവേഗ സ്പ്രിന്റുകൾ, പെട്ടെന്നുള്ള ദിശമാറ്റങ്ങൾ, ടാക്കിളുകൾ എന്നിവയ്ക്കിടെ കൂടുതൽ സ്വതന്ത്രമായി ചലിക്കാനാണ് പല താരങ്ങളും ഷോർട്സ് അൽപം മുകളിലേക്ക് കയറ്റുന്നത്. തുടകളിൽ വസ്ത്രം ഒട്ടിപ്പിടിക്കാതിരിക്കുന്നതും ചലനത്തിന് കൂടുതൽ സൗകര്യം ലഭിക്കുന്നതുമാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
പല ഫുട്ബോൾ താരങ്ങളും ഷോർട്സിനടിയിൽ കംപ്രഷൻ ഷോർട്സ് ധരിക്കാറുണ്ട്. മസിലുകൾക്ക് പിന്തുണ നൽകാനും ക്ഷീണം കുറയ്ക്കാനും സഹായിക്കുമെന്നാണ് ഇവയെക്കുറിച്ചുള്ള പൊതുവായ ധാരണ. അതിനാൽ പുറം ഷോർട്സ് ഇടയ്ക്കിടെ ക്രമീകരിക്കുന്നത് കൂടുതൽ സുഖകരമായ അനുഭവം നൽകുമെന്നാണ് ചില താരങ്ങൾ വിശ്വസിക്കുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. മത്സരത്തിനിടെ അമിതമായി വിയർക്കുന്നതും മറ്റൊരു കാരണമാണ്. 90 മിനിറ്റിലേറെ നീളുന്ന കളിക്കിടെ വസ്ത്രം ശരീരത്തിൽ ഒട്ടിപ്പിടിക്കുന്നത് അസ്വസ്ഥത സൃഷ്ടിക്കും. ഷോർട്സ് വലിച്ചുകയറ്റുന്നതിലൂടെ ഈ അസൗകര്യം കുറയ്ക്കാൻ താരങ്ങൾ ശ്രമിക്കാറുണ്ട്.
കായിക മനഃശാസ്ത്ര വിദഗ്ധരുടെ അഭിപ്രായത്തിൽ, ചില താരങ്ങൾക്ക് ഇത് വ്യക്തിപരമായ ഒരു റൂട്ടീനിന്റെ ഭാഗം കൂടിയാണ്. ഫ്രീകിക്ക് എടുക്കുന്നതിന് മുമ്പ് സോക്സ് ശരിയാക്കുകയോ ജേഴ്സി വലിക്കുകയോ ചെയ്യുന്നതുപോലെ, ഷോർട്സ് ക്രമീകരിക്കുന്നതും ചിലർക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും മാനസികമായി മത്സരത്തിലേക്ക് തിരിച്ചുവരാനും സഹായിക്കുന്ന ശീലമാണ്. ചൂടേറിയ കാലാവസ്ഥയിൽ ശരീരത്തിന് കൂടുതൽ വായുസഞ്ചാരം ലഭിക്കുമെന്ന വിശ്വാസവും ചില താരങ്ങൾക്കുണ്ട്. എന്നാൽ ഇതിലൂടെ പ്രകടനം മെച്ചപ്പെടുമെന്നതിന് വ്യക്തമായ ശാസ്ത്രീയ തെളിവുകൾ നിലവിലില്ല.
അതിനാൽ റൊണാൾഡോ മുതൽ നെയ്മർ വരെയുള്ള സൂപ്പർതാരങ്ങൾ മത്സരത്തിനിടെ ഷോർട്സ് വലിച്ചുകയറ്റുന്നത് ഒരു ഫാഷൻ ട്രെൻഡോ പ്രദർശനമോ അല്ല. ശരീരസൗകര്യം, മികച്ച ചലനസ്വാതന്ത്ര്യം, വ്യക്തിപരമായ മത്സരശീലങ്ങൾ എന്നിവയുടെ ഭാഗമായാണ് ഈ നടപടി കായികലോകം വിലയിരുത്തുന്നത്.
Cristiano Ronaldo's habit of pulling up his shorts before taking a famous free-kick against Spain at the 2018 World Cup became a viral talking point, with many fans dismissing it as a style statement. However, according to The Athletic, players such as Ronaldo, Neymar and Declan Rice do it for practical reasons. It improves freedom of movement, reduces discomfort from sweat, complements compression shorts and, for some players, serves as a personal pre-match or in-game routine to improve focus rather than as a fashion choice.