

ഐപിഎലിൽ പുതിയ ചരിത്രം പിറന്നിരിക്കുന്നു. ഒരു സീസണിൽ തോൽവി അറിയാതെ തുടർച്ചയായി ആറ് മത്സരങ്ങൾ. 2014 ൽ പഞ്ചാബും 2015 ൽ രാജസ്ഥാനും സ്വന്തമാക്കിയ തോൽവിയറിയാതെ അഞ്ച് മത്സരങ്ങൾ എന്ന റെക്കോർഡാണ് പഞ്ചാബ് കിങ്സ് ഇപ്പോൾ മറികടന്നിരിക്കുന്നത്.
ഈ സീസണിൽ ആറ് മത്സരങ്ങൾ പൂർത്തിയായപ്പോൾ പഞ്ചാബ് അഞ്ചിലും ജയിച്ചു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതിനാൽ അതിലും തോൽവിയറിഞ്ഞില്ല. സീസണിലെ ആദ്യ മത്സരത്തിൽ ഗുജറാത്തിനെതിരെ മൂന്ന് വിക്കറ്റ് ജയം, രണ്ടാം മത്സരത്തിൽ ചെന്നൈയെ അഞ്ച് വിക്കറ്റിനു വീഴ്ത്തി. ഹൈദരബാദിനെതിരെ ആറ് വിക്കറ്റിനും മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിനും തോൽപ്പിച്ചു. ഇന്നലെ ലഖ്നൗവിനെതിരായ മത്സരത്തിൽ 54 റൺസ് ജയം.
സന്തുലിതമായ ടീമായതിനാൽ ഈ സീസണിലെ ഫേവറിറ്റുകളാണ് പഞ്ചാബ്. കഴിഞ്ഞ സീസണിൽ ഫൈനലിലെത്തിയ പഞ്ചാബിനു കപ്പിനും ചുണ്ടിനുമിടയിലാണ് ചാംപ്യൻമാരാകാനുള്ള അവസരം നഷ്ടമായത്. ഇത്തവണ കിരീടം നേടാൻ സാധിക്കുമെന്ന പ്രതീക്ഷ പഞ്ചാബിനുണ്ട്.
ആദ്യ നാല് ബാറ്റർമാരാണ് പഞ്ചാബിന്റെ ഏറ്റവും വലിയ കരുത്ത്. പ്രഭ്സിമ്രാൻ സിങ്ങും പ്രിയാൻഷ് ആര്യയും നൽകുന്ന മികച്ച തുടക്കത്തിൽ നിന്ന് കൊട്ടികയറാൻ തുടർന്നുവരുന്ന കൂപ്പർ കൊണോലിക്കും നായകൻ ശ്രേയസ് അയ്യർക്കും സാധിക്കുന്നുണ്ട്. ശ്രേയസിന്റെ ക്യാപ്റ്റൻസിയും പഞ്ചാബിന്റെ വിജയഗാഥയിൽ നിർണായകമാണ്.
കൊൽക്കത്ത വരുത്തിവച്ച 'നഷ്ടം'
2025 ലെ മെഗാതാരലേലത്തിനു മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റിലീസ് ചെയ്ത താരമാണ് ശ്രേയസ് അയ്യർ. 2024 ൽ കൊൽക്കത്തയെ ചാംപ്യൻമാരാക്കിയതിൽ ശ്രേയസിനു നിർണായക പങ്കുണ്ടായിരുന്നു. നായകനെന്ന നിലയിൽ കൊൽക്കത്തയ്ക്കു ആത്മവിശ്വാസം പകരാനും മുന്നിൽ നിന്ന് നയിക്കാനും ശ്രേയസിനു സാധിച്ചിരുന്നു. എന്നിട്ടും കൊൽക്കത്ത ചില അഭിപ്രായ ഭിന്നതകളെ തുടർന്ന് ശ്രേയസിനെ റിലീസ് ചെയ്തു. ശ്രേയസിനെ പോലൊരു നായകന്റെ വിടവാണ് ഈ സീസണിൽ കൊൽക്കത്തയുടെ മോശം പ്രകടനത്തിനു കാരണം. ഏഴ് കളികളിൽ അഞ്ചിലും തോറ്റ കൊൽക്കത്ത ഇപ്പോൾ പോയിന്റ് ടേബിളിൽ ഒൻപതാം സ്ഥാനത്താണ്.
English Summary: In the 2026 IPL season, the Punjab Kings (PBKS) have emerged as the team to beat, currently sitting at the top of the points table. Under the new leadership of captain Shreyas Iyer and coach Ricky Ponting, the team has maintained an unbeaten streak through the first month of the tournament.